അസത്യങ്ങളുടെ കറുത്ത കഥകള്‍ മെനയുന്നവര്‍
ഏകാധിപത്യത്തിനും മതവല്‍ക്കരണത്തിനും ഭിന്നിപ്പിക്കലിനും എതിരെയുള്ള സന്ധിയില്ലാസമരമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും നിലപാടും പ്രവര്‍ത്തനവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെടുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ INDIA മുന്നണിക്ക് സാധിക്കും. വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന മോദിക്കും സംഘപരിവാറിനും എതിരെ മതേതരകക്ഷികളെ അണിനിരത്തുകയെന്ന ചരിത്രപരമായ ഉത്തരവാദിത്തം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിറവേറ്റുമെന്നും വിഡി സതീശന്‍ എംഎൽഎ മലബാര്‍ ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ചും ഇടതുപക്ഷ നിലപാടുകളെക്കുറിച്ചും 2024 നുശേഷമുള്ള രാഷ്ട്രീയം എന്ന വിഷയത്തില്‍ വിഡി സതീശന്‍ സംസാരിക്കുന്നു.
വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നു തന്നെ ആദ്യം തുടങ്ങാം. ഇവിഎം കളില്‍ കൃത്രിമത്വം നടക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ വ്യപകമാണല്ലോ. എന്താണ് താങ്കളുടെ അനുഭവവും വിലയിരുത്തലും. ഇവിഎം കള്‍ ഇപ്പോള്‍ നെറ്റ്‌വര്‍ക്കിഡ് അല്ല. എന്നാല്‍ അവ നെറ്റ്‌വര്‍ക്കിഡ് ആവുന്നതോടെ മാനിപുലേഷന്‍ സാധ്യത വല്ലാതെ കൂടുമെന്ന് സാങ്കേതിക വിഷയങ്ങളില്‍ എഴുതുന്ന അനിവര്‍ അരവിന്ദ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രമുഖ എഴുത്തുകാരനായ സച്ചിദാനന്ദന്റെ അഭിപ്രായത്തില്‍ ഇവിഎം ഇപ്പോള്‍ തന്നെ മാനിപ്പുലേറ്റഡ് ആണ് എന്നാണ്. എന്താണ് താങ്കള്‍ക്ക് ഈ വിഷയത്തില്‍ പറയാനുള്ളത്?
ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിലുള്ളത്. കാലങ്ങള്‍കൊണ്ട് ആര്‍ജിച്ചെടുത്തതാണ് ഈ വിശ്വാസ്യത. എന്നാല്‍ ഭരണഘടനയെയും ജനാധിപത്യമൂല്യങ്ങളെയും തിരസ്‌ക്കരിച്ച് എതുവിധേനയും അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. വര്‍ഗീയത പരമാവധി ആളിക്കത്തിക്കുന്നതും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്നതും ഉള്‍പ്പെടെ എന്തും ചെയ്യാനുള്ള സംവിധാനം, ഭരണത്തണലില്‍ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളും നേരത്തെ ചര്‍ച്ചയായിട്ടുമുണ്ട്.
ഇ.വി.എമ്മിന്റെ വിശ്വാസ്യത സംബന്ധിച്ച നിരവധി ഹര്‍ജികളും കോടതികള്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. നിലവിലും ഇ.വി.എമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ INDIA മുന്നണി നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയരുമ്പോള്‍ അതിന് കൃത്യമായ മറുപടി നല്‍കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവരെയും ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കുമുണ്ട്.
ഇലക്ട്രോണിക് യന്ത്രങ്ങള്‍ മാനിപ്പുലേറ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി എം.പി വിദേശ വിദഗ്ധരുടെ സഹായത്തോടെ ഇ.വി.എം ഹാക്ക് ചെയ്യുന്നതിനെ കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഹാക്ക് ചെയ്യാനുള്ള നിരവധി മാര്‍ഗങ്ങള്‍ ആ പുസ്തകത്തിലുണ്ട്. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ പുസ്തകമെന്നാണ് മനസ്സിലാക്കുന്നത്.
