TMJ
searchnav-menu
post-thumbnail

Finance

സ്വിസ്സ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് അദാനി ഗ്രൂപ്പിനെ ബാധിക്കുമോ?

14 Sep 2024   |   3 min Read
ഉമ കല്ലിങ്കൽ

ദാനി ഗ്രൂപ്പുമായി ബന്ധമുള്ള 5 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അധികൃതര്‍ മരവിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരിന്നു. 310 മില്യണ്‍ ഡോളര്‍ വരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെ പറ്റി  2021 മുതലുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഈ നടപടി. സ്വിസ്സ് അധികൃതര്‍  അക്കൗണ്ട് മരവിപ്പിച്ച നടപടി അദാനി ഗ്രൂപ്പിനെ മാത്രമല്ല സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുചിനെയും ബാധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പേര് വന്നതിനു ശേഷം ആരോപണങ്ങള്‍ സെബി ചെയര്‍പേഴ്സനെ വിടാതെ പിന്തുടരുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പൊതുജന ശ്രദ്ധയില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായ സമയത്താണ് കോണ്‍ഗ്രസ് പുതിയ ആരോപണങ്ങളുമായി എത്തിയത്. നിരവധി കേസുകളില്‍ സെബി അന്വേഷണം നേരിടുന്ന വൊകാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ സെബി ചെയര്‍പേഴ്സണ്‍ കൈപറ്റി എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേരയാണ് വെള്ളിയാഴ്ച്ച ഈ ആരോപണം ഉന്നയിച്ചത്. 2018 മുതല്‍ 2024 വരെ 2.16 കോടി രൂപ വാടകയിനത്തില്‍ കരോള്‍ ഇന്‍ഫോ സര്‍വീസസ്സ് എന്ന കമ്പനിയില്‍ നിന്നും കൈപ്പറ്റിയത്. സെബിയുടെ മുഴുവന്‍ സമയ അംഗവും പിന്നീട് അധ്യക്ഷയും ആയപ്പോഴാണ് ഈ കൈമാറ്റം. വൊകാര്‍ഡ്  ലിമിറ്റഡ് കമ്പനിയുമായി ബന്ധമുള്ളതാണ് കരോള്‍ ഇന്‍ഫോ സര്‍വിസസ്സ്. എന്നാല്‍ ആരോപണം തെറ്റാണെന്ന് പറഞ്ഞ വൊകാര്‍ഡ് ലിമിറ്റഡ് അവ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി.

സെബി | PHOTO : WIKI COMMONS
അദാനിയുമായി അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചു. അസംബന്ധമായ ആരോപണമാണിതെന്നും സ്വിസ് കോടതികളിലെ നടപടികളില്‍ അദാനിക്ക് പങ്കില്ലെന്നും കമ്പനിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ICICI ബാങ്ക് ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും 16 കോടിയിലധികം രൂപ മാധബി പുരി ബുച് കൈപ്പറ്റിയെന്ന ഖേരയുടെ ആരോപണത്തിന് തൊട്ടു പിന്നാലെയാണ്  വൊകാര്‍ഡുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്ന പുതിയ ആരോപണം. പണം നല്‍കിയെന്ന ആരോപണം  ICICI ബാങ്ക് നിഷേധിച്ചിരിന്നു.  

സെബിയുടെ അധ്യക്ഷനെതിരെ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ തുടങ്ങുന്ന ആരോപണങ്ങള്‍ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷിക്കാന്‍ ഇടയുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍. സെബിക്കും അതിന്റെ മേധാവിക്കും എതിരെ ഉയരുന്ന ആരോപണങ്ങള്‍ പക്ഷെ ഓഹരി വിപണിയില്‍ വലിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടില്ല. ഇന്ത്യന്‍ ഓഹരി വിപണി അതിന്റെ ചരിത്രത്തിലെ ഉയരങ്ങളിലാണ് ഇപ്പോഴും. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി 50 സൂചിക 25,050.90 പോയിന്റിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെന്‍സെക്സ് 81,938.98 പോയിന്റിലുമെന്ന നിലയിലാണ്.  

മാധബി പൂരി ബുച്ച് | PHOTO : WIKI COMMONS
അദാനി ഗ്രൂപ്പിനെ സെബി മേധാവിയുമായി ബന്ധിപ്പിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടും വിചാരിച്ച തരത്തിലുള്ള പ്രത്യഘാതങ്ങള്‍ വിപണിയില്‍ ഉണ്ടാക്കിയില്ല. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മൗറിഷ്യസിലെയും ബര്‍മൂടയിലെയും രണ്ട് ഫണ്ടുകളില്‍ ഓഹരി വിപണിയുടെ  നിയന്ത്രണത്തിന് പൂര്‍ണ ചുമതലയുള്ള സെബി ചെയര്‍പേഴ്സണായ മാധബി പൂരിബുച്ചും ഭര്‍ത്താവും നടത്തിയ നിക്ഷേപമാണ് വിഷയം. ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍  7 ശതമാനത്തോളം ഇടിഞ്ഞുവെങ്കിലും പിന്നീട് വിപണി തിരിച്ചു വന്നു. അദാനി ഗ്രീന്‍ എനര്‍ജി ആയിരുന്നു കൂടുതല്‍ തിരിച്ചടി നേരിട്ടത്.

