TMJ
searchnav-menu
post-thumbnail

Food

പ്ലാനറ്ററി ഭക്ഷണക്രമം ഉചിതമോ?

24 Oct 2023   |   3 min Read
TMJ News Desk

നുഷ്യന്റെ ആരോഗ്യത്തിനും നിലനില്‍പ്പിനും പ്രകൃതി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ മനുഷ്യന്റെ ഭക്ഷണക്രമത്തില്‍ പ്രകൃതിദത്തഘടകങ്ങള്‍ക്കുള്ള സ്ഥാനവും അത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആളുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പിന്തുടരുന്ന അള്‍ട്രാ പ്രോസസ്ഡ് ഫുഡ് അടങ്ങിയ ഭക്ഷണക്രമങ്ങള്‍ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന സൈന്റിഫിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഈ തിരിച്ചറിവിന് വളരെ പ്രാധാന്യമുണ്ട്. അത്തരത്തില്‍ മനുഷ്യന്റെ ആരോഗ്യത്തെ പ്രകൃതിയുടെ ഗുണങ്ങളുമായി ചേര്‍ത്ത് വെയ്ക്കുന്നൊരു ഭക്ഷണക്രമമാണ് പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ് അഥവാ പിഎച്ച്ഡി എന്ന് ഗവേഷകര്‍ പറയുന്നു.

പൊതുവെ ഫ്‌ലെക്‌സിറ്റേറിയന്‍ ഡയറ്റ് എന്നും വിളിക്കുന്ന ഈ ഭക്ഷണക്രമം  സസ്യാധിഷ്ഠിതമാണെന്നതാണ് പ്രധാന പ്രത്യേകത. സസ്യാധിഷ്ഠിതമാണെങ്കിലും മിതമായ അളവില്‍ മത്സ്യം, മാംസം, പാലുല്‍പന്നങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. വികസിക്കുന്ന ആഗോള ജനസംഖ്യക്ക് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു സുസ്ഥിര ഭക്ഷണ രീതിയ്ക്ക് വഴിയൊരുക്കുകയാണ് പ്ലാനറ്ററി ഡയറ്റിന്റെ ലക്ഷ്യം. പൂര്‍ണമായും ഒരു വെജ് ഡയറ്റ് ഫോളോ ചെയ്യാതെ മാംസാഹാരങ്ങളുടെ പ്രാധാന്യവും ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

REPRESENTATIVE IMAGE: WIKI COMMONS
വ്യത്യസ്തതരം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കുന്നതിനെ ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നു. മാംസം, ബട്ടര്‍, നെയ്യ്, കോക്കനട്ട് ഓയില്‍ തുടങ്ങിയ പൂരിത കൊഴുപ്പിനേക്കാള്‍ നട്ട്‌സില്‍ നിന്നും ഒലീവ് ഓയിലില്‍ നിന്നും ലഭിക്കുന്ന അപൂരിത കൊഴുപ്പാണ് പ്ലാനറ്ററി ഡയറ്റില്‍ ഉള്‍പ്പെടുന്നത്. ബ്രെഡ് പോലുള്ള റിഫൈന്‍ഡ് ധാന്യ ഭക്ഷണങ്ങള്‍, അള്‍ട്രാ പ്രോസസ്ഡ് ഫുഡ്, കൃത്രിമമായി മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ ഈ ഡയറ്റില്‍ പരിമിതമാണ്.

സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിനെ പലപ്പോഴും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ മാംസാഹാരത്തിന്റെ ആവശ്യകതയെക്കൂടി പരിഗണിച്ചുക്കൊണ്ട്് മനുഷ്യന്റെ ആരോഗ്യവും പരിസ്ഥിതിയും തമ്മില്‍ സംയോജിപ്പിച്ചൊരു ഭക്ഷണക്രമം ചിട്ടപ്പെടുത്തിയെടുക്കുന്ന ആദ്യത്തെ പഠനമാണ് പിഎച്ച്ഡി ഡയറ്റിന് പിന്നിലുള്ളത്. ഈറ്റ് ലാന്‍സെറ്റ് കമ്മീഷന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ്. പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള 37 പ്രമുഖ ശാസ്ത്രജ്ഞരാണ് കമ്മീഷനില്‍ ഉള്‍പ്പെടുന്നത്. കൃഷി, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലാണ് കമ്മീഷന്‍ പ്രധാനമായും പഠനം നടത്തുന്നത്. സുസ്ഥിരമായ ഭക്ഷ്യ ഉല്‍പ്പാദനവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണക്രമമായിരുന്നു പഠനത്തിലൂടെ ഇവര്‍ ലക്ഷ്യംവച്ചത്.