PHOTO: PTI
പണത്തിന്റെ സ്വാധീനം ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. സമ്പന്നരായ വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും മാത്രം താങ്ങാന്‍പറ്റുന്ന ഒന്നായി തിരഞ്ഞെടുപ്പുകള്‍ മാറിയെന്ന സ്ഥിതി വ്യാപകമാണ്. എന്താണ് വിലയിരുത്തല്‍?
കോടീശ്വരന്‍മാരില്‍ നിന്നും ശതകോടീശ്വരന്‍മാരില്‍ നിന്നും ബി.ജെ.പിയിലേക്ക് എത്തുന്ന ഫണ്ട് എത്രയാണ്? ഓരോ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഇറക്കുന്ന പണം എത്രയാണ്? ഇതിന് ഏതിനെങ്കിലും കണക്കുണ്ടോ? കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏതെങ്കിലുമൊരു ബി.ജെ.പി നേതാവ് ഇ.ഡി അന്വേഷണം നേരിടുന്നതായോ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായതോ നിങ്ങള്‍ക്ക് അറിയാമോ? ഇതാണ് ജനാധിപത്യത്തിന്റെ മറവില്‍ നടപ്പാക്കുന്ന ഇരട്ടനീതി. കണക്കില്ലാത്ത പണം ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഒഴുക്കുന്നുണ്ടെന്നത് എനിക്കും നിങ്ങള്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. ഒരു ഓഡിറ്റിങും എവിടെയും നടക്കുന്നില്ല. മറുഭാഗത്ത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ നേരിടുന്ന പ്രധാന പ്രശ്നവും ഇതാണ്. കണക്കില്‍പ്പെടുന്ന പണം ചെലവഴിക്കുമ്പോള്‍ പോലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന അവസ്ഥ. സത്യത്തില്‍ ഭരണത്തില്‍ എത്താനും കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ചെടുക്കാനും ബി.ജെ.പി ഉപയോഗിക്കുന്ന പണം ആരുടേതാണ്? അദാനിയും മോദിയും തമ്മില്‍ എന്തുബന്ധം എന്ന ചോദ്യം ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ സംഘപരിവാര്‍ ശക്തികള്‍ വേട്ടയാടിയതെന്ന് മറക്കരുത്. പക്ഷേ, പണത്തിന്റെ കുത്തൊഴുക്കിലും ജനാധിപത്യം അതിജീവനത്തിന്റെ സൗന്ദര്യം കാണിക്കുമെന്ന് ഉറപ്പാണ്. അതാണ് കര്‍ണാടകയില്‍ കണ്ടത്, തെലങ്കാനയില്‍ കണ്ടത്.
അഞ്ച് സംസ്ഥാനങ്ങളിലായി ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ പരാജയം നേരിട്ടു. പക്ഷേ, ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന്റെ വോട്ടുശതമാനത്തില്‍ കുറവുവന്നിട്ടില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവര്‍ ഇത്തവണയും കോണ്‍ഗ്രസിനെ പിന്തുണച്ചു എന്നതാണല്ലോ ഇത് വ്യക്തമാക്കുന്നത്. പക്ഷേ, വിജയിച്ചത് ബിജെപിയുമാണ്. ഇതിനെ എങ്ങനെ കാണുന്നു?
ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ തിരഞ്ഞെടുപ്പ് വിജയംകൊണ്ടുമാത്രം ആത്യന്തികമായ ജയപരാജയങ്ങള്‍ അളക്കാനാകില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠങ്ങള്‍ നിശിതവും വലുതുമാണ്. നിങ്ങള്‍ സൂചിപ്പിച്ചതുപോലെ ഈ സംസ്ഥാനങ്ങളിലൊന്നും കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ കുറവില്ല. എന്നിട്ടും എങ്ങനെ പരാജയപ്പെട്ടു എന്നുള്ളത് പഠിക്കേണ്ടതാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും മതേതര കക്ഷികളുടെ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടിട്ടുണ്ട്. വര്‍ഗീയതയും പണവും ഭീഷണിയും ഘടകങ്ങളായിട്ടുണ്ട്. അതിതീവ്ര ദേശീയതയില്‍ ഒരു ചെറിയ വിഭാഗമെങ്കിലും വോട്ടര്‍മാര്‍ വീണുപോയിട്ടുണ്ടാകാം. ഇതൊന്നും ജനാധിപത്യത്തിന്റെ പരാജയമോ വോട്ടര്‍മാരുടെ പരാജയമോ അല്ല. തെലങ്കാനയും കര്‍ണാടകവും ഒറ്റപ്പെട്ട തുരുത്തുകളല്ല.
രാഹുല്‍ ഗാന്ധി | PHOTO: PTI
2024 ലും ബിജെപി തന്നെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന സൂചനയാണല്ലോ നല്‍കുന്നത്. ബിജെപിയുടെ തുടര്‍ഭരണം ഇന്ത്യയുടെ കാതലായ സവിശേഷതകളെയെല്ലാം തകിടംമറിക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനെതിരെ പ്രതിപക്ഷ മുന്നണിയായ INDIA യ്ക്ക് പ്രതിരോധം സൃഷ്ടിക്കാനാവുമോ? INDIA മുന്നണിക്ക് വേണ്ടത്ര കരുത്തുകാട്ടാന്‍ കഴിയുമോ? കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള സാധ്യത കാണുന്നുണ്ടോ?
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ INDIA മുന്നണിക്ക് സാധിക്കും. വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന മോദിക്കും സംഘപരിവാറിനും എതിരെ മതേതര കക്ഷികളെ അണിനിരത്തുകയെന്ന ചരിത്രപരമായ ഉത്തരവാദിത്തം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിറവേറ്റും. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര കോണ്‍ഗ്രസിനും INDIA മുന്നണിക്കും കരുത്തുപകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പാളിച്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനുള്ള ശേഷിയും കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനുണ്ട്. പ്രചരണ സമിതി, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമിതി, വാര്‍ റൂം തുടങ്ങിയവ സജ്ജമായിക്കഴിഞ്ഞു. INDIA മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകളും തുടങ്ങി.
പ്രതിപക്ഷം ഏറ്റവും ദുര്‍ബലമായ ഒരു അവസ്ഥയിലാണ് ഇന്നുള്ളത് എന്നൊരു പൊതുവികാരമുണ്ടല്ലോ. കേരളത്തിലും കേന്ദ്രത്തിലും ഉള്ള സര്‍ക്കാരുകളുടെ ഏകാധിപത്യ സമീപനങ്ങളെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന, പ്രതിപക്ഷത്തിനാകുന്നില്ല എന്ന് പറയുന്നതിനോട് താങ്കളുടെ പ്രതികരണം എന്താണ്? അങ്ങനെയെങ്കില്‍ ഇതിനുള്ള കാരണങ്ങളും പ്രതിവിധികളും എന്തൊക്കെയാകണം?
