TMJ
searchnav-menu
post-thumbnail

Great Indian Elections

ആസന്നമായ പൊതു തെരഞ്ഞെടുപ്പും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാവിയും

01 Dec 2023   |   4 min Read
ഒ. അബ്ദുറഹ്‌മാന്‍

തിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ യവനിക ഉയരാന്‍ ഇനി മാസങ്ങളേ അവശേഷിക്കുന്നുള്ളൂ. അതിന് മുമ്പായി അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. എന്നിരിക്കെ ഡിസംബര്‍ മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തന്നെയാവും രാജ്യത്തിന്റെ സത്വര ശ്രദ്ധപിടിച്ചെടുക്കുന്ന സംഭവം. 2014 ല്‍ അധികാരത്തില്‍ വന്ന എന്‍.ഡി.എ 2019 ലും കൂടുതല്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചതോടെ ഇന്ത്യ എന്ന ഭാരതത്തെ സമ്പൂര്‍ണ ഹിന്ദുത്വ രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള തീവ്രയത്‌നമാണ് പഴുതടച്ച ആസൂത്രണങ്ങളിലൂടെ മുന്നേറുന്നത്. മൂന്നാമൂഴം കൂടി തരപ്പെട്ടാല്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടന അപ്രസക്തമാവുകയും ഭൂരിപക്ഷ വംശീയതയുടെ മൂശയില്‍ മുച്ചൂടും വാര്‍ക്കപ്പെട്ട ഒരു നവഭാരതം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുമെന്ന് നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ട് കണക്കുകൂട്ടുന്നു. കര്‍ണാടകയില്‍ സംഭവിച്ചപോലെ വന്‍ തിരിച്ചടി മധ്യപ്രദേശിലും രാജസ്ഥാനിലും ആവര്‍ത്തിച്ചാല്‍ മാത്രമെ മറ്റൊരു സ്ട്രാറ്റജി പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഇത് മനസ്സിലാക്കി, സാഹചര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടാവണം പ്രധാന ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തൃണമൂല്‍, സമാജ്‌വാദി, ആര്‍.ജെ.ഡി, ആപ്, എന്‍.സി.പിയടക്കമുള്ള 12 പ്രാദേശിക കക്ഷികളും ചേര്‍ന്ന് ഇന്‍ഡ്യ സഖ്യത്തിന് രൂപം നല്‍കിയത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി ശിഥിലമാവാതെ നോക്കാനും അപ്രകാരം മോദിക്ക് മൂന്നാമൂഴം തരപ്പെടാതിരിക്കാനും ഇന്‍ഡ്യ ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. എന്നാല്‍, അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇന്‍ഡ്യ ഘടകകക്ഷികള്‍ക്ക് യോജിച്ച് പൊരുതാനായില്ലെന്നത് നല്ല ലക്ഷണമല്ല. പ്രതിപക്ഷ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പിന് മാത്രം ബാധകമാണെന്ന കോണ്‍ഗ്രസ് നിലപാട് മറ്റു പാര്‍ട്ടികള്‍ക്ക് സ്വീകാര്യമായിട്ടില്ല. മാത്രമല്ല, വിട്ടുവീഴ്ചയ്ക്ക് സന്നദ്ധമല്ലാത്ത കോണ്‍ഗ്രസിന്റെ സമീപനം ലോക്‌സഭ ഇലക്ഷനില്‍ യു.പിയില്‍ തങ്ങളും സ്വീകരിച്ചാലുള്ള ഭവിഷ്യത്ത് എസ്.പിയുടെ സുപ്രീമോ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ബംഗാളില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസ്-സി.പി.എം സഖ്യമാണ് പൊരുതുന്നതെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പും അവഗണിക്കാവുന്ന കാര്യമല്ല.

ഒറ്റ കക്ഷി എന്ന നിലയില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ എന്‍.ഡി.എയിലെ ഇതരകക്ഷികളോടും അനുകൂല നിലപാടുകളുള്ള ബി.ജെ.ഡി പോലുള്ള പ്രാദേശിക പാര്‍ട്ടികളോടും ചേര്‍ന്നു ഭരിക്കാവുന്ന സ്ഥിതിവിശേഷമാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാവുന്നതെന്ന് കരുതാനാണ് ന്യായം. ഇന്‍ഡ്യയാവട്ടെ കരുത്തുറ്റ പ്രതിപക്ഷമാവാനുള്ള ശേഷി കൈവരിച്ചെന്നും വരാം.

