വേണ്ടത് ഏകീകരണമല്ല, തിരഞ്ഞെടുപ്പ് പരിഷ്‌കാരം
ഏകവചനത്തില്‍ ബഹുവചനം മുങ്ങിമരിക്കുന്നതാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ഒരു നികുതി എന്നൊക്കെ നരേന്ദ്ര മോദി പറയുന്നത് ഓര്‍മയില്ലേ. ഇപ്പോള്‍ ഒരു രാജ്യത്തിന് ഒരു തിരഞ്ഞെടുപ്പു മതി എന്ന് പറയുന്നു. അംബാസിഡര്‍ കാറില്‍ നിന്ന് നാനോ കാറിലേക്കുള്ള പോക്കിന് സമാനമാണിത്. പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍, ജെറോം കെ. ജെറോമിന്റെ ഒരു കഥ ( New Utopia) ഇത്തരുണത്തില്‍ ഓര്‍മ വരുന്നു. എല്ലാം ഒന്നിലേക്ക് ചുരുങ്ങുന്ന ഒരു രാജ്യത്തെക്കുറിച്ചാണ് അദ്ദേഹം അതില്‍ പറയുന്നത് - ഒരു രാജ്യം ഒരു ഭാഷ, ഒരു ജീവിതം... ജനങ്ങള്‍ അറിയപ്പെടുന്നതുതന്നെ അവരുടെ പേരിലല്ല, അവര്‍ക്ക് നല്‍കിയിരിക്കുന്ന നമ്പറിലാണ്. ഇത്തരമൊരവസ്ഥയിലേക്കാണ് നമ്മുടെ പോക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നമ്മെ അതിലേക്ക് ഒരു ചുവടുകൂടി അടുപ്പിക്കുന്നു.
പൊതുതിരഞ്ഞെടുപ്പ് എന്ന ആശയം
നമ്മുടെ രാജ്യത്ത് ഇതൊരു പുതിയ ആശയമല്ല. ആദ്യ നാല് പൊതുതിരഞ്ഞെടുപ്പുകള്‍ (1952-1967) നാം ഈ വിധമാണ് നടത്തിയതും. എന്നാല്‍ 1970-ഓടെ കാര്യങ്ങള്‍ മാറി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഈ ആശയം വീണ്ടും പൊന്തിവന്നു. 1983-ല്‍ തിരഞ്ഞെടുപ്പു കമ്മീഷനും, 1999-ല്‍ ലോ കമ്മീഷനും, 2017-ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും, 2019 ല്‍ മോദിയും ഇതേ ആവശ്യം മുന്നോട്ടുവച്ചു. ഇതൊരു അനിവാര്യതയാണെന്നും ''വികസനത്തിന് പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ട് ഓരോ മാസവും ഏതെങ്കിലും തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുന്നുയെന്നും നാം എന്തിന് ഇത്രയധികം വിഭവവും സമയവും നഷ്ടപ്പെടുത്തണമെന്നുമാണ്'' പ്രധാനമന്ത്രി ചോദിക്കുന്നത്. ആശയത്തിനു പിന്നില്‍ ഇതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും സമ്പത്തിന്റെ ദുര്‍വ്യയവും സമയനഷ്ടവും വികസന മുരടിപ്പുമാണല്ലോ. കൂടാതെ, കള്ളപ്പണവും അഴിമതിയും കുറയ്ക്കാനാവുമെന്നും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും പൊതുനയങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.