കേരളത്തിലെ പ്രതിപക്ഷം ദുര്‍ബലമെന്നു വരുത്തിത്തീര്‍ക്കാന്‍, അല്ലെങ്കില്‍ അത്തരമൊരു നരേറ്റീവ് കൊണ്ടുവരാന്‍ സി.പി.എം കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. നിക്ഷ്പക്ഷ വേഷമണിഞ്ഞ് സി.പി.എമ്മിനും അതിന്റെ നേതാക്കള്‍ക്കും വേണ്ടി ബൗദ്ധിക പോരാട്ടം നയിക്കുന്ന ഏതാനും ചില മാധ്യമപ്രവര്‍ത്തകരും സ്വതവെ സ്വതന്ത്രമെന്ന് തോന്നിപ്പിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകളും ബുദ്ധിജീവികളെന്ന് നടിക്കുന്നവരുമാണ് ഇത്തരമൊരു പ്രൊപ്പഗന്‍ഡ പരുവപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍. ഇതില്‍ പലരും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍, ആരും കാണുന്നില്ലെന്ന തരത്തില്‍ നേരിട്ട് പറ്റുന്നവരുമാണ്. അത് സി.പി.എമ്മിനുവേണ്ടി ചെയ്യുന്ന ഇത്തരം പണികള്‍ക്കുള്ള കൂലിയാണ്. ഓരോ വിഷയങ്ങളിലും ഇത്തരക്കാര്‍ ക്യാപ്‌സ്യൂളുകള്‍ ഇറക്കും. എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ചും പാര്‍ട്ടിയുടേതെന്ന് തോന്നാത്ത തരത്തിലുള്ള നവമാധ്യമ ചാനലുകളും വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി പത്രത്തിലെ തന്നെ ചിലരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നുണ ആവര്‍ത്തിച്ചു പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവരെ നയിക്കുന്നത്. ഇതുതന്നെയാണ് ദേശാഭിമാനിയിലും നടക്കുന്നത്. കെ.എസ്.യു നേതാവിനെതിരായ വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണം നുണക്കഥ മാത്രമായിരുന്നെന്ന് കഴിഞ്ഞദിവസം കേരളം കേട്ടതുമാണ്.
പ്രതിപക്ഷം ദുര്‍ബലമാണെന്ന നുണക്കഥയ്‌ക്കൊപ്പം തന്നെ കേരളത്തില്‍ നടന്ന സമര പരമ്പരകളും സര്‍ക്കാരും പൊലീസും സ്വീകരിച്ച നിലപാടുകളുമൊക്കെ ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് ഓര്‍ക്കണം. സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്ക് എതിരെ പ്രതിഷേധിച്ചതിന് ഇത്രയധികം പ്രവര്‍ത്തകര്‍ അറസ്റ്റിലായ ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ? പ്രതിപക്ഷത്തിന് ഇത്രയധികം സമരങ്ങള്‍ ചെയ്യേണ്ടി വന്ന കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? സമരങ്ങളൊന്നും ഇല്ലാത്തതല്ല. ഇല്ലെന്നു വരുത്താന്‍ ശ്രമിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മോദിയുടെ അതേ ശൈലിയിലാണ് പിണറായി വിജയനും സമരങ്ങളെ സമീപിക്കുന്നതും അടിച്ചമര്‍ത്തുന്നതും. പിണറായിയുടേത് ഇടതു സര്‍ക്കാരല്ല, തീവ്രവലതുപക്ഷ നിലപാടുള്ള ഭരണകൂടമാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ദുരന്തമായ ഒരു ഭരണത്തേയും അതിനെ തുറന്ന് എതിര്‍ക്കുന്ന പ്രതിപക്ഷത്തേയും ജനം വിലയിരുത്തട്ടെ.
INDIA MEET, BANGALORE | PHOTO: INC.IN
കേന്ദ്രത്തില്‍ ബിജെപി അധികാര സംവിധാനങ്ങളെ ഉപയോഗിക്കുന്നതുപോലെ കേരളത്തില്‍ സിപിഎമ്മും സ്വതാത്പര്യങ്ങള്‍ക്കായി ഭരണ സംവിധാനങ്ങളെ ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ ശക്തമാണല്ലോ. ഈയൊരു പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന വലതുപക്ഷത്തിന് ഐക്യത്തോടെ ക്രിയാത്മകമായും ഫലപ്രദമായും എത്രമാത്രം പ്രതിരോധമുയര്‍ത്താനാകും?
