TMJ
searchnav-menu
post-thumbnail

Great Indian Elections

തിരഞ്ഞെടുപ്പ് ബോണ്ടുകൾ നിർത്തലാക്കണം

22 Nov 2023   |   9 min Read
K P Sethunath

ന്ത്യന്‍ ജനാധിപത്യത്തിന്റെ ജീര്‍ണ്ണത തടയുന്നതിന് മൂന്നു നിര്‍ണ്ണായക മേഖലകളില്‍ സമ്പൂര്‍ണ്ണവും, ഫലപ്രദവുമായ പരിഷ്‌ക്കാരങ്ങള്‍ അത്യാവശ്യമായി നടപ്പിലാക്കണമെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ് വൈ ഖുറേഷി അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പുകള്‍, ടെലിവിഷന്‍-ഡിജിറ്റല്‍ മാധ്യമലോകം, രാഷ്ട്രീയ സംസ്‌ക്കാരം എന്നിവയാണ് പരിഷ്‌ക്കാരങ്ങള്‍ അനിവാര്യമായ മേഖലകളെന്നു മലബാര്‍ ജേര്‍ണലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുടെ ജനാധിപത്യ പരീക്ഷണം: തെരഞ്ഞെടുപ്പുകളിലൂടെ ഒരു രാജ്യത്തിന്റെ ജീവിതം' എന്ന അടുത്തിടെ പ്രസിദ്ധീകരിച്ച വിഖ്യാത പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ഖുറേഷി പരിഷ്‌ക്കാരങ്ങള്‍, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിവിധ തെരഞ്ഞെടുപ്പു-രാഷ്ട്രീയ വിഷയങ്ങളില്‍ കെപി സേതുനാഥുമായി സംസാരിക്കുന്നു.

മതനിരപേക്ഷത, പൗരാവകാശം, കരുണ എന്നിവയാണ് ജീവത്തായ ഒരു ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്ത സുപ്രധാന തത്ത്വങ്ങളെന്നു താങ്കള്‍ നിരീക്ഷിക്കുകയുണ്ടായി. ഒഴിച്ചുകൂടാനാവാത്ത ഈ സുപ്രധാന തത്ത്വങ്ങളാണ് നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പു വേളകളില്‍ ഇന്ത്യയില്‍ നിഷ്‌ക്കാസനം ചെയ്യപ്പെടുന്നത്. ഈയൊരു വൈരുദ്ധ്യത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്യുക. ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന തത്ത്വങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രധാന ശക്തികള്‍ മുഖ്യധാര രാഷ്ട്രീയകക്ഷികളാണെന്ന കാര്യം വിഷയത്തെ കൂടുതല്‍ ഗൗരവവും അടിയന്തരവുമാക്കുന്നു. താങ്കളുടെ അഭിപ്രായത്തില്‍ ഈയൊരു സ്ഥിതിവിശേഷത്തെ എങ്ങനെയാണ് മറികടക്കാനാവുക? 

തെരഞ്ഞെടുപ്പിനെ ഒറ്റപ്പെട്ട ഒന്നായി കാണരുതെന്നാണ് ആദ്യമേ എനിക്ക് പറയാനുള്ളത്. നമ്മുടെ വിശാലമായ സാംസ്‌ക്കാരിക ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ നടക്കുന്ന ഒന്നാണ് തെരഞ്ഞെടുപ്പുകള്‍. കൂടുതല്‍ ജീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യത്തിന്റെ പരിച്ഛേദമാണ് തെരഞ്ഞെടുപ്പിന്റെ മണ്ഡലത്തില്‍ നടക്കുന്നതും. അതിന് തടയിടുന്നതിന് സമ്പൂര്‍ണ്ണവും ഫലപ്രദവുമായ മാറ്റങ്ങള്‍ മൂന്നു മേഖലകളില്‍ അനിവാര്യമാണ്. തെരഞ്ഞെടുപ്പുകള്‍, ടെലിവിഷന്‍-ഡിജിറ്റല്‍ മീഡിയ, രാഷ്ട്രീയ സംസ്‌ക്കാരം എന്നീ മേഖലകളിലാണ് സമ്പൂര്‍ണ്ണമായ പരിഷ്‌ക്കാരങ്ങള്‍ അടിയന്തരമായി നടപ്പിലാകേണ്ടത്.

തെരഞ്ഞെടുപ്പു മേഖലയില്‍ ആവശ്യവും, ഉചിതവുമായ പരിഷ്‌ക്കാരങ്ങള്‍ക്കായി ഞാന്‍ ദീര്‍ഘകാലമായി വാദിക്കുന്നു: തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വയാധികാരവും, വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുക, പണത്തിന്റെ സ്വാധീനത്തിന് തടയിടുക, പാര്‍ട്ടികള്‍ക്കുള്ളിലെ ജനാധിപത്യം ശക്തിപ്പെടുത്തുക, ക്രിമിനല്‍വല്‍ക്കരണത്തെ ഇല്ലാതാക്കുക, തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക സര്‍വോപരി ഭരണഘടനയും, മാതൃകാ പെരുമാറ്റച്ചട്ടവും നല്‍കുന്ന അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി ഭരണകൂടത്തിന്റെ കൈകടത്തലുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിവുള്ള ശക്തരും ധൈര്യശാലികളുമായ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരും ഉണ്ടാവണം.

