TMJ
searchnav-menu
post-thumbnail

Food

മധുരങ്ങളുടെ ഇന്ത്യ

22 Nov 2023   |   2 min Read
മിസ്‌രിയ ചന്ദ്രോത്ത്

ദ്ദേശീയമായി നിരവധി മധുരപലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കാര്‍ക്ക് ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് മധുരപലഹാരങ്ങള്‍. വടക്കുമുതല്‍ തെക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറു വരെയും വ്യത്യസ്തമായ മധുരപലഹാരങ്ങള്‍. ജിലേബി, ലഡ്ഡു പോലുള്ളവ ഇന്ത്യയില്‍ എല്ലായിടത്തും ലഭ്യമാകുന്ന മധുരപലഹാരം ആണെങ്കിലും ചില സ്ഥലങ്ങളില്‍ മാത്രം പ്രത്യേകം ലഭിക്കുന്ന പലഹാരങ്ങള്‍ അനവധിയാണ്. അസാമിലെ പിഠാ, ബിഹാറിലെ തെക്കൗ, ഗുജറാത്തിലെ ഖമാന്‍, കര്‍ണാടകയിലെ മൈസൂര്‍പാക്ക്, കേരളത്തിലെ അടപ്രഥമന്‍, മധ്യപ്രദേശിലെ ലഡ്ഡു, മഹാരാഷ്ട്രയിലെ മോദക് തുടങ്ങിയവ ഇന്ത്യയിലെ വളരെ വ്യത്യസ്തമായ മധുര രുചികളാണ്. രാജ്യത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യത്തിന്റേയും വൈവിധ്യമാര്‍ന്ന രുചികളുടെയും പ്രതിഫലനം കൂടിയാണ് ഇന്ത്യന്‍ സ്വീറ്റ്സ്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി ഇന്ത്യ മാറിയതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യക്കാരുടെ ഈ മധുരപ്രേമമാണെന്നും പറയാം. 

ഇതുകൂടാതെ വ്യത്യസ്തമായി നിര്‍മ്മിക്കുന്ന, വളരെ വിലകൂടിയ മധുരപലഹാരങ്ങളും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഏറ്റവും വിലകൂടിയ മധുരപലഹാരങ്ങളില്‍ ഒന്നാണ് എക്സോട്ടിക്ക. ഒരുകിലോഗ്രാം എക്സോട്ടിക്കയുടെ വില കേട്ടാല്‍ ഞെട്ടും. അമ്പതിനായിരം രൂപയാണ്. അതുപോലെ സൂറത്തില്‍ നിന്നുള്ള ഒരു മധുരപലഹാരമാണ് ഗോള്‍ഡ് ഗാരി. ഒരുകിലോ ഗ്രാം ഗോള്‍ഡ് ഗാരിക്ക് ഒമ്പതിനായിരം രൂപയാണ് വില. എഡിബിള്‍ ഗോള്‍ഡ് കൊണ്ടുള്ള ആവരണമാണ് ഈ പലഹാരത്തിന്റെ പ്രത്യേകത. ഇതിന് ഇഷ്ടക്കാര്‍ ഏറെയാണ്. മറ്റൊന്നാണ് കൊഹിനൂര്‍ ഗോള്‍ഡ് ഹല്‍വ. സ്വര്‍ണം, വെള്ളി, ഡ്രൈ ഫ്രൂട്സ്, പാല്, പൈന്‍ പരിപ്പ് എന്നിവയുപയോഗിച്ചാണ് ഈ ഹല്‍വ തയ്യാറാക്കുന്നത്. ഒരുകിലോഗ്രാം കൊഹിനൂര്‍ ഗോള്‍ഡ് ഹല്‍വക്ക് നാലായിരം രൂപയാണ് വില. വിലകൂടുതലാണെങ്കിലും നോര്‍ത്ത് ഇന്ത്യന്‍ സ്വീറ്റ്സ് മാര്‍ക്കറ്റില്‍ ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