പ്ലാനറ്ററി ഡയറ്റിന്റെ ആരോഗ്യ ഗുണങ്ങളെ പരിശോധിച്ചപ്പോള്‍, ഭക്ഷണ സംബന്ധമായിവരുന്ന രോഗങ്ങളിലും മരണ നിരക്കിലും ഈ ഡയറ്റിന് ഗുണകരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നതായി കമ്മീഷന്‍ കണ്ടെത്തി. പിഎച്ച്ഡി നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഓരോ വര്‍ഷവും 11 ദശലക്ഷം മരണങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് ഇവരുടെ പഠനം അവകാശപ്പെടുന്നത്. പിഎച്ച്ഡി പ്രധാനമായും ഉള്‍പ്പെടുത്തുന്ന സസ്യാഹാരങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിന്റെ പ്രവര്‍ത്തനത്തിന് ഗുണകരമാണ്. കൃത്രിമമായി ചേര്‍ക്കുന്ന മധുരത്തിന്റെയും റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകളുടെയും അളവ് പിഎച്ച്ഡി ഡയറ്റില്‍ കുറവായതിനാല്‍ അത് പ്രമേഹവും ഹൃദ്രോഗവും ഉള്‍പ്പടെയുള്ള രോഗങ്ങളെ ഒരു പരിധിവരെ തടയുന്നതായാണ് ഗവേഷക സംഘത്തിന്റെ നിരീക്ഷണം.

REPRESENTATIVE IMAGE: WIKI COMMONS
കാലഹരണപ്പെട്ട മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണങ്ങളാണ് കമ്മീഷന്റെതെന്ന വിമര്‍ശനങ്ങള്‍ പിഎച്ച്ഡി ഡയറ്റിനെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഡയറ്റിലെ അനിമല്‍ സോഴ്‌സ് പ്രോട്ടീനിന്റെ കുറവ് പോഷകാഹാരക്കുറവിലേക്ക് നയിക്കുമെന്നതായിരുന്നു പ്രധാന വിമര്‍ശനം. വൈറ്റമിന്‍ ബി 12, റെറ്റിനോള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവയുടെ കുറവും പിഎച്ച്ഡി ഡയറ്റിന്റെ പോരായ്മയായി വിമര്‍ശകര്‍ ചൂണ്ടികാണിച്ചു. പരിപൂര്‍ണമായ ഭക്ഷണക്രമമാണ് പ്ലാനറ്ററി ഡയറ്റ് എന്നായിരുന്നു വിമര്‍ശനങ്ങളോടുള്ള കമ്മീഷന്റെ പ്രതികരണം. പ്രതിദിനം നിശ്ചിത അളവില്‍ മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ ഡയറ്റില്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടികാട്ടി. പിഎച്ച്ഡി ഡയറ്റില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള സസ്യ എണ്ണകള്‍ പിഎച്ച്ഡി യിലെ കുറഞ്ഞ അളവിലുള്ള മത്സ്യവുമായി ചേര്‍ന്ന് അനാരോഗ്യകരമായ ഒമേഗ-6, ഒമേഗ-3 അനുപാതം ശരീരത്തിലുണ്ടാക്കുമെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.

എല്ലാതരം വിമര്‍ശനങ്ങളെയും ഈറ്റ് ലാന്‍സെറ്റ് കമ്മീഷന്‍ നിഷേധിക്കുകയാണ് ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തിന് തങ്ങള്‍ കണ്ടെത്തിയ ഡയറ്റ് ഗുണകരമാണെന്നതിന് തെളിവുകള്‍ ഉണ്ടെന്നും വിശാലമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആ തെളിവുകള്‍ ശേഖരിച്ചതെന്നുമായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള കമ്മീഷന്റെ മറുപടി. നിയന്ത്രിത ഫീഡിംഗ് പഠനങ്ങള്‍, ഭാരം വിലയിരുത്തുന്ന പഠനങ്ങള്‍, വിവിധ രോഗാവസ്ഥകളുടെ അപകട സാധ്യത വിലയിരുത്തുന്ന പരീക്ഷണങ്ങള്‍, ലക്ഷക്കണക്കിനാളുകള്‍ ഉള്‍പ്പെട്ട ജനസംഖ്യാടിസ്ഥാനത്തിലുള്ള ആരോഗ്യ പഠനങ്ങള്‍ എന്നിങ്ങനെ നിരവധി സൂക്ഷ്മ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നല്ല ഭക്ഷണക്രമത്തിന് പ്ലാനറ്ററി ഡയറ്റ് എന്ന നിഗമനത്തിലേക്കെത്തിയതെന്ന് കമ്മീഷന്‍ പറയുന്നു. പിഎച്ച്ഡി ഡയറ്റ് പ്രധാനമായും മുതിര്‍ന്ന ആളുകളെ ലക്ഷ്യം വച്ചുക്കൊണ്ടുള്ള ഡയറ്റ് പ്ലാനാണ്. പ്രായമായവര്‍,  ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ആര്‍ത്തവ വിരാമത്തോട് അടുത്ത് നില്‍ക്കുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ ഡയറ്റ് അനുയോജ്യമല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്ലാനറ്ററി ഡയറ്റ് പോലുള്ള ഭക്ഷണക്രമത്തിന് ശാസ്ത്രീയ മാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഒരു പ്രത്യേക ഡയറ്റ് പ്ലാന്‍ സ്വീകരിക്കുന്നത് കൃത്യമായ വിദഗ്ധ നിര്‍ദ്ദേശത്തോടെ ആയിരിക്കണം എന്നതാണ് പ്രധാനം.#food
Leave a comment