TMJ
searchnav-menu
post-thumbnail

Great Indian Elections

ഡെമോക്രാറ്റിക് മീഡിയ ഫ്രറ്റേര്‍ണിറ്റി അനിവാര്യം 

06 Dec 2023   |   4 min Read
രാജേശ്വരി പി ആർ

 ലതുപക്ഷ ആശയങ്ങളുടെ വളര്‍ച്ചയില്‍ മീഡിയ വഹിക്കുന്ന പങ്കിനെ ഗൗരവമായി വിലയിരുത്തുന്ന നിരീക്ഷകനാണ് താങ്കള്‍. അതിന്റെ ആപത്തിനെപ്പറ്റി കാലങ്ങളായി വിലയിരുത്തുന്ന വ്യക്തി എന്ന നിലയില്‍ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ കാണുന്നു?

വലതുപക്ഷ മാധ്യമങ്ങളെന്ന് നാം വിശേഷിപ്പിച്ചുപോന്ന പരമ്പരാഗത കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധമായിരുന്നില്ല. (അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാസ്തുതികൊണ്ട് കാലയാപനം ചെയ്ത മലയാള മാധ്യമങ്ങള്‍ അതിനുമുമ്പ് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ നടന്ന സാമ്രാജ്യത്വ ഗൂഢാലോചനയിലും മുഖ്യപങ്കാളിയായിരുന്നുവെന്ന വസ്തുത വിസ്മരിക്കാവുന്നതുമല്ല.) എങ്കിലും അടിയന്തരാവസ്ഥയ്ക്കുശേഷം ഏകാധിപത്യപ്രവണതകളുള്ള ഭരണാധികാരികളെയും ഭരണകൂടങ്ങളെയും വിമര്‍ശിക്കുവാനും മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുവാനുമുള്ള വിവേകവും ജാഗ്രതയും സാമാന്യമായ ജനാധിപത്യബോധവും മാധ്യമങ്ങള്‍ പൊതുവെ പുലര്‍ത്തിയിരുന്നു. ഗോയങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള പത്രങ്ങള്‍ അടിയന്തരാവസ്ഥയ്ക്കും ഇന്ദിരാഗാന്ധിക്കും സ്തുതിപാടാന്‍ സന്നദ്ധമായില്ലെന്നോര്‍ക്കുക. ഇന്നാകട്ടെ, നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ ഒരു ആള്‍ദൈവമായി പ്രതിഷ്ഠിക്കുവാന്‍ (വിശ്വഗുരു എന്ന വിശേഷണത്തോടെ) മത്സരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊലീസിനെയും പട്ടാളത്തെയുമെല്ലാംപോലെ ഭരണകൂടത്തിന്റെ വേറൊരു മര്‍ദനോപകരണമായി മാറിയിരിക്കുന്നു. ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങളും ജനാധിപത്യവിരുദ്ധമായി കഴിഞ്ഞുവെന്നതാണ് ഭയാനകമായ സംഗതി.

