TMJ
searchnav-menu
post-thumbnail

Great Indian Elections

ജനാധിപത്യത്തിലെ കീഴാള അവകാശങ്ങള്‍

12 Jan 2024   |   4 min Read
അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍

ലോകത്തെ മറ്റ് ഏതൊരു രാജ്യത്തെക്കാളും എണ്ണമറ്റ ജാതികള്‍കൊണ്ടും മതങ്ങള്‍കൊണ്ടും ഭാഷകള്‍കൊണ്ടും സംസ്‌കാരംകൊണ്ടും വൈവിധ്യമാര്‍ന്നതാണ് ഇന്ത്യ. അതുകൊണ്ടുതന്നെ മതനിരപേക്ഷത അഥവാ മതേതരത്വം എന്ന മൂല്യം നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യപദവിയും അംഗീകാരവും വിഭാവനം ചെയ്യുന്ന ഭരണഘടനാപരമായ അവകാശം കൂടിയാണ് അത്. മതനിരപേക്ഷത എന്ന ഈ സങ്കല്പനം മനുഷ്യജീവിതത്തിന്റെ സാമൂഹ്യവും മതപരവുമായ ജീവിതത്തെ തുല്യപദവിയിലേക്ക് എത്തിക്കുന്നു എന്നതാണ് ഒരു ജനാധിപത്യ രാഷ്ട്രം എന്ന രീതിയില്‍ നാം ആഗ്രഹിക്കുന്നത്.

നൂറ്റാണ്ടുകളായി ജാതീയമായ അസമത്വവും അവകാശലംഘനവും നിലനിന്നിരുന്ന ഒരു രാഷ്ട്രമാണ് നമ്മുടേത്. ബ്രാഹ്‌മണിക്കല്‍ അധികാരം ഒരു ഭരണകൂട അധികാരമായി അടക്കിവാണിരുന്ന ഈ രാജ്യത്ത് മതങ്ങള്‍ക്കും ജാതികള്‍ക്കും ഇടയില്‍ ശ്രേണീകൃതമായ അസമത്വം ഭീതിതമായ രീതിയില്‍ നിലനിന്നിരുന്നു. ഇന്ത്യ 1947 നു ശേഷം ഒരു സ്വതന്ത്രപരമാധികാര ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രമായി പിറന്നതോടുകൂടി മുഴുവന്‍ മനുഷ്യര്‍ക്കും മനുഷ്യാന്തസും തുല്യതയും അവകാശവും ഭരണഘടനാപരമായി നമ്മള്‍ വിഭാവനം ചെയ്തു.

നിര്‍ഭാഗ്യവശാല്‍ മതേതരത്വം എന്ന ഈ മൂല്യസങ്കല്പം നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ വളരെ വികലമായാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ജനാധിപത്യത്തില്‍ ധനാധിപത്യവും മതാധിപത്യവും പിടിമുറുക്കുകയും മതപരവും ജാതിപരവുമായ ധ്രുവീകരണം കാലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായി നിലനിന്നുവരികയും ചെയ്യുന്നു. ഇതൊരു ജനാധിപത്യ രാഷ്ട്രത്തിന്റെ അന്തസത്തയെ ചോര്‍ത്തിക്കളയുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. മേലാള ജാതിമത ശക്തികള്‍ സമൂഹത്തില്‍ വളര്‍ന്നുവന്നു. ഈയൊരു ഘട്ടത്തില്‍ കീഴാള ജനവിഭാഗങ്ങളുടെ സംഘടിതമായ മുന്നേറ്റവും സമീപകാലത്തായി ഉണ്ടായിട്ടുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

