TMJ
searchnav-menu
post-thumbnail

Great Indian Elections

പ്രതിരോധത്തിന്റെ പ്രതീകമാണ് ക്യാമ്പസ്

19 Dec 2023   |   3 min Read
സുകന്യ എന്‍ 

ക്യാമ്പസ് എക്കാലത്തും പ്രതിരോധത്തിന്റെ പ്രതീകമാണ്. വ്യവസ്ഥയുടെ ജീര്‍ണതകള്‍ക്കെതിരെ ചെറുത്തുനില്‍ക്കുക മാത്രമല്ല കലാലയങ്ങള്‍ ചെയ്യുന്നത്. പുതിയ ആശയങ്ങളെയും വീക്ഷണങ്ങളെയും എന്നും അവ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

എണ്‍പതുകളില്‍ കേരളത്തിലെ ക്യാമ്പസുകളും അത്തരത്തിലുള്ളവയായിരുന്നു. അടിയന്തരാവസ്ഥയുടെ നാളുകളിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ നടന്ന പോരാട്ടങ്ങളുടെ അലയൊലികള്‍ ഒടുങ്ങിയിരുന്നില്ല. നവലിബറല്‍ ആശയങ്ങള്‍ക്ക് കടന്നുവരാന്‍ വഴിയൊരുക്കുംവിധം സമൂഹത്തെ പാകപ്പെടുത്തുന്ന നയങ്ങള്‍ക്ക് രാജ്യത്ത് ഭരണാധികാരികള്‍ തുടക്കംകുറിച്ചു കഴിഞ്ഞിരുന്നു. സ്വകാര്യവത്കരണത്തിലൂടെയാണ് നേട്ടമുണ്ടാക്കാനാവുക, മത്സരത്തിലൂടെ മാത്രമേ മികവ് സൃഷ്ടിക്കാനാവൂ തുടങ്ങിയ വാദഗതികളൊക്കെ ഉയര്‍ന്നു തുടങ്ങിയകാലം. ഈ നയംമാറ്റത്തിന്റെ ആദ്യപരീക്ഷണശാല വിദ്യാഭ്യാസ മേഖലയായിരുന്നു. അങ്ങനെയാണ് വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണവും കച്ചവടവത്കരണവും എണ്‍പതുകളില്‍ സജീവ ചര്‍ച്ചയാകുന്നത്. അതിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയാണ് ഞാന്‍ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തേക്കും പൊതുപ്രവര്‍ത്തനരംഗത്തേക്കും എത്തുന്നത്. 

എണ്‍പതുകളുടെ തുടക്കത്തില്‍ തലസ്ഥാനത്തെ പ്രശസ്തമായ ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ഞാന്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായി എത്തുമ്പോള്‍ അവിടെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. കേരളത്തിലെ ക്യാമ്പസുകള്‍ പ്രക്ഷോഭകേന്ദ്രങ്ങളായ ഒരുകാലത്ത് അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു വിമന്‍സ് കോളേജിന്റെ അന്തരീക്ഷം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നോട്ടീസ് അടിക്കുമ്പോള്‍ ഒരു ഭാഗത്ത് സ്ഥാനാര്‍ത്ഥിയുടെ ചിത്രവും മറുവശത്ത് സിനിമാനടന്മാരുടെ ചിത്രവും വച്ചായിരുന്നു പ്രചാരണം. അരാഷ്ട്രീയതയുടെ ആ ലോകത്ത് സാധാരണക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് വലിയ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുതന്നെ സമ്പന്നകുടുംബങ്ങളിലെ പെണ്‍കുട്ടികളായിരുന്നു. ഗ്രാമീണമേഖലയിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുവരുന്ന പെണ്‍കുട്ടികള്‍ വോട്ടുചെയ്യാന്‍ പോലും എത്താറില്ല. അവര്‍ അത്രമേല്‍ അപ്രസക്തരായിരുന്നു. ഈയൊരവസ്ഥയെ മറികടക്കാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ രംഗത്തെ എന്റെ ആദ്യാനുഭവങ്ങള്‍. അവയില്‍ നിന്നു ഞാന്‍ തിരിച്ചറിഞ്ഞ പ്രധാന പാഠങ്ങളിലൊന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ജാതീയമായ വിവേചനം നേരിടുന്ന കുട്ടികള്‍ക്കും ക്യാമ്പസിന്റെ മുഖ്യധാരയില്‍ ഇടം ലഭിച്ചത് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെയാണ് എന്നതാണ്. ഒരര്‍ത്ഥത്തില്‍ ക്യാമ്പസ് കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടു.

