TMJ
searchnav-menu
post-thumbnail

Great Indian Elections

തെരഞ്ഞെടുപ്പുകളുടെ വര്‍ത്തമാനവും, രാഷ്ട്രീയവും

01 Nov 2023   |   5 min Read
കെ പി സേതുനാഥ്

തെരഞ്ഞെടുപ്പുകളുടെ വര്‍ഷമായി 2024-നെ കണക്കാക്കിയാല്‍ തെറ്റുണ്ടാവില്ല. ലോകത്തിലെ ഏതാണ്ട് 200 കോടി ജനങ്ങള്‍ അവരുടെ വോട്ടവകാശം 2024-ല്‍ വിനിയോഗിക്കുമെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പുകള്‍ നടക്കുക. അതില്‍ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പുകള്‍. ഇത്രയധികം ജനപങ്കാളിത്തവും, വൈവിധ്യവും നിറഞ്ഞ തെരഞ്ഞെടുപ്പുകള്‍ ഒരുപക്ഷേ, ലോകത്തില്‍ വേറെയുണ്ടാവില്ല. കുറ്റങ്ങളും, കുറവുകളും നിരവധിയുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും സുപ്രധാനമായ ആവിഷ്‌ക്കാരമാണ് തെരഞ്ഞെടുപ്പുകള്‍. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളാണ് ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങളുടെ പ്രധാന വേദി. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടക്കുന്നതാണ്. 1951 മുതലുള്ള ഇന്ത്യന്‍ തെരഞ്ഞെടുപ്പു ചരിത്രം രാഷ്ട്രീയ കക്ഷികളിലും നേതാക്കളിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒരു വിഷയമല്ല. സാമൂഹ്യശാസ്ത്രത്തിന്റെ വിവിധ വിജ്ഞാന ശാഖകളിലുള്ള പണ്ഡിതരും ഗവേഷകരും കൂലങ്കഷമായി പഠിക്കുന്ന വിഷയം കൂടിയായി മാറിയിരിക്കുന്നു തെരഞ്ഞെടുപ്പുകള്‍. ഭൂരിഭാഗം വരുന്ന ജനങ്ങളുടെ രാഷ്ട്രീയ ആവിഷ്‌ക്കാരങ്ങളെ തെരഞ്ഞെടുപ്പുകള്‍ എത്രത്തോളം പ്രതിനിധാനം ചെയ്യുന്നുവെന്ന അന്വേഷണങ്ങള്‍ മുതല്‍ സംഘടിതവും ആസൂത്രിതവുമായ നിലയില്‍ തെരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കുന്നതിനുള്ള വിദ്യകളും, പ്രവര്‍ത്തനങ്ങളും വരെ വിശദമായി വിലയിരുത്തുന്ന നിരവധി പഠനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. സാമൂഹ്യജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരായ വ്യക്തികളും ഇന്ത്യയിലെ തെരഞ്ഞടുപ്പുകളെ പറ്റി ആഴത്തിലുള്ള നിരീക്ഷണങ്ങളും, അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങളും കാണാനാവും.