മാധ്യമ ശൃംഖലയില്‍ നാം പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കണം: വിദ്വേഷ ഭാഷണങ്ങളും, ഡാറ്റ ദുരുപയോഗവും തടയാനും, വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനും, പൗരരുടെ സ്വകാര്യത സംരക്ഷിക്കാനും, അഭിപ്രായ സ്വാതന്ത്യം ഉറപ്പുവരുത്താനം ശക്തമായ നിയമങ്ങള്‍ ഉണ്ടാവണം. ചില പ്രത്യേക അജന്‍ഡകളില്‍ മാത്രം അമിതമായി കേന്ദ്രീകരിക്കുന്ന കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമ ശൃംഖലകള്‍ ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതമാണ്. ന്യൂനപക്ഷ സമുദായങ്ങളിലും മര്‍ദ്ദിത ജാതി-ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും, സ്ത്രീകളുടെയും പ്രാതിനിധ്യം കൂടുതലാക്കുന്നതിന് രാഷ്ട്രീയ സംസ്‌കാരത്തില്‍ വേണ്ട പരിഷ്‌ക്കരണം നടത്തണം. ഏതാനും ദശകങ്ങളായി നമ്മള്‍ ഗണ്യമായ ചില പുരോഗതികള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ജനാധിപത്യം ഒരു കഠിനാദ്ധ്വാനമാണ്. അതിനാല്‍ ജനാധിപത്യത്തെ വികസിപ്പിക്കുവാനും, സുസ്ഥിരമാക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനൊപ്പം നമ്മള്‍ നിതാന്ത ജാഗ്രതയും പുലര്‍ത്തണം. അല്ലാത്തപക്ഷം ജനാധിപത്യം പൊള്ളയാക്കപ്പെടും.

REPRESENTATIVE IMAGE |  PTI
താങ്കള്‍ എഡിറ്ററായി 2018-ല്‍ പ്രസിദ്ധീകരിച്ച 'ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് ഡെമോക്രസി: സെവന്‍ ഡെക്കേഡ്സ് ഓഫ് ഇന്ത്യന്‍ ഇലക്ഷന്‍സ്' എന്ന കൃതിയുടെ തുടക്കം പ്രമുഖ രാഷ്ട്രമീമാംസകനായ ബിക്കു പരേഖിന്റെ ഡയലക്ടിക് ഓഫ് ഇലക്ഷന്‍സ് എന്ന ലേഖനമാണ്. അതില്‍ ജനാധിപത്യത്തിന്റെ സുപ്രധാന ചേരുവകളായി മൂന്നു കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു: തെരഞ്ഞെടുപ്പുകള്‍, പൊതുസംവാദം, പ്രതിഷേധം എന്നിവയാണ് അവ. അതില്‍ അവസാനം പറഞ്ഞ രണ്ടെണ്ണത്തിന്റെ ചൂടും ചൂരും ഇന്ത്യയില്‍ ഏതാണ്ട് ഇല്ലാതായതായി അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അവയാണെങ്കില്‍ 'അധികാരത്തിലെത്താനുള്ള വാഹനങ്ങള്‍' മാത്രമായെന്നു പരേഖ് പരിതപിക്കുന്നു. മതേതരത്വം, പൗരാവകാശം, കരുണ എന്നിവയുടെ ശോഷണം തെരഞ്ഞെടുപ്പുകള്‍ അധികാരത്തിലെത്താനുള്ള വാഹനങ്ങള്‍ മാത്രമായി ചുരുങ്ങിയതിന്റെ ഫലമാണെന്നു കരുതാനാവുമോ?

പരേഖിന്റെ വിശകലനത്തിന്റെ ചില ഭാഗവുമായി ഞാന്‍ യോജിക്കുന്നു. അദ്ദേഹം പറഞ്ഞ മൂന്നു ചേരുവകള്‍ കൃത്യമാണ്. പ്രതിഷേധം പലപ്പോഴും പൊതുസംവാദമായി മാറുന്നുവെന്നാണ് ഗുണപരമായി എനിക്ക് കൂട്ടിച്ചേര്‍ക്കാനാവുക. ഇക്കാര്യത്തില്‍ പരേഖിനെക്കാള്‍ ശുഭാപ്തി വിശ്വാസിയാണ് ഞാന്‍. ഇന്ത്യന്‍ ജനത നല്ല കാര്യശേഷിയുള്ളവരാണ്. വൈവിധ്യങ്ങളുടെയും, ബഹുസ്വരതയുടെയും അഭാവത്തില്‍ ദൈനംദിന ജീവിതംപോലും പ്രായോഗികമായി മുന്നോട്ടുപോവില്ലെന്ന് അവര്‍ക്കറിയാം. മതേതര വിരുദ്ധശക്തികള്‍ എത്രമാത്രം സ്വാധീനം ചെലുത്തിയാലും ഈ വൈവിധ്യത്തെ വെറുതെ ഇല്ലാതാക്കാനാവില്ല. ആഗോളതലത്തില്‍ പ്രാധാന്യമുള്ള ഒരു കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ, വിപ്ലവകരമായ പ്രതിഷേധത്തിന്റെ അടിത്തറയിലാണ് ഈ രാജ്യം നിലനില്‍ക്കുന്നതെന്ന വസ്തുത നാം ഓര്‍മ്മിക്കണം. സമീപകാലത്തെ സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരം, കര്‍ഷക സമരം, വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സമരങ്ങളെല്ലാം വിജയമായിരുന്നു. അതുകൊണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. അടിസ്ഥാന വിഷയങ്ങള്‍ തിരിച്ചറിയുകയെന്നതാണ് പ്രാഥമിക കാര്യം. മാതൃകാ പെരുമാറ്റച്ചട്ടം ഭംഗിയായി നടപ്പിലാക്കുക, ഭരണകൂടത്തിന്റെ കൈകടത്തലുകളെ ചെറുക്കുന്ന ശക്തരായ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍, പണത്തിന്റെ സ്വാധീനത്തിനുള്ള നിയന്ത്രണം വരുത്തേണ്ടതാണ്. ഇവിടെ ഒരുകാര്യം എനിക്ക് പറയേണ്ടതുണ്ട്. തെരഞ്ഞെടുപ്പു ബോണ്ടുകള്‍ നാം ഉപേക്ഷിക്കണം. അവ ഇപ്പോഴുമുള്ള പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുവാന്‍ മാത്രമാണ് ഉപകാരപ്പെടുകയെന്നു മാത്രമല്ല പുതുതായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുമാണ് വഴിയൊരുക്കുക. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പുകള്‍ അധികാരത്തിലെത്താനുള്ള വാഹനങ്ങള്‍ മാത്രമല്ല. വോട്ടവകാശം വിനിയോഗിക്കുവാന്‍ ജനങ്ങള്‍ വളരെ കൂടുതലായി പ്രത്യേകിച്ചും സ്ത്രീകള്‍ മുന്നോട്ടുവരുന്നു. തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത് രാഷ്ട്രീയകക്ഷികളെ ഇടയ്ക്കിടെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നു. മെച്ചപ്പെട്ട തെരഞ്ഞെടുപ്പു സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് ഒരു ജനാധിപത്യത്തിന്റെ ഏറ്റവും സുപ്രധാന ഘടകം. തെരഞ്ഞെടുപ്പുകള്‍ അധികാരം നഷ്ടപ്പെടാനുള്ള വാഹനങ്ങള്‍ കൂടിയാണെന്ന കാര്യം നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. കണക്കുപറയലിന്റെ ഈ സംവിധാനമാണ് അതിന്റെ ശക്തി.

രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സംവാദങ്ങളിലെ ഏറ്റവും ചൂടേറിയതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന വിഷയം. ഈ നിര്‍ദ്ദേശത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി താങ്കളുടെ പുസ്തകം പ്രതിപാദിക്കുന്നു. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ മാറ്റിനിര്‍ത്തിയാല്‍ അധികാരം കൂടുതല്‍ കേന്ദ്രീകൃതമാവുന്നതും അവശേഷിക്കുന്ന ഫെഡറല്‍ സംവിധാനം കൂടുതല്‍ ദുര്‍ബലമാവുന്നതിന്റെയും ഭാഗമായാണ്. അത്തരമൊരു ആശയത്തിനോടുള്ള ആകര്‍ഷണമെന്ന വിലയിരുത്തലിനെ എങ്ങനെ കാണുന്നു?

ഞാന്‍ യോജിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നമ്മുടെ ഫെഡറല്‍ ഘടനയുടെ നേര്‍ക്കുള്ള അടിസ്ഥാനപരമായ ഭീഷണിയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും മുന്‍ഗണനകളും, വിഷയങ്ങളും വെറുതെ ഒന്നായി കൂട്ടിക്കെട്ടാനാവില്ല. അതിനെല്ലാമുപരി വെവ്വേറെയുള്ള വ്യത്യസ്തങ്ങളായ തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും മുള്‍മുനയില്‍ നിര്‍ത്തുവാനും അവരെ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുവാനും നിര്‍ബന്ധിതരാക്കും.

അത് ശക്തമായ ഒരു പ്രതികരണ സംവിധാനമാണ്. ചെലവുകള്‍ കുറയ്ക്കാന്‍ ഒറ്റ തെരഞ്ഞെടുപ്പ് ഉതകുമെന്ന വാദത്തെപ്പറ്റി രണ്ടു കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. അസഹനീയമായ നിലയില്‍ താങ്ങാനാവാത്ത തുക തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്നില്ല. അതില്‍ ONOE വലിയ കുറവുകള്‍ വരുത്താന്‍ പോണില്ല. തെരഞ്ഞെടുപ്പിനായി പണം ചിലവഴിക്കുന്നത് അത്ര മോശം കാര്യമല്ല. സജീവമായ ഒരു ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനഘടകമാണ് തെരഞ്ഞെടുപ്പുകള്‍. അതിനെല്ലാമുപരി ONOE ആര്‍ക്കാണ് ഉപകാരപ്പെടുകയെന്നു പരിശോധിക്കണം. ജനങ്ങളുടെ ആവശ്യങ്ങളും, പ്രതീക്ഷകളും നിറവേറ്റുന്നതിനു പകരം കൗശലക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങളാവും ഈ സംവിധാനം നിറവേറ്റുകയെന്നാണ് എന്റെ തോന്നല്‍. തെരഞ്ഞെടുപ്പും, രാഷ്ട്രീയവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെങ്കില്‍ -- വളരെ ഉള്‍ക്കാഴ്ച്ചയുള്ള പരിഷ്‌ക്കാരങ്ങള്‍ വേണ്ട ഒരു മേഖലയാണെന്ന കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു -- അത് നിറവേറ്റുന്നതിന് കൂടുതല്‍ ഫലപ്രദവും, ലക്ഷ്യപ്രാപ്തിയുള്ളതുമായ പരിഹാരങ്ങള്‍ ലഭ്യമാണ്. ഞാന്‍ വളരെക്കാലമായി വാദിക്കുന്ന തരത്തിലുള്ള പരിഷ്‌ക്കാരങ്ങളും മേല്‍വിവരിച്ച തരത്തിലുള്ള മാറ്റങ്ങളും വരുത്തുന്നതില്‍ ONOE അപര്യാപ്തമാണ്.

REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയുടെ ജനാധിപത്യ പരീക്ഷണങ്ങള്‍ എന്ന കൃതിയുടെ പ്രകാശനവേളയില്‍ ജസ്റ്റിസ് ഫാലി എസ് നരിമാന്‍ പ്രകടിപ്പിച്ച ഒരു അഭിപ്രായത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ കൂടുതലായി ഒരു പ്രസിഡന്‍ഷ്യല്‍ മട്ടിലുള്ള തെരഞ്ഞെടുപ്പായി മാറുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ നിഗമനത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ എന്താണ് അത്തരമൊരു മാറ്റത്തിനുളള കാരണം? എന്താണ് താങ്കളുടെ പ്രതികരണം.

പ്രധാനമന്ത്രിയും ബിജെപി പ്രവര്‍ത്തകരും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന നേതാക്കള്‍ക്കുപകരം പ്രധാനമന്ത്രി മോദിയുടെ പേരില്‍ വോട്ടു ചോദിക്കുന്ന രീതി കൂടുതലായും കാണുന്നു. ഒറ്റ തെരഞ്ഞെടുപ്പിനായുള്ള കോപ്പുകൂട്ടല്‍, ഡബിള്‍ എന്‍ജിന്‍ വളര്‍ച്ച, വ്യക്തിപ്രഭാവത്തിന്റെ ബോധപൂര്‍വ്വമായ കെട്ടിയൊരുക്കല്‍ എന്നിവയെല്ലാം വിരല്‍ചൂണ്ടുന്നത്, കുറഞ്ഞപക്ഷം ആശയപരമായെങ്കിലും, അത്തരമൊരു സംവിധാനത്തിലേക്കുള്ള ചായ്വാണ്്. ഏതായാലും പ്രസിഡന്‍ഷ്യല്‍ രീതിയാണോ അല്ലയോ എന്ന കാര്യത്തിലുളള സംവാദം പുതിയതല്ല. വെസ്റ്റുമിനിസ്റ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യം ഇന്ത്യയ്ക്ക് യോജിച്ചതല്ലെന്ന വാദം ബിജെപി-യുടെ പൂര്‍വ്വരൂപമായ ജനസംഘത്തിന്റെ കാലം മുതല്‍ ഉള്ളതാണ്. അടല്‍ബിഹാരി വാജ്പേയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എംഎന്‍ വെങ്കിടചെല്ലയ്യയുടെ അധ്യക്ഷതയില്‍ 'ഭരണഘടനയുടെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍' ഒരു കമ്മീഷനെ നിയമിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി എല്‍കെ അദ്വാനിയും, നിയമമന്ത്രി രാംജത്മലാനിയും ഇന്ത്യയ്ക്ക് അനുയോജ്യം പ്രസിഡന്‍ഷ്യല്‍ സമ്പ്രദായമാണെന്ന അഭിപ്രായക്കാരായിരുന്നു. അന്നത്തെ രാഷ്ട്രപതി കെആര്‍ നാരായണനടക്കമുള്ളവരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് കമ്മീഷന്‍ ഈ വിഷയം നേരിട്ട് പരിഗണിച്ചില്ല. കമ്മീഷന്റെ റിപ്പോര്‍ട്ട് വാജ്പേയ് പുറത്തെടുത്തില്ല.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന് ലോക്‌സഭയില്‍ സുഗമമായ ഭൂരിപക്ഷവും രാജ്യസഭയില്‍ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്ന 1984-ന്റെ പകുതിയില്‍ -- പൊതുതെരഞ്ഞെടുപ്പിന് കഷ്ടി എട്ടുമാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ -- പാര്‍ട്ടി നേതാവായിരുന്ന വസന്ത് സാഠെയും കോണ്‍ഗ്രസ്സിന്റെ ലീഗല്‍ സെല്ലും പ്രസിഡന്‍ഷ്യല്‍ സമ്പ്രദായമാണ് വേണ്ടതെന്ന കാര്യത്തില്‍ ഒരു സംവാദത്തിന് തുടക്കമിട്ടു. രാഷ്ട്രീയ സാമ്പത്തിക അഴിമതി അവസാനിപ്പിച്ച് ശുദ്ധീകരിക്കുവാന്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം വഴിയൊരുക്കുമെന്നായിരുന്നു സാഠെയുടെ വാദം. ഇന്ദിരാ ഗാന്ധിയുടെ മനസ്സിലുള്ള പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം നഗ്‌നമായ ഏകാധിപത്യമാണെന്നു അന്നത്തെ പ്രതിപക്ഷ നേതാവ് ചരണ്‍സിംഗ് പറഞ്ഞിരുന്നു. വാജ്പേയും എതിരായിരുന്നുവെന്നു മാത്രമല്ല പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ക്കുമെന്നും പറഞ്ഞിരുന്നു.

ഏതാണ്ട് സമാനമായ ആഗ്രഹങ്ങള്‍ക്കും ആശങ്കകള്‍ക്കും നമ്മള്‍ ഇപ്പോള്‍ വിധേയരാവുകയാണ്. എന്റെ അഭിപ്രായത്തില്‍ വെസ്റ്റുമിനിസ്റ്റര്‍ ശൈലിയിലുള്ള പാര്‍ലമെന്ററി സംവിധാനമാണ് ഇന്ത്യയില്‍ ഏറ്റവും ഉചിതം. പ്രസിഡന്‍ഷ്യല്‍ സംവിധാനം നമുക്ക് ഗുണത്തേക്കാള്‍ ദോഷമാവും വരുത്തുക. നിലവിലുള്ള സംവിധാനത്തിലെ കുറവുകള്‍ തീര്‍ച്ചയായും തിരുത്തപ്പെടണം. അതിന്റെ അര്‍ത്ഥം സംവിധാനത്തെ അപ്പാടെ ഉപേക്ഷിക്കുകയെന്നല്ല.

