TMJ
searchnav-menu
post-thumbnail

Great Indian Elections

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പും ഭരണഘടനാ ജനാധിപത്യത്തിന്റെ ഭാവിയും

14 Dec 2023   |   9 min Read
വിശാഖ് ശങ്കര്‍

രുന്ന ആറ് മാസക്കാലത്തിനുള്ളില്‍ നമ്മുടെ രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. അതായത് രണ്ടാം മോഡി സര്‍ക്കാര്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ മന്ത്രിസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കാത്തപക്ഷം 2024 ഏപ്രില്‍, മെയ് മാസങ്ങള്‍ക്കിടയില്‍ ആയിരിക്കും 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. അങ്ങനെയെങ്കില്‍ സാധാരണ ഗതിയില്‍ ഉയരുന്ന ചോദ്യം ആര് ജയിക്കും എന്നതാണ്. നിരീക്ഷണങ്ങളും വിശകലനങ്ങളും ചര്‍ച്ചകളും ഒക്കെ ആ വഴിക്കാവും നീങ്ങുക.

കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന നിലയില്‍ ഭരണപക്ഷം അവരുടെ നേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടും. പ്രതിപക്ഷം ആ ഭരണത്തിലെ പോരായ്മകളും വീഴ്ചകളും അക്കമിട്ട് നിരത്തും. അടുത്ത അഞ്ചുവര്‍ഷത്തെ ഭരണം മുമ്പത്തേക്കാളും മികച്ചതാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഭരണ, പ്രതിപക്ഷങ്ങള്‍ തങ്ങളുടെ പ്രകടന പത്രിക തയ്യാറാക്കും. അതുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. ഇതാണ് ഒരു ധനാത്മക ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പുകാല പ്രവര്‍ത്തനരീതി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതുപോലെ ഒരു റുട്ടീന്‍ തിരഞ്ഞെടുപ്പ് മാത്രമാണോ? ഭരിക്കുന്ന മുന്നണിയെ നയിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ആ ചോദ്യത്തിന് അതെ എന്നതാവും ഉത്തരം. പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് ആണെങ്കില്‍ ഇനിയും ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിയില്‍ നിന്നും വിട്ട് ബി ജെ പിയിലേക്ക് ഉള്ള നേതാക്കളുടെയും അണികളുടെയും ചോര്‍ന്ന് പോകലിന്റെ നിരക്കും വേഗതയും കൂട്ടും എന്നതാവും ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന ഘടകം. പാര്‍ട്ടിയില്‍ നിന്ന് അണികളും നേതാക്കളും ചോര്‍ന്ന് പോകുന്നതിനൊപ്പം മുന്നണിയിലെ സഖ്യകക്ഷികള്‍ ഒന്നൊന്നായി സഖ്യം വിട്ടുപോകുന്ന അവസ്ഥയും ഉണ്ടാകാം എന്നതുകൊണ്ട് അവര്‍ക്ക് ഇതൊരു ജീവന്‍മരണ പോരാട്ടം ആവാം. പക്ഷേ, ഇതിലും ഒക്കെ അപ്പുറത്ത് മറ്റൊരു വിഭാഗത്തിന്റെ, തികച്ചും വ്യത്യസ്തമായ ആശങ്ക കൂടി ഉണ്ട്. മതേതര ലിബറല്‍ ജനാധിപത്യ വിശ്വാസികളുടേതായ ഇന്ത്യന്‍ പൗര സമൂഹത്തിന്റെ ആശങ്കകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോഡി | PHOTO: FACEBOOK
ഭരണഘടനാ ജനാധിപത്യത്തിന്റെ ഭാവി

വ്യക്തികളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ഭൂരിപക്ഷ അധികാരം നിര്‍ബന്ധിതമാവുന്ന, ജുഡീഷ്യറിയും എക്‌സിക്യുട്ടീവും ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളാല്‍ അധികാരം അതിനെ മറികടക്കുന്നില്ല എന്ന് ഉറപ്പുവരുത്തപ്പെട്ട ഒരു ഭരണ സംവിധാനമാണ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രസി. 1950 ല്‍ നമ്മുടെ ഭരണഘടന ഇവിടെ നടപ്പിലാക്കിയ ആ ഭരണഘടനാ ജനാധിപത്യം ഇന്ന് അസ്തിത്വ ഭീഷണി നേരിടുന്ന അവസ്ഥയില്‍ ആണ്.

ജനാധിപത്യത്തിന്റെ ആധാരശിലയായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യം നേടി അധികാരത്തില്‍ വന്ന ഭരണകൂടമോ, അവരെ തിരഞ്ഞെടുത്ത ഭൂരിപക്ഷമോ അല്ല, അവര്‍ക്കും മുകളില്‍ നില്‍ക്കുന്ന ഭരണഘടനാപരമായ മൂല്യങ്ങളും സദാചാരവും ആണ്. ജനാധിപത്യത്തെ കേവലമായ ഭൂരിപക്ഷാധിപത്യത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും അതാണ്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നമ്മുടെ ഭരണഘടനയും അതിന്റെ സദാചാരമൂല്യ സംഹിതയും ഏതാണ്ട് പൂര്‍ണ്ണമായും നോക്കുകുത്തിയാക്കി മാറ്റപ്പെട്ടിരിക്കുന്നു. അതിനും മുകളില്‍ ഭൂരിപക്ഷാധിപത്യത്തിന്റെ കായികവും സാമ്പത്തികവും ആയ വിലപേശല്‍ ശക്തി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