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായിരുന്ന എസ്വൈ ഖുറേഷിയുടെ ഇന്ത്യാസ് എക്സ്‌പെരിമെന്റ്സ് വിത്ത് ഡെമോക്രസിയെന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയായ ഫാലി എസ് നരിമാന്‍ നടത്തിയ നിരീക്ഷണം ഗൗരവമായ പരിഗണനയര്‍ഹിക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ കൂടുതലായി പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന്റെ നിലയില്‍ എത്തിയിരിക്കുന്നുവെന്നായിരുന്നു നരിമാന്റെ നിരീക്ഷണം. പേരില്‍ പാര്‍ലമെന്ററി സമ്പ്രദായവും ഫലത്തില്‍ പ്രസിഡന്‍ഷ്യല്‍ ഭരണവുമായി ഇന്ത്യന്‍ ജനാധിപത്യം മാറുകയാണോയെന്ന ചോദ്യം സജീവമായി ഉയര്‍ന്നുവരുന്ന സാഹചര്യം 2014-നു ശേഷം ശക്തമായതായി കണക്കാക്കപ്പെടുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ 2014-ല്‍ ബിജെപി അധികാരത്തിലെത്തിയതോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാത്രമല്ല സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലും മോഡി മാത്രം ഭരണകക്ഷിയുടെ മുഖ്യ പ്രചാരകനാവുന്ന പ്രവണതയാണ് കാണാനാവുന്നത്. ഒരു നേതാവില്‍ മാത്രമായി രാഷ്ട്രീയാവിഷ്‌ക്കാരങ്ങള്‍ പരിമിതപ്പെടുന്നതിന്റെ തുടക്കം മോഡിയിലും ബിജെപി-യിലും മാത്രമായി കെട്ടിയിടാനാവില്ല. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലം മുതല്‍ അതിന്റെ സൂചനകള്‍ ലഭ്യമായിരുന്നു. അതോടൊപ്പം സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്ന നേതാക്കള്‍ പലരും അവരുടെ വ്യക്തിപ്രഭാവത്തിന്റെ തിളക്കത്തില്‍ ആരുടെയും പിന്നിലായിരുന്നില്ല. പശ്ചിമ ബംഗാളില്‍ ജ്യോതി ബാസുവിന്റെ വ്യക്തി പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കുവാന്‍ ഇന്ദിരാ ഗാന്ധി മുതല്‍ രാജീവ് ഗാന്ധി വരെയുള്ള നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുപോലെ മമത ബാനര്‍ജിയുടെ പ്രഭാവത്തിനു മുന്നില്‍ പ്രധാനമന്ത്രി മോഡി അടിയറവു പറയുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ പല സംസ്ഥാനങ്ങളിലും സമാനമായ അനുഭവങ്ങള്‍ ദൃശ്യമാണ്. കേന്ദ്രത്തിലായാലും, സംസ്ഥാനങ്ങളിലായാലും രാഷ്ട്രീയത്തിന്റെ ഭ്രമണപഥം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പ്രവണത കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന്റെ സൂചനകളാണ് കാണാനാവുക. പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായത്തെ പിന്തുണയ്ക്കുന്ന ബിജെപി-യും മോഡിയും അത്തരമൊരു മാറ്റത്തിന്റെ വേഗത കൂടുതലാക്കുന്നതല്ലാതെ കുറയ്ക്കുമെന്നു തോന്നുന്നില്ല.