ജസ്റ്റിസ് ഫാലി എസ് നരിമാന്‍ | PHOTO: WIKI COMMONS
താങ്കളുടെ കൃതിയില്‍ വളരെ വിശദമായി കൈകാര്യം ചെയ്ത വിഷയങ്ങളിലൊന്നാണ് ഇവിഎം. ഇവിഎം സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെ താങ്കള്‍ സര്‍വാത്മന പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരു സ്ഥാപനമെന്ന നിലയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനമികവിലാണ് കൃത്രിമം കാണിക്കുവാന്‍ സാധ്യതയില്ലാത്ത ഇവിഎം-കളെ കുറിച്ചുള്ള താങ്കളുടെ ആത്മവിശ്വാസം പ്രധാനമായും ഊന്നുന്നത്. ഇവിഎം-കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദമായ മേല്‍നോട്ട സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വന്‍ രാഷ്ട്രീയമാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിട്ടുമാറാത്ത സംശയങ്ങള്‍ ബാക്കിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാലുഷ്യങ്ങളും മറക്കാനാവില്ല. ഈയൊരു സാഹചര്യത്തില്‍ കുറ്റമറ്റ ഇവിഎം-കളെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തല്‍ എന്താണ്?

തെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ അഭിമാനമുള്ള ആഗോള നേതാവായി ഇവിഎം-കള്‍ ഇന്ത്യയെ മാറ്റി. വിവിപാറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഇവിഎമ്മുകള്‍ കുറ്റമറ്റവയായി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ കൈക്കൊണ്ട നിലപാടുകള്‍ ശരിയായിരുന്നുവെന്നു 2019-ലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. നാലു തലങ്ങളിലാണ് സുരക്ഷ. സാങ്കേതികമായ സുരക്ഷയാണ് ഒന്നാമത്. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളായ ബെല്‍, (BEL) ഇസിഐഎല്ലുമാണ് ഇവിഎമ്മുകള്‍ നിര്‍മ്മിക്കുന്നത്. പഴുതടച്ച നിര്‍മ്മാണമാണ് അവര്‍ നടത്തുന്നത്. ഇവിഎമ്മുകളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതിന്റെ എല്ലാഘട്ടത്തിലും തികഞ്ഞ സുരക്ഷയിലാണ് നടക്കുന്നതെന്നു മാത്രമല്ല അവയുടെ വീഡിയോ റിക്കോര്‍ഡിങ്ങും നടത്തുന്നു. മൂന്നാമതായി ഇന്ത്യയിലെ ഏറ്റവും മികച്ച ഐഐടി-കളില്‍ നിന്നുള്ള 15 വിദഗ്ധരുടെ സ്വതന്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ പരിശോധനകളാണ്. ഈ പ്രക്രിയകളുടെയെല്ലാം ഗുണദോഷവിചാരം സുപ്രീംകോടതി മുതല്‍ വിവിധ ഹൈക്കോടതികള്‍ വരെ വിലയിരുത്തി അംഗീകരിച്ചതാണ്. തെരഞ്ഞെടുപ്പു സാങ്കേതികവിദ്യയില്‍ ഇന്ത്യയെ ഒരു വഴികാട്ടിയാക്കുവാന്‍ ഇവിഎമ്മുകള്‍ സഹായിക്കുമെന്നാണ് എന്റെ വിലയിരുത്തല്‍. അതിനെ എല്ലാ തരത്തിലും കുറ്റമറ്റതായി സൂക്ഷിക്കേണ്ടതാണ്.

വര്‍ഗീയത, ജാതീയത, അഴിമതി എന്നീ തിന്മകള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്നത് തെരഞ്ഞെടുപ്പു സമയത്താണെന്ന് താങ്കള്‍ നിരീക്ഷിക്കുന്നു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകളുടെ അഭാവം ഈ തിന്മകളെ താരതമ്യേന അടക്കിനിര്‍ത്തുവാന്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന നിര്‍ദ്ദേശത്തില്‍ താങ്കള്‍ കാണുന്ന ഗുണപരമായ ഏകകാര്യം. കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളും, പാറാവുകളും നടപ്പിലാക്കുന്നതിലൂടെ തെരഞ്ഞെടുപ്പു കമ്മീഷന് ഈ പ്രവണതകളെ നിയന്ത്രിക്കാനാവുമോ?

തെരഞ്ഞെടുപ്പു കാലങ്ങളിലാണ് ഇത്തരം വിഷയങ്ങള്‍ വര്‍ധിതവീര്യത്തോടെ പ്രത്യക്ഷപ്പെടുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നേരത്തെയുള്ള എന്റെ പ്രതികരണങ്ങളില്‍ പരാമര്‍ശിച്ചതുപോലെ അത്തരം പ്രവണതകളെ നേരിടുന്നതിന് ഭരണഘടനാപരമായ ശക്തമായ സംവിധാനങ്ങള്‍ ലഭ്യമാണ്. മാതൃക പെരുമാറ്റചട്ടം കര്‍ക്കശമായി നടപ്പിലാക്കുക, വിദ്വേഷ പ്രചാരണങ്ങളും, വ്യാജവാര്‍ത്തകളും നടത്തുന്നവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കുക എന്നിവയെല്ലാം സാധ്യമാക്കുന്ന കര്‍ശനമായ നിയമങ്ങളുണ്ട്. ഉറച്ച് തീരുമാനങ്ങളെടുക്കുന്ന ശക്തരായ കമ്മീഷണര്‍മാര്‍ക്ക് അതിന് കഴിയും. രാഷ്ട്രീയ ഇച്ഛാശക്തി, ധാര്‍മികമായ ധൈര്യം, പൗരധര്‍മ്മം എന്നിവയെ ആശ്രയിച്ചാവും ഇതെല്ലാം നടക്കുക. ഈ തത്ത്വങ്ങളെല്ലാം തെരഞ്ഞെടുപ്പുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാവേണ്ടിയിരിക്കുന്നു.

