TMJ
searchnav-menu
post-thumbnail

Finance

ബൈജൂസിന് പിഴച്ചതെവിടെ; ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ? 

29 Mar 2024   |   4 min Read
രാജേശ്വരി പി ആർ

ലോകം മുഴുവന്‍ അത്ഭുതത്തോടെ നോക്കിനിന്ന വളര്‍ച്ചയായിരുന്നു പ്രമുഖ എഡ്‌ടെക് സംരംഭമായ ബൈജൂസ് ലേണിംഗ് ആപ്പിന്റേത്. വളര്‍ച്ചയേക്കാള്‍ വേഗത്തിലായിരുന്നു പിന്നീടുള്ള തകര്‍ച്ചകളത്രയും. 22 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന കമ്പനി ഇപ്പോള്‍ മൂന്ന് ബില്യണ്‍ ഡോളറിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ലോകം കോവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ ബൈജൂസ് ഉയര്‍ച്ചയുടെ പടവുകളാണ് താണ്ടിയത്. എന്നാല്‍ സാമ്പത്തികപുരോഗതി കൈവരിച്ച ബൈജൂസ് ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിത്തുടങ്ങിയത്. നഷ്ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്ഫോം വൈറ്റ് ഹാറ്റ് ജൂനിയര്‍, ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ ബൈജൂസിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നാലെ കോവിഡ് കാലഘട്ടത്തെ പിന്തള്ളി സ്‌കൂളുകള്‍ തുറന്നതും തിരിച്ചടിയായി. ഇതിനെല്ലാം പുറമെ യുഎസ് ഫെഡറല്‍ റിസര്‍വ് സാമ്പത്തിക നയങ്ങളില്‍ മാറ്റംവരുത്തിയതും ബൈജൂസിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. 

ബൈജൂസിന് കൂടുതല്‍ പ്രഹരമാകുന്ന തീരുമാനങ്ങളാണ് അമേരിക്കന്‍ കോടതിയില്‍ നിന്നും വീണ്ടും ഉണ്ടായിരിക്കുന്നത്. വായ്പക്കാര്‍ക്ക് പണം തിരിച്ചടയ്ക്കാനായി 533 മില്യണ്‍ ഡോളര്‍ ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിക്കണമെന്നാണ് ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആന്റ് ലേണിനോട് അമേരിക്കന്‍ കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയത്. ബൈജൂസ് തങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിനുമേല്‍ നിയന്ത്രണമാവശ്യപ്പെട്ട് വായ്പക്കാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു നടപടി. അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റലാണ് ബൈജൂസിന്റെ ഈ 533 മില്യണ്‍ ഡോളര്‍ കൈകാര്യം ചെയ്തിരുന്നതെന്നാണ് വിവരം. ഈ പണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാംഷാഫ്റ്റ് മേധാവി വില്യം സി മോര്‍ട്ടന്‍ തയ്യാറായിരുന്നില്ല. കോടതി ലംഘനം നടത്തിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ പണത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കുന്നതുവരെ ദിവസം 10,000 ഡോളര്‍ മോര്‍ട്ടന്‍ പിഴയടയ്ക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. 

