TMJ
searchnav-menu
post-thumbnail

Great Indian Elections

ഇലക്ടറൽ ബോണ്ടുകളും ജനാധിപത്യവും

23 Dec 2023   |   3 min Read
കെ പി സേതുനാഥ്

ന്ത്യയുടെ നിയമനിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും വിവാദമായ വിഷയങ്ങളിലൊന്നാണ് രാഷ്ട്രീയ കക്ഷികളുടെ പണസമാഹരണത്തിനായി ഇലക്ടറൽ ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നതിനായി അനുമതി നല്‍കുന്ന നിയമനിര്‍മ്മാണം. 2017 ല്‍ പ്രാബല്യത്തില്‍ വന്ന ഈ പദ്ധതിയുടെ നിയമസാധുത ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് ചെലവുകളുടെ പേരില്‍ രാഷ്ട്രീയ കക്ഷികള്‍ സമാഹരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന പണത്തിന്റെ കാര്യത്തിലെ സുതാര്യതയില്ലായ്മ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും നിഷേധാത്മകമായ കാര്യങ്ങളിലൊന്നായി തിരിച്ചറിയപ്പെടുന്നു. രാഷ്ട്രീയ കക്ഷികളുടെ പണസമാഹരണവും ഇന്ത്യയിലെ പൊതുജീവിതത്തിലാകമാനം ദൃശ്യമാവുന്ന സാമ്പത്തിക അഴിമതികളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല. തെരഞ്ഞെടുപ്പും രാഷ്ട്രീയകക്ഷികളുടെ പണസമാഹരണവും സുതാര്യമാക്കുന്നതിനും അവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ദുരീകരിക്കുന്നതിനും ഉതകുന്ന നിരവധി ശുപാര്‍ശകളും, നിര്‍ദ്ദേശങ്ങളും പൊതുമണ്ഡലത്തില്‍ കാലകാലങ്ങളായി ഉയര്‍ന്നുവന്നിരുന്നു. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം അതിനാല്‍ത്തന്നെ പതിവിലധികം പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അങ്ങനെയുള്ള പ്രതീക്ഷകളെ മുഴുവന്‍ അസ്ഥാനത്താക്കുന്ന സംഭവങ്ങളാണ് നിയമനിര്‍മ്മാണത്തിന്റെ പേരില്‍ ഉണ്ടായത്.

ധനബില്ലായി അവതരിപ്പിച്ചതുവഴി രാജ്യസഭയില്‍ ചര്‍ച്ചയ്ക്കുള്ള അവസരം നിഷേധിച്ചതായിരുന്നു ആദ്യത്തെ കല്ലുകടി. ഉദ്ദേശിച്ചതിന്റെ നേര്‍വിപരീതമാണ് നടപ്പിലാക്കുന്നതെന്നു ബില്ലിലെ വ്യവസ്ഥകള്‍ വിശദമായി പുറത്തുവന്നതോടെ വ്യക്തമായി. രാഷ്ട്രീയ കക്ഷികള്‍, തെരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി കൂടിയാലോചനകളൊന്നുമില്ലാതെയാണ് അതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കപ്പെട്ടത്. രാഷ്ട്രീയ കക്ഷികളുടെ പണസമാഹരണത്തിന്റെ ഉറവിടം പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ നിലയില്‍ സുതാര്യമാക്കുകയെന്ന ആവശ്യം നിറവേറ്റുന്നതിനുപകരം പണം നല്‍കുന്ന വ്യക്തികളും, സ്ഥാപനങ്ങളും ഒരു തരത്തിലും തിരിച്ചറിയപ്പെടാതിരിക്കാനുള്ള നിയമസാധുതയായി മാറി ഇലക്ടറൽ ബോണ്ട് സ്‌കീം. ആദായനികുതി നിയമം, കമ്പനി നിയമം, റിസര്‍വ് ബാങ്ക് നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയില്‍ അനുചിതങ്ങളായ ഭേദഗതികള്‍ വരുത്തിയാണ് ഇലക്ടറൽ ബോണ്ട് സ്‌കീമിന് രൂപം നല്‍കിയിട്ടുള്ളത്. പ്രസ്തുത പദ്ധതി പ്രകാരം ഇലക്ടറൽ ബോണ്ട് വാങ്ങുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അത് മറ്റുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറാനാവും. അങ്ങനെ യഥേഷ്ടം കൈമാറുന്ന ബോണ്ടുകള്‍ കൈവശമുള്ളവര്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്ക് അവ നല്‍കും. പ്രസ്തുത കൈമാറ്റങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിശദവിവരങ്ങള്‍ ഒന്നുംതന്നെ വെളിപ്പെടുത്തേണ്ടതില്ല. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും പുറമെ വിദേശ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ സബ്സിഡിയറികള്‍ക്കും ഇലക്ടറൽ ബോണ്ടുകള്‍ യഥേഷ്ടം വാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയമം അനുമതി നല്‍കുന്നു.