REPRESENTATIVE IMAGE: PHOTO: WIKI COMMONS
അംബേദ്ക്കര്‍ ചിന്തകളാണ് ഈ കീഴാള മുന്നേറ്റങ്ങളെ സ്വാധീനിച്ചിട്ടുള്ളത് എന്നത് തീര്‍ത്തും വസ്തുതാപരമായ കാര്യമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകൊണ്ട് ഇന്ത്യന്‍ കീഴാള ജനത നേടിയെടുത്ത വിദ്യാഭ്യാസപരമായ പുരോഗതിയും, ചിന്തിക്കുന്ന ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവന്നതും ഈ ചിന്തകളെ പിന്‍പറ്റിയാണ്. സര്‍വകലാശാലകളിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സമൂഹത്തിലും സാഹിത്യത്തിലും സംസ്‌കാരത്തിലും ചരിത്രത്തിലും ഉയര്‍ന്നുവന്ന കീഴാളചരിത്ര പഠനങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ കീഴാളജനതയുടെ തത്ത്വചിന്താപരവും സാമൂഹികവും രാഷ്ട്രീയപരവുമായ ഉയര്‍ച്ചയ്ക്ക് ഏറെ സഹായിച്ച ഘടകങ്ങളാണ്. 

ഈ മുന്നേറ്റത്തിന്റെ ഭാഗമായി ഇന്ത്യന്‍ കീഴാള ജനത ഉന്നയിച്ച ധാരാളം പ്രശ്നങ്ങളുണ്ട്. അവരുടെ മതപരവും സ്വത്വപരവും സാംസ്‌കാരികവുമായ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ മുഖവിലയ്ക്കെടുക്കേണ്ടതാണ്. ഇത് കേവലമായ ഒരു സ്വത്വരാഷ്ട്രീയമായി തള്ളിക്കളയേണ്ടതല്ല. കാരണം ഇക്കാലമത്രയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഇന്ത്യന്‍ കലയുടെയും മണ്ഡലത്തില്‍ സമൂഹത്തിലെ മധ്യവര്‍ഗ ബ്രാഹ്‌മണിക്കല്‍ മുദ്രകളാണ് പൊതുജനത്തിന്റെ ആകെ മുദ്രകളായും ആകെ അഭിലാഷങ്ങളായും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അസ്തിത്വമുള്ള ഒരു ജനത എന്ന നിലയില്‍ കീഴാളര്‍ ഉയര്‍ത്തുന്ന സാമൂഹികവും സാംസ്‌കാരികവും മതപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അംഗീകരിക്കപ്പെടേണ്ടതാണ്. അല്ലാതെ കേവലമായ സ്വത്വരാഷ്ട്രീയ പ്രശ്നമെന്ന നിലയില്‍ അവഹളിക്കപ്പെടേണ്ടതിന്റെയോ തള്ളിക്കളയേണ്ടതിന്റെയോ പ്രശ്നമല്ല. പൊതുസമൂഹത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും സ്വത്വം അംഗീകരിക്കപ്പെടുന്നതുപോലെ തന്നെ എല്ലാ മതജാതി വിഭാഗങ്ങളുടെയും അസ്തിത്വം അംഗീകരിക്കപ്പെടുന്നതുപോലെതന്നെ ഇന്ത്യന്‍ കീഴാള ജനതയുടെയും സ്വത്വവും മതപരവും സാംസ്‌കാരികവുമായ പ്രശ്നങ്ങള്‍ അംഗീകരിക്കപ്പെടേണ്ടത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ അനിവാര്യമായ കാര്യമാണ്.