രാജ്യത്തിന്റെ ഭരണഘടനയോട് തന്നെ വിയോജിപ്പുള്ള, അത് പ്രത്യക്ഷമായും പരോക്ഷമായും പ്രകടിപ്പിക്കാന്‍ മടികാട്ടിയിട്ടില്ലാത്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ രൂപമാണ് ഇന്ന് നമ്മെ ഭരിക്കുന്നത്. അതിന് സെക്കുലറിസം 'സിക്കുലറിസവും', 'സ്യുഡോ സെക്കുലറിസവും' ഒക്കെയാണ്. അംബേദ്കറും നെഹ്റുവും ഒക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ 'ഭരണഘടനാ സദാചാരം' മനുസ്മൃതി മുമ്പോട്ടുവയ്ക്കുന്ന പ്രാകൃത ഭരണ, സദാചാര, മൂല്യവ്യവസ്ഥയാല്‍ പകരംവയ്ക്കപ്പെടണം എന്നത് അവരുടെ ഒരു രഹസ്യ പ്രചാരണമൊന്നും അല്ലാതായി കഴിഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഇത് ഒരു ആധുനിക ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയില്‍ 2023 ലും ഒരാശങ്കയായി മാറുന്നില്ല, അതിനെ മുന്‍നിര്‍ത്തി ഒരു മുഖ്യധാരാ മാധ്യമവും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നില്ല, പൊതുബോധത്തെ രൂപീകരിക്കുവാന്‍ ശ്രമിക്കുന്നില്ല എന്നതുതന്നെ ആശങ്കാജനകമല്ലേ?

ഡോ ,ബി.ആര്‍. അംബേദ്കർ | PHOTO: WIKI COMMONS
ഹിന്ദുത്വത്തിന്റെ ലെജിറ്റിമൈസേഷന്‍

കഴിഞ്ഞനൂറ്റാണ്ടിനും മുമ്പ് മുതല്‍ക്കേ ഹിന്ദുത്വവാദത്തിന്റെ പ്രാഗ്‌രൂപങ്ങള്‍ നമ്മുടെ ചിന്തയില്‍ ചിതറിയ സ്വാധീനങ്ങളായി നിലനില്‍ക്കുന്നുണ്ട്. അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി രൂപംപ്രാപിച്ചത് ഒരുപക്ഷേ, കഴിഞ്ഞനൂറ്റാണ്ടില്‍ ആവാം. അത് എന്തായാലും നമ്മുടെ സ്വാതന്ത്ര്യസമരത്തെ നയിച്ച കോണ്‍ഗ്രസില്‍ പോലും ആ ആശയത്തിന്റെ പരോക്ഷധാരകള്‍ ഉള്‍ച്ചേര്‍ന്നിരുന്നു എന്ന് കാണാം. എന്നാല്‍ ഗാന്ധിയെയും നെഹ്‌റുവിനെയും പോലെയുള്ള അതിന്റെ മുന്‍നിര നേതാക്കളുടെ ചിന്താ പദ്ധതികളില്‍ അതിന് സ്ഥാനമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവരെയും മറികടന്ന് അതിന് ഇന്ത്യന്‍ പൊതുബോധത്തിലേക്ക് അന്ന് തുളച്ചുകയറാനും കഴിഞ്ഞില്ല.

അടിമുടി ആധുനികനും ലിബറലും സോഷ്യലിസ്റ്റുമായ നെഹ്റുവിനെ വിട്ടാലും അടിയുറച്ച ഹിന്ദുമത വിശ്വാസിയായ ഗാന്ധിയുടെ പരിമിതികള്‍ ഉള്ള, അവകാശത്തില്‍ ഉപരി അനുകമ്പയില്‍ ഊന്നിയ എഗാലിറ്റേറിയനിസത്തെപോലും അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ഗാന്ധിവധം തെളിയിക്കുന്നു. തുടര്‍ന്ന് ദീര്‍ഘനാള്‍നീണ്ട രാഷ്ട്രീയ വനവാസത്തിനുശേഷം അവര്‍ തിരിച്ചുവരുന്നത്  ഇന്ദിരയുടെ അടിയന്തരാവസ്ഥ കാലത്താണ്. അവിടെനിന്നും അവര്‍ വളര്‍ന്നതാവട്ടെ രാജീവ് ഗാന്ധിയെന്ന രാഷ്ട്രീയ പരിചയം ഏതുമില്ലാതെ ഒരു ദിവസത്തിന്റെ വൈകാരികത വഴി ഒരു രാജ്യത്തിന്റെ അധികാര തലപ്പത്ത് എത്തിയ ആളിന്റെ അബദ്ധം വഴി തുറന്നുകിട്ടിയ രാമക്ഷേത്രത്തിന്റെ വാതില്‍ വഴി രഥയാത്ര നടത്തിയും. ഒറ്റയ്ക്ക് ഭരിക്കാന്‍ വേണ്ടത്ര വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ ഡി എ രാജ്യം ഭരിക്കുന്നത് ഈ കഴിഞ്ഞ ഒമ്പതര വര്‍ഷങ്ങളായി മാത്രമാണ്. എങ്കിലും അതിന്റെ ഇമ്പാക്ട് മുമ്പ് നമ്മള്‍ കണ്ട പല സര്‍ക്കാരുകള്‍ക്കും അപ്പുറമാണ്.

