
ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഎമ്മിനു സാധിക്കുമോ?
മലബാറില്‍ മാത്രമല്ല, കേരള രാഷ്ട്രീയത്തില്‍ പൊതുവേതന്നെ ഇപ്പോള്‍ സജീവമായ ചര്‍ച്ചയായി നില്‍ക്കുന്ന വിഷയം മുസ്ലിംലീഗിന്റെ രാഷ്ട്രീയഭാവിയുടെ പ്രശ്‌നമാണ്. കുറേക്കാലമായി യുഡിഎഫില്‍ നിന്നും മുസ്ലിംലീഗിനെ അകറ്റാനുള്ള തന്ത്രങ്ങള്‍ പലതും സിപിഎം പയറ്റുന്നുണ്ട് എന്നത് വാസ്തവമാണ്. അതില്‍ ലീഗ് നേതൃത്വം എന്തു നിലപാടെടുത്താലും അധികാരത്തിലുള്ള കക്ഷിയോട് താല്പര്യം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം നേതാക്കളും അണികളും ലീഗിലുണ്ട് എന്നതും സത്യമാണ്.
അങ്ങനെയൊരു ചര്‍ച്ച ഇപ്പോള്‍ ഉയര്‍ന്നുവരാനിടയാക്കിയത് പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭകാലം മുതല്‍ മലബാറില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഉയര്‍ന്നുവന്ന അഭിപ്രായസമന്വയമാണ്. ഇരുപാര്‍ട്ടികളും അക്കാലത്തു നടത്തിയ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അടക്കം വേദി പങ്കിടുകയുണ്ടായി. തുടര്‍ന്ന് ദേശീയവും സാര്‍വദേശീയവുമായ വിവിധ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായി. ഈയിടെ സിപിഎം നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിക്കാന്‍ അവര്‍ വിട്ടുപോയില്ല. ക്ഷണം സ്വീകരിക്കുമെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും മറുപക്ഷത്തിനു ഉറപ്പുകൊടുത്തിരുന്നു താനും. പക്ഷേ, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നു അവര്‍ പിന്‍വാങ്ങി. എന്നാല്‍ സിപിഎമ്മിനോടു വിഷയത്തില്‍ തങ്ങള്‍ക്കുള്ള യോജിപ്പും താല്പര്യവും അവര്‍ മറച്ചുവച്ചുമില്ല.
REPRESENTATIONAL IMAGE: FACEBOOK
അതിനിടയില്‍, മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സില്‍ പലയിടത്തും ലീഗ് നേതാക്കളെ വേദിയില്‍ കൊണ്ടുവരുന്നതില്‍ സിപിഎം വിജയിച്ചിരിക്കുന്നു. മലപ്പുറത്തു ലീഗിന്റെ പ്രമുഖ നേതാവും എംഎല്‍എയുമായ ഒരു വ്യക്തിയെ സിപിഎം ആഭിമുഖ്യത്തില്‍ രൂപംകൊടുത്ത കേരള ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡില്‍ അവര്‍ കൊണ്ടുവന്നു. എതിര്‍പ്പ് ഉയര്‍ന്നിട്ടും ലീഗ് നേതൃത്വം നിലപാട് മാറ്റിയില്ല. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉയര്‍ന്നുവരും എന്നും തീര്‍ച്ചയാണ്.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അതില്‍ ഒരു പ്രധാന സംഗതി, മലബാറില്‍ -- പ്രത്യേകിച്ചു മലപ്പുറം ജില്ലയില്‍ -- കോണ്‍ഗ്രസ്സ്-ലീഗ് ബന്ധം പണ്ടെന്നപോലെ ഇപ്പോഴും ദുര്‍ബലമായി തുടരുന്നു എന്ന സത്യമാണ്. കോണ്‍ഗ്രസിന്റെ പല നേതാക്കളും ലീഗുമായി സംഘര്‍ഷത്തിലാണ് നില്കുന്നത്. ലീഗുകാരാകട്ടെ, കോണ്‍ഗ്രസിനോട് പലപ്പോഴും അകല്‍ച്ച പുലര്‍ത്തുന്നുമുണ്ട്. പ്രാദേശിക തലത്തില്‍ ഇതൊരു വലിയ യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ ലീഗിലെയും കോണ്‍ഗ്രസ്സിലെയും പല നേതാക്കളെയും എല്‍ഡിഎഫിലേക്ക് ആകര്‍ഷിക്കുന്നതില്‍ സിപിഎം വിജയിച്ചിട്ടുണ്ട്. യുഡിഎഫ് ആഭ്യന്തര തര്‍ക്കങ്ങള്‍ തങ്ങളുടെ രാഷ്ട്രീയഭാവിക്കു തിരിച്ചടിയാണ് എന്ന തിരിച്ചറിവ് പലര്‍ക്കുമുണ്ട്. അതിനാല്‍ നിവൃത്തിയില്ലാതെ മറുകണ്ടം ചാടിയവര്‍ മലബാര്‍ ജില്ലകളില്‍ ഒട്ടുംകുറവല്ല.
