TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: UNSPLASH

Food

മെഡിറ്ററേനിയന്‍ ഡയറ്റ്

11 Oct 2023   |   2 min Read
ഹൃദ്യ ഇ

രോഗ്യമുള്ള ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം അനിവാര്യമാണ്. എന്നാല്‍ ഹെല്‍ത്തി ഡയറ്റ് പലപ്പോഴും നമ്മുടെ ജീവിതരീതിയുടെ ഭാഗമാകുന്നില്ല. കൃത്യമായ ഡയറ്റ് ആരോഗ്യമുള്ള ശരീരവും മനസ്സും കൈവരിക്കുന്നതിന് സഹായിക്കുന്ന പ്രധാന ഘടകമാണ്. അത്തരത്തില്‍ ആരോഗ്യകരമായ ഡയറ്റിന്റെ മാതൃകയായി ചൂണ്ടിക്കാണിക്കുന്നൊരു ഭക്ഷണക്രമമാണ് മെഡിറ്ററേനിയന്‍ ഡയറ്റ്.

മെഡിറ്ററേനിയന്‍ തീരത്ത് താമസിക്കുന്നവരുടെ പരമ്പരാഗത ഭക്ഷണക്രമത്തെയും ജീവിതരീതിയെയും പ്രതിനിധീകരിക്കുന്നതാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു മാതൃകയായി ഈ ഡയറ്റിനെ ചൂണ്ടിക്കാണിക്കുമ്പോള്‍ എന്തെല്ലാം ഘടകങ്ങളാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും എങ്ങനെയാണ് അത് ഹെല്‍ത്തി ആകുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്.

പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മത്സ്യം, ഒലിവ് ഓയില്‍ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഈ ഭക്ഷണക്രമത്തില്‍ നിശ്ചിത അളവില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല മിതമായ അളവില്‍ ചീസ്, തൈര് പോലുള്ള പാലുല്‍പ്പന്നങ്ങളും മാംസവും ഉള്‍പ്പെടുന്നുണ്ട്. തെക്കന്‍ യൂറോപ്പില്‍ താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെക്കുറിച്ചും അവരുടെ ഭക്ഷണത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രജ്ഞരാണ് മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തിന്റെ സവിശേഷതകളെ ആദ്യമായി അവതരിപ്പിക്കുന്നത്. മെച്ചപ്പെട്ട ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ രോഗനിരക്ക്, കുറഞ്ഞ കാന്‍സര്‍ നിരക്ക്, ഹൃദയസംബന്ധമായ രോഗങ്ങളുടെ കുറവ് എന്നിവ മെഡിറ്ററേനിയന്‍ രാജ്യങ്ങളിലെ ഈ ഡയറ്റിന്റെ ഗുണങ്ങളായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

REPRESENTATIONAL IMAGE | PHOTO: PIXABAY
പഴങ്ങളും പച്ചക്കറികളും ഏതൊരു ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെയും പ്രധാനപ്പെട്ട ഘടകമാണെന്ന പോലെ തന്നെ മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തിലും ഇവ പ്രധാനമാണ്. വൈവിധ്യമാര്‍ന്ന ഫ്രെഷ് സീസണല്‍ പഴങ്ങളും പച്ചക്കറികളുമാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പഴങ്ങളും പച്ചക്കറികളും ഉണ്ടായിരിക്കണമെന്നാണ് യുകെ യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഈറ്റ് വെല്‍ ഗൈഡ് ശുപാര്‍ശ ചെയ്യുന്നത്. മെഡിറ്ററേനിയന്‍ ഡയറ്റില്‍ മധുര പലഹാരത്തിന് പകരം പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉരുളക്കിഴങ്ങ് മെഡിറ്ററേനിയന്‍ ഭക്ഷണ ശൈലിയിലെ പ്രധാനഘടകമാണ്. ഫൈബറും പോഷകങ്ങളും ലഭിക്കാനായി തൊലിയോടുകൂടി ഉരുളക്കിഴങ്ങ് കഴിക്കാനാണ് മെഡിറ്ററേനിയന്‍ ഡയറ്റ് നിര്‍ദ്ദേശിക്കുന്നത്.