ഈ കാലഘട്ടത്തിനുള്ളില്‍ പല സ്വാതന്ത്രസമര സേനാനികളെയും അപ്രോപ്രിയേറ്റ് ചെയ്തു. (എന്നുവച്ചാല്‍ തനിക്കാക്കി). ചരിത്രത്തെ തന്നെയും അപ്രോപ്രിയേറ്റ് ചെയ്തു. എന്നിട്ടും അവര്‍ക്ക് തൊടാന്‍ പറ്റാത്ത മൂന്ന് പേരുകള്‍ നമ്മുടെ സ്വാതന്ത്രസമരത്തിന്റെ, അനന്തരം ഉണ്ടായ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനവും പ്രചോദനവുമായിരുന്ന മൂന്ന് പേരുകള്‍ ഉണ്ടായിരുന്നു. ഗാന്ധി, നെഹ്റു, അംബേദ്കര്‍.

എത്ര വെടക്കാക്കിയാലും തനിക്കാവാത്ത രണ്ടുപേരില്‍ ഒരാളെ അവര്‍ കൊന്നു. രണ്ടുപേര്‍ സ്വാഭാവികമായി മരണപ്പെട്ടപ്പോള്‍ അവരെ ആവുംവിധമൊക്കെ തമസ്‌കരിച്ചു. ഗാന്ധിയെ ഒരുവശത്തുകൂടി പ്രകീര്‍ത്തിക്കുമ്പോള്‍ മറുവശത്തുകൂടി എല്ലാ കൊല്ലവും ആവര്‍ത്തിച്ച് വെടിവച്ചുകൊന്നു. അംബേദ്കറിനെ ദളിത് ഹിന്ദുവിന്റെ (അവരെ ഹിന്ദുവായി മനുസ്മൃതി അംഗീകരിക്കുന്നുണ്ടോ?) വോട്ട് ഏകീകരിക്കാനുള്ള ചട്ടുകമായി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ സൃഷ്ടിയായ ഭരണഘടനയെ, അതിന്റെ മൊറാലിറ്റിയെ കിട്ടുന്നിടത്തൊക്കെയിട്ട് അവര്‍ ചവിട്ടിത്തേച്ചു.

ഇവര്‍ സംസ്‌കരിച്ച് തമസ്‌കരിച്ചും തമസ്‌കരിച്ച് സംസ്‌കരിച്ചും ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കുഴിമാടങ്ങള്‍ മാന്തി അവരുടെ ആശയങ്ങളുടെ സാംസ്‌കാരിക ലെഗസി വീണ്ടെടുക്കാന്‍ ഈ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ശ്രമിച്ചത് ബി ജെ പിയുടെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആയിരുന്നോ?

ഹിന്ദുത്വ ഹെജിമണിയുടെ നിര്‍മ്മാണം

ഹെജിമണി എന്നത് ലളിതമായി പറഞ്ഞാല്‍ ഒരു സാംസ്‌കാരിക നേതൃരൂപം. ഒരു സമൂഹത്തിലെ ഭൂരിപക്ഷം മനുഷ്യര്‍ വിശ്വസിക്കുന്ന ഒരു ആശയം, അത് ശരി ആയാലും തെറ്റ് ആയാലും അതിന്റെ സാംസ്‌കാരിക നേതൃരൂപമായി മാറുന്നു. ആളുകള്‍ തുടര്‍ന്ന് ചിന്തിക്കുന്നത് തന്നെ അത് ആദ്യം വെട്ടിയ യുക്തിയുടെ, ചിന്തയുടെ വഴിയേ ആവുന്നു.

ഇന്ത്യ എന്ന രാജ്യത്തെ ഇന്ന് നയിക്കുന്ന സാംസ്‌കാരിക നേതൃരൂപം ഏതാണ്? ഒരു പത്ത് കൊല്ലത്തിന് മുമ്പ് ചോദിച്ചാല്‍ വ്യക്തമായ ഒരു ഉത്തരം ലഭിക്കില്ലായിരുന്ന ആ ചോദ്യത്തിന് ഇന്ന് ഉറപ്പിച്ചുള്ള ഒരു ഉത്തരം ഉണ്ട്. അത് ഹിന്ദുത്വവാദം തന്നെ. എന്തുകൊണ്ട് അത് ഹിന്ദുത്വവാദം തന്നെയെന്ന് തറപ്പിച്ച് പറയുന്നു എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം അതുകൊണ്ടാണ് ഹിന്ദുത്വവാദത്തിന്റെ രാഷ്ട്രീയരൂപമായ ബി ജെ പിയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എതിര്‍ക്കുന്നവര്‍പോലും ആ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന യുക്തികളെ എതിര്‍ക്കാന്‍ ശ്രമിക്കാത്തത് എന്നതുതന്നെ.