REPRESENTATIVE IMAGE  | WIKI COMMONS
മൈസൂര്‍പാക്കെന്ന രാജാവ്

ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച തെരുവോര മധുരപലഹാരങ്ങളുടെ പട്ടികയില്‍ 4.4 റേറ്റിങ്ങോടെയാണ് മൈസൂര്‍പാക്കെന്ന മധുര രാജാവ് 14-ാം സ്ഥാനം നേടിയത്. പട്ടികയില്‍ ഇന്ത്യന്‍ വിഭവങ്ങളായ കുല്‍ഫിയും ഫലൂദയുമുണ്ട്. സൗത്ത് ഇന്ത്യക്കാര്‍ക്ക് ഒരുപോലെ ഇഷ്ടമുള്ളൊരു മധുരമാണ് മൈസൂര്‍പാക്ക്. കര്‍ണ്ണാടകയിലെ മൈസൂരിലാണ് ഇതുണ്ടായതെങ്കിലും കേരളത്തിലുള്‍പ്പെടെ പ്രാധാന്യമുള്ള പലഹാരം. മൈസൂരില്‍ മൈസൂര്‍പാക്ക് ഉണ്ടായതിനു പിന്നില്‍ ഒരു കഥയുണ്ട്. വോഡയാര്‍ രാജവംശം ഭരണം നടത്തുന്ന കാലം, ഏകദേശം 90 വര്‍ഷങ്ങള്‍ക്കു മുമ്പ്. കൃഷ്ണയാര്‍ വോഡയാറിന്റെ ഭരണകാലത്ത്- രാജാവ് അത്താഴത്തിനെത്തിയപ്പോള്‍ മധുരം ഒന്നും കൊടുക്കാന്‍ ഇല്ലാത്ത ഒരുദിവസം പാചകക്കാരന്‍ മാഡപ്പ കണ്ടുപിടിച്ച വിഭവമാണ് മൈസൂര്‍പാക്ക്. മാഡപ്പ പഞ്ചസാരയും കടലമാവും നെയ്യും ചേര്‍ത്ത് ഒരു വിഭവം പെട്ടെന്നുണ്ടാക്കി രാജാവിന് കൊടുത്തു. പലഹാരം ഇഷ്ടപ്പെട്ട രാജാവ് മൈസൂര്‍പാക്കെന്ന് അതിന് പേരിട്ടു. ഇപ്പോള്‍ മൈസൂര്‍പാക്ക് ലോകത്ത് തന്നെ പ്രശസ്തമായ ഒരു പലഹാരമായി മാറിയിരിക്കുന്നു.

മലബാറിന്റെ മധുരം

ഇന്ത്യയിലെ മറ്റിടങ്ങളിലേതു പോലെ തന്നെ കേരളക്കാര്‍ക്കും മധുരം പ്രധാനം തന്നെയാണ്. പാല്‍പ്പായസവും പാലട പ്രഥമനുമൊക്കെയാണ് മധുരലോകത്തെ പ്രധാനികള്‍. ഇലയട, ശര്‍ക്കര വരട്ടി, ചക്കപ്പായസം പോലുള്ള കേരളത്തിനു മാത്രം സ്വന്തമായ മധുരങ്ങള്‍ ഏറെ. വടക്കോട്ട് നോക്കുമ്പോള്‍ രുചികരവും വ്യത്യസ്തവുമായ ഭക്ഷണത്തിന്റെ പ്രൗഢി ആവോളമുണ്ട് മലബാറിന്. ഭക്ഷണ വൈവിധ്യത്തിന്റെ കലവറ എന്നുതന്നെ പറയാം. മധുരപലഹാരങ്ങളും വേണ്ടുവോളം. കോഴിക്കോടന്‍ ഹലുവ, മുട്ടമാല, കിണ്ണത്തപ്പം, കൊരലപ്പം, കാജ, അരിയുണ്ട, ഉന്നക്കായ, കാരയപ്പം, കലത്തപ്പം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്തത്ര മധുരപലഹാരങ്ങള്‍ മലബാറിനു സ്വന്തമായുണ്ട്. 

REPRESENTATIVE IMAGE | WIKI COMMONS
മധുരം വില്ലനായാല്‍

മധുരത്തോട് വളരെ താല്‍പ്പര്യമുള്ളവരും അമിതപ്രാധാന്യം കൊടുക്കുന്നവരുമാണ് ഇന്ത്യക്കാര്‍ എന്നതിന് തെളിവാണ് നേരത്തെ സൂചിപ്പിച്ച പ്രമേഹ തലസ്ഥാനം എന്ന വിശേഷണം. അമിതമായി മധുരം ഉപയോഗിക്കുന്നത് ബുദ്ധി ശക്തിയേയും ഓര്‍മ്മശക്തിയേയും നേരിട്ട് ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാവുന്നു. പ്രമേഹം മാത്രമല്ല ആഹാരത്തിലെ പോഷകമൂല്യം കുറയാനും ശരീരഭാരം കൂടാനും പഞ്ചസാര കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ശരീരത്തിന് മധുരം നിയന്ത്രിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.


#food
Leave a comment