ഫാലി എസ് നരിമാന്‍ | PHOTO: WIKI COMMONS
പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും പ്രബലമാവുന്ന സാഹചര്യത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം കേന്ദ്രസര്‍ക്കാര്‍ ശക്തമായി മുന്നോട്ടുവച്ചിട്ടുള്ളത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഈ വിഷയം പഠിക്കുന്നതിനായി ഒരു സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള സാധ്യത ആരായുകയാണ് സമിതിയുടെ മുന്നിലുള്ള പരിഗണനാ വിഷയം. അടിക്കടി നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ മൂലമുള്ള പണച്ചിലവും, ഭരണപരമായ ഇടര്‍ച്ചകളും ഒഴിവാക്കുവാന്‍ സഹായിക്കുമെന്നാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ കേമത്തരമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ത്യയെ പോലെ നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തിനുള്ളില്‍ പ്രായോഗികമായി നടപ്പിലാക്കുവാന്‍ ബുദ്ധിമുട്ടുള്ള ആശയമാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 1967 വരെ ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നതാണെന്നും പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതില്‍ അപാകതയില്ലെന്നും ഒറ്റ തെരഞ്ഞെടുപ്പിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും വരാനിരിക്കുന്ന ദിവസങ്ങളില്‍ സുപ്രധാന ചര്‍ച്ചയായി ഈ വിഷയം മാറുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമാണ് ഡീലിമിറ്റേഷന്‍ അഥവാ മണ്ഡല പുനര്‍നിര്‍ണ്ണയം. 1971-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ലോക്‌സഭ സീറ്റുകളുടെ എണ്ണം ഒരോ സംസ്ഥാനത്തും കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ പുതിയ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ നിര്‍ണ്ണയിക്കുന്നപക്ഷം കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭ സീറ്റുകളില്‍ കുറവുണ്ടാവുക മാത്രമല്ല ഉത്തരേന്ത്യയിലെ ഗംഗാതട സംസ്ഥാനങ്ങളിലെ ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാള്‍ കൂടുകയും ചെയ്യും. ദേശീയതലത്തില്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയമായ ശക്തിയും സ്വാധീനവും ഇടിയുന്നതിന് വഴിയൊരുക്കുന്നതാണ് മണ്ഡല പുനര്‍നിര്‍ണ്ണയമെന്ന ചര്‍ച്ചകള്‍ ഇതിനകം തന്നെ സജീവമായിട്ടുണ്ട്. 2021-ലെ സെന്‍സസ് ഇതുവരെ നടക്കാതെ നീണ്ടുപോകുന്നത് മാത്രമാണ് പുനര്‍നിര്‍ണ്ണയത്തിനുള്ള പ്രധാന വിലങ്ങുതടി. അല്ലാത്തപക്ഷം ഒരു നിശ്ചിതകാലത്തേക്കു കൂടി തല്‍സ്ഥിതി തുടരുന്നതിനുള്ള തീരുമാനം ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താമസിയാതെ ഈ വിഷയവും ഇടംപിടിക്കുമെന്നു കരുതപ്പെടുന്നു.

ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന വ്യക്തിയെ വിജയിയായി കണക്കാക്കുന്നതാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയം. 'ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംവിധാനം ഒട്ടുംതന്നെ പ്രാതിനിധ്യ സ്വഭാവം പുലര്‍ത്തുന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം. പലപ്പോഴും 30-35 ശതമാനം വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥി വിജയിക്കുന്ന ഒന്നായി ഇപ്പോഴത്തെ സംവിധാനം മാറിയിരിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പു പരിഷ്‌ക്കരണങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ ഒന്നാണ് ഇതു സംബന്ധിച്ച വിലയിരുത്തലുകള്‍. തെരഞ്ഞെടുപ്പു ഫണ്ടിംഗുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിഷയം. ഇന്ത്യയിലെ അഴിമതിയുടെ മുഖ്യകാരണം രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന ഫണ്ട് ശേഖരണമാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. ഓരോ കക്ഷികള്‍ക്കും ലഭിക്കുന്ന വോട്ടുകളുടെയും സീറ്റുകളുടെയും അനുപാതം കണക്കിലെടുത്തുകൊണ്ട് തെരഞ്ഞെടുപ്പു ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കണമെന്ന അഭിപ്രായം പലരും മുന്നോട്ടുവയ്ക്കുന്നു. തെരഞ്ഞെടുപ്പു ഫണ്ടിംഗ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വീക്ഷണം സിപിഎം പോലുള്ള രാഷ്ട്രീയകക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

