TMJ
searchnav-menu
post-thumbnail

Great Indian Elections

ഏകപക്ഷീയമാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍

02 Dec 2023   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

ടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയെന്നു കണക്കാക്കപ്പെടുന്ന അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തുവരും. പ്രചാരണ ക്കൊഴുപ്പും, അവകാശ വാദങ്ങളും വാഗ്ദാനങ്ങളും പതിവുപോലെ നിറഞ്ഞുനിന്ന ദിവസങ്ങളാണ് കടന്നുപോയത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി-യുടെ നേതാക്കള്‍ പ്രചാരണത്തിന്റെ ഭാഗമായി പലപ്പോഴായി നടത്തിയ പ്രസ്താവനകള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. ജനാധിപത്യ സംവിധാനത്തില്‍ കാത്തുസൂക്ഷിക്കേണ്ട മര്യാദകളുടെ ലംഘനമായിരുന്നു പലപ്പോഴും നേതാക്കളുടെ വാഗ്ധോരണി. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിഞ്ഞമട്ടില്ല. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ പ്രകടിപ്പിച്ച വേഗതയും കൃത്യനിഷ്ഠയും ബിജെപി നേതാക്കളുടെ കാര്യത്തില്‍ ഏതായാലും കാണാനില്ല.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ കാണാന്‍ മോദിയെത്തിയത് ഇന്ത്യന്‍ ടീമിന് അപശകുനമായി എന്ന രാഹുലിന്റെ പരാമര്‍ശത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഉപയോഗിച്ച് നേരിടാനാണ് ബിജെപിയുടെ തീരുമാനം. പോക്കറ്റടിക്കാരന്‍, സമ്പന്നര്‍ക്ക് വായ്പ ഇളവ് നല്‍കുന്നയാള്‍, അപശകുനം എന്നീ മോദി വിരുദ്ധ പരാമര്‍ശങ്ങളില്‍ വിശദീകരണം നല്‍കണം എന്നാണ് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത്  നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങള്‍ പലപ്പോഴും അതിരുവിട്ടു പോകാറുണ്ട്. ബിജെപി കളത്തിലിറക്കുന്ന വര്‍ഗീയതയും വിദ്വേഷവും ഹിന്ദുത്വ കാര്‍ഡും അതിന് ഉദാഹരണമാണ്. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്നത്. മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.  ഇവിടങ്ങളില്‍ ബിജെപി നടത്തിയ പ്രചാരണ പ്രസംഗങ്ങളും വിദ്വേഷ-വര്‍ഗീയ വിതരണവും പരിശോധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതില്‍ കൈക്കൊണ്ട നടപടികളെ കുറിച്ചും.

PHOTO: WIKI COMMONS
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം

1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന ചുമതല തിരഞ്ഞെടുപ്പു കമ്മീഷന്റേതാണ്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി തിരഞ്ഞെടുപ്പു കമ്മീഷന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എന്ന് പറയുന്നത്. ആര്‍ട്ടിക്കിള്‍ 324 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവുമുണ്ട്.  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ പ്രധാനപ്പെട്ട ഒന്നാണ് General Conduct അഥവാ പൊതുചട്ടം. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പോളിസികളെയും പ്രവര്‍ത്തനമികവിനെയും ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കാമെങ്കിലും അതിരുവിട്ടാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കും. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയില്‍ ഒന്നും തന്നെ തിരഞ്ഞെടുപ്പില്‍ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, കൃത്യമായ വിവരങ്ങളില്ലാതെ വിമര്‍ശിക്കാനോ അനുവദിക്കുന്നതല്ല എന്ന് General Conduct വ്യക്തമാക്കുന്നു.

