TMJ
searchnav-menu
post-thumbnail

Great Indian Elections

തുല്യതയിലേക്ക് വേഗമേകാന്‍

28 Nov 2023   |   3 min Read
പി എസ് ശ്രീകല 

രണഘടനയുടെ നൂറ്റിഇരുപത്തിയെട്ടാം ഭേദഗതിയായി വനിതാസംവരണബില്ല് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി. ലോക്സഭയിലും നിയമസഭകളിലും 33% സ്ത്രീ സംവരണം ഉറപ്പാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്നതാണ് ഈ ആവശ്യം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അനിവാര്യതയുമാണത്. എന്നാല്‍, ഇപ്പോള്‍ ഭരണഘടനാഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമല്ല ജനാധിപത്യം പ്രകടമാവേണ്ടത്. ജനാധിപത്യത്തിന്റെ ഇടമെന്ന നിലയില്‍ പരമ്പരാഗതമായി ഒരു പ്രധാനസ്ഥാനം തിരഞ്ഞെടുപ്പിന് ഉണ്ടെന്നത് വസ്തുതയുമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള മണ്ഡലവിഭജനവും അനുബന്ധ സംവിധാനങ്ങളും ഉറപ്പാക്കിയതിനുശേഷം മാത്രം വനിതാസംവരണം നടപ്പിലാക്കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍, തിരഞ്ഞെടുപ്പിലേക്ക് പോലും നിയമപരമായി പരിഗണിക്കപ്പെടാന്‍ സ്ത്രീകള്‍ക്ക് ഇനിയും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്ന് അര്‍ത്ഥം. 2031 ലെ സെന്‍സസ് വരെ കാത്തിരിപ്പ് തുടരുമെന്ന് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. 2021 ലെ സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ലെന്നത് കൂടി ഇതിനോട് ചേര്‍ത്തുവച്ച് കാണേണ്ടതുണ്ട്. 

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടോടുകൂടിയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിലെ പങ്കാളിത്തവും അപൂര്‍വം സന്ദര്‍ഭങ്ങളിലെ നേതൃത്വവും ഉണ്ടായിരുന്നെങ്കിലും പ്രാതിനിധ്യസ്വഭാവത്തോടെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാവണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ ശക്തമാകുന്നത് അക്കാലത്തോടെയാണ്. സ്ത്രീകളുടെ വോട്ടവകാശത്തിനും തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നതിനും വേണ്ടിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അതോടെ പ്രബലമായി. സംവരണത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങള്‍ സ്ത്രീസംഘടനകളില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നു. സാമ്പത്തിക പരാശ്രയത്വം, വിവാഹത്തോടനുബന്ധിച്ചുള്ള അസ്വാതന്ത്ര്യങ്ങള്‍, ആശ്രിതത്വം തുടങ്ങി സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്ത സ്ഥിതിവിശേഷം വ്യവസ്ഥയുടെ ഭാഗമായിത്തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് സംവരണം അനിവാര്യമാണെന്ന വാദത്തിനു കൂടുതല്‍ പ്രസക്തിയുണ്ടായി. എങ്കിലും, ഭരണഘടനാ നിര്‍മാണവേളയില്‍പോലും വനിതാസംവരണം അംഗീകരിക്കുന്ന നിലയിലേക്ക് പരിഗണിക്കപ്പെട്ടില്ല.

PHOTO: PTI
1974 ല്‍ ഇന്ത്യയിലെ സ്ത്രീപദവി സംബന്ധിച്ച പഠനറിപ്പോര്‍ട്ട്, തിരഞ്ഞെടുക്കപ്പെട്ട സഭകളില്‍, സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നു നിരീക്ഷിച്ചു. എന്നാല്‍, ആ പഠനം തയാറാക്കിയ കമ്മിറ്റിയും വനിതാസംവരണം എന്ന അഭിപ്രായം നിരാകരിച്ചു.  1990 കളിലാണ് വനിതാസംവരണം എന്ന സ്ത്രീസംഘടനകളുടെ ആവശ്യം നിഷേധിക്കാനാവാത്തവിധം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രബലമാകുന്നത്. 1996 ല്‍ വനിതാസംവരണ ബില്‍ രൂപപ്പെടുന്നവിധത്തിലേക്ക് അത് ശക്തിപ്രാപിക്കുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ഓ ബി സി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. വ്യത്യസ്ത അഭിപ്രായങ്ങളില്‍ കുരുങ്ങി പാസാക്കാന്‍ കഴിയാതിരുന്ന ബില്ല് 2010 ല്‍ രാജ്യസഭ പാസാക്കി. എതിര്‍പ്പുകള്‍ കാരണം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ പോലും കഴിയാത്തവിധം ഇത്രകാലവും ബില്ല് ഇരുട്ടറയില്‍ കിടന്നു. 