PHOTO: INC. IN
ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ ഭാവി എന്താവും, അവര്‍ക്ക് തെരഞ്ഞെടുപ്പിലെ റോള്‍ എന്തായിരിക്കും അഥവാ എന്തായിരിക്കണം എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിക്കേണ്ടത്. 2021ല്‍ നടക്കേണ്ട സെന്‍സസ് അനിശ്ചിതത്വത്തിലായിരിക്കേ നിലവിലെ ജനസംഖ്യാ വളര്‍ച്ചയുടെ തോത് പരിശോധിച്ചാല്‍ 20 കോടിയോളം വരും മുസ്‌ലിം സ്ത്രീ-പുരുഷന്മാരുടെ എണ്ണം. ജമ്മു-കശ്മീരില്‍ അവര്‍ ഭൂരിപക്ഷവും അസം, പശ്ചിമബംഗാള്‍, യു.പി, ബിഹാര്‍, കേരള എന്നീ സംസ്ഥാനങ്ങളില്‍ നിര്‍ണായക ന്യൂനപക്ഷവുമാണെങ്കില്‍ ഗുജറാത്തിലും തെലങ്കാനയിലും കര്‍ണാടകയിലും അവഗണിക്കാനാവാത്ത ജനസംഖ്യയാണവരുടേത്. ദേശീയതലത്തില്‍ അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി ഇല്ല. കേരളത്തില്‍ മുസ്‌ലിംലീഗും തെലങ്കാനയില്‍ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീനും (ഐ.ഐ.എം) അസമില്‍ എ.യു.സി.പിയും അതത് സംസ്ഥാനങ്ങളില്‍ മുസ്‌ലിം ബഹുജന പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ദേശീയതലത്തില്‍ സാമാന്യമായി മുസ്‌ലിം ന്യൂനപക്ഷം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. 45 വര്‍ഷത്തോളം കോണ്‍ഗ്രസിന് അധികാരക്കുത്തക നിലനിര്‍ത്താന്‍ കഴിഞ്ഞതും അതുകൊണ്ടുതന്നെ. 

1992 ഡിസംബര്‍ ആറിന് പി.വി. നരസിംഹറാവു പ്രധാനമന്ത്രി പദത്തിലിരിക്കേ ബാബരി മസ്ജിദ് ഹൈന്ദവ തീവ്രവാദി സംഘടനകള്‍ ആര്‍.എസ്.എസിന്റെ കീഴില്‍ സംഘം ചേര്‍ന്നു തകര്‍ത്തപ്പോള്‍ അത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവാതിരുന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി മുസ്‌ലിംകള്‍ കോണ്‍ഗ്രസില്‍ നിന്നകന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതോടൊപ്പം ബി.ജെ.പി ശക്തിപ്രാപിക്കുകയും മതേതരകക്ഷികള്‍ ശിഥിലമാവുകയും ചെയ്തതാണ് ചരിത്രം. സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുത്തശേഷം മുസ്‌ലിംകളോടുള്ള സമീപനത്തില്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ചപ്പോള്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ വലിയൊരളവില്‍ തിരിച്ചുപിടിക്കാനായതുകൊണ്ട് 2004ലെ തെരഞ്ഞെടുപ്പില്‍ മതേതരകക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എക്ക് അധികാരമുറപ്പിക്കാന്‍ സാധിച്ചതും 2009ല്‍ രണ്ടാമൂഴം സ്വായത്തമാക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ട മാറ്റമാണ്. അതില്‍ നിര്‍ണായകപങ്ക് വഹിച്ച മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതിയും പ്രശ്‌നങ്ങളും ആവശ്യങ്ങളും വസ്തുനിഷ്ഠമായി പഠിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജസ്റ്റിസ് രജീന്ദര്‍ സച്ചറുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയോഗിച്ചു. സമിതി 13 സംസ്ഥാനങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. പൊതുജനാഭിപ്രായം തേടിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് സ്ഥിതി വിവരക്കണക്കുകള്‍ സമാഹരിച്ചും തീവ്രയത്‌നത്തിലൂടെ സമഗ്രമായ റിപ്പോര്‍ട്ട് തന്നെ 2006 നവംബര്‍ 30ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളെടുത്തു. കടുത്ത സമ്മര്‍ദത്തിനൊടുവില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ട് സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ദയനീയമോ അതിദയനീയമോ ആയ ചിത്രമാണ് വരച്ചുവെച്ചത്.