എന്നാല്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും കൂടുതല്‍ ലംഘിക്കപ്പെട്ടിട്ടുള്ളതും ഇതാണ്. General Conduct ലംഘനം നടത്തിയത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരാണെന്നതും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. 1979 മുതല്‍ തന്നെ ഭരണകക്ഷിക്കുമേല്‍ പ്രത്യേകമായ നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ് മന്ത്രിമാരും മറ്റ് അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും ഒരു തരത്തിലുള്ള സാമ്പത്തികമോ അല്ലാതെയോ ഉള്ള പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടില്ല എന്നത്. ഈ നിയന്ത്രണത്തിന്റെ കൃത്യമായ ലംഘനമാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തെലങ്കാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞത് ഇങ്ങനെ - 'തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കും. മുസ്ലീങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്' അതുപോലെ 'അയോധ്യാ രാമക്ഷേത്രത്തില്‍ തെലങ്കാനയിലെ എല്ലാ ഭക്തര്‍ക്കും  സൗജന്യ ദര്‍ശനം ഒരുക്കും'. തെലങ്കാനയിലെ ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പറഞ്ഞത് 'മുസ്ലീങ്ങള്‍ക്കുള്ള സംവരണം എടുത്തുകളയും, ഈ സംവരണം പിന്നാക്ക ജാതിക്കാര്‍ക്ക് നല്‍കും, ബിജെപി അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷ സംവരണം എടുത്തുകളയും' എന്നൊക്കെയാണ്. മധ്യപ്രദേശിലെ വോട്ടര്‍മാര്‍ക്കും 'അയോധ്യ രാമക്ഷേത്രത്തില്‍ നിങ്ങള്‍ക്ക് ദര്‍ശനം നടത്തേണ്ടേ? ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ സൗജന്യമായി ദര്‍ശനം നടത്താം' എന്ന വാഗ്ദാനം അമിത് ഷാ നല്‍കിയിട്ടുണ്ട്.

ജി കിഷന്‍ റെഡ്ഡി | PHOTO: FACEBOOK
തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പത്രികയില്‍ ബിജെപി പറയുന്നത് അധികാരത്തിലേറിയാല്‍ യൂണിഫോം സിവില്‍ കോഡ് നടപ്പാക്കും, റോഹിങ്ക്യന്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ പുറത്താക്കും എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുപിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം എന്ന് ഇത്തരം പ്രസ്താവനകളിലൂടെ വ്യക്തമാണ്. ഇങ്ങനെയുള്ള പ്രചാരണം നടത്തുന്നത് ക്യാബിനറ്റ് പദവിയിലിരിക്കുന്ന ആളുകളും. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവ അറിഞ്ഞതായി തോന്നുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും അവ ഗൗരവത്തോടെ പരിഗണിക്കപ്പെടുമെന്ന് കരുതാന്‍ ന്യായമില്ല.

ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ പരാമര്‍ശം- ഏതെങ്കിലും സ്ഥലത്തേക്ക് ഒരു അക്ബര്‍ വന്നാല്‍ അയാള്‍ 100 അക്ബര്‍മാരെ വിളിച്ചുവരുത്തും. അതുകൊണ്ട് അയാളെ കഴിയുന്നതിലും വേഗത്തില്‍ മടക്കി അയയ്ക്കുക. അതല്ലെങ്കില്‍ മാതാ കൗശല്യയുടെ ഭൂമി അശുദ്ധമാകും. ഈ രാജ്യം ഹിന്ദുക്കളുടേതാണ് ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ട. ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് മതേതരത്വം പഠിക്കേണ്ട എന്നൊക്കെയാണ്. ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെതിരെയായിരുന്നു ഇത്തരത്തില്‍ ഒരാക്രമണം. മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്ന വാക്കുകള്‍ അല്ല അവ.  വര്‍ഗീയ പരാമര്‍ശം നടത്തി എന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ ചട്ടലംഘനം നടന്നിട്ടും കമ്മീഷനിടപെട്ടത് പരാതി കിട്ടിയപ്പോള്‍ മാത്രം. പലപ്പോഴും അധികാരസ്ഥാനത്തിരിക്കുന്ന, ഭരണപക്ഷത്തുള്ള പല പ്രമുഖരുടേയും ചട്ടലംഘനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുകയോ മുഖവിലയ്ക്കെടുക്കുകയോ ചെയ്യുന്നില്ലെന്ന പരാതി പ്രതിപക്ഷ കക്ഷികള്‍ നിരന്തരം ഉന്നയിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വമേധയ കേസെടുക്കാന്‍ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.  മതസ്പര്‍ദ്ധയ്ക്ക് ഇടവരുത്തുന്ന പരാമര്‍ശങ്ങളില്‍ പോലും കമ്മീഷന്‍ സ്വമേധയ ഇടപെടുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. കമ്മീഷന്റെ മേല്‍നോട്ടം ഏകപക്ഷീയമാവുന്നുവെന്ന വീക്ഷണങ്ങളെ ശരിവയ്ക്കുവാന്‍ മാത്രമാണ് അത്തരമൊരു സമീപനം സഹായിക്കുക.


#Great Indian Elections
Leave a comment