REPRESENTATIVE IMAGE | WIKI COMMONS
കനത്ത സാമ്പത്തിക തകര്‍ച്ചയില്‍

വരുമാനം പെരുപ്പിച്ച് കാണിക്കുകയും കൃത്യമായി ഓഡിറ്റിങ്ങ് നടത്താതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികളുടെ വലയത്തിലായ ബൈജൂസ് ആപ് കടുത്ത പ്രതിസന്ധിയിലാണ്. ഓഹരി ഉടമകളും വായ്പാക്കാരുമായി സ്ഥാപനത്തില്‍ പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബൈജൂസിന്റെ ആസ്ഥാനമായ ബെംഗലൂരുവിലെ ഐബിസി നോളജ് പാര്‍ക്കിലെ ഓഫീസ് ഒഴികെ രാജ്യത്തെ മറ്റ് ഓഫീസുകളില്‍ ബാക്കിയുള്ളവ പൂട്ടിക്കഴിഞ്ഞു. 14,000 ത്തോളം ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ബൈജൂസിന്റെ 300 ട്യൂഷന്‍ സെന്ററുകളിലേയും ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാരുടെയും ശമ്പളവിഹിതം തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പല ഓഫീസുകളുടെയും വാടക കരാറുകള്‍ പോലും പുതുക്കിയിട്ട് മാസങ്ങളായതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെമ്പാടുമായി ബൈജൂസ് 30 ലക്ഷം ചതുരശ്ര അടി വരുന്ന ഓഫീസാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 

ബൈജൂസിന്റെ പ്രതാപകാലം 

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ് ആയിരുന്നു ബൈജൂസ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന സ്പോണ്‍സര്‍. കോടികള്‍ മുടക്കിയുള്ള പരസ്യനിര്‍മാണവും ഐപിഎല്‍, വേള്‍ഡ് കപ്പ് തുടങ്ങിയവയുടെ സ്പോണ്‍സര്‍ഷിപ്പും ഏറ്റെടുത്തത് ബൈജൂസിന്റെ നിലനില്‍പിനെ സാരമായി ബാധിച്ചു. ലയണല്‍ മെസി, ഷാറൂഖാന്‍ തുടങ്ങിയ ഇന്ത്യന്‍ പ്രതിഭകളായിരുന്നു ബ്രാന്റ് അംബാസിഡര്‍മാര്‍. എജ്യൂക്കേഷന്‍ ആപ്പിന്റെ സാധ്യതകളെ കൃത്യമായി വിനിയോഗിച്ചായിരുന്നു ഓരോ ചുവടുവയ്പ്പും. കോവിഡ് കാലത്ത് എല്ലാ മേഖലകളും തകര്‍ന്നപ്പോള്‍ കുതിച്ചുയര്‍ന്ന ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ് സംരംഭകന്‍. 

2019 ജൂണിലാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ഇടംനേടുന്നത്. പിന്നീട് വളര്‍ച്ചയുടെ നാളുകളായിരുന്നു. 2022 ഒക്ടോബറില്‍ 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പും ആയി ബൈജൂസ്. 

ബൈജു രവീന്ദ്രന്‍ | PHOTO: FACEBOOK
2020 ല്‍ കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെയാണ് ബൈജൂസിന്റെ മൂല്യം കുതിച്ചുയര്‍ന്നത്. ഇതോടെ കമ്പനിയിലേക്ക് നിക്ഷേപങ്ങള്‍ ഒഴുകിയെത്തി. 2.5 ബില്യണ്‍ ഡോളറാണ് ഈ സമയത്ത് ബൈജൂസ് സമാഹരിച്ചത്. 150 ദശലക്ഷം വിദ്യാര്‍ത്ഥികളെ നേടിയ ബൈജൂസ് 20 കമ്പനികളെ ഏറ്റെടുക്കുകയും ചെയ്തു. 1,80,000 ത്തിലധികം കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കമ്പനി ഇന്ന് ഏതാണ്ട് 10,000 കോടിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.

നിരവധി പുരസ്‌ക്കാരങ്ങള്‍ വളരെ ചെറിയ കാലംകൊണ്ട് ബൈജൂസിനെ തേടിയെത്തി. 2019 ലെ മനോരമ ന്യൂസ് മേക്കര്‍ അവാര്‍ഡ്, 2020 ലെ ഏണസ്റ്റ് & യംഗ് ഫൈനലിസ്റ്റ്, എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍, ബിസിനസ് ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ്, 2021 ലെ ഫോബ്സ് ഇന്ത്യ ലീഡര്‍ഷിപ്പ് അവാര്‍ഡ് തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ബൈജൂസ് ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പരിശ്രമത്തിലാണ്. 