ബി ആർ അംബേദ്ക്കര്‍ | PHOTO: WIKI COMMONS
കേരളത്തിലെ ജനസംഖ്യയുടെ 9.10 ശതമാനമാണ് എസ്‌സി, എസ്ടി ജനവിഭാഗങ്ങള്‍. കേരളത്തിലെ മൊത്തം ജനതയുടെ ശരാശരി 10 ശതമാനം വരുന്നതാണ് എസ്‌സി, എസ്ടി വിഭാഗങ്ങള്‍ എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ 140 നിയമസഭാ സീറ്റുകളില്‍ 14 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും രണ്ടു സീറ്റുകള്‍ പട്ടികവര്‍ഗവിഭാഗത്തിനുമാണ് നീക്കിവച്ചിരിക്കുന്നത്. സംസ്ഥാനത്തെ 140 എംഎല്‍എമാരില്‍ 16 പേര്‍ മാത്രം ദലിത് വിഭാഗത്തില്‍ നിന്നും വരുന്നുള്ളൂ. സംവരണ സീറ്റില്‍ മത്സരിച്ചുകൊണ്ട് കേരളത്തിലെ കീഴാള ജനതയുടെ പ്രതിനിധികളായി വരുന്ന 16 പേര്‍ ആരാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ അവര്‍ കേരളത്തിലെ പ്രബലമായ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതാക്കന്മാരോ പ്രവര്‍ത്തകരോ ആയിരിക്കും. ഇവര്‍ ഏത് മൂല്യത്തെയാകും, ഏത് അടിസ്ഥാനപ്രശ്‌നത്തെയാകും ഉയര്‍ത്തിപ്പിടിക്കുക. തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം തിരഞ്ഞെടുപ്പില്‍ കൈക്കൊള്ളുന്ന നിലപാടുകളില്‍ മാത്രമേ അവര്‍ക്ക് ഉറച്ചുനില്‍ക്കാന്‍ കഴിയൂ. ഉദാഹരണത്തിന് മന്ത്രി കെ രാധാകൃഷ്ണന് അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ അടിയുറച്ചുകൊണ്ടു മാത്രമേ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നുള്ളൂ.

ഇതിലൂടെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിദ്യാഭ്യാസപരമോ സാമൂഹികപരമോ സാമ്പത്തികപരമോ ആയ അധോഗതിയെയും അവരുടെ സ്വത്വത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ എത്രത്തോളം സാധിക്കും. ആ പോരായ്മയാണ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായ തോതില്‍ ജനാധിപത്യ സമൂഹത്തിനകത്ത് നിലനിര്‍ത്തിപ്പോരാനും  ഉയര്‍ത്തിപ്പിടിക്കാനും കഴിയാതെ വരുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഏറ്റവും കീഴാളജാതിവിഭാഗത്തില്‍ നിന്നും അവര്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇത് കേവലമായ സ്വത്വപ്രശ്‌നമല്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍പോലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ജനാധിപത്യത്തിന്റെ പരിമിതി കൂടിയാണ് ഇത്. 

ഓരോ തിരഞ്ഞെടുപ്പിലും കീഴാള വിഭാഗത്തിന് പ്രത്യേകമായി സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ടല്ലോ? ഇത് ആകെയുള്ള സീറ്റുകളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന എല്ലാ വിഭാഗത്തിന്റെയും ഉയര്‍ച്ചയ്ക്ക് തുല്യമായ തോതില്‍ സമൂഹത്തിലെ കീഴാളജനതയുടെ സാധ്യതകള്‍ ഉയര്‍ന്നുവരുന്നുണ്ടോ എന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ പരിശോധിക്കേണ്ടതാണ്. ഒരു രാഷ്ട്രം സ്വാതന്ത്ര്യം പ്രാപിച്ച് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ അര്‍ത്ഥത്തിലും തോതിലും പൂര്‍ണതയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ ദയനീയമായ രാഷ്ട്രീയാവസ്ഥയാണ് എം കുഞ്ഞാമന്‍ സാറിന്റെ ആത്മഹത്യ. താന്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗം ഇത്രയും കാലങ്ങളായിട്ടും ഒരു ഉയര്‍ച്ചയിലും എത്തിയില്ലെന്ന യാഥാര്‍ത്ഥ്യമായിരുന്നു അദ്ദേഹത്തിന്റെ ആത്മക്കുറിപ്പ് നമ്മോടു പറഞ്ഞത്.

