ദാരിദ്ര്യം എന്ന അസംസ്‌കൃതവസ്തു!
വ്യവസായം പോലെയാണ് ഈ കോര്‍പ്പറേറ്റ് കാലത്ത് രാഷ്ട്രീയം. അഞ്ചാംവര്‍ഷം ഉല്‍പാദനം നടക്കുന്ന വ്യവസായത്തിലെ ലാഭം അധികാരമാണ്. കൂടുതല്‍ വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നവര്‍ക്കാണ് അധികാരം കിട്ടുക. നല്ല ജീവിതവും വികസനവുമെല്ലാം വാഗ്ദാനം ചെയ്ത് ഭൂരിപക്ഷത്തെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചുമൊക്കെയാണ് കൂടുതല്‍ വോട്ട് വാങ്ങുക- ഈ വ്യവസായത്തിന്റെ വിളവെടുപ്പ്. കാലംചെല്ലുന്തോറും പ്രലോഭന-പ്രകോപനങ്ങളുടെ രൂപഭാവങ്ങള്‍ മാറും. ഇന്ത്യന്‍ സാഹചര്യത്തില്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷം ദരിദ്രരാണ്. എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതനിലവാരം, സൗകര്യങ്ങള്‍, സുരക്ഷിതത്വം മുതലായവയാണ് എല്ലാ രാഷ്ട്രീയവ്യവസായികളും ദരിദ്രര്‍ എന്ന ഈ അസംസ്‌കൃത വസ്തുവിനെ പാകപ്പെടുത്താന്‍ മുന്നില്‍വയ്ക്കുക. ആ വാഗ്ദാനങ്ങളുടെ ചൂടും തണുപ്പുമൊക്കെ ഏറ്റ് എങ്ങനെ വോട്ടര്‍മാര്‍ പാകപ്പെടുന്നു എന്നതാണ് വിപണിയും ലാഭവും നിര്‍ണ്ണയിക്കുക.
ലാഭവും ലക്ഷ്യമായതോടെ വിപണനം രാഷ്ട്രീയവ്യവസായത്തിന്റെ അവിഭാജ്യ ഘടകമായി. പാര്‍ട്ടിയുടെ രാഷ്ട്രീയദര്‍ശനവും പരിപാടികളും പറഞ്ഞ് വാര്‍ഡ് കമ്മിറ്റി മുതല്‍ ദേശീയ നേതാക്കള്‍ വരെ വോട്ടര്‍മാരെ കണ്ടും സംവദിച്ചും വോട്ട് പിടിച്ചിരുന്നിടത്ത് കാമ്പയിന്‍ കണ്‍സള്‍ട്ടന്‍സും മാനേജര്‍മാരും വോട്ട് പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു; രാഷ്ട്രീയം പറയുന്നതിന് പകരം വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. വന്‍പരസ്യ കമ്പനികളാണ് രാഷ്ട്രീയവ്യവസായത്തില്‍ ഇന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 1984ല്‍ രാജീവ് ഗാന്ധിക്കുവേണ്ടി അരുണ്‍ നെഹ്‌റു, അരുണ്‍ ഗാന്ധി എന്നിവര്‍ റിഡിഫ്യൂഷന്‍ എന്ന പരസ്യകമ്പനിയെ ഉപയോഗിച്ച് തുടങ്ങിയ രാഷ്ട്രീയ വിപണനം നരേന്ദ്ര മോദിക്കുവേണ്ടി ഒഗ്ലിവി & മേയ്തര്‍ പോലുള്ള ബഹുരാഷ്ട്ര പരസ്യ കമ്പനികളെ ഉപയോഗിക്കുന്ന നിലയിലേക്ക് പുരോഗമിച്ചു. മോദിയും രാഹുലുമൊക്കെ രാഷ്ട്രീയ നേതാക്കളല്ല, ബ്രാന്‍ഡുകളാണ്-പൊളിറ്റിക്കല്‍ ബ്രാന്‍ഡുകള്‍! ഒഗ്ലിവി & മേയ്തര്‍ ഇന്ത്യ മേധാവി, ഇന്ത്യന്‍ പരസ്യവ്യവസായത്തിലെ പരമശിവന്‍, പിയൂഷ് പാണ്ഡെ പറഞ്ഞത് മോദി നല്ല ഒരു ഉല്‍പ്പന്നമാണ് എന്നാണ്.
രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റിവരച്ച ഭാരത് ജോഡോ യാത്രയുടെ ഡിസൈനിംഗും മാര്‍ക്കറ്റിംഗും പ്രശാന്ത് ചാരി-സാവിയോ ജോസഫ് എന്നിവരുടെ 'തീന്‍ ബന്തര്‍' പി.ആര്‍ കമ്പനിയാണ്. അവര്‍ രാഹുല്‍ ഗാന്ധിയെ പപ്പു കള്‍ട്ടില്‍ നിന്ന് മോചിപ്പിച്ച് ക്ഷുഭിതയൗവനത്തിന്റെ പ്രതീകമാക്കി. ഇപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങള്‍ മെനയുന്നത് സുനില്‍ കനഗലു എന്ന 'ചീഫ് ഇലക്ഷന്‍ തന്ത്രജ്ഞന്‍' ആണ്
.
ഭാരത് ജോഡോ യാത്ര | PHOTO: FACEBOOK
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് നിഘണ്ടുവില്‍ സര്‍വ്വസാധാരണമായിരിക്കുന്ന വാക്കാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍. സോഷ്യലിസ്റ്റ് രക്തമുള്ള നിതീഷ് കുമാറിനും, അഖിലേഷ് യാദവിനുമൊക്കെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍മാരുണ്ട്. എന്തിന്, കേരളത്തില്‍ ഇടതുമുന്നണിയെ മാര്‍ക്കറ്റ് ചെയ്തത് ക്രൈസാലിസ് എന്ന പി.ആര്‍ സ്ഥാപനമാണ്. ഇന്ന് ബി.ജെ.പിക്ക് ജയിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്ത ആള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തന്ത്രം ഉപേദേശിക്കുന്നതും അടുത്തകാലത്ത് ഇന്ത്യ കണ്ടു. പ്രശാന്ത് കിഷോറും കനേഗേലുവുമൊക്കെ ഈ പട്ടികയിലാണ്. 'ക്വട്ടേഷന്‍' അഥവാ കോണ്‍ട്രാക്ട് പണിയാണ് ഇവര്‍ക്ക് രാഷ്ട്രീയം. അങ്ങനെ, സ്ഥാപനവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍, പരസ്യ കമ്പനികള്‍. ഇലക്ഷന്‍ കമ്മീഷന്‍, ബ്യുറോക്രസി തുടങ്ങിയവരെല്ലാം ചേര്‍ന്ന് രാഷ്ട്രീയ വ്യവസായത്തിന്റെ വിളവെടുപ്പായ തെരഞ്ഞെടുപ്പിനെ ഒരു ഉത്സവമാക്കുന്നതാണ് അഞ്ചുവര്‍ഷന്തോറും ആഗോളീകൃത ഇന്ത്യയില്‍ കാണുന്നത്. അതിനുമുമ്പ് ഇന്ത്യന്‍ തെരഞ്ഞടുപ്പിനെക്കുറിച്ചുള്ള ആക്ഷേപം ബൂത്ത് പിടുത്തവും ഗുണ്ടായിസവുമെന്നൊക്കെ ആയിരുന്നു.
ജനങ്ങളുടെ ഇച്ഛ പ്രകടിപ്പിക്കാനുള്ള അവസരം എന്ന കാല്‍പ്പനികതയോടെയാണ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഭരണകൂടത്തിന്റെ അധികാരം ഉത്ഭവിക്കുന്നത് ബാലറ്റില്‍ രേഖപ്പെടുത്തിയ ജനങ്ങളുടെ ഇച്ഛയില്‍നിന്നാണ്. മേല്‍പറഞ്ഞ ഘടകങ്ങള്‍ ചേര്‍ന്ന് രാഷ്ട്രീയം ചോര്‍ത്തിക്കളയുന്ന പ്രക്രിയയായി മാറിയ ആഗോളീകൃത കാലത്തെ തെരഞ്ഞെടുപ്പില്‍ വിശുദ്ധമായ ജനങ്ങളുടെ ഇച്ഛ എങ്ങനെയാണ് പ്രകടമാവുക? സംശയമാണ്. അതിനാല്‍ത്തന്നെ, തെരഞ്ഞെടുപ്പുകൊണ്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം എന്ന ചോദ്യമുണ്ട്. അതൊരു ഉത്സവമായി സമയാസമയങ്ങളില്‍ കൊണ്ടാടപ്പെടുകയാണ്. ഉത്സവം കഴിയുന്നതോടെ ആഘോഷിച്ചവരും പ്രതിഷ്ഠയും രണ്ടും രണ്ടായി മാറും. ആഘോഷത്തിന് ആര്‍പ്പ് വിളിച്ചവരുടെ സ്ഥാനം പിന്നെ പ്രതിഷ്ഠകള്‍ക്ക് മുന്നില്‍ തൊഴുകൈകളുമായി തങ്ങളുടെ ദൈന്യം പറയുന്നിടത്താണ്- അതും ശ്രീകോവിലില്‍നിന്ന് തീണ്ടാപ്പാടകലെ നിന്ന്. ദൈന്യമകറ്റാന്‍ വല്ലതും കൊടുക്കും. എന്ത് തന്നെയായാലും ഭക്തജനങ്ങള്‍ പ്രതിഷ്ഠകളുടെ തിടമ്പുകള്‍ ഏറ്റി നടക്കും. ഈ തെരഞ്ഞെടുപ്പുത്സവകാലത്താണ് ജനാധിപത്യം അനുഭവപ്പെടുന്നത്. ജനങ്ങളുടെ മുന്നില്‍ തൊഴുകൈകകളുമായി വന്നവര്‍ ഉത്സവം കഴിയുന്നതോടെ ദൈവങ്ങളാകും. കാര്യങ്ങള്‍ പ്രമുഖന്മാരുടെ നിയന്ത്രണത്തില്‍ ആകുന്ന ഈ പ്രക്രിയയ്ക്ക് ജനാധിപത്യം എന്നല്ല, പ്രഭുഭരണം എന്നാണ് പറയാറുള്ളത്. ജനങ്ങളും ഭരണകര്‍ത്താക്കളും തമ്മിലുള്ള അകലം അപാരമായി വര്‍ധിക്കുന്ന ഈ പ്രവണതയ്ക്ക് ഉദാഹരണങ്ങള്‍ മുമ്പിലുണ്ടല്ലോ. വന്നുവന്ന് ജനാധിപത്യത്തിന്റെ താഴ്ത്തട്ടുകളില്‍ വരെ പൗരന്മാരില്‍ നിന്ന് പ്രമുഖരെ സൃഷ്ടിക്കുന്ന പ്രവണത വന്നുകഴിഞ്ഞു.
പ്രശാന്ത് കിഷോര്‍ | PHOTO: WIKI COMMONS
'വോട്ട് കുത്തുക' എന്നതല്ലാതെ ജനാധിപത്യത്തിന്റെ പ്രധാനഘടകമായ ജനത്തിന്, പൗരസമൂഹത്തിന് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരിടത്തും പങ്കില്ല. സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നതിലും മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിലുമൊന്നും അവരില്ല. ആവേശക്കമ്മിറ്റിക്കാര്‍ മാത്രം. തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതുമെല്ലാം ഈ പൗരപ്രമുഖര്‍, പ്രഭുക്കന്മാരായിരിക്കും. അത് പാര്‍ട്ടി നേതാക്കന്മാരാകാം, അവരുടെ പിന്നില്‍ കരുത്തും പിന്തുണയുമായി അണിനിരക്കുന്ന സാമ്പത്തിക-സാമൂഹ്യ താല്‍പര്യങ്ങളുടെ പ്രാതിനിധ്യങ്ങളാകാം. പഞ്ചായത്ത് വാര്‍ഡില്‍ പോലും സ്ഥാനാര്‍ഥികള്‍ വരുന്നത് ഇത്തരം പ്രാമുഖ്യങ്ങളുടെ ഭാഗമായാണ്. അവതാരങ്ങളുടെ മുഖത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടാകുമെന്നല്ലാതെ സ്വഭാവത്തിനും പരിപാടികള്‍ക്കും ഒറ്റ മുഖമാകും. അഞ്ചാണ്ട് തോറും സാധാരണ പൗരന്‍മാര്‍ തങ്ങളുടെ അനുഷ്ഠാനത്തില്‍ പങ്കെടുത്ത് പിന്‍വലിയും. പിന്നെ പ്രമുഖരുടെ വാഴ്ചയാണ്. അതിനെ നാം ജനാധിപത്യം എന്നങ്ങ് വിളിക്കുന്നു.