പണത്തിന്റെ അപ്രമാദിത്തമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ മുഖമുദ്ര. രാഷ്ട്രീയകക്ഷികളുടെ ഫണ്ടു സമാഹരണമാണ് അഴിമതിയുടെയും, ക്രോണിയിസത്തിന്റെയും മുഖ്യകാരണം. ഇന്ത്യയില്‍ മാത്രമല്ല ഈ പ്രവണത. ജനാധിപത്യപരമായി മുന്നേറിയെന്നു പറയുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ പോലും സംഭാവന നല്‍കുന്നവരുടെ സ്വാധീനം ചെറുതല്ല. ഒരുപക്ഷേ, മൂന്നാംലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ രീതികള്‍ വ്യത്യസ്തമായിരിക്കും. എന്താണ് താങ്കളുടെ വീക്ഷണം. ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുക ഒരു പരിഹാരമായി കരുതാനാവുമോ?

പണത്തിന്റെ സ്വാധീനം വളരെ നിര്‍ണ്ണായകമായ വിഷയമാണ്. തെരഞ്ഞെടുപ്പ് പണവുമായി ബന്ധപ്പെട്ട നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചിലവഴിക്കാവുന്ന പണത്തിന് പരിധിയുള്ളതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിലവഴിക്കാവുന്ന പണത്തിനും പരിധി നിശ്ചയിക്കുക. സ്വകാര്യ സംഭാവനകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയശേഷം രാഷ്ട്രീയ കക്ഷികള്‍ക്ക് (തെരഞ്ഞെടുപ്പിനല്ല) സ്വതന്ത്രമായ ഓഡിറ്റിന്റെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുക. നികുതിയില്ലാത്ത സംഭാവനകളെല്ലാം സ്വീകരിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു ദേശീയ തെരഞ്ഞെടുപ്പു നിധി രൂപപ്പെടുത്തുക. രാഷ്ട്രീയ കക്ഷികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളില്‍ ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുകയും ചെയ്യുക. രാഷ്ട്രീയ കക്ഷികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക. പണത്തിന്റെ ദുസ്വാധീനത്തെപ്പറ്റി വിശ്വസനീയമായ തെളിവുകള്‍ ലഭിക്കുന്ന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദു ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കുക. പത്തുവര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാതിരിക്കുകയും എന്നാല്‍ നികുതി ഇളവുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയകക്ഷികളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കുക. ജനപ്രാതിനിധ്യ നിയമത്തിന്റെ 100-ഉം 123 (2) വകുപ്പുകള്‍ പ്രകാരം പെയിഡ് ന്യൂസ് രണ്ടുവര്‍ഷം തടവ് ലഭിക്കാവുന്ന തെരഞ്ഞെടുപ്പു കുറ്റകൃത്യമായി പ്രഖ്യാപിക്കുക.

REPRESENTATIVE IMAGE | WIKI COMMONS
തെരഞ്ഞെടുപ്പു ബോണ്ടുകള്‍ ഫണ്ട് സമാഹരണം കൂടുതല്‍ ദുരൂഹമാക്കിയതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?

ഞാനും ഈ പദ്ധതിയുടെ വിമര്‍ശകരില്‍ ഒരാളാണ്. സംഭാവന നല്‍കുന്നവരും, സ്വീകരിക്കുന്നവരും ആരാണെന്നു ജനങ്ങള്‍ അറിയേണ്ടതില്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം അസ്വസ്ഥതയുളവാക്കുന്നു. വിശ്വഗുരു ആവാനാഗ്രഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് നിരക്കുന്നതല്ല ഈ വാദം. അത് ചേരുക ഏതെങ്കിലും ബനാന റിപ്പബ്ലിക്കിനാണ്. തെരഞ്ഞെടുപ്പു ബോണ്ട് പദ്ധതിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനും, റിസര്‍വ് ബാങ്കും അവരവരുടെ അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ശക്തമായ വിമര്‍ശനം തുടക്കത്തില്‍ത്തന്നെ ഉന്നയിച്ചിരുന്നു. ബോണ്ടുകള്‍ വഴി നമ്മുടെ രാഷ്ട്രീയ സംവിധാനത്തിലാകെ കള്ളപ്പണം ഒഴുക്കുന്നതിന് കമ്പനികള്‍ക്ക് സഹായമൊരുക്കുന്ന ഷെല്‍ കമ്പനികളുടെ വളര്‍ച്ചയ്ക്കും നിയമവിരുദ്ധ സംഭാവനകളുടെ വന്‍തോതിലുളള ഒഴുക്കിനും തെരഞ്ഞെടുപ്പു ബോണ്ടും ബന്ധപ്പെട്ട നിയമഭേദഗതികളും ഇടവരുത്തുമെന്ന് നിയമ മന്ത്രാലയത്തിന് അയച്ച കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. 

ഇരുചെവിയറിയാതെ സംഭാവന ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇത്രയും വിപുലമായ പദ്ധതി തുടങ്ങേണ്ടിയിരുന്നില്ല. പൊതുജനങ്ങളുടെ ആവശ്യം എന്താണെന്നു നിശ്ചയിക്കുവാന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളെ അനുവദിക്കാനാവില്ല. ഈ രഹസ്യാത്മകത ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ, കോര്‍പ്പറേറ്റ് സംഭാവനക്കാരുടെ മുന്‍ഗണനകളുടെയും, ആവശ്യങ്ങളുടെയും പേരില്‍ പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കാനാവില്ല. ഒരു ജനാധിപത്യത്തില്‍ അത് അനുവദിക്കാനാവില്ല.

വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മറ്റൊരു തര്‍ക്കവിഷയം. താങ്കള്‍ അതിനോട് യോജിക്കുന്നില്ല. അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

പ്രായോഗികവും, താത്വികവുമായ നിരവധി വിഷയങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. ആധാര്‍ വിവരങ്ങളും തെരഞ്ഞെടുപ്പു പട്ടികയുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യ വിവരങ്ങള്‍ പുറത്താവുന്നതിന് ഇടയാക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. കൃത്യമായി ലക്ഷ്യംവച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് മാത്രമല്ല ചില ഗ്രൂപ്പുകളുടെ വോട്ടവകാശം തന്നെ നിഷേധിക്കുവാന്‍ അത് വഴിയൊരുക്കും. 2019-ലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രയിലും തെലുങ്കാനയിലും വോട്ടര്‍മാരെ കൃത്യമായി ലക്ഷ്യമാക്കിയുള്ള പ്രചാരണം നടന്നുവെന്നു മാത്രമല്ല 55 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കംചെയ്തതും അതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആധാര്‍ ഉപയോഗിച്ചാലും വോട്ടു ചെയ്യുന്നതില്‍ തട്ടിപ്പുകള്‍ നടക്കാമെന്നതാണ് രണ്ടാമത്തെ കാര്യം. 40,000-ത്തോളം വ്യാജ ആധാര്‍ കാര്‍ഡുകള്‍ റദ്ദു ചെയ്തതായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ തന്നെ 2020-ല്‍ സമ്മതിച്ചിരുന്നു. ആധാറും വോട്ടര്‍ പട്ടികയും തമ്മില്‍ ബന്ധിപ്പിക്കുന്നത് വ്യക്തികളെ പ്രൊഫൈല്‍ ചെയ്യാന്‍ സര്‍ക്കാരിന് അവസരമൊരുക്കുമെന്ന് സ്വകാര്യ ഡാറ്റ സംരക്ഷണ ബില്ലിന്റെ ആദ്യ കരട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനായ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ വ്യക്തമാക്കുന്നു. ലാറ്റിനമേരിക്ക അതിന്റെ ഉദാഹരണമാണ്. അവിടെ ഏകാധിപത്യ ഭരണകൂടങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി നിരവധി സമൂഹങ്ങളെ വോട്ടവകാശമില്ലാത്തവരാക്കി. പ്രാന്തവല്‍ക്കരിക്കപ്പെട്ട വലിയ സമൂഹങ്ങള്‍ നിറഞ്ഞ ഇന്ത്യയില്‍ അതിനുള്ള സാധ്യതകള്‍ ആപത്താണ്. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ഒരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, 90 കോടി വോട്ടര്‍മാരുടെ സ്വന്തം ഇഷ്ടത്തെ എങ്ങനെയാണ് കണക്കാക്കുക. ജനങ്ങള്‍ സമ്മതം നല്‍കാന്‍ ഒരുക്കമല്ലെങ്കില്‍ പ്രയോജനമില്ലാത്ത അപൂര്‍ണ്ണമായ പട്ടിക ബാക്കിയാവും. ചുരുക്കത്തില്‍ ഉദ്ദേശം തന്നെ പരാജയപ്പെടുന്നു.

തെരഞ്ഞെടുപ്പിനെ നിര്‍ണ്ണിയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നായി സാമൂഹ്യ മാധ്യമങ്ങളുടെ അധിനിവേശം മാറിയെന്നത് അവഗണിക്കാനാവാത്ത പ്രധാന വ്യാകുലതയാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സംഭവങ്ങള്‍ അതിന്റെ രൂക്ഷതയുടെ നല്ല ഉദാഹരണമാണ്. നിര്‍മ്മിത ബുദ്ധിയുടെ (എഐ) ആവിര്‍ഭാവം സ്ഥിതിഗതികളെ കൂടുതല്‍ രൂക്ഷമാക്കുമെന്ന് കരുതപ്പെടുന്നു. ഇത്തരം ഭീഷണികളെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തല്‍ എന്താണ്. അത്തരം കാര്യങ്ങളെ പ്രതിരോധിക്കാനുള്ള സുരക്ഷാമാര്‍ഗ്ഗങ്ങള്‍ എന്താണ്?