ബൈജൂസിന് പിഴച്ചതെവിടെ ? 

ബൈജൂസിന്റെ ആരംഭവും പതനവും വളരെ പെട്ടെന്നായിരുന്നു. കോവിഡിനുശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം കുറഞ്ഞു. ഇതും കമ്പനികളുടെ ഏറ്റെടുക്കലുമാണ് ബൈജൂസിന്റെ വരുമാനത്തെ സാരമായി ബാധിച്ചത്. കഴിഞ്ഞവര്‍ഷം വരെ 1.81 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന കമ്പനിയുടെ മൂല്യത്തില്‍ ഈ വര്‍ഷം 77 ശതമാനത്തിന്റെ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2023 ന്റെ ആദ്യ പകുതിയോടെ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ബൈജൂസ് കൂപ്പുകുത്തിയിരിക്കുകയായിരുന്നു. 

ഇതിനിടെയാണ് ഉയര്‍ന്ന മൂല്യത്തില്‍ മൂലധനം സ്വരൂപിക്കുന്നതായി വരുമാനം പെരുപ്പിച്ചുകാട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡുകളും പ്രതിസന്ധിയുടെ ആഘാതം വര്‍ധിപ്പിച്ചു. 2022 ലാണ് ബൈജൂസിനെതിരെ ഇഡി നടപടികള്‍ ആരംഭിച്ചത്. വിദേശനാണ്യ വിനിമയ ചട്ടലംഘനം അടക്കമുള്ള കേസുകളിലാണ് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് എതിരെ ഇഡി അന്വേഷണം നടക്കുന്നത്. ഇതോടെ ഓഹരി ഉടമകളുടെ പ്രതിനിധികളില്‍ പലരും ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജിവച്ചു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനത്തോടെ ആയിരുന്നു ബൈജൂസിന്റെ ബെംഗലൂരു ഓഫീസുകളില്‍ ഇന്ത്യന്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ലാപ്‌ടോപ്പുകളും മറ്റും പിടിച്ചെടുത്തു. വിദേശനാണയ ഇടപാട് നിയമം ലംഘിച്ചതായും കണ്ടെത്തിയിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ നിന്നും ബൈജു രവീന്ദ്രന്‍ പുറത്തായിരുന്നു. കമ്പനിക്ക് നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഈ പുറത്താക്കല്‍.  
ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യു-ടെക് കമ്പനിയായിരുന്നു ബൈജൂസ്. 2020ല്‍ 1.8 ബില്ല്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) വ്യക്തിഗത ആസ്തിയുമായി ബൈജു രവീന്ദ്രന്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. അക്കാലത്ത് ബൈജൂസിന്റെ മൊത്തം വിപണി മൂല്യം 10 ബില്ല്യണ്‍ ഡോളറായിരുന്നു.

ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ ബൈജു രവീന്ദ്രന്റെ സ്വകാര്യ ആസ്തി 3.6 ബില്ല്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 1 ബില്ല്യണ്‍ ഡോളറില്‍ താഴെയാണ്. ബൈജൂസില്‍ നിക്ഷേപിക്കുന്നതിനായി കഴിഞ്ഞവര്‍ഷം അദ്ദേഹം എടുത്ത വായ്പകളുടെ കണക്കെടുത്തതിന് ശേഷമാണ് വ്യക്തിഗത ആസ്തി ഇടിഞ്ഞതായി കണക്കാക്കിയിട്ടുള്ളത്. നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള പ്രോസസ് അടുത്തിടെ ബൈജുവിന്റെ 9.6% ഓഹരികകളുടെ മൂല്യം 493 മില്യണ്‍ (മാര്‍ച്ച് 31 വരെ) ഡോളറായി കണക്കാക്കിയതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സ്ഥാപനത്തിന് കണക്കാക്കുന്ന മൂല്യം 5.1 ബില്ല്യണ്‍ ഡോളറാണ്.



 

#finance
Leave a comment