ഈ ചോദ്യത്തിലെ വസ്തുതാപരമായ തെറ്റ് പറഞ്ഞുകൊണ്ട് മറുപടിയിലേക്ക് വരാം. കോണ്‍ഗ്രസ് നയിക്കുന്നത് മതേതരജനാധിപത്യ ചേരിയെയാണ്. അല്ലാതെ നിങ്ങള്‍ പറയുന്നതു പോലുള്ള വലതുപക്ഷത്തെയല്ല. ബി.ജെ.പി നയിക്കുന്ന അതിതീവ്ര വലതുപക്ഷ ചേരിയെ എതിര്‍ക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തിലെ ഇടതുപക്ഷം യഥാര്‍ത്ഥത്തിലുള്ള ഇടതു പക്ഷമാണോ? അവരും അതിതീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്ക് എന്നേ കടന്നുകഴിഞ്ഞു. ആ അര്‍ത്ഥത്തില്‍ ഇടത് പുരോഗമന ആശയങ്ങളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.
എതിര്‍പ്പുകളെ, വിമര്‍ശനത്തെ, പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? തെറ്റുകള്‍ മാത്രം ആവര്‍ത്തിക്കുന്നവര്‍, സ്വന്തം നിഴലിനെപോലും ഭയക്കുന്നവര്‍, മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍, ഭിന്നാഭിപ്രായങ്ങളെ വലിയ കുറ്റമായി കാണുന്നവര്‍, വ്യത്യസ്ത ശബ്ദത്തെ വെറുക്കുന്നവര്‍. നിര്‍ഭാഗ്യവശാല്‍ ഇവരുടെ അംഗബലം കൂടിക്കൂടി വരികയാണ്. എന്തും ചെയ്യാം. എന്തും പറയാം. ആരും ചോദ്യം ചെയ്യരുത്. ആരും വിമര്‍ശിക്കരുത്. എതിര്‍പ്പേ പാടില്ല. ഞാന്‍ പറയുന്നതും ചെയ്യുന്നതും മാത്രം ശരി. ഇവരും ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്തെ ക്രൂരന്മാരുമായി എന്ത് വ്യത്യാസമാണുള്ളത്? അധികാരഭ്രമത്തില്‍ സ്വബോധംപോലും നഷ്ടപ്പെട്ടവര്‍, ജാതിമത ചിന്തകള്‍ വലകെട്ടിയ മസ്തിഷ്‌കങ്ങള്‍, കായികബലം ഉപയോഗിച്ച് ആരുടെ തലയും അടിച്ചുപൊട്ടിച്ച്, അതിന് സ്വയം ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്ന അല്‍പന്മാര്‍ കോണ്‍ഗ്രസിന്റെ നേട്ടങ്ങളെയൊക്കെ തമസ്‌ക്കരിച്ച്, അസത്യങ്ങളുടെ കറുത്ത കഥകള്‍ മെനഞ്ഞ് കോണ്‍ഗ്രസ് മുക്ത രാജ്യത്തിനായി കൈകോര്‍ത്തിരിക്കുന്ന ഇരട്ടസഹോദരങ്ങളാണ് സംഘപരിവാറും കേരളത്തിലെ ഇടതുപക്ഷവും.
രാജ്യത്തെ അപകടകരമായ മതരാഷ്ട്ര സങ്കല്‍പത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന സംഘപരിവാര്‍ ശക്തികളുടെ ഏകശിലാ ബോധ്യങ്ങളാകട്ടെ, ഏകാധിപത്യ അഹന്തയുടെ കറതീര്‍ന്ന കേരളത്തിലെ പ്രതിരൂപമാകട്ടെ ഇവയെയെല്ലാം കോണ്‍ഗ്രസ് എതിര്‍ക്കും. എതിര്‍ക്കാന്‍ കോണ്‍ഗ്രസെയുള്ളൂ എന്നതാണ് സത്യം. ആ ബോധ്യമാണ് കടുത്ത പരീക്ഷണങ്ങള്‍ക്കു നടുവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നയിക്കുന്ന ശക്തി.