REPRESENTATIONAL IMAGE: WIKI COMMONS
സാങ്കേതിക വിദ്യയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ എന്നിവയെല്ലാം വളരെയധികം വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള വിഷയങ്ങളാണ്. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റിയുള്ള ആശങ്കകള്‍ക്കും ആക്ഷേപങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്‍കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാവില്ല. യൂറോപ്പിലടക്കം പല പ്രമുഖ രാജ്യങ്ങളും ഇവിഎം ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തി സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും, ദുരാരോപണങ്ങളും തെരഞ്ഞെടുപ്പില്‍ ചെലുത്താനിടയുള്ള സ്വാധീനം തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കകള്‍ വ്യാപകമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ വക്താക്കളും അത്തരത്തിലുള്ള ആപത്തിനെ പറ്റി മുന്നറിയിപ്പ് തരുന്നു. 2024-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എഐ സാങ്കേിതക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ഫെയ്സ്ബുക്ക് മുതല്‍ വാട്ട്സ്ആപ്പ് വരെയുള്ള ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ തെരഞ്ഞെടുപ്പുകളില്‍ ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഒട്ടും ആശ്വാസകരമല്ല. കേബ്രിംഡ്ജ് അനലിറ്റിക്ക പോലുള്ള ഏജന്‍സികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ സാങ്കേതിക വിദ്യയും തെരഞ്ഞെടുപ്പു രാഷ്ട്രീയവും തമ്മില്‍ ഒട്ടും ആരോഗ്യകരമല്ലാത്ത നിലയില്‍ കൈകോര്‍ക്കുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങളായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും തങ്ങളുടെ ആശയങ്ങളുടെയും പ്രവര്‍ത്തന പദ്ധതികളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളുമായി സംവദിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണം പഴങ്കഥയായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് മേളയായി തെരഞ്ഞെടുപ്പുകള്‍ മാറിയിരിക്കുന്നു. ജനപ്രിയ കണ്‍സ്യൂമര്‍ ഉല്‍പ്പന്നം വിപണിയില്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ ആര്‍ഭാടത്തോടെയാണ് രാഷ്ട്രീകക്ഷികളും നേതാക്കളും സ്വയം മാര്‍ക്കറ്റിംഗ് നടത്തുന്നത്. തെരഞ്ഞെടുപ്പു വിപണനം പ്രൊഫഷണലായി നടത്തുന്ന വിദഗ്ധരും മാനേജര്‍മാരും ആവിഷ്‌ക്കരിക്കുന്ന നൂതനമായ പ്രചാരണ രീതികളാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളുടെ മുഖമുദ്ര. തെലുങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസിന്റെ തെരഞ്ഞെടുപ്പു തന്ത്രത്തിനെക്കുറിച്ചുള്ള വാര്‍ത്ത പ്രധാനമായും ഊന്നുന്ന കാര്യം വോട്ടര്‍മാരുടെ ക്ലാസ്സിഫിക്കേഷനാണ്. വോട്ടര്‍മാരെ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി പാര്‍ട്ടി തരംതിരിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ ഉറപ്പുള്ള വോട്ടര്‍മാര്‍ എ വിഭാഗത്തില്‍ വരുമ്പോള്‍ ചാഞ്ചാടുന്നവരാണ് ബി വിഭാഗം. ബിആര്‍എസി-ന് വോട്ടു ചെയ്യാത്തവരെ സി വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നു. ഒരു കണ്‍സ്യൂമര്‍ ഉല്‍പ്പന്നം വില്‍ക്കുന്ന കമ്പനി ജനങ്ങളെ വെറും കണ്‍സ്യൂമര്‍ മാത്രമായി കാണുന്നതുപോലെ രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളെ വോട്ടര്‍മാര്‍ മാത്രമായി കാണുന്ന രീതി ഇപ്പറഞ്ഞ ക്ലാസ്സിഫിക്കേഷനില്‍ കാണാവുന്നതാണ്. ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ ജനങ്ങളില്‍ നിന്നും അന്യമായ ഒരു പ്രക്രിയയായി മാറിയതിന്റെ ഉദാഹരണങ്ങളായി ഈ സംഭവവികാസങ്ങളെ വിലയിരുത്തപ്പെടുന്നു. പണത്തിന്റെ സ്വാധീനം കൂടി കണക്കിലെടുക്കുമ്പോള്‍ ഈ പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു.