യുഡിഎഫിലെ തൊഴുത്തില്‍കുത്തും പാരവയ്പ്പും മുന്നണിയില്‍ പല പടലപ്പിണക്കങ്ങള്‍ക്കും കാരണമാകാറുണ്ട്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയം അതില്‍ ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്ന പ്രശ്‌നമാണ്. മലപ്പുറത്തു തങ്ങള്‍ വിജയിക്കുന്നതു കോണ്‍ഗ്രസ്സ് പിന്തുണയിലല്ല, മറിച്ചു അവരുടെ പാരവയ്പ്പിനെ വെല്ലാനുള്ള സംഘടനാശേഷി തങ്ങള്‍ക്കുള്ളതുകൊണ്ടാണ് എന്നു ലീഗുകാര്‍ പരസ്യമായിത്തന്നെ പറയാറുണ്ട്. പല കോണ്‍ഗ്രസ്സുകാരും ലീഗിന് പകരം ബിജെപിക്ക് പോലും വോട്ടുകൊടുക്കുന്നു എന്നും അവര്‍ പരാതി പറയുന്നു.
ഇതിന്റെയൊക്കെ ഫലം ഇരുപാര്‍ട്ടികള്‍ക്കും ഇടയിലെ ബന്ധങ്ങളും പരസ്പര വിശ്വാസവും ഇന്ന് വല്ലാതെ പ്രതിസന്ധിയില്‍ എത്തിയെന്ന വസ്തുതയാണ്. ഇത് മലബാറിലെ പല ജില്ലകളിലും കാണുന്ന അവസ്ഥയാണ്. അതിന്റെ ഫലമായി സാധാരണനിലയില്‍ ജയിക്കാവുന്ന പല സീറ്റുകളും യുഡിഎഫിന് നഷ്ടമാകുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരത്തെ ഡോ. എം കെ മുനീര്‍ വിജയിച്ച കോഴിക്കോട് സൗത്ത് സീറ്റ് ഇത്തവണ ഐ.എന്‍.എല്‍ പോലൊരു ഈര്‍ക്കില്‍ പാര്‍ട്ടി കൊണ്ടുപോയത് അതിനു ഉദാഹരണമാണ്.
പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയില്‍ | PHOTO: FACEBOOK
തിരിഞ്ഞുനോക്കിയാല്‍ ലീഗില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ധാരാളം നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഎം അടര്‍ത്തി എടുത്തിട്ടുണ്ട് എന്നുകാണാം. ഒരുകാലത്തു ലീഗിന്റെ സുപ്രധാന നേതാവായിരുന്ന പി.ടി.എ റഹീം വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ ഭാഗത്താണ്. ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് അദ്ദേഹം പാര്‍ട്ടിവിട്ടു ഇടതുഭാഗത്തേക്ക് പോകാന്‍ ഇടയാക്കിയത്. എന്നാല്‍ അതില്‍ നിന്നും ഒരു പാഠവും ലീഗ് പഠിക്കുകയുണ്ടായില്ല. തുടര്‍ന്ന് ലീഗിലെ മറ്റൊരു പ്രാദേശിക നേതാവിനെയും സിപിഎം റാഞ്ചി. കൊടുവള്ളിയില്‍ റഹീം പോയശേഷം ലീഗിനെ നയിച്ച കാരാട്ട് റസാഖിനെ സിപിഎം കൊണ്ടുപോയത് ഓര്‍ക്കുക. അതിന്റെ ഫലം കിഴക്കന്‍ പ്രദേശങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണമായും സിപിഎം പക്ഷത്തേക്കു ചാഞ്ഞു എന്നതാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം തുടങ്ങിയ മണ്ഡലങ്ങള്‍ യുഡിഎഫിന് നഷ്ടമായത് ഇതിന്റെ ഫലമാണ്.
മലപ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല. നിലമ്പൂരില്‍ പി വി അന്‍വറും താനൂരില്‍ വി അബ്ദുറഹ്‌മാനും നേരത്തെ യുഡിഎഫ് പക്ഷത്തുനിന്നവരാണ്. പക്ഷേ, തങ്ങളുടെ ജയസാധ്യത ഉറപ്പിക്കാന്‍ സിപിഎമ്മിന് സാധിക്കും എന്നവര്‍ തിരിച്ചറിഞ്ഞു. രണ്ടുപേരും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പക്ഷത്തുനിന്ന് വിജയിക്കുകയും ചെയ്തു. ഇത് ഉടന്‍ അവസാനിക്കുന്ന ഒരു പ്രവണതയല്ല. ഇന്നലെ തുടങ്ങിയതുമല്ല. എണ്‍പതുകളില്‍ കോണ്‍ഗ്രസ്സ് ഡിസിസി അധ്യക്ഷന്‍ ടി കെ ഹംസയെ എല്‍ഡിഎഫ് പക്ഷത്തേക്കു കളംമാറ്റിയാണ് സിപിഎം ഈ പരീക്ഷണം ആരംഭിച്ചത്. അത് പിന്നീട് നിരന്തരം തുടര്‍ന്നു. ലീഗിലെ പല എന്‍ആര്‍ഐ ബിസിനസ് നേതാക്കളെയും സിപിഎം ഇങ്ങനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. മഞ്ഞളാംകുഴി അലി സിപിഎം പക്ഷത്തുനിന്നാണ് ആദ്യം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പിന്നീട് അദ്ദേഹത്തെ ലീഗിലേക്ക് കൊണ്ടുവരുന്നതില്‍ അതിന്റെ നേതൃത്വം വിജയിച്ചു. മന്ത്രിപദം അല്ലെങ്കില്‍ സമാനപദവി വാഗ്ദാനം ചെയ്താണ് അദ്ദേഹത്തെ കൊണ്ടുവന്നത്. അതിനായി അഞ്ചാംമന്ത്രിക്കുവേണ്ടി പിടിമുറുക്കി. അതിന്റെ ദുരന്തങ്ങള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ വേട്ടയാടുകയും ചെയ്തു.
ലീഗിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തന്നെയാണ് സമുന്നത യൂത്ത് ലീഗ് നേതാവ് കെ ടി ജലീലിനെ സിപിഎം പാളയത്തില്‍ എത്തിച്ചതും. ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ കാലത്തു കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ചെന്നുപെട്ട ധാര്‍മികപ്രശ്‌നങ്ങള്‍ അദ്ദേഹം പാര്‍ട്ടിയില്‍ ഉയര്‍ത്തി. യൂത്ത് ലീഗ് പദവിയില്‍ നിന്നും നീക്കംചെയ്താണ് നേതൃത്വം അദ്ദേഹത്തോട് പകവീട്ടിയത്. തുടര്‍ന്ന് അദ്ദേഹം സിപിഎം സഹയാത്രികനായി. കുറ്റിപ്പുറത്തു നിയമസഭാ മത്സരത്തില്‍ കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ചു. അന്നുമുതല്‍ ഇന്നുവരെ മലപ്പുറം ജില്ലയില്‍ സിപിഎമ്മിന് താങ്ങുംതണലും ജലീല്‍ തന്നെ. ധനാഢ്യനായ വി അബ്ദുറഹ്‌മാന്‍ കോണ്‍ഗ്രസ്സ് വിട്ടു സിപിഎം പക്ഷത്തെത്തി. താനൂരില്‍ കഴിഞ്ഞതവണ ജയിച്ചു നിലവിലെ മന്ത്രിസഭയില്‍ മന്ത്രിയുമായി.
കെ ടി ജലീൽ | PHOTO: FACEBOOK
അതായതു മുസ്ലിംസമൂഹത്തിലെ പുതുതലമുറയില്‍ പലരും കാണുന്നത് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു യുഎഡിഎഫിനെക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുന്നത് ഇടതുപക്ഷമാണ് എന്നത്രേ. അതില്‍ കുറേ വാസ്തവവുമുണ്ട്. തങ്ങളുടെ കൂടെവന്ന നേതാക്കള്‍ക്ക് സ്ഥാനങ്ങള്‍ സിപിഎം ഉറപ്പാക്കിയിരുന്നു. അതിനാല്‍ സ്ഥാനമോഹികളായ വ്യക്തികളെ സംബന്ധിച്ചു അവിടം കൂടുതല്‍ അഭികാമ്യമായി.
എന്നാല്‍, സ്ഥാനമോഹത്തിനപ്പുറം, നൈതികവും രാഷ്ട്രീയവുമായ വിഷയങ്ങളിലും മുസ്ലിംകള്‍ക്കും മറ്റു അവശവിഭാഗങ്ങള്‍ക്കും തങ്ങളാണ് കൂടുതല്‍ ആശ്രയിക്കാവുന്നത് എന്ന പ്രചാരണം സിപിഎം നടത്തുന്നുണ്ട്. മുസ്ലിംകളെ ആകര്‍ഷിക്കാനുള്ള സംഘടിതശ്രമങ്ങള്‍ അതിന്റെ ഭാഗമാണ്. പൗരത്വനിയമം, പലസ്തീന്‍ പ്രശ്‌നം തുടങ്ങിയ കാര്യങ്ങളില്‍ തങ്ങളാണ് കൂടുതല്‍ പുരോഗമനപരമായ നയങ്ങള്‍ സ്വീകരിക്കുന്നത് എന്ന് മുസ്ലിം ജനസാമാന്യത്തെ ബോധ്യപ്പെടുത്താന്‍ സിപിഎം കിണഞ്ഞുശ്രമിക്കുന്നു. കോണ്‍ഗ്രസ്സില്‍ ഇത്തരം കാര്യങ്ങളില്‍ ചാഞ്ചാട്ട മനോഭാവമുണ്ട് എന്ന് അവര്‍ ആരോപിക്കുന്നു. അതിനാല്‍ മുസ്ലിംകളുടെ സാമൂഹികവും അസ്തിത്വപരവുമായ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു മുസ്ലിം ജനസാമാന്യം ഇടതുപക്ഷത്തേക്കു വരണം എന്നാണ് സിപിഎം ആഹ്വാനം ചെയ്യുന്നത്.