തിരഞ്ഞെടുപ്പുകള്‍ പണചെലവുള്ള ഏര്‍പ്പാടാണെന്നത് നിസ്തര്‍ക്കമാണ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍വക ചിലവ് 3,426 കോടിയായിരുന്നു. ഇത് 2009-ല്‍ 1,483 കോടിയും 1951-52-ല്‍ 10.45 കോടിയുമായിരുന്നു. ഇക്കാര്യത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും പല മടങ്ങ് വര്‍ദ്ധനവ് ഉണ്ടാവുന്നു എന്ന് സാരം. ഇതിനു പുറമെയാണ് സംസ്ഥാന- പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ചിലവ്. കൂടാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചിലവാക്കുന്ന തുക വേറേയും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 60,000 കോടി ആയിരുന്നുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഇത്രയും ഭീമമായ തുക നേരായ മാര്‍ഗത്തിലൂടെയല്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല. ഇങ്ങനെയാണ് കള്ളപ്പണവും അഴിമതിയും തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നുവരുന്നതും. 2018-ലെ കണക്കനുസരിച്ച് നമ്മുടെ രാജ്യത്തെ കള്ളപ്പണത്തിന്റെ തോത് ഏതാണ്ട് മുപ്പതുലക്ഷം കോടി രൂപയോളമാണ്. പലപ്പോഴായുളള തിരഞ്ഞെടുപ്പുകള്‍ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് മറ്റൊരുവാദം. പൊതുവെ തിരഞ്ഞെടുപ്പ് സമയത്ത് ദീര്‍ഘകാല വികസന നയങ്ങള്‍ക്കു പകരം പോപ്പുലിസ്റ്റ് അജന്‍ഡയുടെ പുറകെ പോകുന്നതാണ് രാഷ്ട്രീയക്കാരുടെ പതിവുരീതി. ഇതുമൂലം നയങ്ങളുടെ നടത്തിപ്പില്‍ വീഴ്ചകള്‍ ഉണ്ടാകുന്നു. അനന്തരഫലമോ, പോളിസി പരാലിസിസും- പൊതുതിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ തുടര്‍ന്ന് ചൂണ്ടിക്കാണിക്കുന്നു. സമയലാഭവും സര്‍ക്കാര്‍ ജീവനക്കാരുടെ അദ്ധ്വാനവും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാവുമെന്നതും ഇതിന്റെ അനുബന്ധ ഗുണങ്ങളായി നിരീക്ഷിക്കപ്പെടുന്നു.
മറുവാദം
മുകളില്‍ പറഞ്ഞ പലതും പ്രസക്തമാവുമ്പോഴും, ചില എതിര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കേണ്ടതുണ്ട്. ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്പിക്കാവുന്നതാണോ ജനാധിപത്യം എന്നതാണ് ഇതില്‍ ഏറ്റവും സുപ്രധാനം. ഇതുതന്നെയാണ് സമയത്തിന്റെയും ജീവനക്കാരുടെ മനുഷ്യാദ്ധ്വാനത്തിന്റെയും കാര്യവും. ഇവരുടെ സമയവും സേവനവും ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ കൂടി ഉള്ളതല്ലേ? കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്ന കാര്യത്തിലും സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു - തിരഞ്ഞെടുപ്പുകളുടെ എണ്ണം കുറയുന്നതനുസരിച്ച് ഇല്ലാതാവുന്നതാണോ ഇതൊക്കെ? അതിന് മറ്റു മാര്‍ഗങ്ങളല്ലേ തേടേണ്ടത്?
വികസനത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ ഉത്തരംനല്‍കേണ്ട ചില ചോദ്യങ്ങളുമുണ്ട്. വികസനത്തിന് ആധാരമായ സാമ്പത്തിക നയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഇന്നത്തെ സാഹചര്യത്തില്‍ എന്ത് മൗലികമായ വ്യത്യാസമാണുള്ളത്? ഒരേ സാമ്പത്തിക നയങ്ങളല്ലേ ബി.ജെ.പി-ഉം കോണ്‍ഗ്രസ്-ഉം പിന്തുടരുന്നത്? ഇനി മറ്റൊരു കക്ഷി ഏതെങ്കിലും സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നാല്‍ത്തന്നെ, കേന്ദ്രത്തിന്റെതില്‍ നിന്ന് വിഭിന്നമായൊരു നയം നടപ്പിലാക്കാന്‍ അതിനാകുമോ? വാസ്തവം ഇതായിരിക്കെ, എവിടെയാണ് നയങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിക്കുന്നത്? കലത്തിലെ വെള്ളം തിളച്ചുവറ്റിയതിന് വെള്ളത്തിനെ കുറ്റം പറയുന്നതു പോലെയാണ് ഇത്.