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരു വോളണ്ടറി കോഡ് ഓഫ് എത്തിക്സിന് രൂപം നല്‍കിയിരുന്നു. അതൊരു സ്യൂഡോ റഗുലേറ്ററി നടപടിയെന്നു മാത്രമേ പറയാനാവുകയുള്ളു. തെരഞ്ഞെടുപ്പു പ്രക്രിയയുടെ പവിത്രത നിലനിര്‍ത്താനും സ്വതന്ത്രവും, നീതിയുക്തവും, ധാര്‍മ്മികവുമായ രീതിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്താനുമുള്ള ഒരു വോളണ്ടറി കോഡ് ഓഫ് എത്തിക്സ് അതിനുശേഷം രൂപപ്പെടുത്തി. അതിനുപുറമെയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് സമിതി. ടെലിവിഷന്‍ ചാനലുകളും, കേബിള്‍ ശൃംഖലകളും വഴി രാഷ്ട്രീയ കക്ഷികള്‍, അസോസിയേഷനുകള്‍, സംഘടനകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ സംപ്രേഷണം ചെയ്യുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സമിതിയുടെ അനുമതി ഉണ്ടാവണം. ഇതിനെല്ലാം പുറമെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ഇന്ത്യന്‍ പീനല്‍കോഡ് എന്നിവയില്‍ സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള സൈബര്‍ കുറ്റങ്ങളും ട്രോളുകളും നേരിടുന്നതിനുള്ള നിയമങ്ങളും, ചട്ടങ്ങളും ലഭ്യമാണ്. ഐപിസി-യില്‍ അതിനുള്ള നിരവധി വകുപ്പുകളുണ്ട്: സെക്ഷന്‍ 295 A (മതം, വിശ്വാസം എന്നിവയെ ബോധപൂര്‍വ്വമായി നിന്ദിക്കല്‍) സെക്ഷന്‍ 153A (ജനങ്ങളില്‍ ശത്രുത വളര്‍ത്തല്‍) 499 (അപവാദം) 505 (കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവന) 506 (ക്രിമിനല്‍ ഭീഷണി) 124A (രാജ്യദ്രോഹം) എന്നിങ്ങനെയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
സോഷ്യല്‍ മീഡീയയുടെ അഭൂതപൂര്‍വ്വമായ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ മുകളില്‍ പറഞ്ഞവ വളരെ ദുര്‍ബലമായ ഒരു നിയന്ത്രണ സംവിധാനമാണെന്നു പറയേണ്ടി വരും. ഇത്തരത്തില്‍ ചിതറിക്കിടക്കുന്ന സംവിധാനത്തിന് പകരം പുതുതായി ഉയര്‍ന്നുവരുന്ന ഡിജിറ്റല്‍ മേഖലയുടെ നടത്തിപ്പിനും, ഭരണത്തിനും ഉതകുന്ന സമഗ്രമായ നയം രൂപീകരിക്കണം.

സദുദ്ദേശം മോശം നിയമമായി മാറുന്നതിന്റെ ഉദാഹരണമായി കൂറുമാറ്റ നിരോധന നിയമത്തെ താങ്കള്‍ കണക്കാക്കുന്നു. ചിലര്‍ രക്ഷപ്പെടുമ്പോള്‍ മറ്റു ചിലര്‍ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയാണ്. ശശി തരൂരിന്റെ അഭിപ്രായത്തില്‍ കൂറുമാറ്റ നിയമം എല്ലാ എംപി മാരെയും വെറും പൂജ്യമാക്കി മാറ്റുന്നു. ഈ സ്ഥിതിവിശേഷത്തെ പരിഹരിക്കാന്‍ എന്താണ് മാര്‍ഗം?

പാര്‍ട്ടിയുടെ വിപ്പിന് അടിമയാക്കുന്നതു വഴി ജനപ്രതിനിധികളുടെ സ്വാതന്ത്ര്യത്തെ അത് വലിയതോതില്‍ നിയന്ത്രിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ഭാഗമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിരക്കാത്തതാണ് ഈ നിയമമെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ പരിഗണനയില്‍ 1992-ല്‍ വന്ന കേസില്‍ പക്ഷേ, വിധി അനുകൂലമായിരുന്നില്ല. അതേസമയം, പ്രാഥമിക ലക്ഷ്യമായിരുന്ന കൂറുമാറ്റം തടയുന്നതില്‍ പ്രസ്തുത നിയമം വിജയിച്ചതുമില്ല.

ഇതില്‍ ആദ്യത്തെ വിഷയത്തെ അഭിസംബോധന ചെയ്യുന്നതിന് വിപ്പിന്റെ ഉപയോഗം അവിശ്വാസ വോട്ടെടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തുകയെന്നാണ് എന്റെ നിര്‍ദ്ദേശം. ദിനേശ് ഗോസ്വാമി സമിതിയും ആ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. രണ്ടാമത്തെ വിഷയം അഭിസംബോധന ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം മന്ത്രിസ്ഥാനത്തിനും ചെയര്‍മാന്‍ പദവിക്കുമെല്ലാം മത്സരിക്കുന്നതിനുള്ള വിലക്ക് കുറഞ്ഞത് ആറു വര്‍ഷമായി നീട്ടുക. ഭരണകക്ഷിയെ മറിച്ചിടുന്നതിന് ആറു വര്‍ഷം വെറുതെയിരിക്കാന്‍ പറ്റുന്ന തരത്തില്‍ എംഎല്‍എ-മാരെ വിലയ്‌ക്കെടുക്കാമെന്ന കാര്യം തീര്‍ച്ചയായും അസാധ്യമല്ല. കൂറുമാറ്റ നിരോധന നിയമം തികച്ചും ഫലപ്രദമല്ലാതായതിനൊപ്പം രാഷ്ട്രീയകക്ഷികളും, ജനപ്രതിനിധികളും, സ്പീക്കര്‍മാരും പ്രകടിപ്പിക്കുന്ന ഒട്ടും മോശമല്ലാത്ത കുതന്ത്രങ്ങളും കൂടിയാവുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനംതന്നെ അസ്വസ്ഥമാവുകയും പത്താം ഷെഡ്യൂള്‍ അര്‍ത്ഥശൂന്യമായോയെന്ന ചോദ്യം ഉയരുകയും ചെയ്യുന്നു. ഭരണഘടനാപരമായും സ്ഥാപനപരമായുമുള്ള പരിഹാരങ്ങള്‍ക്കു പകരം അത്തരത്തിലുള്ള രാഷ്ട്രീയ ഗൂഢവൃത്തികളെ പൊതുജനങ്ങള്‍ തള്ളിക്കളയുന്ന ഒരു രാഷ്ട്രീയ ധാര്‍മ്മികതയുടെ ജനകീയ പ്രതിജ്ഞയ്ക്ക് സമയമായെന്ന കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.


#Great Indian Elections
Leave a comment