മതേതര സോഷ്യലിസ്റ്റ് പക്ഷത്ത് നിന്നുകൊണ്ട് ഭരണഘടനാ ജനാധിപത്യത്തെ പ്രതിരോധിക്കുന്ന ഒരു പ്രതിരാഷ്ട്രീയമെന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. സാധാരണ ഗതിയില്‍ ചരിത്രപരമായ ഒരു അബദ്ധം എന്ന് അവര്‍ വിലയിരുത്തേണ്ട രാജീവ് ഗാന്ധിയുടെ നീക്കം. അത് ഉപയോഗിച്ച് രാമ ക്ഷേത്രത്തിന് തറക്കല്ലിട്ടത് ബി ജെ പി അല്ല, ഞങ്ങള്‍ ആണെന്ന് സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അത് പകല്‍ പോലെ വ്യക്തമാവുന്നു. പ്രതി ഹെജിമണിയെ കുറിച്ചുള്ള ചിന്തകള്‍ പോലും അപ്രസക്തമാകും വണ്ണം ഹിന്ദുത്വം നമ്മുടെ രാഷ്ട്രീയ നേതൃരൂപമാവുകയാണ്.

ഞങ്ങളാണ് അതിന്റെ ഏറ്റവും തീവ്ര വക്താക്കള്‍ എന്ന് തെളിയിച്ചല്ലാതെ ഇന്ത്യയില്‍ (എന്നുവച്ചാല്‍ ഇനി ഭാരതത്തില്‍) രാഷ്ട്രീയ നിലനില്‍പ്പ് ഇല്ലാത്തവണ്ണം അത് ഉറപ്പിക്കപ്പെടുന്നു. രാഹുല്‍ താടി വളര്‍ത്തുന്നു. ശിവ ഭക്തനായ ബ്രാഹ്‌മണന്‍ ആവുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ അബദ്ധത്തില്‍ ആദ്യം പറഞ്ഞുപോയ പ്രതി ഹെജിമണിക് നിലപാട് പിന്നീട് വിഴുങ്ങേണ്ടിവരുന്നു.

രാജീവ് ഗാന്ധി | PHOTO: WIKI COMMONS
പ്രതിപക്ഷമില്ലാത്ത ജനാധിപത്യം

ഇന്ത്യ പ്രതിപക്ഷമില്ലാത്ത ഒരു ജനാധിപത്യമായിക്കൊണ്ടിരിക്കുകയാണ്. അതായത് അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട കടിപിടി അല്ലാതെ സാംസ്‌കാരികമായ രാഷ്ട്രീയ ചിന്തതന്നെ അപ്രസക്തമാവുന്നു. പിന്നെയല്ലേ ഒരു പ്രതി ഹെജിമണിക്കായുള്ള രാഷ്ട്രീയ-സാംസ്‌കാരിക പദ്ധതികളും അത് നടപ്പിലാക്കാന്‍ ഉള്ള ദാര്‍ശനിക ഉള്‍കാഴ്ചയുള്ള പ്രായോഗിക പദ്ധതികളും!

ലഭ്യമായ അധികാരത്തിന്റെ സകല സാധ്യതകളും അത് ഉപയോഗിച്ച് പല വഴിക്ക് ശാക്തീകരിച്ച് അതിന്റെ സകല ഭൗതിക രൂപങ്ങളും ഉപയോഗിച്ച് വെറും പത്ത് വര്‍ഷങ്ങള്‍കൊണ്ട് ബി ജെ പി സ്ഥാപിച്ചെടുത്തത് പ്രതിപക്ഷം ഇല്ലാത്ത ഒരു ജനാധിപത്യമാണ്. ഇ ഡി, സി ബി ഐ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഏത് ബി ജെ പി ഇതര രാഷ്ട്രീയ കക്ഷികളെയും സംസ്ഥാന ഭരണകൂടങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക. തങ്ങളുടെ പ്രചണ്ഢ പ്രചരണ യന്ത്രങ്ങള്‍ ഉപയോഗിച്ച് അതിനെ, ആ ആരോപണങ്ങള്‍ എത്രകണ്ട് ബാലിശമാണെങ്കില്‍ തന്നെയും പൊതുബോധത്തിലേക്ക് വിക്ഷേപിക്കുക. അതിനി ഭാവിയില്‍ പൊളിഞ്ഞാല്‍ തന്നെയും  സത്യാന്തരകാലത്ത് സത്യം കറങ്ങിത്തിരിഞ്ഞ് അഗ്‌നിശുദ്ധി വരുത്തി വരുമ്പോഴേക്കും കള്ളം ലോകത്തിന് മൂന്ന് ചുറ്റുവച്ച് വിശ്രമിക്കുകയായിരിക്കും എന്ന് ഉറപ്പുവരുത്തുക.

തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഒരുവശത്ത്. മറുവശത്ത്  നാമമാത്രമായ, ഏതാണ്ട് നിര്‍ജ്ജീവമായ, എന്നാല്‍ ബാക്കിയായ അധികാരത്തിന്റെ ചെറുപോക്കറ്റുകള്‍ക്കായി ഒരു ദേശീയ നയവും നിലപാടും ഇല്ലാതെ പോരാടുന്ന കോണ്‍ഗ്രസ് നയിക്കുന്ന ചിതറിയ പ്രതിപക്ഷം. ഈ രണ്ട് അനുകൂല ഘടകങ്ങള്‍ ഉപയോഗിച്ച് നമ്മുടെ ഫെഡറല്‍ സംവിധാനത്തെത്തന്നെ അട്ടിമറിക്കാനും ജനതയെ വീണ്ടും വീണ്ടും വിഭജിക്കാന്‍ അധികാരത്തെ ഉപയോഗിക്കാനും മടിയില്ലാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍. അതിന് മുമ്പില്‍ കേന്ദ്രവിഹിതം എന്നും പറഞ്ഞ് യാചകരെപോലെ ഇരിക്കേണ്ടിവരുന്ന ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍. ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഒരു സംയുക്തവും കേന്ദ്രീകൃതവുമായ സമരത്തിന്റെ രൂപംനല്കാന്‍ ആരാണ് മുന്‍കൈ എടുക്കേണ്ടത്?

ഇവിടെ വേണ്ടത്ര സമ്പത്തോ, സത്തയോ, ഉള്‍കാമ്പോ ഇല്ലാത്ത പ്രതിപക്ഷം കച്ചവടം നഷ്ടമാണെന്ന് കണ്ട് ഒന്നുകില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ കുത്തകയുടെ സാമന്ത പട്ടം നേടി നിലനില്‍ക്കുകയോ ചെയ്യും. അതാണ് ഇന്ത്യയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമില്ലാത്ത ജനാധിപത്യം ആ പേരിനെ തന്നെ അപ്രസക്തമാക്കുകയാണ്. എന്നാല്‍ നമുക്ക് ഇവിടെയാണ് ഒരു പ്രതീക്ഷയുടെ തുരുത്ത്?

REPRESENTATIVE IMAGE: WIKI COMMONS
പോരാടാന്‍ സ്ഥലം എവിടെ?

സവര്‍ക്കര്‍ 1922 ല്‍ രൂപംകൊടുത്തതെന്ന് പറയപ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തിന് നൂറില്‍പരം വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഇവിടെ ഇന്നൊരു ഒരു ഹെജിമണി രൂപീകരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. അത് അംഗീകരിച്ചാല്‍ തന്നെയും അതിനെതിരെ സാംസ്‌കാരികമായി പോരാടാന്‍, ഭൗതികമായി സംഘടിക്കാന്‍, അക്രമ രഹിതമായി സമരം ചെയ്യാന്‍ പോലും ഇന്ന് ഇന്ത്യയില്‍ സ്ഥലം ഇവിടെ? കേരളത്തില്‍, തമിഴ്നാട്ടില്‍, ഏറിയും കുറഞ്ഞും ദക്ഷിണേന്ത്യയില്‍ ഉണ്ട്. എന്നാല്‍ അതിനൊരു സ്ഥിരമായ ഇലക്റ്ററല്‍ പ്രതിനിധാനം ഉണ്ടോ?

ഇലക്റ്ററല്‍ റെപ്രസെന്റേഷന്റെ നമ്പര്‍ എത്ര വലുതോ, ചെറുതോ ആയാലും കേരളത്തില്‍ ഹിന്ദുത്വ വിമര്‍ശനത്തിന്റെ പേരില്‍ ഒരു സാംസ്‌കാരിക നായകനും കൊല്ലപ്പെട്ടില്ല. അതിനെ സാംസ്‌കാരികമായി നേരിടാന്‍, അതിന്റെ പ്രതിയുക്തികള്‍ പ്രസംഗിക്കാന്‍, പ്രചരിപ്പിക്കാന്‍ ഇവിടെ സ്ഥലം ഉണ്ടാവും. അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കായികമാണെങ്കില്‍ അങ്ങനെ നേരിടാന്‍ ഉള്ള ബലവും. അതായത് സാംസ്‌കാരികവും കായികവുമായ ബലത്തിന്റെ നിര്‍ണ്ണായകമായ ഒരു കോമ്പിനേഷന്‍ ആണ് കേരളത്തെ മലയാളികളായ സംഘികള്‍ പോലും വെറുക്കുന്ന അവരുടെ നരകമായ  'ഖേരളം' ആക്കുന്നത്. എന്നാല്‍ ഈ ചെറിയ ഭൂപ്രദേശത്തിന് പുറത്ത് അത്തരം സ്ഥലങ്ങളുടെ വ്യാപ്തി അനുദിനം കുറഞ്ഞുവരികയാണ്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വന്ന അനിവാര്യമായ പ്രോട്ടോകോള്‍ തണുപ്പിക്കുന്നതുവരെ പൗരത്വ ബില്ലിനെതിരെ ഉള്ള പ്രതിഷേധങ്ങള്‍ നാട്ടില്‍ വ്യാപകവും ചലനാത്മകവുമായി നടന്നു. മണിപ്പൂര്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ നിരവധി പ്രതിഷേധ യോഗങ്ങള്‍ നടന്നു. പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടന്നു. രാജ്യത്തും സംസ്ഥാനത്തും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ വിഷയങ്ങളില്‍ അഭിപ്രായം രൂപീകരിക്കും മുമ്പേ ഇടത് രാഷ്ട്രീയ കക്ഷികള്‍ നടത്തി. രാഷ്ട്രീയവും സാംസ്‌കാരികവുമായ ഈ വ്യക്തതയാണ് പൊരുതാനുള്ള സ്ഥലത്തെ ഉണ്ടാക്കുന്നത്.