സിപിഎം ഉന്നയിക്കുന്ന ഇത്തരം അവകാശവാദങ്ങളില്‍ കഴമ്പുണ്ടോ എന്നതു വേറൊരു വിഷയമാണ്. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തില്‍ വെള്ളം ചേര്‍ത്തു എന്ന ആരോപണം നോക്കുക. കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ലീഗ് സമ്മേളനവേദിയില്‍ നടത്തിയ ഒറ്റപ്പെട്ട ഒരു പരാമര്‍ശം ഉയര്‍ത്തിയാണ് സിപിഎം തങ്ങളുടെ പ്രചാരണം കൊഴുപ്പിച്ചത്. ഗാസയില്‍ അധികാരം കയ്യാളിയ ഹമാസിനെ കുറിച്ചാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഹമാസ് സമം പലസ്തീന്‍ എന്ന മട്ടിലാണ് സിപിഎം അതിനെ വ്യാഖ്യാനിച്ചത്. അതല്ല വാസ്തവം എന്നറിയാതെയല്ല അവര്‍ അങ്ങനെ ചെയ്തത്. പക്ഷേ, ഇത്തരം വൈകാരിക പ്രചാരണങ്ങള്‍ക്കു മുസ്ലിം സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുണ്ട് എന്നു സദ്ദാം ഹുസ്സൈന്‍ വിഷയം മുന്നോട്ടുവച്ചു 1990ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച കാലം മുതല്‍ അവര്‍ക്കു അറിയാം. അത് അവര്‍ ഇടയ്ക്കിടെ പ്രയോഗിക്കുകയും ചെയ്യുന്നു.
അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒന്നുകില്‍ ലീഗിനെ എല്‍ഡിഎഫ് പക്ഷത്തുകൊണ്ടുവരിക; അല്ലെങ്കില്‍ അതിലെ ഒരു വിഭാഗത്തെയെങ്കിലും അടര്‍ത്തിക്കൊണ്ടുവരിക എന്ന തന്ത്രമാണ് ഇപ്പോള്‍ സിപിഎം പയറ്റിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒരുപരിധി വരെ അവര്‍ വിജയിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. കാരണം സിപിഎം പ്രചാരണങ്ങള്‍ക്ക് ഏറ്റവും നല്ല പ്രചാരം കൊടുക്കുന്നവില്‍ ചിലര്‍ ലീഗിനുള്ളില്‍ തന്നെയാണുള്ളത്. മാത്രമല്ല, എല്ലാക്കാലത്തും ലീഗിനെ ശക്തമായി പിന്തുണച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ ഒരു വിഭാഗം നേതാക്കളെ ലീഗില്‍ നിന്നും അകറ്റി തങ്ങളോടു അടുപ്പിക്കുന്നതില്‍ സിപിഎം വിജയിച്ചിട്ടുണ്ട്. കാന്തപുരം വിഭാഗവുമായി നേരത്തെതന്നെ അത്തരം ബന്ധങ്ങള്‍ അവര്‍ കെട്ടിപ്പടുത്തിരുന്നു. ഇപ്പോള്‍ ലീഗനുകൂല സമസ്തയിലെ ഒരു വിഭാഗവും അതേപോലെ ചിന്തിക്കുന്നുണ്ട്. അവര്‍ ലീഗിന് ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല.
അതിനാല്‍ സിപിഎം തന്ത്രങ്ങള്‍ വിജയിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. മറുഭാഗത്തു ഇന്നത്തെ സര്‍ക്കാരിനോടുള്ള ജനകീയരോഷം മറച്ചുവയ്ക്കാന്‍ വയ്യാത്തവിധം വര്‍ധിക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണാനിടയുണ്ട്. എല്‍ഡിഎഫ് ഇത്തവണയും വലിയ തിരിച്ചടി ലോക്സഭയില്‍ നേരിട്ടാല്‍ യുഡിഎഫിലെ പടലപ്പിണക്കങ്ങള്‍ ഒരുപരിധിവരെ അതോടെ അവസാനിക്കും. കാരണം വിജയിക്കുന്ന മുന്നണി ഏതാവും എന്നതിന്റെ ഏറ്റവും വലിയ തെളിവ് തെരഞ്ഞെടുപ്പിലെ വോട്ടുനില തന്നെയാണല്ലോ. അതിനാല്‍ ലീഗിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അടുത്ത വോട്ടെടുപ്പ് കൂടി കണക്കിലെടുക്കണം.