വിധേയര്‍ ഇനി തിരഞ്ഞെടുപ്പ് കമ്മീഷനിലും
ബ്രിട്ടീഷ് വാഴ്ചക്കാലത്തെ നിയമങ്ങള്‍ പുതിയ ഇന്ത്യയ്ക്കായി പരിഷ്‌കരിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് നരേന്ദ്ര മോദിയുടെ കേന്ദ്രസര്‍ക്കാര്‍ പല പുതിയ പരിഷ്‌കരണങ്ങളും നടപ്പാക്കുന്നത്. രാജ്യഭരണത്തിലെ ഭൂരിഭാഗം സംവിധാനങ്ങളെയും ബിജെപി സര്‍ക്കാര്‍ ഇതിനോടകം മാറ്റിക്കഴിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചു മാറ്റുന്ന സംഘപരിവാര്‍ നിലപാട് ഇതാദ്യമല്ല. ഇപ്പോഴിതാ സുപ്രീംകോടതി വിധിയെപ്പോലും അട്ടിമറിക്കാനായി പാര്‍ലമെന്റിലെ ഭൂരിപക്ഷത്തെ ഉപയോഗിക്കുന്ന മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന പ്രക്രിയയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയിരിക്കുകയാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പാനലില്‍ നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്ര മന്ത്രിയെ ഉള്‍പ്പെടുത്താനാണ് പുതിയ ബില്ലിലെ വ്യവസ്ഥ. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം നിഷ്പക്ഷമാകുന്നതിനായി ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി പുറപ്പെടുവിച്ച ഉത്തരവിനെയാണ് പുതിയ ബില്ലിലൂടെ മോദി സര്‍ക്കാര്‍ മറികടന്നിരിക്കുന്നത്.
പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെടുന്ന സമിതിയായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അംഗങ്ങളെ നിയമിക്കേണ്ടത് എന്ന് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു; ഇത് അട്ടിമറിക്കുന്ന നീക്കമാണ് 2024 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മോദി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ജസ്റ്റിസ് കെഎം ജോസഫ് | PHOTO: FACEBOOK
ചീഫ് ജസ്റ്റിസിനെ പാനലില്‍ നിന്ന് മാറ്റി പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ പാനല്‍ നിയമന പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയാകും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പാനലിന്റെ അധ്യക്ഷന്‍. നേരത്തെയും സമാനമായരീതി രാജ്യത്ത് നിലനിന്നതിനാല്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി നിയമനം നടത്തിയിരുന്ന രീതി നിര്‍ത്തലാക്കി തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനത്തിനായി പുതിയ പാനല്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. സ്വയംഭരണ സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായിരുന്നു കോടതിയുടെ ഇടപെടല്‍.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലല്ല തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതോടെ രാഷ്ട്രപതിയോടു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി ശുപാര്‍ശ ചെയ്യേണ്ടത് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയാണെന്ന വിധി പ്രസ്താവിച്ചു. ഈ വിധിയെയാണ് മോദി സര്‍ക്കാര്‍ പുതിയ ബില്ല് പാസാക്കിയതിലൂടെ മറികടക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ണായക വിധിയെ അട്ടിമറിച്ച് ജനാധിപത്യ ഇന്ത്യയുടെ സുതാര്യതയ്ക്കുമേല്‍ കടന്നുകയറുകയാണ് കേന്ദ്രസര്‍ക്കാര്‍ ഫലത്തില്‍ ചെയ്യുന്നത്. അതുവഴി വിധേയരെ തിരഞ്ഞെടുപ്പു കമ്മീഷനിലും നിയമിക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിന് ആക്കംകൂട്ടുന്ന തിരഞ്ഞെടുപ്പ് അതി നിര്‍ണായകമാണെന്നിരിക്കെ ഈ നടപടിയും അതി നിര്‍ണായകമാണ്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരായ ആര്‍ക്കും ആറുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല എന്നതും വസ്തുതയാണ്. 65 വയസ്സ് പൂര്‍ത്തിയാക്കുകയോ പദവിയില്‍ ആറുവര്‍ഷമാകുകയോ ചെയ്യുമ്പോഴാണ് വിരമിക്കല്‍.
ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമോ?
മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും നിയമനം പൂര്‍ണമായും ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും ജുഡീഷ്യറിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്. ഭരണഘടനയുടെ അനുച്ഛേദം 50 ല്‍ അധികാരപരിധി കൃത്യമായി വിഭജിച്ചുനല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഭരണകൂടവും ജുഡീഷ്യറിയും നിയമനിര്‍മാതാക്കളും അവരുടെ ജോലികള്‍ നിര്‍വഹിച്ചാല്‍ മതിയെന്നാണ് മന്ത്രിയുടെ അഭിപ്രായം.
അര്‍ജുന്‍ റാം മേഘ്വാള്‍ | PHOTO: FACEBOOK
എന്നാല്‍ 2012 ജൂണ്‍ രണ്ടിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായിരുന്ന എല്‍കെ അദ്വാനി അയച്ച കത്തില്‍ പറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മാത്രം രാഷ്ട്രപതി നിയമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉളവാക്കുകയില്ലെന്നായിരുന്നു. കൂടാതെ ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ ഭരണകക്ഷിയുടെ പ്രത്യേക അവകാശമായി നിലനിര്‍ത്തുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമത്വവും പക്ഷപാതവും കടന്നുവരുന്നതിന് കാരണമാകുമെന്നുമായിരുന്നു.
ഭരണഘടനയുടെ 15-ാം ഭാഗത്തിലെ അഞ്ച് അനുച്ഛേദങ്ങളാണ് (324-329)തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തെ സംബന്ധിച്ചുള്ളത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324(2) അനുസരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് കമ്മീഷണര്‍മാരുടെയും നിയമനം രാഷ്ട്രപതിയാണ് തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച് ഭരണഘടന പ്രത്യേക നിയമനിര്‍മാണം നിര്‍ദേശിക്കുന്നില്ല. ഇതുപ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് നിയമനം നടത്തുന്നത്. 1949 ജൂണ്‍ 15 ന് ഭരണഘടനാ നിര്‍മാണ സഭയില്‍ ഡോ. ബിആര്‍ അംബേദ്കര്‍ പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരിക്കണം എന്നാണ്. റിട്ടേണിങ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം കമ്മീഷന് മാത്രമാണെന്നുമായിരുന്നു.
അവര്‍ക്കുവേണ്ടി, അവരുണ്ടാക്കുന്ന നിയമം
സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുന്നരീതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒപ്പം പ്രതിപക്ഷ നേതാവുമടങ്ങിയ സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടത് എന്ന് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് ബില്‍ പാസാക്കിയിരിക്കുന്നത്.
സുപ്രീംകോടതി | PHOTO: WIKI COMMONS
കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി രാഷ്ട്രപതി നിയമിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുന്നതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. മന്ത്രിസഭയുടെ രാഷ്ട്രീയ തീരുമാനത്തിനുപകരം കൊളീജിയം മാതൃകയില്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയതോടെ കേന്ദ്ര സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സമിതിയാകും ഇനി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ടതാണ് പാസാക്കിയ പുതിയ ബില്‍. ഡിസംബര്‍ 12 നായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്. ഇരുസഭകളും പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറും.
പ്രതിപക്ഷ എംപിമാരെ പുറത്താക്കി നിയമനിര്‍മാണം
1991 ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ടിന് പകരം പുതിയ നിയമം കൊണ്ടുവരുന്നതാണ് ബില്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ഇതു പാസാക്കിയത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത വേളയില്‍ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളാണ് ഈ സുപ്രധാന നിയമനിര്‍മാണത്തിനു സാക്ഷ്യംവഹിച്ചത്. അതായത്, എതിര്‍ക്കുന്നവരുടെയും ചോദ്യം ചെയ്യുന്നവരുടെയും എതിര്‍പ്പും മറുചോദ്യങ്ങളുമില്ലാതെ, ചര്‍ച്ച ചെയ്യാതെ തങ്ങളുടെ സൗകര്യത്തിന് ഒരു നിയമനിര്‍മാണത്തിനു കൂടി ബിജെപി സര്‍ക്കാര്‍ കളമൊരുക്കുകയാണ് ചെയ്തത്. അതില്‍ അവര്‍ വിജയിച്ചു. ജനാധിപത്യത്തെ പൂര്‍ണമായി ഗില്ലറ്റിന്‍ ചെയ്യാനുള്ള ശ്രമത്തിലും അവര്‍ വിജയിക്കുമോ എന്ന ചോദ്യമാണ് ഇനി ബാക്കി.