TMJ
searchnav-menu
post-thumbnail

Food

ആരോറൂട്ടിലെ ആരോഗ്യരഹസ്യങ്ങള്‍

07 Dec 2023   |   2 min Read
അശ്വതി ദാസ്

കൂവക്കുറുക്കിന്റെ മണം തീണ്ടാത്ത ബാല്യമുണ്ടാകില്ല മലയാളികള്‍ക്ക്. അത്രയും സുപരിചിതമായ കിഴങ്ങുവര്‍ഗമാണ് കൂവ അഥവാ ആരോറൂട്ട്. ഡിസംബര്‍ പകുതിയോടെ കേരളത്തില്‍ മലയാളമാസം ധനുവിന്റെ ആരംഭമായി. ജനുവരി  പകുതിയില്‍ അവസാനിക്കുകയും ചെയ്യും. ഈ കാലയളവില്‍  വിപണികളില്‍ കൂവത്തിരക്കാണ്. കാരണം മറ്റൊന്നുമല്ല, തിരുവാതിര തന്നെ. കൂവയില്ലാതെ മലയാളിക്ക് തിരുവാതിരയുണ്ടോ? തിരുവാതിര മലയാളിക്ക് മാറ്റിനിര്‍ത്താന്‍ കഴിയാത്തൊരു ആഘോഷമാണ്. ഓണവും വിഷുവും പോലെത്തന്നെ ധനുമാസത്തിലെ തിരുവാതിര മലയാണ്‍മയോട് അത്രമേല്‍ ഇഴ ചേര്‍ന്നുകിടക്കുന്നു. നമ്മുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം കാര്‍ഷിക പശ്ചാത്തലം കൂടിയുണ്ട്. ഓണവും വിഷുവുമെല്ലാം കാര്‍ഷികോത്സവങ്ങളാണ്. തിരുവാതിരയും ഒരു വിളവെടുപ്പു കാലമാണ്. നമ്മുടെ നെല്‍പ്പാടങ്ങളെല്ലാം മകരക്കൊയ്ത്തിനു ഒരുങ്ങി നില്‍ക്കുമ്പോള്‍ ധനു മാസത്തില്‍ പ്രാധാന്യമേറുന്നത് കൂവയ്ക്കാണ്.

തിരുവാതിരയ്ക്ക് കൂവ

ധനുമാസത്തിലെ തിരുവാതിരനാള്‍ ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യദിനമാണ്. ദക്ഷിണേന്ത്യയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും തിരുവാതിര പവിത്രതയോടെ  കൊണ്ടാടുന്നു. മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാര്‍ വിവാഹംവേഗം നടക്കാന്‍ വേണ്ടിയും തിരുവാതിരവ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കല്‍, നൊയമ്പ് നോല്‍ക്കല്‍, തിരുവാതിരകളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കല്‍, പാതിരാപ്പൂ ചൂടല്‍ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍. തിരുവാതിര വ്രതാനുഷ്ഠാനങ്ങള്‍ ആരോഗ്യത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. തിരുവാതിരയുടെ ചടങ്ങുകളില്‍ ഉപയോഗിക്കുന്നതെല്ലാം സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിഭവങ്ങളാണ്. കൈകൊട്ടിക്കളിയും തുടിച്ചു കുളിയുമെല്ലാം ശരീരത്തിനും മനസ്സിനും ഉണര്‍വും ആരോഗ്യവും നല്‍കും.

എട്ടങ്ങാടിയും തിരുവാതിരപ്പുഴുക്കും കൂവക്കുറുക്കുമാണ് തിരുവാതിര വിഭവങ്ങള്‍. ചേനയും കാച്ചിലും കൂര്‍ക്കയുമെല്ലാം കനലില്‍ ചുട്ടെടുത്ത് ശര്‍ക്കരപ്പാവു ചേര്‍ത്ത് ചെറുതീയില്‍ വരട്ടിയെടുക്കുന്ന വിഭവമാണ് എട്ടങ്ങാടി. തിരുവാതിര നിവേദ്യത്തിനാണ് എട്ടങ്ങാടി ഉണ്ടാക്കുന്നത്. തിരുവാതിരപ്പുഴുക്കിലും എട്ടങ്ങാടിയിലും കൂവ ചേര്‍ക്കാറില്ല. കൂവ ശര്‍ക്കര ചേര്‍ത്ത് കുറുക്കിയെടുത്താണ് വിളമ്പുന്നത്.
തിരുവാതിര വ്രതമെടുക്കുന്നവര്‍ അന്നാഹാരങ്ങള്‍ വര്‍ജിക്കുന്നു. പകരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളാണ് കഴിക്കുന്നത്. അവിടെയാണ് കൂവയ്ക്ക് പ്രാധാന്യമേറുന്നത്. അതിനു കാരണം കൂവ ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആണെന്നതാണ്. ഇത് കുടിച്ചാല്‍ ശരീരം വേഗത്തില്‍ ക്ഷീണിക്കില്ല.