REPRESENTATIVE IMAGE | WIKI COMMONS
ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് ചിലവിനെക്കുറിച്ച് വ്യാകുലപ്പെടുന്നതും, അതിനെ അനാവശ്യ ചിലവാണെന്ന് വിശേഷിപ്പിക്കുന്നതും അപകടംപിടിച്ച ഒന്നാണ്. പലവുരു തിരഞ്ഞെടുപ്പുണ്ടാകുമ്പോള്‍ ചിലവേറും, കൂടുതല്‍ സമയവും മനുഷ്യാദ്ധ്വാനവും അതിനായി കരുതിവയ്‌ക്കേണ്ടിയും വരും. ഇത് ജനാധിപത്യത്തെ നിലനിര്‍ത്താന്‍ സമൂഹത്തിന് നല്‍കേണ്ടിവരുന്ന വിലയാണ്. കോര്‍പ്പറേറ്റ് ലോണും നികുതി കുടിശ്ശികയും എഴുതിത്തള്ളാനും സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുവേണ്ടി കോടികള്‍ ചിലവഴിക്കാനും വിഷമമില്ലാത്ത ഭരണകൂടം തിരഞ്ഞെടുപ്പ് ചിലവിനെക്കുറിച്ച് ആവലാതിപ്പെടുന്നത് വലിയ തമാശ തന്നെ. തന്നയുമല്ല, ലാഭത്തിന്റെ ഈ യുക്തി, താമസംവിനാ, മറ്റു പലതിലേക്കും നമ്മെ കൂട്ടിക്കൊണ്ട് പോയെന്നുമിരിക്കും. പൊതുജന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പൊതുവെ ഇപ്പോള്‍ത്തന്നെ ഇതിന് കീഴ്‌പ്പെട്ട് കഴിഞ്ഞു. ഇതേയുക്തി അനുസരിച്ച് എന്തിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാനങ്ങളും എന്നുവേണമെങ്കിലും ചോദിക്കാവുന്നതേയുള്ളു.
കള്ളപ്പണവും അഴിമതിയും തടയാന്‍ തിരഞ്ഞെടുപ്പ് ഏകീകരണം സഹായകമാകും എന്ന വാദഗതിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. ഇരുട്ടത്ത് നഷ്ടപ്പെട്ടത് തെരുവുവിളക്കിന് താഴെ അന്വേഷിക്കുന്നതിന് തുല്യമാണിത്. കോര്‍പ്പറേറ്റുകളില്‍ നിന്നും കള്ളപ്പണക്കാരില്‍ നിന്നും രണ്ടുകയ്യും നീട്ടി പണം സ്വീകരിക്കാനും, അതിന്റെ ഉപകാരസ്മരണയായി അവര്‍ക്ക് വഴിവിട്ട പലതും ചെയ്യാനും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തയ്യാറാകുന്നിടത്തോളം ഇതെല്ലാം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കും.
ജീവനക്കാരുടെ അദ്ധ്വാനഭാരം മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്ന വാദവും മറ്റൊരു തമാശയാണ്. അപവാദങ്ങള്‍ മാറ്റിവച്ചാല്‍, ഇക്കൂട്ടരുടെ പൊതുജനസേവന പാരമ്പര്യത്തിന്റെ കഥകള്‍ അങ്ങാടിപ്പാട്ടാണ്. മാത്രമല്ല, വികസന മുരടിപ്പിന്റെ ഉത്തരവാദിത്തം അടിക്കടി ഉണ്ടാകുന്ന തിരഞ്ഞെടുപ്പുകളുടെമേല്‍ കെട്ടിവച്ചാല്‍, ഇതുവരെ രാജ്യം കൈവരിച്ച പുരോഗതി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിയും വരും.
ഇത്തരമൊരു സംവിധാനം നടപ്പിലാക്കുമ്പോള്‍ ഉടലെടുക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും ഏറെയാണ്. ലോക്‌സഭയുടെയും നിയമസഭകളുടെയും തിരഞ്ഞെടുപ്പ് ഷെഡ്യൂളിലെ പൊരുത്തക്കേട് എങ്ങനെ പരിഹരിക്കാനാകുമെന്നതാണ് ഇതില്‍ സുപ്രധാനം. ഇത് പരിഹരിക്കാമെന്നു വച്ചാല്‍പ്പോലും മറ്റുചില പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉടലെടുക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. കാലാവധി പൂര്‍ത്തിയാക്കാനാവാതെ മന്ത്രിസഭകള്‍ രാജിവയ്ക്കുകയും ബദല്‍സംവിധാനം ഉരുത്തിരിഞ്ഞുവരാതിരിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ എന്തു ചെയ്യുമെന്നതാണ് ഇതിലൊന്ന്.