ഇന്ത്യയിലെ രണ്ടാമത്തെ അതിസമ്പന്നനും മൂന്ന് പതിറ്റാണ്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ച സാമ്രാജ്യമാണ് ഗൗതം അദാനിയും അദാനി ഗ്രൂപ്പും. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അദാനിയുടെ പുറകെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അമേരിക്ക ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് 2023 ലാണ് ആദ്യമായി അദാനിക്കെതിരെ രംഗത്തെത്തുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ വിലപ്പെരുപ്പിച്ചു കാട്ടി നേട്ടം കൊയ്തു എന്നായിരുന്നു ആദ്യ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം. പിന്നീട് കഴിഞ്ഞ ഓഗസ്റ്റ് 10 നായിരുന്നു മറ്റൊരു വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കാന്‍ അധികാരമുള്ള സെബി ചെയര്‍പേഴ്സണും അദാനി ഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്നാണ് രേഖകള്‍ സഹിതം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരിബൂചിനും ഭര്‍ത്താവ് ദവാല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ഗൗതം അദാനി | PHOTO : WIKI COMMONS
ആദ്യ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുന്നത് സെബിയാണെന്നിരിക്കെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. ഇന്ത്യന്‍ ഓഹരിയെ നിയന്ത്രിക്കേണ്ടവര്‍ തന്നെ ഓഹരിയില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നു എന്ന വെളിപ്പെടുത്തല്‍ ഓഹരി വിപണിയെയും നിക്ഷേപകരെയും ബാധിക്കുന്നുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അദാനി ഗ്രൂപ്പിലെ സംശയാസ്പദമായ ഓഫ്‌ഷോര്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സെബിയുടെ താല്പര്യമില്ലായ്മ സംശയമുളവാക്കുന്നതാണ്. ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെ സെബി ശക്തമായി നിഷേധിച്ചുവെന്ന് മാത്രമല്ല, ഒരു പത്ര പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

ഒന്നര വര്‍ഷം മുമ്പുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ ചുവടുപിടിച്ചാണ് നിലവിലുള്ള റിപ്പോര്‍ട്ടും. ഒന്നാം റിപ്പോര്‍ട്ടില്‍ കോര്‍പ്പറേറ്റ് ലോകം കണ്ട ഏറ്റവും വലിയ കൃത്രിമത്വം എന്നായിരുന്നു സംഭവത്തെ വിശേഷിപ്പിച്ചിരുന്നത്. കാലങ്ങളായി അദാനി ഗ്രൂപ്പ് കമ്പനി സ്റ്റോക്കില്‍ കൃത്രിമം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരികളില്‍ 85% തുക ഉയര്‍ത്തിയാണ് വ്യാപാരമെന്നും 2023 ലെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ ആദ്യ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബി അന്വേഷണം ആരംഭിച്ചെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സെബി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സെബി ഇതുവരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്തത് സംശയത്തിന്റെ ആക്കം കൂട്ടുന്നതാണ്. രണ്ടാം ഹിന്‍ഡന്‍ബര്‍ഗ് ആരോപണം സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെയും സെബിയെയും ബാധിക്കുമോ എന്നാണ് നിലവിലെ ചോദ്യം.

വിനോദ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഓഫ്ഷോര്‍ കമ്പനികളിലാണ് മാധബി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുള്ളതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുവെന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നേരിടുന്ന കമ്പനികളാണിത്. 2017-ല്‍ സെബി അംഗമായും 2022-ല്‍ ചെയര്‍പേഴ്‌സണായും നിയമിക്കപ്പെട്ടതിന് മുമ്പുള്ളതാണ് മാധബി ബുച്ചിന്റെയും ഭര്‍ത്താവിന്റെയും നിക്ഷേപങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ, മാധബി ബുച്ച് സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നപ്പോള്‍, അഗോറ പാര്‍ട്‌ണേഴ്‌സ് എന്ന ഓഫ്‌ഷോര്‍ സിംഗപ്പൂര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. 2022 മാര്‍ച്ച് 16 ന്, സെബി ചെയര്‍പേഴ്‌സണായി നിയമിതയായി രണ്ടാഴ്ച കഴിഞ്ഞ് മാത്രമാണ് അവര്‍ ഷെയറുകള്‍ ഭര്‍ത്താവിന് കൈമാറിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നുണ്ട്.

ഭര്‍ത്താവ് ധാവല്‍ ബുച്ച് ഡയറക്ടറായ ഇന്ത്യന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ അഗോറ അഡൈ്വസറിയുടെ 99 ശതമാനം ഓഹരിയും മാധബി ബുച്ചിന്റെ ഉടമസ്ഥതയിലാണെന്നും ഹിന്‍ഡര്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. 2022-ല്‍, ഈ സ്ഥാപനം കണ്‍സള്‍ട്ടിംഗില്‍ നിന്ന് 261,000 ഡോളര്‍ വരുമാനം നേടിയെന്നും സെബിയിലെ മാധബി ബുച്ചിന്റെ വെളിപ്പെടുത്തിയ ശമ്പളത്തിന്റെ 4.4 മടങ്ങാണിതെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നുണ്ട്.


#finance
Leave a comment