ഗവണ്മെന്റ് വുമൺസ് കോളേജ് തിരുവനന്തപുരം | PHOTO: FACEBOOK
ഇതേ എണ്‍പതുകളിലാണ് പ്രൊഫസര്‍ എസ് ഗുപ്തന്‍ നായരെപോലുള്ള പ്രമുഖര്‍ ചേര്‍ന്ന് രൂപീകരിച്ച വിദ്യാഭ്യാസ സംരക്ഷണ സമിതി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ വലിയ പ്രചാരണം കേരളമൊട്ടാകെ നടത്തിയത്. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണ് അവരെ അസ്വസ്ഥരാക്കിയത്. അരാഷ്ട്രീയവാദികള്‍ എന്നല്ല ഈ നിലപാട് സ്വീകരിക്കുന്നവരെക്കുറിച്ച് പറയേണ്ടത്. (എസ്. ഗുപ്തന്‍ നായരുടെ പിന്മുറക്കാര്‍ ഇന്നും സജീവമാണ്). അവര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷ രാഷ്ട്രീയമാണെന്നു മാത്രം. അന്നവര്‍ ഉന്നയിച്ച പ്രധാന ആക്ഷേപങ്ങളിലൊന്ന് അക്രമരാഷ്ട്രീയം ക്യാമ്പസുകളെ കലാപകലുഷിതമാക്കുന്നു എന്നതായിരുന്നു. എന്നാല്‍ വിചിത്രമെന്നു പറയട്ടെ ഈ അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി മാറിയവര്‍ അന്നും ഇന്നും പുരോഗമനവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ്. ഭുവനേശ്വരന്‍, ശ്രീകുമാര്‍ തൊട്ട് അഭിമന്യുവിലേക്കും ധീരജിലേക്കും നീളുന്നു ആ നിര. ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനമല്ല, മറിച്ച് വര്‍ഗീയ-വലതുപക്ഷ രാഷ്ട്രീയ ശക്തികളാണ് ക്യാമ്പസുകളെ കൊലക്കളമാക്കിയത്.

എണ്‍പതുകളിലെ കേരളത്തിലെ പ്രൊഫഷണല്‍ ക്യാമ്പസുകള്‍ പലതും എന്റെ വനിതാകലാലയത്തെപ്പോലെ അരാഷ്ട്രീയമായിരുന്നു. റാഗിങ് ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവണതകള്‍ അത്തരം ക്യാമ്പസുകളില്‍ ശക്തമായിരുന്നു. ഗ്യാങ്ങുകളാണ് ക്യാമ്പസുകളെ നിയന്ത്രിച്ചിരുന്നത്. അതിനെതിരെ നടന്ന ശക്തമായ ക്യാമ്പയിനുകളിലൂടെയാണ് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രൊഫഷണല്‍ കോളേജുകളില്‍ ശക്തിയാര്‍ജിച്ചത്. ഇന്റേണല്‍ മാര്‍ക്ക് എന്ന ആയുധം ഉപയോഗിച്ചാണ് അധ്യാപകരില്‍ (എല്ലാവരുമല്ല) ചിലര്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുകയും അന്യായമായി തോല്‍പ്പിക്കുകയും ചെയ്തിരുന്നത്. ഇത്തരം നെറികേടുകളെ ചോദ്യം ചെയ്യാനുള്ള ആര്‍ജവമാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്നത്. ഇപ്പോഴും വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്ന അടിമ-ഉടമബന്ധമായി വിദ്യാര്‍ത്ഥി-അധ്യാപക ബന്ധത്തെ മാറ്റുന്ന അധ്യാപകര്‍ കേരളത്തിലുണ്ടെന്ന് ഖേദപൂര്‍വം പറയട്ടെ. രാഷ്ട്രീയ പ്രവര്‍ത്തനം നിഷിദ്ധമായ സ്വാശ്രയമാനേജ്‌മെന്റ് കോളേജുകളിലാണ് ഇത്തരക്കാരെ കാണാനാവുക.