എം പി, എം എല്‍ എ മാരുടെ എണ്ണം വച്ച് മാത്രം നോക്കുമ്പോള്‍ കേരളത്തിന് പുറത്ത് ഇടതിന്റെ പ്രസക്തി എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതാണ്. പോരാടാനുള്ള സ്ഥലം എന്നത് ഒരു ഭൗതിക സ്ഥലം മാത്രമല്ല, ആശയ സ്ഥലം കൂടിയാണ്. പത്ത് കൊല്ലം തികയ്ക്കാന്‍ പോകുന്ന മോഡി സര്‍ക്കാരിനെ ഉലച്ച ഒരു പ്രതിപക്ഷ സമരവും നമ്മള്‍ കണ്ടില്ല. കാരണം അതിനൊരു കായികമോ, സാംസ്‌കാരികമോ ആയ സ്ഥലവും കണ്ടെത്താന്‍ അവര്‍ക്ക് ആയില്ല. എന്നാല്‍ സമരങ്ങള്‍ ഉണ്ടായില്ലേ ?

പൗരത്വ ബില്ലിനെതിരെ ഉള്ള പ്രതിഷേധം | PHOTO: PTI
മോഡി കാലത്തെ സമരങ്ങള്‍

നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ (ആവാന്‍ പോകുന്നതേയുള്ളൂ എങ്കിലും) അവരെ ഉലച്ച സമരങ്ങള്‍ എന്തൊക്കെ ആയിരുന്നു? പ്രത്യേകിച്ച് ആലോചനയൊന്നും ഇല്ലാതെ തന്നെ പറയാം. കര്‍ഷക സമരങ്ങള്‍. ഈ കര്‍ഷകര്‍ മുഴുവന്‍ ഇടത് രാഷ്ട്രീയക്കാര്‍ ഒന്നും ആയിരുന്നില്ല. പക്ഷേ, ഏത് രാഷ്ട്രീയ അനുഭാവം വച്ചുപുലര്‍ത്തുന്നവര്‍ ആയാലും അവരുടെ ഒരു പൊതു പ്രശ്‌നത്തില്‍ സംഘാടന തലത്തില്‍ ഇടത് സാന്നിധ്യം ഉണ്ടായിരുന്നു. ആശയ, സാംസ്‌കാരിക തലങ്ങളില്‍ ആണെങ്കില്‍ ആ സമരങ്ങളുടെ ആധാരം തന്നെ രാഷ്ട്രീയമായ ഇടത് ചിന്തയായിരുന്നു.

അറിവ് തേടുന്ന ലിബറല്‍ യൗവ്വനങ്ങളുടെ പ്രതീകമായ നാട്ടിലെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ നിന്നും നൈസര്‍ഗികമായി ഉയര്‍ന്നുവന്ന നിരവധി സമരങ്ങള്‍. അവ ഒക്കെയും രാഷ്ട്രീയമായി ഇടത് സ്വഭാവമുള്ളവ ആയിരുന്നു. പൗരത്വ സമരക്കാലമായാലും അതിന്റെ സാംസ്‌കാരിക പ്രതിയുക്തികള്‍ ഇടത് രാഷ്ട്രീയത്തിന്റേത് ആയിരുന്നു. അതിന്റെ സംഘാടന തലത്തിലും 'ഖേരളം' വിട്ടാല്‍ ഒന്നുമല്ലാത്ത ഇടത് സംഘടനകളുടെ നേതൃപരമായ പങ്ക് ഉണ്ടായിരുന്നു.

ഹിന്ദുത്വ രാഷ്ട്രീയം നെഹ്‌റുവിയന്‍ കോണ്‍ഗ്രസിന്റെ ആധുനിക സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള അതിന്റെ ധാരകളെ മറികടന്നതിനുശേഷം ശ്രദ്ധ കോണ്‍ഗ്രസ് മുക്ത ഭാരതത്തില്‍ മാറ്റിയതിന്റെ കാരണം മറ്റൊന്നുമല്ല. അവശേഷിക്കുന്ന കോണ്‍ഗ്രസ് അവര്‍ക്ക് അപ്രോപ്രിയേറ്റ് ചെയ്യാവുന്നത്ര ലഘുവായ സാംസ്‌കാരിക പാരമ്പര്യം മാത്രം പേറുന്ന ഒരു ആള്‍ക്കൂട്ടം മാത്രമാണ്. അതൊരു അടിയന്തരമോ, ദീര്‍ഘമോ കാലമോ ആയ ഭീഷണി അല്ല. ആണെന്ന ഒരു പ്രതീതിയെങ്കിലും ഉണ്ടായിരുന്നു, പത്തുകൊല്ലം മുമ്പ്. ആ അവസ്ഥ ഇന്ന് മാറിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും കഴിയില്ല എന്നതാണ് അവസ്ഥ.

നെഹ്‌റുവിയന്‍ കോണ്‍ഗ്രസ് | PHOTO: WIKI COMMONS
പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യ?