തങ്ങളാണ് ഭരണകൂടത്തെ സൃഷ്ടിക്കുന്നത് എന്ന ധാരണ മാത്രമാണ് ജനങ്ങള്‍ക്കുള്ളത്. ഭരണകൂടം നിങ്ങള്‍ക്കെന്ത് തന്നു എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. അവകാശങ്ങളില്‍ നിന്നും ഔദാര്യങ്ങളിലേക്കാണ് പ്രമുഖര്‍ ജനത്തെ എത്തിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് റേഷന്‍ സൗജന്യമാക്കുന്നത് ഭരണകൂടത്തിന്റെ ഔദാര്യമായാണ്, ഭരണകൂടത്തെ സൃഷ്ടിച്ച ജനത്തിന്റെ അവകാശമല്ല. അങ്ങനെ ഓരോന്നും. അതേസമയം, പ്രമുഖര്‍ എന്ന താല്‍പര്യങ്ങളുടെ നിക്ഷേപകര്‍ക്ക് എല്ലാം അവകാശവുമാണ്. വികസനം, പുരോഗതി എന്നെല്ലാം പറയുന്നത് അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ലഭിക്കുന്ന സൈഡ് ഡിഷുകള്‍ മാത്രമാണ്. അംബാനിക്ക് എണ്ണപ്പാടങ്ങള്‍ തീറെഴുതിയതുകൊണ്ട് രാജ്യത്ത് എണ്ണ സുലഭമായി. അദാനിക്ക് മുണ്‍ഡ്ര തുറമുഖം പണിയാന്‍ അനുമതിയും അതിന് നിര്‍ബാധം വായ്പകളും കൊടുത്തതിനാല്‍ അവിടം വികസിച്ചു. ഏറ്റവും താഴ്ന്നത്തട്ടില്‍ പോലും ഇതാണ് സ്ഥിതി എന്ന് ആര്‍ക്കാണ് അറിയാത്തത്! ദേശീയ പ്രമുഖന്മാര്‍, പ്രാദേശിക പ്രമുഖന്മാര്‍ എന്നുള്ള വ്യത്യാസം മാത്രം. ജനം അതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ പലതും. വാഴക്ക് നനയ്ക്കുന്നതിനാല്‍ ചേമ്പിന് വെള്ളം കിട്ടുന്നതുപോലെയാണ് വികസനവും പുരോഗതിയുമെല്ലാം രാജ്യത്ത് ഉണ്ടാകുന്നത്. അദാനിയേയും അംബാനിയേയും പോലുള്ള അതിസമ്പന്നര്‍ പെരുകുന്നതനുസരിച്ച് ദാരിദ്ര്യം അനുഭവിക്കുന്ന ജനസംഖ്യയുടെ അളവ് രാജ്യത്ത് വര്‍ധിക്കുകയാണ്.
REPRESENTATIVE IMAGE | WIKI COMMONS
കഞ്ഞിക്ക് അരിയില്ലാത്തത് മാത്രമല്ല ദാരിദ്ര്യം, വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിലനിലവാരവുമായി പൊരുത്തപ്പെടുത്തി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ദേശീയ വരുമാനം, ആളോഹരി വരുമാനം മുതലായ വളര്‍ച്ചാ സൂചികകളില്‍ രാജ്യം ഉയര്‍ന്ന നിലയില്‍ എത്തിയാലും രാജ്യത്തെ എണ്‍പതുകോടി ജനങ്ങള്‍ കഞ്ഞി കുടിക്കണമെങ്കില്‍ വീണ്ടും അഞ്ചുവര്‍ഷം സൗജന്യറേഷന്‍ കൊടുക്കേണ്ട അവസ്ഥയിലാണ് രാജ്യം. വര്‍ധിക്കുന്ന വിലനിലവാരവുമായി പൊരുത്തപ്പെടുത്തി ജീവിക്കാന്‍ ഞെരുങ്ങുന്നവര്‍, മധ്യവര്‍ഗ്ഗം, ജനസംഖ്യയുടെ 31 ശതമാനം വരുമെന്നാണ് 2022ലെ പ്രൈസ് റിപ്പോര്‍ട്ട് പറയുന്നത്. ജീവിതനിലവാരത്തെക്കുറിച്ച് ഉല്‍ക്കണ്ഠ കൂടിയവരായതിനാല്‍ മധ്യവര്‍ഗ്ഗത്തിന് ഞെരുക്കം കൂടും. അധികാരത്തിലെത്താന്‍ ഇവരെയൊക്കെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍. ഭൂരിപക്ഷത്തെ നിരന്തരം പ്രതീക്ഷയിലും ആശയക്കുഴപ്പത്തിലും നിലനിര്‍ത്തുന്ന ഒരു ഗെയിം. ഈ അന്തരീക്ഷം കാലാനുസൃത മാറ്റങ്ങളോടെ നിലനില്‍ക്കേണ്ടത് രാഷ്ട്രീയം എന്ന ബിസിനസ്സിന്റെ ആവശ്യമാണ്. ഈ ബിസിനസ്സിലെ അദൃശ്യപങ്കാളികളായ പൗരപ്രമുഖന്മാരുടെ സാമ്രാജ്യ വികസനത്തിനുള്ള വിപണി കൂടിയാണ് ഇക്കൂട്ടര്‍. ക്രയാശേഷിയില്‍ വര്‍ധനയോടെ അതങ്ങനെ നിലനില്‍ക്കണം. എങ്കിലേ ഈ വ്യവസായം നിലനിന്നുപോവൂ. തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ഉത്സവമാണെന്നത് പറച്ചില്‍ മാത്രമാണ്. ജനവും ഭരണകൂടവും മോരും മുതിരയും പോലെയാണ്.