TMJ
searchnav-menu
post-thumbnail

Health

തലച്ചോറിലെ മുഴകളെ തിരിച്ചറിയാം

18 Jun 2023   |   3 min Read
ഡോ. ദിലീപ് പണിക്കര്‍

ലവേദനയോ ചെറിയ ഓർമ്മക്കുറവോ അനുഭവപ്പെടാത്ത ആളുകളുണ്ടോ? ശ്രദ്ധക്കുറവോ ജോലിയിലെ സമ്മർദമോ ആയി ഈ ലക്ഷണങ്ങളെ തള്ളിക്കളയുന്നത്തിന് മുൻപ്, ഇത് ബ്രെയിൻ ട്യൂമറിന്റെ ആരംഭമാണോ എന്ന് പരിശോധിക്കാം. 

തലച്ചോറിലോ അതിനടുത്തോ ഉള്ള കോശങ്ങളുടെ അസ്വാഭാവിക വളർച്ചയാണ് മുഴകൾ. ഏത് കോശത്തിൽ നിന്നാണോ മുഴകൾ ഉണ്ടാകുന്നത്, അതിനെ ആശ്രയിച്ച് ഓരോ മുഴയും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ തലച്ചോറിന്റെ കോശങ്ങളിൽ നിന്ന് തന്നെ മുഴകൾ ഉണ്ടാകാം. അല്ലെങ്കിൽ തലച്ചോറിലെ ഞരമ്പുകളിൽ നിന്നോ തലയോട്ടിയിൽ നിന്നോ, തലച്ചോറിന്റെ അകത്തു നിന്നോ, പ്രതലത്തിൽ നിന്നോ മുഴകൾ രൂപപ്പെടാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള അർബുദത്തിൽ നിന്ന് തലച്ചോറിലേക്ക് വ്യാപിക്കുന്ന മുഴകളുമുണ്ട്. പതിയെ വ്യാപിക്കുന്ന ഈ മുഴകൾ അതിന്റെ സ്വഭാവത്തിലെ വ്യത്യാസംകൊണ്ട് മനസ്സിലാകുന്നു.

ജനിതക തകരാറുകൾ, കുടുംബത്തിൽ പാരമ്പര്യമായി കാൻസർ വരാനുള്ള സാധ്യത, റേഡിയേഷൻ തെറാപ്പി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന റേഡിയേഷൻ എക്സ്പോഷർ, എന്നിവ ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിനു കാരണമാകാം. കൂടാതെ മറ്റു കാൻസർ ബാധിച്ചവരിൽ മുഴ വരാൻ ഉള്ള സാധ്യത കൂടുതലാണ്. ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്‌കമുഴകള്‍ അത്യധികം ശ്രദ്ധയോടെ സമീപിക്കേണ്ട ഒരു വിഷയമാണ്. ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട അടയാളങ്ങളും ലക്ഷണങ്ങളും ബ്രെയിൻ ട്യൂമറിന്റെ തരം, അതിന്റെ സ്ഥാനം, ഗ്രേഡ്, വലുപ്പം മുതലായവയെ ആശ്രയിച്ചിരിക്കുമെങ്കിലും , ചില പൊതു ലക്ഷണങ്ങൾ ഈ രോഗത്തെ തിരിച്ചറിയാൻ സാധിച്ചേക്കും. 


Representational Image: Pexels

 തലവേദന തന്നെയാണ് ബ്രെയിൻ ട്യൂമറിന്റെ പ്രഥമ ലക്ഷണം. തലവേദന ഇല്ലാത്ത ഒരാള്‍ക്ക് പുതുതായി രൂപംകൊണ്ട തലവേദനയെ ഗൗരവമായി കാണണം. സഹിക്കാൻ പറ്റാത്ത തലവേദന, പ്രത്യേകിച്ച് രാവിലെ എഴുന്നേൽക്കുമ്പോൾ അതുപോലെ തന്നെ തലവേദനയോട് കൂടിയ ഛർദി, അപസ്മാരം, തലചുറ്റൽ, ഓർമക്കുറവ്, ചിലപ്പോൾ നടക്കാനോ സംസാരിക്കാനോ കഴിയാതെ വരിക, കൈ കാലുകളിലെ ബലക്കുറവ്, കാഴ്ച്ചയിലെ മങ്ങൽ, കേൾവിക്കുറവ്, മുഖം കോടിപ്പോവുക തുടങ്ങിയവ പൊതുവായ ലക്ഷണങ്ങൾ ആണ്. മുഖത്തിന്റെ ഒരു വശത്തു സംഭവിക്കുന്ന അതി കഠിനമായ വേദനയായ ട്രൈഗമനൽ ന്യൂറോൾജിയ എന്ന അവസ്ഥയും അപസ്മാരവും ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഇതുവരെ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലാത്തവർക്ക്‌ പെട്ടെന്ന് തലകറക്കവും ബോധക്ഷയവും ഉണ്ടാകുകയാണെങ്കിൽ ഇതിനെ വളരെ ഗൗരവമായി സമീപിക്കേണ്ടതാണ്. 