മഹത്തായ പതിനെട്ടാം ഇന്ത്യന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്തിന്റെ ദിശാ സൂചിയാണ് ? അക്കമിട്ട് പറഞ്ഞാല്‍ ഭരണഘടനാ ജനാധിപത്യത്തിന്റെ അന്ത്യമാകുന്നുവോ, ഹിന്ദുത്വം ലെജിറ്റിമൈസ്ഡ് ആവുന്നുവോ, ഹിന്ദുത്വ ഹെജിമണി സ്ഥാപിതമായോ, അതിനെ ചെറുക്കാന്‍ ഒരു പ്രതിരാഷ്ട്രീയ, സാംസ്‌കാരിക പക്ഷം ഇവിടെ ഇല്ലയോ, അങ്ങനെയെങ്കില്‍ നമുക്ക് ഒന്ന് പൊരുതി നോക്കാന്‍ തന്നെ ഈ ജനാധിപത്യത്തില്‍ സ്ഥലം എവിടെ എന്ന പലതരം ആശങ്കകള്‍ ചേരുന്നതാണ് മഹത്തായ ഈ പതിനെട്ടാം ഇന്ത്യന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭരണഘടനാ വാദിയായ ഒരു ലിബറല്‍ സെക്കുലര്‍  ഇന്ത്യക്കാരനായി ബാക്കിവയ്ക്കുന്ന വികാരം. എന്നാല്‍ അതൊരു ഭയമൊന്നും അല്ല താനും.

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം എന്ത് എന്ന് ചോദിച്ചാല്‍ നിലവില്‍ സമൂലമായ ഒരു മാറ്റത്തിനൊന്നും സാധ്യത കാണുന്നില്ല. എന്നാല്‍ അത് പ്രതീക്ഷകള്‍ ഇല്ലാത്ത ഒരു കാലത്തിലേക്കാണോ നയിക്കുന്നത്? തീര്‍ച്ചയായും അല്ല. നിലനില്‍ക്കുന്ന ഭൗതിക സാഹചര്യങ്ങളുമായി മനുഷ്യര്‍ നടത്തുന്ന കായികവും ധൈഷണികവുമായ പ്രതിപ്രവര്‍ത്തനങ്ങളുടെ ആകെ തുകയാണ് മനുഷ്യന്റെ ചരിത്രം. അതിന് ഒരിക്കലും തിരിഞ്ഞ് നടക്കാന്‍ ആവില്ല.  ഭൗതികമായ മാറ്റങ്ങള്‍ക്ക് ഭൗതികമായ തന്നെ പ്രകടരൂപങ്ങള്‍ ഉണ്ടാകാം എങ്കിലും അതിന് ധൈഷണികമായ കാര്യകാരണ പൊരുത്തങ്ങള്‍ ഉണ്ടാവാതിരിക്കാനും അത് ജൈവ മനുഷ്യന്‍ മനസ്സിലാക്കാതെ ഇരിക്കാനും വഴിയില്ല. അതാണ് അതിജീവനത്തിന്റെ പരിണാമ ചരിത്രം തന്നെയും.  

വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടെ കൃത്രിമം നടക്കുന്നു എന്നതരം അള്‍ട്ടിമേറ്റ് ഗുഢാലോചന സിദ്ധാന്തങ്ങളും കേട്ടു. നമ്മുടെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതും തീരെ അപ്രസക്തമായ, തള്ളിക്കളയേണ്ട സാധ്യതയൊന്നും അല്ല. എന്നാല്‍ സോഷ്യല്‍ എഞ്ചിനീയറിങ്ങ് എന്ന സാധ്യമായ പൊതുബോധ മാനിപ്യുലേഷന്‍ വഴി കൃത്രിമം ചെയ്ത് നിര്‍മ്മിച്ച രാഷ്ട്രീയ സമ്മതിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ആയാല്‍ മാത്രം മതി,  ദീര്‍ഘകാല അടിസ്ഥാനത്തില്‍ മുകളില്‍ പറഞ്ഞ സാധ്യത ഉള്‍പ്പെടെ അസാധുവാകും. മനുഷ്യന്റെ കണ്ണിനെ, പ്രജ്ഞയെ, പോരാട്ടവീര്യത്തെ ഒരു യന്ത്രത്തിനും തകര്‍ക്കാന്‍ ആവില്ല. പ്രശ്‌നം ആ ജാഗ്രത എങ്ങനെ ഉല്‍പാദിപ്പിക്കാം, നിലനിര്‍ത്താം എന്നതാണ്.

ഭാരതമായി അവര്‍ പുനര്‍നാമകരണം ചെയ്യാന്‍ പദ്ധതിയിടുന്ന ഇന്ത്യ. ഇന്ത്യ എന്ന കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രസിയെ റദ്ദുചെയ്ത് അവര്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന മനു പ്രോക്ത ഭാരതം, സാധ്യമാവില്ല എന്ന് പറയാന്‍ നമ്മള്‍ പണ്ടുമുതല്‍ക്ക് സ്‌കൂളില്‍ കേട്ട് പരിചയമുള്ള 'നാനാത്വം' എന്ന നമ്മുടെ നാടിന്റെ അടിസ്ഥാനസ്വഭാവം മാത്രം മതി. ഏകശിലോന്മുഖമായ ഒരു യാഥാസ്ഥിതിക  മതരാഷ്ട്രവാദ പ്രത്യയശാസ്ത്രത്തിനും ആ നാനാത്വത്തിന്റെ രാഷ്ട്രീയവും, സാംസ്‌കാരികവും, വര്‍ഗ്ഗപരവും, വംശപരവും ആയ സങ്കീര്‍ണ്ണതകളെ ഒറ്റമൂലികള്‍വച്ച് ദീര്‍ഘകാലം നിര്‍ദ്ധാരണം ചെയ്ത് മുമ്പോട്ടുപോവാന്‍ ആവില്ല. അതുകൊണ്ടുതന്നെ നാം ഒരു ഫാഷിസ്റ്റ് ജനതയായി പരിണമിക്കാനുള്ള സാധ്യത പൂര്‍ണ്ണമായും അസാധു തന്നെയാവുന്നു. സ്ട്രഗിള്‍ അഥവാ സമരം ഉണ്ടാവുകതന്നെ ചെയ്യും.