എം കുഞ്ഞാമന്‍ | PHOTO: WIKI COMMONS
സമൂഹത്തില്‍ പ്രത്യേകിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ജാതിബോധവും മതബോധവും എത്രത്തോളം ശക്തമാണെന്നതിന്റെ പ്രകടമായ തെളിവ് നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അറിയാം. പൊതുവില്‍ ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് അവരവരുടെ രാഷ്ട്രീയ കക്ഷികളായി നിര്‍ത്താന്‍ നിശ്ചയിക്കുന്ന ആളുകള്‍ സമൂഹത്തിലെ ഉന്നത ജാതിമത കുലത്തില്‍പ്പെട്ടതോ മധ്യവര്‍ഗ സമുദായത്തിലും സാമ്പത്തികഭദ്രതയുള്ളവരിലും പെട്ടവരായിരിക്കും. പൊതുസമ്മതിയെന്ന മാനദണ്ഡമാണ് അവര്‍ സ്വീകരിക്കുന്നതെങ്കിലും എന്താണ് ഈ പൊതുമാനദണ്ഡമെന്നത് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിലെ സവര്‍ണ അഭിലാഷങ്ങളും മുദ്രകളും ചിന്താഗതികളുമെല്ലാം പൊതുസമൂഹത്തിന്റെ ചിന്താഗതികളും കാഴ്ചപാടുകളുമാണെന്ന ധാരണ ഉറപ്പിക്കപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മധ്യവര്‍ഗത്തിന്റെയോ ഉപരിവര്‍ഗത്തിന്റെയോ അഭിലാഷങ്ങള്‍, സാഹിത്യവും സാംസ്‌കാരികവുമായ ചിന്താഗതികള്‍ ഇവയെല്ലാം പൊതുസമൂഹത്തിന്റെ ആകെ അഭിലാഷങ്ങള്‍ ആണെന്ന രീതിയില്‍ നമ്മുടെ കലയിലും സാഹിത്യത്തിലും സാമൂഹികപരമായ എല്ലാ വ്യവഹാരമണ്ഡലങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. എല്ലാ അഭിലാഷങ്ങളെയും പൂര്‍ത്തീകരിക്കാന്‍തക്ക ശേഷിയുള്ള, അതായത് വര്‍ണപരവും ജാതിപരവും സാമ്പത്തികപരവുമായി എല്ലാത്തരത്തിലും ഒത്തിണങ്ങുന്ന സമൂഹത്തിലെ മാന്യസമൂഹം എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തെയാണ് പൊതുവെ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായി രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ചു കാണുന്നത്.

തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു കീഴാളവിഭാഗത്തിലെ പ്രതിനിധിയെ പൊതുമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ നമ്മുടെ സമകാലിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മടിക്കുന്നുവെന്നത് വര്‍ഷങ്ങളായുള്ള കാഴ്ചയാണ്. കീഴാളവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളില്‍ മാത്രമാണ് മത്സരിക്കാന്‍ അവസരമൊരുക്കുക. ഇതോടെ വളരെ പരിമിതമായ എണ്ണം സ്ഥാനാര്‍ത്ഥികള്‍ മാത്രമെ കീഴാള വിഭാഗത്തില്‍ നിന്നും ജനപ്രതിനിധികളായി സമൂഹത്തിലേക്ക് ഉയര്‍ന്നുവരുന്നുള്ളൂ. ഒരു പ്രത്യേക വിഭാഗത്തെ ഇത്തരത്തില്‍ അകറ്റി നിര്‍ത്തുന്നതിലൂടെ ഒരു മതേതരത്വ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ കീഴാള വിഭാഗത്തിന്റെ പ്രാധാന്യം പരിമിതപ്പെടുന്നതായി കാണാം. എക്കാലവും തഴയപ്പെട്ട ഒരു വിഭാഗമായി നമ്മുടെ സമൂഹത്തിലെ കീഴാള വിഭാഗങ്ങള്‍ ഒതുങ്ങിപ്പോകുന്നുവെന്നത് അധികാരതലങ്ങളില്‍ കൂടി നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പൊതുവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും പ്രത്യേകിച്ച് കേരളീയ രാഷ്ട്രീയത്തിലും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സമൂഹത്തിലെ കീഴാള ജനത നിരന്തരമായി അടിച്ചമര്‍ത്തപ്പെടുകയാണെന്നത് യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുകയാണ്. കീഴാള ജനവിഭാഗത്തെ ജനാധിപത്യ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് നൈതികവും ധാര്‍മികവുമായ ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമായി ഉള്‍ക്കൊള്ളുക തന്നെവേണം.

#Great Indian Elections
Leave a comment