സുപ്രീംകോടതി | PHOTO : PTI
ഇലക്ടറൽ ബോണ്ട് വാങ്ങുന്ന വ്യക്തി അല്ലെങ്കില്‍ സ്ഥാപനം അവരുടെ രേഖാമൂലമായ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ആദ്യത്തെ ഇടപാട് നടത്തുന്നതെന്നും അതിന്റെ രേഖകള്‍ ലഭ്യമായതിനാല്‍ കള്ളത്തരങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും സാധ്യതകള്‍ ഇല്ലെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നവാദം. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. പണം സ്വീകരിക്കുന്നവരും, നല്‍കുന്നവരും ആരാണെന്നു തിരിച്ചറിയാനുള്ള അവസരമില്ലയെന്നതാണ് രാഷ്ട്രീയ സംഭാവനകളുടെ കാര്യത്തിലുള്ള പ്രധാന വിഷയം. ഇലക്ടറൽ ബോണ്ടുകളുടെ വരവോടെ സുതാര്യത ഉണ്ടായില്ലെന്നു മാത്രമല്ല സംഭാവനകള്‍ കൂടുതല്‍ ഗോപ്യമാവുന്ന സ്ഥിതിവിശേഷം സംജാതമായി. ഈയൊരു സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയില്‍ എത്തിയത്. പദ്ധതി പ്രാബല്യത്തില്‍ വന്ന 2017-ല്‍ തന്നെ അതിന് എതിരായ കേസുകളും സുപ്രീം കോടതിയിലെത്തി. സിപിഎം, അസോസ്സിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് തുടങ്ങിയ സംഘടനകളും, ചില വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം 2019-ലെ ഒരു ഇടക്കാല ഉത്തരവില്‍ നിരാകരിച്ച സുപ്രീം കോടതി പിന്നീട് കേസില്‍ വാദം കേള്‍ക്കുന്നത് 2023 നവംബറിലാണ്. അതായത് പദ്ധതി നടപ്പില്‍ വന്നു ആറു വര്‍ഷങ്ങള്‍ക്കുശേഷം. മൂന്നുദിവസം തുടര്‍ച്ചയായി നടന്ന വാദങ്ങള്‍ക്കുശേഷം കേസില്‍ വിധിപറയുന്നതിനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലായിരുന്നു കേസ്.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് നിരക്കാത്ത ഇലക്ടറൽ ബോണ്ടു പദ്ധതിയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതികളെന്നും നിലനില്‍ക്കുന്നതല്ലെന്നും അതുകൊണ്ട് പദ്ധതി സമൂലം റദ്ദു ചെയ്യണമെന്നുമായിരുന്നു കേസുമായി കോടതിയിലെത്തിയവരുടെ പ്രധാന വാദം. സുതാര്യത, സംഭാവന നല്‍കുന്നവരുടെ വിവരം തുടങ്ങിയ കാര്യങ്ങളില്‍ ഭാഗികമായെങ്കിലും ചില പരിഷ്‌കാരങ്ങള്‍ കോടതിക്ക് വരുത്താമെന്ന നിര്‍ദ്ദേശം ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു നടപടി ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരുന്നതല്ലെന്ന് പരാതിക്കാരില്‍ ഒരാളും അഭിഭാഷകനുമായ ജഗ്ദീപ് എസ് ചോക്കര്‍ അഭിപ്രായപ്പെടുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ കോടതികള്‍ക്ക് കഴിയുമെങ്കിലും അവയെ നിയമമായി പാസാക്കുന്നതിനുള്ള അധികാരം നിയമനിര്‍മ്മാണ സഭയുടെ ഉത്തരവാദിത്തം മാത്രമാണെന്ന ഭരണഘടന തത്ത്വമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തില്‍ കോടതിക്ക് ചെയ്യാവുന്ന കാര്യം പ്രസ്തുത സംവിധാനത്തെ പൂര്‍ണ്ണമായും അസാധുവാക്കുക മാത്രമാണെന്നും അദ്ദേഹം വാദിക്കുന്നു. ഭാഗികമായ പരിഹാരങ്ങള്‍ കരണീയമല്ലെന്നു ചുരുക്കം.