REPRESENTATIVE IMAGE: PTI
നാളെ തോറ്റാലും മറ്റെന്നാള്‍ ജയിക്കുമെന്ന പോരാട്ടവീര്യം

മോഡി കാലം നമുക്ക് കാണിച്ചുതന്ന പോരാളികള്‍ കര്‍ഷകരും ചെറുപ്പക്കാരും ആണ്. രാഷ്ട്രീയമായി വിഭജിക്കുക എന്ന തന്ത്രത്തിന്റെ താല്‍കാലിക വിജയം എന്ന നിലയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ബി ജെ പിയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ വിലയിരുത്താം എങ്കിലും അതിനെ മറികടക്കാന്‍ ഒരു ദീര്‍ഘകാല സാംസ്‌കാരിക-രാഷ്ട്രീയ പദ്ധതി വേണം. അതിലേക്ക് സമൂഹത്തെ നിലനിര്‍ത്തുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെയും അതിനെ മുമ്പോട്ട് നയിക്കാനുള്ള ദൗത്യംപേറുന്ന യുവ തലമുറയെയും സ്വാധീനിക്കാന്‍ പോന്നത്ര ആഴമുള്ള ഒരു പ്രത്യയശാസ്ത്ര ദാര്‍ശനിക പരപ്പ് വേണം.

ഇവിടെ ദേശീയം, അന്തര്‍ദേശീയം തുടങ്ങിയ അവരവരുടെ സൗകര്യത്തിനനുസരിച്ചുള്ള നിര്‍മ്മിതികള്‍ തകരണം. പകരം സമഗ്രമായ ഒരു മാനവിക വിമോചനത്തിന്റെ സൂക്ഷ്മപദ്ധതികള്‍ ഉരുത്തിരിയണം. അതിന് ഉത്തരാധുനികതയുടെ മള്‍ട്ടിറ്റിയൂഡ് പോലെയുള്ള സ്പിനോസിയന്‍ ശുഭാപ്തി വിശ്വാസം പോര. എത്രകാലം വൈകിയാലും ന്യായംപുലരും എന്ന ദാര്‍ഢ്യമുള്ള ഗ്രാസ് റൂട്ട് ലെവല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ വേണം. പാര്‍ട്ടി വേണം. സംഘടിത പ്രവര്‍ത്തനം വേണം. പാര്‍ലമെന്ററി തലത്തില്‍ അപ്രസക്തമായി എന്ന് എണ്ണം സൂചിപ്പിക്കുമ്പോഴും ഹിന്ദുത്വം അതിന്റെ മുഖ്യ വെല്ലുവിളികളില്‍ ഒന്നായി മാര്‍ക്‌സിസം ഉള്‍പ്പെടെയുള്ള ഇടത് രാഷ്ട്രീയ ധാരകളെ കാണുന്നത് വെറുതെയല്ല എന്ന് ചുരുക്കം.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരുവിജയിക്കും എന്നതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നതുപോലെ ഒരു സന്ദിഗ്ദ്ധത പോലും ഇപ്പോള്‍ നിലവില്‍ ഇല്ല. പ്രതിപക്ഷം പരാജയം സമ്മതിച്ച നിലയില്‍ ആണ്. എന്നാല്‍ തീവ്രവലതുപക്ഷത്തിനെതിരെ ജൈവമായ ഒരു സമൂഹത്തിനും അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നത് വരെയെങ്കിലും പരാജയം സമ്മതിക്കാന്‍ ആവില്ല. അതുകൊണ്ടുതന്നെ ആര് ജയിക്കും എന്നതല്ല, ഏത് രാഷ്ട്രീയത്തിനെതിരെ ആര് നയിക്കുന്ന പോരാട്ടം ജനതയുടെ സാംസ്‌കാരിക നേതൃയുക്തിയാവാന്‍ പോകുന്നു എന്ന ദീര്‍ഘകാല പ്രക്രിയയുടെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള തുടക്കമായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്ന് തോന്നുന്നു. അതില്‍ ഭരണഘടനാ ജനാധിപത്യം വിജയിക്കും എന്ന് പറയാന്‍ ഉള്ള ഉറപ്പ് ഇല്ലെങ്കില്‍ പോലും ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ അത് എന്നെന്നേക്കുമായി ഇല്ലാതാവാനൊന്നും പോകുന്നില്ല എന്ന് ഉറപ്പിച്ച് പറയാം. പരാജയപ്പെട്ടേക്കാം എന്നത് വിജയിക്കുകയേ ഇല്ല എന്നതിന്റെ പ്രഖ്യാപനം അല്ലല്ലോ.

#Great Indian Elections
Leave a comment