ഇന്ത്യയില്‍ അതിവേഗം വളര്‍ച്ചപ്രാപിക്കുന്ന തീവ്ര വലതുപക്ഷാശയങ്ങളുമായുള്ള സ്വാഭാവികമായ പാരസ്പര്യത്തോടൊപ്പം നിലനില്‍പ്പിനുവേണ്ടിയുള്ള ഒരു ഒത്തുതീര്‍പ്പുതന്ത്രവും കൂടിയാണിത്. തീവ്ര വലതുപക്ഷാശയങ്ങളോട് വിയോജിക്കുന്നവര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ കുത്തക-വാണിജ്യ മാധ്യമങ്ങള്‍ നിലനില്‍പ്പിനായി ഭരണകൂടത്തിന്റെ പക്ഷംചേരുകയാണ്. അത്തരമൊരു നിലപാടെടുക്കുവാന്‍ വിസമ്മതിക്കുന്ന എന്‍.ഡി.ടിവി പോലുള്ള മാധ്യമങ്ങളെ ഭരണകക്ഷിയുടെ പങ്കാളികളായ കോര്‍പ്പറേറ്റുകളുടെ മൂലധനം ഉപയോഗിച്ച് സ്വന്തം വരുതിയിലാക്കുവാനും ഭരണകൂടത്തിന് കഴിയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനോ നിശ്ശബ്ദമാക്കുവാനോ ഉള്ള ഭരണകൂടത്തിന്റെ കുത്സിതനീക്കങ്ങള്‍ രാജ്യാന്തരതലത്തില്‍ത്തന്നെ വിമര്‍ശനവിധേയമായിട്ടുമുണ്ടല്ലോ. ഭരണകൂടത്തിനെതിരായ നേരിയ വിമര്‍ശനംപോലും ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുവാന്‍ മടിയില്ലാത്തവിധം സമഗ്രാധിപത്യസ്വഭാവം സ്വാംശീകരിച്ച ഒരു ഭരണകൂടമാണ് ഇന്നുള്ളത്.  ഭരണഘടനാനുസൃതമായി ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം ജനാധിപത്യവിരുദ്ധമായ ഏകാധിപത്യസ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയ ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഈ ജനവിരുദ്ധ പ്രത്യയശാസ്ത്രത്തിന് സാധൂകരണം നല്‍കുവാനും അതിന് പൊതുജനസമ്മതിയുണ്ടാക്കുവാനുമാണ് ശ്രമിക്കുന്നത്. ജനാധിപത്യമൂല്യങ്ങളെ തത്ത്വത്തിലെങ്കിലും അംഗീകരിച്ചിരുന്ന ഇന്ത്യയിലെ പരമ്പരാഗത വലതുപക്ഷ മാധ്യമങ്ങള്‍ ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രയോക്താക്കളായ തീവ്ര വലതുപക്ഷത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വാര്‍ത്താ മാധ്യമങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സിനിമപോലുള്ള ഇതര ബഹുജന മാധ്യമങ്ങളുടെ കാര്യത്തിലും ഇതാണവസ്ഥ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുകയും ആദര്‍ശവല്‍കരിക്കുകയും ചെയ്യുന്ന കാലാപാനി പോലുള്ള സിനിമകളുടെ നിര്‍മാതാക്കള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രീതിക്കും പദവികള്‍ക്കും അര്‍ഹരാകുന്നതും നമ്മള്‍ കാണുന്നുണ്ടല്ലോ. സമസ്ത മേഖലകളിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ പ്രീണിപ്പിക്കുവാനായി മലയാളം ഉള്‍പ്പെടെ എല്ലാ ഭാഷകളിലും ഇത്തരം സിനിമകളുണ്ടാവുന്നുണ്ട്.

കാലാപാനി | PHOTO: WIKI COMMONS
ദേശീയതലത്തില്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ചും ഹിന്ദി മാധ്യമങ്ങള്‍
ഭൂരിപക്ഷ വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് നിമിത്തമായതിനെ കുറിച്ചുള്ള നിരവധി വിശകലനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇതിനെപ്പറ്റി വേണ്ടത്ര അവബോധം കേരളത്തില്‍ ഇല്ലെന്ന് തോന്നുന്നു. എന്താണ് താങ്കള്‍ക്ക് തോന്നുന്നത്?