വി ഡി സതീശൻ | PHOTO: THE MALABAR JOURNAL
ഏകാധിപത്യത്തിനും മതവല്‍ക്കരണത്തിനും ഭിന്നിപ്പിക്കലിനും എതിരെയുള്ള സന്ധിയില്ലാസമരമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും നിലപാടും പ്രവര്‍ത്തനവും. ഭാരത് ജോഡോ യാത്രയോളം വ്യക്തമായി ഈ രാഷ്ട്രീയ നിലപാട് മുന്നോട്ടുവച്ച മറ്റൊരു മുന്നേറ്റം സമീപകാല ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. വര്‍ഗീയതയ്ക്കും വെറുപ്പിനുമെതിരെയുള്ള ഈ യാത്രയെ കേരളത്തിലെ ഇടതുപക്ഷം എങ്ങനെയാണ് കണ്ടത്? പ്രതീക്ഷിച്ചപോലെ തന്നെ, ചുവപ്പിന് കൂട്ട് കാവി, കാവിക്ക് കൂട്ട് ചുവപ്പ്. ശരിയെ തമസ്‌കരിക്കുക, തെറ്റിനെ കൂട്ടുപിടിക്കുക, ലോകത്തെമ്പാടും ഇടതിന് പരിചയമുള്ളതാണല്ലോ ഇത്. ന്യായീകരണ തൊഴിലാളികള്‍, സൈബര്‍ കടന്നലുകള്‍, കൊലയാളി സ്‌ക്വാഡുകള്‍, അടി ഇടി സംഘങ്ങള്‍, ബ്രാഞ്ച് ഏരിയാ ഏമാനന്മാര്‍. ചരിത്രപരമായ തെറ്റുകള്‍ ആവര്‍ത്തിക്കുക ചിലരുടെ ഒരുവിനോദമാണ്, പറയാതെവയ്യ. കോണ്‍ഗ്രസില്ലാതെ ബി.ജെ.പി വിരുദ്ധപോരാട്ടം സാധ്യമാകുമെന്ന് പറയുന്നവര്‍ എതിര്‍പ്പുകളെ വെറുക്കുന്നവരും 'ഭയം' ഭരിക്കുന്നവരുമാണ്.
കോണ്‍ഗ്രസിന് മുന്നിലെ മുന്‍ഗണനകളെന്താണ്? വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനും ഫാഷിസത്തിനും എതിരായ അക്ഷീണ പോരാട്ടം തന്നെയാണ് ആദ്യം. ജനങ്ങളുടെ പ്രത്യേകിച്ച് സാമ്പത്തികവും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ഒപ്പം നില്‍ക്കുക. അവരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി എന്തെല്ലാം ചെയ്യാമോ അതെല്ലാം നിരന്തരം ചെയ്തുകൊണ്ടിരിക്കുക. പ്രാദേശികതലം മുതല്‍ ദേശീയതലം വരെ കൈകോര്‍ത്ത് മുന്നേറുക. പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതിഷേധിക്കാനും അനുവദിക്കാതെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക, പോരാടുക.
നവകേരള സദസ് ഒരു ആര്‍ഭാട കെട്ടുകാഴ്ചയും ധൂര്‍ത്തുമായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും വസ്തുനിഷ്ഠമായും ഫലപ്രദമായും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അതിന്റെ രാഷ്ട്രീയ അജണ്ടയും വിരോധാഭാസങ്ങളും തുറന്നുകാട്ടുന്നതില്‍, ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ ഒഴിച്ചാല്‍, കോണ്‍ഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും സാധിക്കുന്നില്ലായെന്ന പൊതുവികാരത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ ചോദ്യം തന്നെ അസംബന്ധവും ഗൂഡ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണ്. നിങ്ങള്‍ ചുവന്ന നിറമുള്ള ഒരു കണ്ണട വച്ചിരിക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല, അഥവാ അങ്ങനെ ഉണ്ടെങ്കില്‍ ആ കണ്ണട ഊരി മാറ്റിയതിനുശേഷം നോക്കിയാല്‍ ചോദ്യത്തിലെ കാപട്യവും സമൂഹത്തിലെ യാഥാര്‍ത്ഥ്യവും കാണാം.