കാര്‍ബോഹൈഡ്രേറ്റുകളാണ് ഈ ഡയറ്റിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകം. ധാന്യങ്ങളില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന നിരീക്ഷണത്തില്‍  വൈവിധ്യമാര്‍ന്ന ധാന്യങ്ങളാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളെ പൊതുവെ ഹെല്‍ത്തി ഡയറ്റിന്റെ ഭാഗമായി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഭക്ഷണത്തില്‍ കൊഴുപ്പ് ഉള്‍പ്പെടുത്തുന്നതില്‍ വ്യത്യസ്തമായ സമീപനമാണ് മെഡിറ്ററേനിയന്‍ ഭക്ഷണക്രമം സ്വീകരിക്കുന്നത്.  ഒലിവ് ഓയില്‍ പോലുള്ള സസ്യാധിഷ്ഠിത കൊഴുപ്പിനെയാണ് മെഡ് ഡയറ്റ് (മെഡിറ്ററേനിയന്‍ ഡയറ്റ്) പ്രോത്സാഹിപ്പിക്കുന്നത്.

ഹൃദ്രോഗത്തില്‍ ഒലിവ് ഓയിലിന്റെ സ്വാധീനം പരിശോധിക്കുന്ന ഒരു പഠനത്തില്‍ പ്രതിദിനം നാല് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ കഴിക്കണമെന്നാണ് പറയുന്നത്. കൊഴുപ്പിന്റെ അംശമുള്ള മത്തി, അയല തുടങ്ങിയ മത്സ്യങ്ങളും മെഡ് ഡയറ്റിന്റെ ഭാഗമാണ്. മെഡിറ്ററേനിയന്‍ ഡയറ്റില്‍ മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രോട്ടീന്‍ പ്രധാനമായും സ്വീകരിക്കുന്നത് മാംസത്തേക്കാള്‍ ഏറെ മത്സ്യത്തില്‍ നിന്നാണ്. മത്സ്യത്തിനൊപ്പം തന്നെ പ്രോട്ടീന്‍ ലഭിക്കാന്‍ പയര്‍വര്‍ഗ്ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒലിവ് ഓയില്‍ | PHOTO: PIXABAY
ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരിമിതമായ അളവില്‍ കഴിക്കാനാണ് മെഡ് ഡയറ്റില്‍ നിര്‍ദ്ദേശിക്കുന്നത്. ചുവന്ന മാംസം കൊഴുപ്പ് കുറഞ്ഞ അളവില്‍ കഴിക്കാം. മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് മദ്യം. ചില പ്രത്യേകതരം ആല്‍ക്കഹോള്‍ നിശ്ചിത അളവില്‍ മാത്രം ഭക്ഷണത്തോടൊപ്പം കഴിക്കാമെന്നതാണ് പ്രത്യേകത. പ്രതിദിനം 1 മുതല്‍ 2 ഗ്ലാസ് റെഡ് വൈന്‍ ആണ്  നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ കുറഞ്ഞ അളവില്‍ ആല്‍ക്കഹോള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുമെങ്കിലും പിന്നീട് കൂടുതലായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങളുണ്ട്. അതുപോലെതന്നെ ഒന്നിലധികം അഡിറ്റീവുകളുള്ള വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന അള്‍ട്രാ പ്രോസസ്ഡ് ഫുഡിന് മെഡിറ്ററേനിയന്‍ ഡയറ്റില്‍ സ്ഥാനമില്ല. കൃത്രിമമായി മധുരം ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണരീതിയാണ് മെഡിറ്ററേനിയന്‍ ഡയറ്റ് മുന്നോട്ടുവയ്ക്കുന്നത്.

ആരോഗ്യം കൈവരിക്കാന്‍ കൃത്യമായ ഭക്ഷണക്രമത്തോടൊപ്പം തന്നെ നല്ല ജീവിതശൈലിയും അനിവാര്യമാണെന്നതില്‍ സംശയമില്ല. മെഡിറ്ററേനിയന്‍ ഡയറ്റിന്റെയും അടിസ്ഥാനം ജീവിതശൈലി തന്നെയാണ്. ശരീരത്തിന് ആവശ്യമായ വ്യായാമത്തെക്കുറിച്ചും വിശ്രമത്തെക്കുറിച്ചും ഡയറ്റില്‍ പറയുന്നുണ്ട്. ആഴ്ചയില്‍ നിശ്ചിതസമയം നടക്കുന്നതും സുഹൃത്തുകളും കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഡയറ്റ് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യപരമായ ഭക്ഷണക്രമത്തിന്റെ  മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന ഈ ഡയറ്റിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.


#food
Leave a comment