ഒരു ജനാധിപത്യസമൂഹത്തില്‍ അനിവാര്യമാണ് സ്വതന്ത്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ക്യാമ്പസുകള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം എത്രമേല്‍ പ്രധാനമായിരുന്നുവെന്നു നമുക്ക് കാണാനാവും. ഗാന്ധിജി അന്ന് ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് വിദ്യാലയമുപേക്ഷിച്ച് സമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങാന്‍ ആഹ്വാനം ചെയ്തു. ഉപ്പുകുറുക്കി നിയമം ലംഘിക്കാനും നിസ്സഹകരണസമരത്തിലും സജീവമായി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. അറസ്റ്റുവരിച്ചവര്‍ ജയിലില്‍പോയി. ഭഗത് സിംഗിനെപ്പോലെ, പ്രീതിലതയെപ്പോലുള്ള വിപ്ലവകാരികള്‍ അവരില്‍ നിന്നാണ് വളര്‍ന്നുവന്നത്. 

PHOTO: WIKI COMMONS
അടിന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള ശബ്ദം ഇന്ത്യയിലെ ക്യാമ്പസുകളില്‍ നിന്നുമുയര്‍ന്നു. അത്തരമൊരു ശബ്ദത്തെയാണ് കക്കയം ക്യാമ്പിലെ ഇരുട്ടറയില്‍ മര്‍ദകഭരണകൂടം നിശ്ശബ്ദമാക്കിയത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ തിരോധാനവും കൊലപാതകവും കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവമായിരുന്നു. 

നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയില്‍, സംഘപരിവാറിന്റെ ആദ്യ ടാര്‍ഗറ്റാണ് ചിന്തിക്കുന്ന ക്യാമ്പസുകള്‍. അവയെ നിശ്ശബ്ദമാക്കിയാല്‍ മാത്രമേ ഫാസിസത്തിന് ചുവടുറപ്പിക്കാനാവൂ എന്നവര്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുതല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിവരെ ഇന്ത്യയിലെ പ്രമുഖ ക്യാമ്പസുകളെയെല്ലാം തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം ആരംഭിച്ചത്. വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടെ അതിനുള്ള കരുക്കളാക്കി. എന്നിട്ടും അവര്‍ക്കതിന് സാധിച്ചിട്ടില്ല. പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ നാം കണ്ടു വിദ്യാര്‍ത്ഥികളായിരുന്നു അതിനെതിരായ സമരത്തിന്റെ മുന്‍നിരയില്‍. സമരവേദികളായി മാറി ഇന്ത്യയിലെ പ്രധാന സര്‍വകലാശാലകള്‍. യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തിയാണ് വിദ്യാര്‍ത്ഥി നേതാക്കളെ ജയിലില്‍ അടച്ചത്. എന്നിട്ടും പ്രതിഷേധാഗ്നി കെടുത്താന്‍ ഭരണകൂടത്തിനായില്ല. 

ക്യാമ്പസുകളെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം ഇന്ന് ശക്തമാണ്. മതവും ജാതിയും ചേര്‍ന്ന് തീര്‍ക്കുന്ന വെറുപ്പിന്റെ മതിലുകള്‍ സമൂഹത്തില്‍ മാത്രമല്ല, കലാലയങ്ങള്‍ക്കകത്തും ഉയര്‍ന്നുകഴിഞ്ഞു. വലതുപക്ഷ പിന്തിരിപ്പന്‍ ആശയങ്ങളുടെ കൂടാരമായി ക്യാമ്പസുകളെ മാറ്റാന്‍ നടക്കുന്നശ്രമം ആശങ്കയുളവാക്കുന്നതാണ്. കേരളത്തിലെ ഒരു പ്രമുഖ കലാലയമായ ഫറൂഖ് കോളേജില്‍ അവിടുത്തെ വിദ്യാര്‍ത്ഥി യൂണിയന്‍, സംവിധായകന്‍ ജിയോ ബേബിയെ അപമാനിച്ച് മടക്കി അയച്ച വാര്‍ത്ത വല്ലാത്ത അസ്വസ്ഥതയുളവാക്കുന്നതാണ്. ലൈംഗികതയെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് നടക്കുന്ന സംവാദങ്ങളെപ്പോലും ഭയപ്പെടുന്ന നിലയിലേക്ക് വിദ്യാര്‍ത്ഥി സമൂഹത്തെ മാറ്റിയെടുത്തു എന്നല്ലേ ഇതു കാണിക്കുന്നത്. 

അപകടകരമാണീ പോക്ക്. സ്വതന്ത്രമായി ചിന്തിക്കുന്ന, നിര്‍ഭയമായി പ്രതികരിക്കുന്ന, മനുഷ്യത്വമുള്ള യുവതയെ സൃഷ്ടിക്കാന്‍ കഴിയുന്ന ക്യാമ്പസുകള്‍ക്ക് മാത്രമേ അതിനെ പ്രതിരോധിക്കാനാവൂ.#Great Indian Elections
Leave a comment