The President Dr. A.P. J. Abdul Kalam administering the oath of office of the Prime Minister to Dr. Manmohan Singh, 2004 | PHOTO: WIKI COMMONS
വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും മുസ്‌ലിം ന്യൂനപക്ഷം പിന്നാക്കമോ പട്ടികജാതി-പട്ടിക വര്‍ഗത്തേക്കാള്‍ മോശമായ സ്ഥിതിയിലോ ആണെന്ന് തെളിവുകളും സ്ഥിതിവിവരക്കണക്കുകളും ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളുമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. പക്ഷേ, യു.പി.എ സര്‍ക്കാര്‍ പേരിന് ചില കാല്‍വെപ്പുകള്‍ നടത്തിയതല്ലാതെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ഫലപ്രദമായി ഒന്നും ചെയ്തില്ല. കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഭാഗികമായി ചിലതൊക്കെ നടപ്പാക്കുകയുമുണ്ടായി. അതിലൊന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയിലെ അംഗമായ പാലോളി മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി. കമ്മിറ്റിയുടെ ചില ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. ബി.ജെ.പിയാവട്ടെ സച്ചാര്‍ സമിതിയുടെ നിയോഗത്തെത്തന്നെ പാടെ നിരാകരിച്ചു. 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുകപോലും ചെയ്തില്ല. 'ആരോടും പ്രീണനമില്ല, എല്ലാവരോടുമൊപ്പം' എന്ന് വലിയവായില്‍ വിളിച്ചുപറയുന്നുവെങ്കിലും പൗരത്വ നിയമത്തിലടക്കം മുസ്‌ലിംകള്‍ക്ക് ദ്രോഹകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര കാബിനറ്റിലോ സംസ്ഥാന മന്ത്രിസഭകളിലോ ഒരു മുസ്‌ലിം നാമധാരിപോലും ഉള്‍പ്പെടരുതെന്ന ശാഠ്യം അതേപടി തുടരുന്നു. ഒ.ബി.സി സംവരണത്തിന് മുസ്‌ലിംകള്‍ അര്‍ഹരല്ലെന്നതിന് ന്യായമായി പറയുന്നത് മതത്തിന്റെ പേരില്‍ സംവരണം ഭരണഘടനാപരമല്ല എന്നാണ്. നിയമസഭകളിലും ലോക്‌സഭയിലും മുസ്‌ലിംകള്‍ കടന്നുവരുന്നത് പരമാവധി തടയാന്‍ ജമ്മു-കശ്മീരിലും അസമിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ പലതും സംവരണ സീറ്റുകളായി അട്ടിമറിച്ചിരിക്കുകയാണ്. ജയിലുകളില്‍ ജനസംഖ്യാനുപാതത്തേക്കാള്‍ എത്രയോ കൂടുതല്‍ മുസ്‌ലിംകള്‍ ഉണ്ടുതാനും. കരിനിയമം എന്ന് കുപ്രസിദ്ധി നേടിയ യു.എ.പി.എയുടെ ഏറ്റവും കൂടുതല്‍ ഇരകളും അവര്‍ തന്നെ. ഇനിയൊരു തവണകൂടി ഹിന്ദുത്വ പാര്‍ട്ടി അധികാരത്തില്‍ തുടര്‍ന്നാല്‍ നിലനില്‍പുപോലും ചോദ്യചിഹ്നമാവുന്ന പതനത്തിലേക്കാണ് മുസ്‌ലിം ന്യൂനപക്ഷം എടുത്തെറിയപ്പെടുമെന്ന ആശങ്ക പൊതുവില്‍ സമുദായത്തെ പിടികൂടിയിട്ടുണ്ട്.

ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണമെങ്കില്‍ മതേതര സഖ്യവും പാര്‍ട്ടികളും അധികാരം തിരിച്ചുപിടിച്ചേ മതിയാവൂ എന്ന ബോധം പൊതുവെ മുസ്‌ലിംകള്‍ക്കുണ്ട്. അതുകൊണ്ടാണ് സാമാന്യമായി അവര്‍ ഇന്‍ഡ്യ സഖ്യത്തോട് ആഭിമുഖ്യം കാണിക്കുന്നത്. പക്ഷേ, ഉവൈസിയുടെ എം.ഐ.എം പോലുള്ള പാര്‍ട്ടികള്‍ എന്‍.ഐ.എയെയും ഇന്‍ഡ്യ മുന്നണിയെയും സമീകരിച്ചുകൊണ്ട് സമുദായ രക്ഷകരായി സ്വയം അവതരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ന്യൂനപക്ഷ വോട്ടുകളെ ശിഥിലീകരിക്കും. ബിഹാറിലും കര്‍ണാടകയിലുമെല്ലാം ആ പ്രവണത ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ന്യൂനപക്ഷ സംഘടനകളും നേതാക്കളും ആക്റ്റിവിസ്റ്റുകളും സുചിന്തിതവും വിവേകപൂര്‍വവുമായ രാഷ്ട്രീയ നിലപാടിലേക്ക് സമുദായത്തെ കൊണ്ടുവരാന്‍ ഫലപ്രദമായി ശ്രമിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭരണഘടനാപരമായ അവകാശങ്ങളുടെ വീണ്ടെടുപ്പ്.


#Great Indian Elections
Leave a comment