REPRESENTATIONAL IMAGE: PTI
തെരഞ്ഞെടുപ്പു കമ്മീഷന്‍, റിസര്‍വ് ബാങ്ക്, ആദായനികുതി വകുപ്പ് എന്നിവ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പിലാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ഈ എതിര്‍പ്പുകളുടെ നാള്‍വഴികള്‍ കൃത്യതയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രാലയത്തിലെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖയ്ക്ക് അക്കമിട്ട എതിര്‍പ്പുകള്‍ ആര്‍ബിഐ-യും തെരഞ്ഞെടുപ്പു കമ്മീഷനും, നികുതി വകുപ്പും രേഖാമൂലം നല്‍കിയിരുന്നു. എന്നാല്‍ അവയെ ഏതാണ്ട് പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് ധനമന്ത്രാലയം സ്വീകരിച്ചത്. ബോണ്ടിന്റെ ഭരണഘടനാപരമായ സാധുതയെക്കുറിച്ചുള്ള വാദങ്ങളുടെ ഭാഗമായി കോടതി മുമ്പാകെ ഈ വസ്തുതകളെല്ലാം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക സുതാര്യതയെക്കുറിച്ചുള്ള സംവാദങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാവും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് വിധി വരുമെന്ന പ്രതീക്ഷ എല്ലാവരും പുലര്‍ത്തുന്നു. വിധി പറയാനായി മാറ്റിവെച്ചിട്ട് ഇപ്പോള്‍ ഒരു മാസം കഴിയുന്നു. അയോദ്ധ്യ മുതല്‍ ആര്‍ട്ടിക്കള്‍ 370 വരെയുള്ള കേസുകളില്‍ സുപ്രീം കോടതി വിധികളുടെ പാത ഇക്കാര്യത്തിലും പരമോന്നത നീതിപീഠം ആവര്‍ത്തിക്കുമോയെന്ന ആശങ്കകളും ഇല്ലാതില്ല.

2018 മാര്‍ച്ചു മുതല്‍ 2023 നവംബര്‍ വരെയുള്ള കാലയളവില്‍ 15,2946 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകള്‍ വിറ്റഴിക്കപ്പെട്ടതായി വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു. ഇലക്ടറൽ ബോണ്ടുകള്‍ വഴി ഏറ്റവുമധികം തുക ലഭിച്ച പാര്‍ട്ടി സ്വാഭാവികമായും ബിജെപിയാണ്. അസോസ്സിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ കണക്കുകള്‍ പ്രകാരം 2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ 9,188.35 കോടി രൂപയാണ് ബോണ്ടുകള്‍ വഴി ഏഴു ദേശീയ പാര്‍ട്ടികള്‍ക്കും 24 പ്രാദേശിക കക്ഷികള്‍ക്കും ലഭിച്ചത്. മൊത്തം തുകയുടെ 57 ശതമാനം അഥവാ 5,271.95 കോടി രൂപ ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സമ്പാദ്യം 952 കോടിയായിരുന്നു. മൊത്തം സംഭാവനകളുടെ 10 ശതമാനം. രാഷ്ട്രീയ കക്ഷികള്‍ നിയമപരമായി ചിലവഴിക്കുന്ന തുകയുടെ കണക്കുകളും യഥാര്‍ത്ഥത്തില്‍ ചിലവഴിക്കുന്ന തും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. തെലുങ്കാന പോലെയുള്ള സംസ്ഥാനങ്ങളില്‍ ഒരു നിയമസഭ മണ്ഡലത്തില്‍ മാത്രം 50 കോടിയോളം രൂപ ചെലവഴിക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നതായി പരിണിതപ്രജ്ഞരായ രാഷ്ട്രീയനേതാക്കള്‍ത്തന്നെ വിലപിക്കുന്ന സാഹചര്യത്തിലാണ് സുതാര്യതയുടെ പേരില്‍ നടപ്പിലാക്കിയ ഇലക്ടറൽ ബോണ്ടു പദ്ധതി നേര്‍വിപരീതമായ ഒന്നായി മാറിയത്. അര്‍ഹിക്കുന്ന ഗൗരവത്തോടെ സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുമെന്ന പ്രത്യാശയിലാണ് കോടതിയെ സമീപിച്ചവര്‍.


#Great Indian Elections
Leave a comment