ഭൂരിപക്ഷ വര്‍ഗീയത സ്വീകാര്യമായ ഒരു പൊതുബോധമായി പടരുന്നതാണ് സിനിമ. ടെലിവിഷന്‍ പോലുള്ള ബഹുജന മാധ്യമങ്ങളിലൂടെയും നിര്‍ദോഷമെന്ന് കരുതപ്പെടുന്ന ആചാരാനുഷ്ഠാനങ്ങളിലൂടെയുമെല്ലാമാണ് ഇവ പൊതുമധ്യത്തിലെത്തുന്നത്. ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ട രാമായണ-മഹാഭാരത സീരിയലുകള്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഹിംസാത്മക രാഷ്ട്രീയപ്രയോഗത്തെ ഉത്തേജിപ്പിക്കുന്നതില്‍ വഹിച്ച പങ്കിനെപ്പറ്റി എത്രയോ പഠനങ്ങളുണ്ടായിട്ടുണ്ട്. ഹിന്ദിയിലും ഇതര ഭാഷകളിലുമുള്ള ഇന്നത്തെ സ്വകാര്യ ഹിന്ദി ചാനലുകളും വര്‍ഗീയധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതരം ഉള്ളടക്കങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആശയം പ്രകടമായി പറഞ്ഞുകൊണ്ടല്ലാതെയും ഈ വര്‍ഗീയപ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാനാവുമെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളുടെ യുഡിഎഫ് - എല്‍ഡിഎഫ് വിമര്‍ശനം. രണ്ട് മുന്നണിയും ഒരുപോലെ കൊള്ളരുതാത്തവരാണെന്ന നിഷ്പക്ഷഭാവത്തില്‍ ബിജെപിയെ പ്രീണിപ്പിക്കുവാനാണ് മലയാളം ചാനലുകള്‍ ഉത്സാഹിക്കുന്നത്. സ്ത്രീവിരുദ്ധത, കപടമായ രാജ്യസ്നേഹം, ഹിന്ദിയോടുള്ള മമത, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത മിത്തിക്കല്‍ ഭൂതകാലത്തെ സംബന്ധിച്ച മിഥ്യാഭിമാനം, ആചാരാനുഷ്ഠാനങ്ങളുടെ വീണ്ടെടുപ്പ്, സര്‍വശക്തനായ നായകന്റെ കരുത്താണ് ആദര്‍ശസാക്ഷാത്കാരത്തിന് വേണ്ടതെന്ന പൊതുബോധം, പരമ്പരാഗത കുടുംബസങ്കല്‍പ്പം, ത്യാഗംസഹിച്ചും ദാമ്പത്യത്തിന്റെ പവിത്രത സൂക്ഷിക്കേണ്ടയാളാണ് സ്ത്രീയെന്ന പുരുഷാധിപത്യബോധം- ഇങ്ങനെ നിരവധി സംഗതികളിലൂടെയും വലതുപക്ഷാശയങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുകയും പുനഃരുത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുരോഗമനവിരുദ്ധവും ശാസ്ത്രവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എല്ലാ ആശയങ്ങളും ഫലത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ സനാതനരാഷ്ട്രീയത്തെയാണ് നേരിട്ട് പിന്തുണയ്ക്കുന്നതെന്ന് നാം തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് ശബരിമലയിലെ സ്ത്രീപ്രവേശത്തെ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയുള്ള സമരാഭാസങ്ങളെപ്പോലും മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഹിന്ദുത്വ- തീവ്ര വലതുപക്ഷ മുദ്രാവാക്യം മുഴക്കാതെതന്നെ അതിന്റെ പ്രത്യയശാസ്ത്രത്തിന് പൊതുസമ്മതിയുണ്ടാക്കുവാനാണ് ബഹുജനമാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതിലവര്‍ വിജയിക്കുന്നുമുണ്ട്. ഇത് ഹിന്ദിയില്‍ മാത്രമല്ല മലയാളത്തിലും വ്യാപകമായിരിക്കുന്നു.

ദേശീയതലത്തില്‍ മാധ്യമങ്ങള്‍ വലതുപക്ഷത്തേക്ക് മാറിയെങ്കിലും കേരളത്തില്‍ അങ്ങനെ സംഭവിക്കില്ല എന്ന് കരുതിയിരുന്നു. എന്നാല്‍ അതല്ല സ്ഥിതി എന്ന് നമുക്ക് അറിയാം. അത്തരമൊരു അപകടത്തെ നേരത്തെ തിരിച്ചറിഞ്ഞ വ്യക്തി എന്ന നിലയില്‍ ഇപ്പോഴത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? 