REPRESENTATIONAL IMAGE: WIKI COMMONS
മതപരതയുടെ അതിപ്രസരമാണ് തെരഞ്ഞെടുപ്പുകളിലെ മറ്റൊരു വലിയ സ്വാധീനശക്തി. ഭരണഘടനാപരമായി മതേതരത്വം ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള രാഷ്ട്രീയ കക്ഷികളും ഭരണകൂടങ്ങളും അതിന് നേര്‍വിപരീതമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവണത തെരഞ്ഞെടുപ്പു വേളകളില്‍ പ്രത്യക്ഷമാകുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. രാഷ്ട്രീയാധികാരം പിടിച്ചുപറ്റുന്നതിനുള്ള ഉപാധിയായി മതപരത മാറുന്നവെന്ന സാഹചര്യം ഗൗരവമായ വിശകലനം ആവശ്യപ്പെടുന്നു. മതപരതയും തീവ്രവലതുപക്ഷ രാഷ്ട്രീയവും ഒരേ ബിന്ദുവില്‍ സംഗമിക്കുന്നതിന്റെ കാലടിപ്പാടുകള്‍ അമേരിക്ക മുതല്‍ ഇന്ത്യവരെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കാണാനാവും. ലോകമാകെയുള്ള ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശക്തിപ്രാപിക്കുന്ന ഈ ദുഷ്പ്രവണതകളുടെ സ്വാധീനം പ്രകടമാകുന്നത് തെരഞ്ഞെടുപ്പു വേളകളിലാണ്. രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളില്‍ ജനാധിപത്യപരമായ ഭാവനകളുടെ ആവിഷ്‌ക്കാരങ്ങളായി കരുതാനാവാത്തവിധം ദുഷിച്ചുപോയ ഒരു പ്രക്രിയയായി തെരഞ്ഞെടുപ്പുകള്‍ പരിണമിച്ചുവെന്ന വിമര്‍ശനങ്ങള്‍ ആഗോളതലത്തില്‍ വ്യാപകമാവുന്നതിനുള്ള പ്രധാന പ്രേരണ ഇത്തരം ദുഷ്പ്രവണതകളുടെ സ്വാധീനമാണ്.

സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനുമുള്ള ശക്തരായ ലോബികള്‍ തെരഞ്ഞെടുപ്പുകളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനങ്ങളും ഇപ്പോള്‍ വേണ്ടത്ര ലഭ്യമാണ്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ അവിഭാജ്യഘടകങ്ങളായി മാറിയ നിഷേധഘടകങ്ങള്‍ക്കൊപ്പം ഭരണകൂടസംവിധാനം മൊത്തമായി അത്തരത്തിലുള്ള ശക്തികള്‍ കൈപ്പിടിയിലൊതുക്കുന്നതിനെക്കുറിച്ചുള്ള വിശകലനങ്ങളും വേണ്ടത്ര ലഭ്യമാണ്. അതിസമ്പന്നരുടെയും, സമ്പന്നരുടെയും ക്ഷേമവും താല്‍പ്പര്യങ്ങളും മാത്രം സംരക്ഷിക്കുന്ന സംവിധാനങ്ങളായി ഭരണകൂടങ്ങള്‍ മാറുന്നതും തെരഞ്ഞെടുപ്പുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ക്രോണി ക്യാപിറ്റലിസത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായും ഇന്ത്യന്‍ വളര്‍ച്ചയുടെ വിജയഗാഥകളായും ഒരേസമയം ചിത്രീകരിക്കപ്പെടുന്ന അദാനി അല്ലെങ്കില്‍ അംബാനി എല്ലാ രാഷ്ട്രീയകക്ഷികളുടെയും ഉറ്റവരും ഉടയവരുമായി മാറുന്ന സാഹചര്യത്തിലാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ഇലക്ഷന്‍സ്' ഒരു തീമായി ഏറ്റെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം. തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ പഠനങ്ങളും, വീക്ഷണങ്ങളും, പ്രയോഗങ്ങളും വിശദമായി കൈകാര്യം ചെയ്യുന്ന ഉള്ളടക്കമാണ് ഞങ്ങള്‍ തയ്യാറാക്കുന്നത്. മലബാര്‍ ജേര്‍ണലിന്റെ അഭ്യുദയകാംക്ഷികളുടെ ഭാഗത്തു നിന്നും പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും ലഭിക്കുമെന്ന ഉത്തമബോധ്യമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജദായനി.


#Great Indian Elections
Leave a comment