ഇപ്പോള്‍ ബില്ല് നിയമരൂപം നേടിയെങ്കിലും എതിര്‍പ്പുകളുടെ സ്വഭാവമോ രൂപമോ മാറിയിട്ടില്ല എന്നതാണ് വസ്തുത. വളരെ തന്ത്രപരമായ സമീപനമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പുരുഷാധിപത്യമൂല്യവ്യവസ്ഥയ്ക്ക് പോറലേല്‍ക്കാത്തവിധം ബില്ല് പാസാക്കിയിരിക്കുകയാണ്. 2024 ലോ 2029 ല്‍ പോലുമോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയില്ലെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിര്‍മാണമാണ് നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഒരു ക്ഷേമപദ്ധതി അവതരിപ്പിച്ചിരിക്കുന്ന ലാഘവം മാത്രമാണ് ഈ നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനും സ്ത്രീമുന്നേറ്റത്തിനും ജനാധിപത്യത്തിനും കരുത്തുപകരുന്ന ഒരു നിയമത്തെ, യാഥാസ്ഥിതികവ്യവസ്ഥയ്ക്ക് കോട്ടംതട്ടാത്തവിധം നടപ്പിലാക്കാന്‍ കഴിയില്ല. വസ്തുനിഷ്ഠമായ ചരിത്ര - ശാസ്ത്ര ചിന്തകള്‍ക്ക് വിരുദ്ധമായ ആശയങ്ങളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് യാഥാസ്ഥിതികത്വത്തെ മുറിപ്പെടുത്തുന്ന ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. 

2011 AIDWA PROTEST | PHOTO: PTI
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വമേധയാ, അതായത്, നിയമത്തിന്റെ ആനുകൂല്യമില്ലാതെ തന്നെ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കാമല്ലോ എന്നതാണ്, നിലവിലുള്ള ഒരുവാദം. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും നയിക്കുന്നത് പുരുഷാധിപത്യ മൂല്യബോധമാണ്. സ്ത്രീകളുടെ സാന്നിധ്യം വിധേയത്വത്തിന്റെയോ ആശ്രിതത്വത്തിന്റെയോ രൂപത്തില്‍ മാത്രമേ അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയൂ. സ്ത്രീകളുടെ പരിമിതി സ്ത്രീകളുടെ പ്രശ്‌നമായി ഇവര്‍ കാണുന്നു. ആ പരിമിതി സമൂഹത്തിന്റെ സൃഷ്ടിയാണെന്ന യാഥാര്‍ത്ഥ്യത്തെ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഇത്, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുസ്വഭാവമായാണ് കാണേണ്ടത്. പുരുഷന്മാരുടെ മാത്രം പ്രത്യേകതയല്ല എന്നര്‍ത്ഥം. ഈ സമീപനം തന്നെയാണ് ദളിത്-ന്യൂനപക്ഷവിഭാഗങ്ങളോടുമുള്ളത്. അതാവട്ടെ, സമൂഹത്തില്‍ നിലനില്‍ക്കുന്നതും ആധിപത്യത്തിലുള്ളതുമായ ആശയങ്ങളുടെ സ്വാധീനത്തിന്റെ ഫലവുമാണ്. അതുകൊണ്ടാണ്, അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതിയും തുല്യതയും പരിമിതമായെങ്കിലും അനുഭവിക്കാന്‍ നിയമത്തിന്റെ സഹായം വേണ്ടിവരുന്നത്.  നിയമത്തിന്റെ പിന്‍ബലമില്ലാതെതന്നെ, സ്ത്രീകളെ അധികാരത്തിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കാന്‍ ബോധപൂര്‍വം രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാവേണ്ടതുണ്ട്. ഇവിടെ ബോധപൂര്‍വം എന്നത് അടിവരയിടേണ്ട പ്രയോഗമാണ്. കേരളനിയമസഭയില്‍ രണ്ടു മുന്നണികളേയുള്ളൂവല്ലോ. അവിടെ സ്ത്രീപ്രാതിനിധ്യം ഒരു സ്ത്രീയില്‍ ഒതുങ്ങിയ യു ഡി എഫിനെയും മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍ക്ക് അവസരം നല്‍കിയ എല്‍ ഡി എഫിനെയും വിലയിരുത്തുമ്പോള്‍ ബോധപൂര്‍വം മാറ്റത്തിനു ശ്രമിക്കുന്നതും അതിനു തയാറാവാതിരിക്കുന്നതും ബോധ്യമാകും. പി ടി തോമസിന്റെ മരണത്തെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ ഭാര്യ എന്ന പദവി ഒന്നുകൊണ്ടുമാത്രം, (വീട്ടമ്മമാര്‍ വീട്ടടിമകളാണെന്ന ലെനിന്റെ പ്രയോഗം പ്രസക്തമാണ്),  ഒരു സ്ത്രീയെക്കൂടി നിയമസഭയിലെത്തിക്കാന്‍ യു ഡി എഫിന് കഴിഞ്ഞുവെന്നത് കാണാതിരിക്കുന്നില്ല.  

ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം നിയമനിര്‍മാണസഭകളില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.  വോട്ടര്‍മാരില്‍ പകുതിയോളം വരുന്ന സ്ത്രീകളുടെ മതിയായ പങ്കാളിത്തം തിരഞ്ഞെടുപ്പ് രംഗത്ത് ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍, നിയമനിര്‍മാണത്തില്‍ തന്ത്രപരമായ ഒത്തുതീര്‍പ്പ് നടത്തി, പുരുഷാധിപത്യമൂല്യവ്യവസ്ഥയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം വനിതാസംവരണനിയമത്തില്‍ വ്യക്തമാണ്. സ്ത്രീകളെ കബളിപ്പിക്കാനുള്ള ഈ നീക്കത്തിന്, ജനാധിപത്യപരവും പുരോഗമനപരവുമായ സ്ത്രീപക്ഷസമീപനത്തിലൂടെ മറുപടി നല്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാധിക്കും. അവര്‍ അതിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കാം.


#Great Indian Elections
Leave a comment