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ ഉത്തരേന്ത്യയിലേതിനേക്കാള്‍ പരിതാപകരമാണ്. യാതൊരു സാമൂഹിക സാക്ഷരതയും സാമൂഹിക ഉത്തരവാദിത്തവുമില്ലാത്ത, അരാഷ്ട്രീയവാദികളെന്ന് മേനിനടിക്കുന്ന വെറും കരിയറിസ്റ്റുകളും, വാണിജ്യ-രാഷ്ട്രീയ ലാക്കുമാത്രമുള്ള മാധ്യമ ഉടമകളുമാണ് മലയാള മാധ്യമരംഗത്തെ വലതുപക്ഷരാഷ്ട്രീയത്തിന്റെ പതാകാവാഹകരാക്കിയത്. പാപ്പരാസി ജേര്‍ണലിസം ലോകത്തെവിടെയും മാധ്യമമണ്ഡലത്തിലെ ഒരു അധോലോകമാണ്. എന്നാല്‍ ഇവിടെയത് മുഖ്യധാരതന്നെയായി മാറിയിരിക്കുന്നു. ടെലിവിഷന്റെ വരവോടെയാണ് ഈ പ്രക്രിയ പ്രകടമാംവിധം അശ്ലീലമായത്. വര്‍ഗീയവാദികളെ ഏത് വിഷയത്തിലുള്ള സംവാദത്തിനും ക്ഷണിച്ചിരുത്തി വര്‍ഗീയത പ്രചരിപ്പിക്കുവാന്‍ അവസരം നല്‍കിയ മലയാളം ടെലിവിഷന്‍ ചാനലുകള്‍ സംഘപരിവാര ഭക്തരെ ജേര്‍ണലിസ്റ്റുകളുടെ കുപ്പായമിടുവിച്ച് സ്ഥിരം വക്താക്കളാക്കാനും തുടങ്ങിയിട്ടുണ്ട്. റിപ്പബ്ലിക് ചാനലിലെ അര്‍ണാബ് ഗോസ്വാമിയും ടൈംസ് നൗ ചാനലിലെ നവിക കുമാറും റിപ്പോര്‍ട്ടര്‍ ചാനലിലെ സുജയ പാര്‍വതിയുമെല്ലാം യാതൊരു മറയുമില്ലാതെയാണ് തങ്ങളുടെ ഹിന്ദുത്വ വര്‍ഗീയ അജണ്ട പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിലവര്‍ക്ക് മടിയോ ലജ്ജയോ ഇല്ല. അതിനവരെ അഭിനന്ദിക്കണം.  മാധ്യമമുതലാളിമാര്‍ അണിയിച്ച ജേര്‍ണലിസ്റ്റ് വേഷം അഴിച്ചുകളഞ്ഞ് സ്വയം നഗ്‌നരാവുന്ന ഇത്തരമാളുകളാണ് നമ്മുടെ മിക്ക ചാനലുകളിലെയും നിഷ്പക്ഷ നാട്യക്കാരായ ടിവി അവതാരകരെക്കാളും സത്യസന്ധരെന്ന് പറഞ്ഞാല്‍ അതൊരു അമിതപ്രശംസയാവുമോ എന്നും പേടിക്കണം.

മലയാളത്തിലെ മുഴുവന്‍ വാര്‍ത്താ ചാനലുകളും ഇന്ന് മന്ദബുദ്ധികളുടെയും മനോരോഗികളുടെയും വിനോദവിഭവമായി മാറിക്കഴിഞ്ഞുവെന്ന് പറയാതെവയ്യ... ദ വയറും ന്യൂസ് ലോണ്‍ട്രിയും പോലുള്ള സമാന്തര ഇംഗ്ലീഷ് ഡിജിറ്റല്‍ മാധ്യമങ്ങളെപ്പോലെ സാമൂഹികമായ ഉത്തരവാദിത്തവും മതേതര-ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധതയുമുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ മലയാളത്തിലും ഉയര്‍ന്നുവരുന്നുണ്ട്. മാധ്യമധാര്‍മികതയെ സംബന്ധിച്ച സമാനധാരണകള്‍ പങ്കിടുന്ന സമാന്തര മാധ്യമങ്ങള്‍ മത്സരിക്കുകയല്ല, പരസ്പരം സഹകരിക്കുകയാണ് വേണ്ടത്. അവയുടെ ഒരു കൂട്ടായ്മയും ദിശാബോധവും ഉണ്ടായാലേ അതിജീവിക്കാനാവൂ.


REPRESENTATIVE IMAGE: WIKI COMMONS
ലെഗസി മീഡിയയെക്കാള്‍ ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനത്തെ പറ്റിയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവയുടെ സ്വാധീനം വളരെ ശക്തമാണ്. എന്താണ് ഈ വിഷയത്തില്‍ പറയാനുള്ളത്? 