ബ്രെയിൻ ട്യൂമർ മാനസികാരോഗ്യത്തെയും വളരെയധികം ബാധിച്ചേക്കാം. കോപം, അലസത, സ്ഥലകാലബോധമില്ലായ്മ, സ്വഭാവത്തിലെ മാറ്റങ്ങളും, ഓർമപ്പിശകുകളും, കാഴ്ചയിലോ കേൾവിയിലോ ഗന്ധത്തിലോ ഉള്ള മാറ്റങ്ങളുമെല്ലാം തലച്ചോറിലെ മുഴകളുടെ ലക്ഷണമാകാം.

ഈ ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഒരു ഡോക്ടർക്ക് തലച്ചോറിൽ ഒരു മുഴയുണ്ടെന്ന് തിരിച്ചറിയാൻ കഴിയാം. സാധാരണയായി എം.ആർ.ഐ സ്കാനാണ് ബ്രെയിൻ ട്യൂമർ തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. മറ്റെന്തെങ്കിലും കൂടുതൽ വിവരങ്ങൾ ഡോക്ടർക്ക് ആവശ്യമുണ്ടെങ്കിൽ സി.റ്റി സ്കാൻ, ആൻജിയോഗ്രാം എന്നീ പരിശോധനകളും നടത്തും. ട്യൂമറിന്റെ വളർച്ച തലച്ചോറിന്റെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിക്കാനുള്ള സൈക്കോളജിക്കൽ ടെസ്റ്റുകളും നിലവിലുണ്ട്.

ലക്ഷണങ്ങൾ അവഗണിക്കുന്നത് ചികിത്സ വൈകിക്കാൻ കാരണമാകും. അത് പിന്നീട് മറ്റ് ഗുരുതരപ്രശ്നങ്ങളിലേക്കും നയിക്കും. ലക്ഷണങ്ങൾ ഉള്ളവർ അതെത്ര തന്നെ ചെറുതായാലും എത്രയും വേഗം ഡോക്ടറെ സമീപിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്. എല്ലാ ട്യൂമറുകളും കാൻസർ അല്ല. മാരകമല്ലാത്ത, ഈ മുഴകളെ നീക്കം ചെയ്താൽ പിന്നീട് ഉണ്ടാകുന്നതല്ല. എന്നാൽ കാൻസർ ആയ മുഴകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാനും ജീവനെ അപായപ്പെടുത്താനും ഉതകുന്നവയുമാണ്. 


Representational Image: Pexels 

ചികിത്സാമാർഗങ്ങൾ 

അർബുദമുഴയല്ലെങ്കിൽ തലച്ചോറിനു യാതൊരു കേട്ടുപാടുകളും വരാതെ മുഴ പൂർണമായും നീക്കം ചെയ്യുകയാണ് രീതി. 
അർബുദമുഴയാണെങ്കിൽ സർജറിക്കൊപ്പം റേഡിയേഷനോ കീമോതെറാപ്പിയോ കൂടി വേണ്ടി വരും. ശസ്ത്രക്രിയാരീതികൾ: മുഴകൾ നീക്കം ചെയ്യാൻ തുറന്ന ശസ്ത്രക്രിയാ രീതിയും കീഹോൾ രീതിയും പ്രയോജനപ്പെടുത്താം. തലയോട്ടിയിലുള്ള മുഴകൾ നീക്കാനാണ് സാധാരണ ഈ രീതി ഉപയോഗിക്കുന്നത് മുഴയുടെ തരവും സ്ഥാനവും അനുസരിച്ചായിരിക്കും ഏത് ശസ്ത്രക്രിയാരീതി വേണമെന്ന് തീരുമാനിക്കുന്നത്. മുഴയ്ക്ക് ചുറ്റുമുള്ള തലച്ചോറിന്റെ ഭാഗം ചിലപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായിരിക്കും. അതിനോടടുത്ത് നടത്തുന്ന ശസ്ത്രക്രിയ ആയതിനാൽ, റിസ്ക് കൂടുതലാണ്. അതൊഴിവാക്കാൻ ഇപ്പോൾ ഇൻട്രാ ഓപ്പറേറ്റീവ് മോണിറ്ററിങ് സംവിധാനങ്ങൾ ലഭ്യമാണ്.

ഉണർന്നിരിക്കുമ്പോൾ നടത്തുന്ന സർജറി

തലച്ചോറിനുള്ളിൽ നിന്ന് വളരുന്ന മുഴകൾ നീക്കം ചെയ്യാനാണ് രോഗി ഉണർന്നിരിക്കുമ്പോൾ തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നത്. ചിലപ്പോൾ സംസാരത്തെയോ ചലനത്തെയോ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തായിരിക്കും മുഴയുള്ളത്. അത്തരം ഘട്ടങ്ങളിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയോട് സംസാരിക്കാനും ചലിക്കാനും ഒക്കെ ഡോക്ടർ ആവശ്യപ്പെടും. ഇങ്ങനെ പരമാവധി മുഴ നീക്കം ചെയ്യാനും രോഗിയിൽ മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും.

വ്യത്യസ്ത ട്യൂമറുകൾ തിരിച്ചറിയുന്നതിനായി നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. തലച്ചോറിലെ മുഴകൾ നേരത്തെ മനസ്സിലാക്കുന്നതിനും ചികിത്സ തേടുന്നതിനും അറിവും ബോധവത്കരണവും ആവശ്യമാണ്. സമീപഭാവിയിൽ തന്നെ കൂടുതൽ മികച്ച ചികിത്സയും ഫലപ്രാപ്തിയും കൈവരിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.


#health
Leave a comment