കല്യാശേരി മുതല്‍ പാറശാല വരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും പ്രതിഷേധിച്ചു. പ്രതിഷേധങ്ങളെ പൊലീസിലെ ക്രിമിനലുകളും മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്ന സി.പി.എം ഗുണ്ടകളും തല്ലിച്ചതച്ചു. അതുകൊണ്ട് സമരം കെട്ടുപോയില്ല. സമരാഗ്‌നി ജ്വലിച്ചതേയുള്ളൂ. യു.ഡി.എഫും കെ.പി.സി.സിയും നേരിട്ട് സമരരംഗത്തിറങ്ങി. നവകേരള സദസെന്ന ആര്‍ഭാട കെട്ടുകാഴ്ചയ്ക്കും അശ്ലീല നാടകത്തിനും ബദലായുള്ള യു.ഡി.എഫ് വിചാരണ സദസുകള്‍ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരത്ത് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഇരുന്ന വേദിയിലേക്കാണ് എല്ലാ മര്യാദകളും ലംഘിച്ച് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. യുവതയുടെ പോരാട്ടവീര്യം അഗ്‌നിജ്വാലയായി നില്‍ക്കെ പ്രതിപക്ഷത്തിന്റെ സമരപരമ്പരകള്‍ നടക്കെ, 'ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍' എന്ന നിങ്ങളുടെ പ്രയോഗം ആരെ സഹായിക്കാനാണ്. അതുകൊണ്ടാണ് നിങ്ങളുടെ കാഴ്ചയ്ക്ക് സാരമായ കുഴപ്പമുണ്ടെന്ന് എനിക്ക് പറയേണ്ടി വന്നത്.
പൂട്ടലിന്റെ വക്കിലെത്തിയ കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും കടക്കെണിയില്‍ സപ്ലൈകോ, രൂക്ഷമായ വിലക്കയറ്റം, സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം മുടങ്ങിയ അവസ്ഥ, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വില കിട്ടാതെ ആത്മഹത്യാ മുനമ്പിലെത്തി നില്‍ക്കുന്ന കര്‍ഷകര്‍, മരുന്നുകളില്ലാത്ത ആശുപത്രികള്‍, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങി, ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും കോടികളുടെ കുടിശ്ശിക, പട്ടികജാതിക്കാര്‍ക്ക് മൂന്നുകൊല്ലമായി ആനുകൂല്യങ്ങളില്ല, സ്തംഭിച്ചുപോയ ലൈഫ് മിഷന്‍, നിലച്ചുപോയ സാമൂഹികക്ഷേമ-വികസന പരിപാടികള്‍. ഈ പട്ടിക ഇനിയും നീളും. ഇതൊക്കെയാണ് നാട്ടിലെ സാഹചര്യമെന്നിരിക്കെയാണ് സ്തുതിപാഠക സംഘം ഇറങ്ങി മുഖ്യമന്ത്രി പുതിയ അവതാരമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ദയനീയ സ്ഥിതിയിലേക്ക് സി.പി.എമ്മും സര്‍ക്കാരും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതുതന്നെയാണ് മോദിക്ക് വേണ്ടി ബി.ജെ.പിയും ചെയ്യുന്നത്. അതേരീതിയിലാണ് പിണറായിയെയും അവതരിപ്പിക്കുന്നത്. ഇതൊക്കെ കണ്ട് കേരളത്തിലെ ജനം ചിരിക്കുമെന്ന് മനസ്സിലാക്കാനുള്ള ബോധം പോലും ഇല്ലാത്തവരായി സി.പി.എം നേതൃത്വം അധഃപതിച്ചു. ദയവായി മാധ്യമ പ്രവര്‍ത്തകരായ നിങ്ങളെങ്കിലും സി.പി.എം നേതൃത്വത്തോട് ഇക്കാര്യം പറയണം.