REPRESENTATIVE IMAGE | WKI COMMONS
സംസ്ഥാനങ്ങളിലാണെങ്കില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താം. എന്നാല്‍, അത് നീളുന്നപക്ഷം ജനാധിപത്യ വിരുദ്ധവും കേന്ദ്രത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പറ്റുന്നൊരു ഏര്‍പ്പാടുമാവും. ഇനി ഇടക്കാല തിരഞ്ഞെടുപ്പ് നടത്താമെന്നു വച്ചാല്‍ അത് പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തിന് വിരുദ്ധവുമാവും. ഇതേ ഭരണസ്ഥിരത കേന്ദ്രത്തില്‍ സംഭവിക്കുന്നപക്ഷം എന്തു ചെയ്യുമെന്ന പ്രശ്‌നവുമുണ്ട്. തന്നയുമല്ല, വിവരസാങ്കേതിക വിദ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വര്‍ത്തമാനകാല ഏര്‍പ്പാട് ഇനി എത്രനാളെന്നതും ചിന്തിക്കേണ്ടതു തന്നെ.
യഥാര്‍ത്ഥ ലക്ഷ്യം
എല്ലാം പറഞ്ഞുകഴിയുമ്പോള്‍, ഒരുചോദ്യം അവശേഷിക്കുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ അഭാവമാണോ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സമസ്യ? ദാരിദ്ര്യവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമാന്ദ്യവും സാമൂഹ്യ സംഘര്‍ഷങ്ങളും മറ്റു പ്രശ്‌നങ്ങളുമൊക്കെ നാം എന്നാണ് പരിഹരിക്കുന്നത്? നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ വെല്ലുവിളി നേരിടുകയാണല്ലോ. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മറ്റു ചില അജന്‍ഡയുമായാണ് ഭരണകൂടം നീങ്ങുന്നത്. ഇതിലൂടെ ഒരുപക്ഷേ, യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞെന്നിരിക്കും. സ്വന്തമായ ചില രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കാനും സാധിച്ചെന്നു വരും. എന്നാല്‍ ഇത്തരം സങ്കുചിതമായ രാഷ്ട്രീയം ആത്യന്തികമായി തല്ലിക്കെടുത്തുന്നത് നമ്മുടെ ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയുമാണെന്ന കാര്യം വിസ്മരിക്കരുത്.
രാജ്യത്തെ ഭരണസംവിധാനം കാലോചിതമായി മാറ്റണമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം നാം നേരിടുന്ന പ്രശ്‌നങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേതും നമ്മുടെ ഭരണക്രമം ഇരുപതാം നൂറ്റാണ്ടിലേതുമാണ്. എന്നാല്‍ ഇവിടെ പ്രഥമ പരിഗണന നല്‍കേണ്ടത് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കാണ്. പണച്ചെലവും കള്ളപ്പണവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ പരിഹാരം കുടികൊള്ളുന്നത് അവിടെയാണ്. ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം സുതാര്യമാക്കുന്നതും, കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനയില്‍ നിയന്ത്രണം കൊണ്ടുവരുന്നതും, ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല, നിലവിലുള്ള നിയമമനുസരിച്ച് സ്ഥാനാര്‍ഥികള്‍ ചിലവഴിക്കുന്ന പണത്തിനു മാത്രമെ നിയന്ത്രണമുള്ളു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് ബാധകമാകുന്നില്ല. അവര്‍ക്ക് എത്ര തുക വേണമെങ്കിലും യഥേഷ്ടം ചിലവഴിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതികള്‍ക്കോ ഇതില്‍ ഇടപെടാനാവില്ല. തിരഞ്ഞെടുപ്പ് പണച്ചെലവുള്ളതാക്കി തീര്‍ക്കുന്നതിന്റെ ഏറ്റവും സുപ്രധാന കാരണം ഇതാണ്. ഇത്തരം കാര്യങ്ങള്‍ക്കും ഇതിനാവശ്യമായ രാഷ്ട്രീയ സമവായം ഉണ്ടാക്കിയെടുക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.
REPRESENTATIVE IMAGE | WIKI COMMONS