ലെഗസി മീഡിയ (അഥവാ, പരമ്പരാഗത മാധ്യമങ്ങള്‍) സമ്പൂര്‍ണ പാപ്പരാസി മീഡിയയായി മാറിത്തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഡിജിറ്റല്‍ മീഡിയയുടെ ആവിര്‍ഭാവം ഡിജിറ്റല്‍ മീഡിയ മാധ്യമമണ്ഡലത്തിലെ ജനാധിപത്യവല്‍ക്കരണ-ജനകീയവല്‍ക്കരണ പ്രക്രിയയിലേക്കുള്ള വിപ്ലവകരമായ ചുവടുവയ്പ്പായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ആ സാധ്യതയാണോ സോഷ്യല്‍ മീഡിയയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്? സാമൂഹികവിരുദ്ധ മാധ്യമങ്ങളെന്ന് വിശേഷിപ്പിക്കേണ്ട തരത്തില്‍ സാമൂഹികമാധ്യമങ്ങള്‍ പരിണമിച്ചതിനുപിന്നിലും ഭരണകൂടരാഷ്ട്രീയത്തിന്റെ വലിയൊരു ഗൂഢാലോചനയുണ്ട്. ലെഗസി മീഡിയയെന്ന് നിങ്ങള്‍ പറയുന്നതിന്റെ ഒരു എക്സ്റ്റെന്‍ഷനായി ഡിജിറ്റല്‍ മീഡിയയും മാറി. രാജ്യം ഭരിക്കുന്ന സംഘപരിവാരം ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരാണ് ഇന്ന് ഇന്ത്യയിലെ ഡിജിറ്റല്‍ മീഡിയയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. വാര്‍ത്തകളെ മാത്രമല്ല, ചരിത്രത്തെയും തങ്ങള്‍ക്കനുകൂലമായി വക്രീകരിക്കുവാന്‍ പരിശീലനം സിദ്ധിച്ചവരാണ് ഇവരുടെ മീഡിയാ സെല്ലുകള്‍ക്കുവേണ്ടി പണിയെടുക്കുന്നത്. ഫെയ്ക് ന്യൂസ് ഫാക്ടറികളെന്നാണ് അവ അറിയപ്പെടുന്നത്. വ്യാജവാര്‍ത്താ നിര്‍മിതി ഒരു വന്‍ വ്യവസായമാക്കിയ ബിജെപിയുടെ മീഡിയാ സെല്ലിന്റെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരാണ് ഡിജിറ്റല്‍ മീഡിയയില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്.

* 2024 ലെ തിരഞ്ഞെടുപ്പില്‍ മീഡിയ നിര്‍ണായക പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. മീഡിയയില്‍ പണത്തിന്റെ സ്വാധീനം അസാധാരണമായ നിലയില്‍ ആയെന്നും കരുതപ്പെടുന്നു. എന്താണ് താങ്കളുടെ വീക്ഷണം?

2024-ലെ തിരഞ്ഞെടുപ്പ് മോദിക്കും ബിജെപിക്കും സംഘപരിവാറിനും അതീവ നിര്‍ണായകമായതിനാല്‍ സകല മാധ്യമങ്ങളെയും അവര്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുമെന്നതില്‍ സംശയമില്ല. വഴങ്ങാത്ത മാധ്യമങ്ങള്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നതിന് മുന്‍കാല അനുഭവങ്ങള്‍ തെളിവാണ്. സോഷ്യല്‍ മീഡിയയും പരമ്പരാഗത മുഖ്യധാരാ മാധ്യമങ്ങളും പൊതുവെ കാവിവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമായിക്കഴിഞ്ഞ സാഹചര്യത്തില്‍ ആ ഭയം അസ്ഥാനത്തല്ല. അനേകം ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ ഇന്ത്യന്‍ മാധ്യമമേഖലയില്‍ വളരെച്ചെറിയൊരു ശതമാനം മാധ്യമങ്ങള്‍ മാത്രമേ ഭരണകൂടത്തിന്റെ വര്‍ഗീയനിലപാടുകളോട് കലഹിക്കുവാന്‍ മുതിരുന്നുള്ളൂ. സമാനമായ ജനാധിപത്യവീക്ഷണമുള്ള എല്ലാ ഭാഷകളിലെയും മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒരു അടിയന്തരസാഹചര്യമാണിത്. ഒരു ജനാധിപത്യ ഡിജിറ്റല്‍ മാധ്യമക്കൂട്ടായ്മയും (Democratic media fraternity) പ്രതിപക്ഷമുന്നണിയോടൊപ്പം രൂപപ്പെടേണ്ടതുണ്ട്. കേരളത്തില്‍നിന്നുതന്നെ അതിനൊരു പരിശ്രമം ഉണ്ടാവട്ടെ എന്നാണ് എന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നത്.


#Interview
#Great Indian Elections
Leave a comment