കൂവ | PHOTO: WIKI COMMONS

ഔഷധക്കലവറ

പണ്ടുകാലങ്ങളില്‍ വീട്ടുപറമ്പുകളില്‍ സമൃദ്ധമായിരുന്നു കൂവ. ഇന്നത്തെ പോലെ വിപണികളില്‍ പോയി വാങ്ങുന്നത് വിരളമായിരുന്നു. കൂവ പറിച്ച് അരച്ച്,  അരിച്ച് പൊടിയാക്കി സൂക്ഷിച്ചുവയ്ക്കും.
തിരുവാതിര ആവശ്യങ്ങള്‍ക്കുശേഷം ബാക്കി വരുന്ന കൂവപ്പൊടി അടുത്ത വര്‍ഷം വരെ സംഭരിച്ചു വയ്ക്കുന്നവരുമുണ്ട്. കാരണം കൂവ തിരുവാതിര ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന താരമല്ല, ഔഷധ ഗുണങ്ങളാല്‍ സമ്പന്നന്‍ കൂടിയാണ്. ഗ്ലൂക്കോസിനെ വെല്ലുന്ന ഔഷധദായിനിയെന്നാണ് കൂവ അറിയപ്പെടുന്നത്.

കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ എ, സി, നിയാസിന്‍, തയാമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാന്‍ കൂവപ്പൊടി ആട്ടിന്‍ പാലില്‍ ചേര്‍ത്ത് നല്‍കാറുണ്ട്. കുട്ടികള്‍ക്ക് വയറ് സംബന്ധിയായ അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നല്‍കിയാല്‍ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം. കോളറ, വയറിളക്കം എന്നീ അസുഖങ്ങളാല്‍ ദുരിതം അനുഭവിച്ചിരുന്നവര്‍ക്ക് കൂവ അരച്ച് വെള്ളത്തില്‍ കലക്കി തെളിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കാന്‍ കൊടുക്കുക പതിവായിരുന്നു. ഇത്തരക്കാര്‍ക്ക് മറ്റ് ആഹാരങ്ങള്‍ ദഹിക്കാതെ വരുമ്പോള്‍ കൂവ പെട്ടെന്ന് ദഹിച്ച് വയറിന് ആശ്വാസവും ശരീരത്തിന് കുളിര്‍മയും ഉന്മേഷവും നല്‍കിയിരുന്നു.

പണം തരും കൂവ

തീരുന്നില്ല കൂവയുടെ മാഹാത്മ്യങ്ങള്‍. കുറഞ്ഞ ചിലവില്‍ മികച്ച ആദായം തരുന്ന കൃഷിയാണ് കൂവകൃഷി. കൂവകൃഷിയില്‍ ലാഭം വിളയിച്ചവര്‍ നമുക്കുചുറ്റും തന്നെയുണ്ട്. ഔഷധസമ്പുഷ്ടമായതുകൊണ്ട് വിപണികളില്‍ എപ്പോഴും ആവശ്യക്കാരുമുണ്ട്. നമ്മുടെ നാട്ടില്‍ മാത്രമല്ല വിദേശങ്ങളിലും ആളുകള്‍ പാടി നടക്കാറുണ്ട് കൂവയുടെ ഔഷധഗാഥകള്‍. ഇടവിളയായാണ് കൂവസാധാരണ  കൃഷിചെയ്യാറുള്ളത്. തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയവയ്‌ക്കൊപ്പം കൃഷി ചെയ്യാം, അതുകൊണ്ട് തന്നെ പ്രത്യേക പരിചരണത്തിന്റെ ആവശ്യമില്ല. വാഴ നനയുമ്പോള്‍ ചീരയും നനയും എന്നാണല്ലോ കാരണവന്‍മാര്‍ പറഞ്ഞിട്ടുള്ളത്.

വിത്തു വിതച്ചതിനുശേഷം പത്തു മാസം പിന്നിട്ടാല്‍ വിളവെടുപ്പിനു പാകമാകും. ഈര്‍പ്പമുള്ള മണ്ണാണ് ഉത്തമം. വിരല്‍ നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ് നടീല്‍വസ്തു. തായ്‌ച്ചെടിയുടെ ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവക്കൃഷിക്ക് അനുകൂല അന്തരീക്ഷമൊരുക്കുന്നു. ജൂണ്‍ ആദ്യം മഴയുടെ ആരംഭത്തില്‍ നടീല്‍ തുടങ്ങാം. പോഷക മൂല്യമുള്ളവസ്തു എന്ന നിലയില്‍ കൂവയ്ക്ക് വലിയ വിപണന സാധ്യതയുണ്ട്.


#food
Leave a comment