കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ അടിയന്തരാവസ്ഥകളും
മനുഷ്യനിര്‍മിതമായ പ്രത്യാഘാതങ്ങളിലൂടെയും കാട്ടുതീ പോലുള്ള പ്രതിഭാസത്തിലൂടെയും 1980 നും 2020 നും ഇടയില്‍ 135 ദശലക്ഷത്തോളം ആളുകള്‍ വായു മലിനീകരണം കാരണം മരിച്ചതായി ഗവേഷകരുടെ കണ്ടെത്തല്‍. എല്‍ നിനോയും ഇന്ത്യന്‍ മഹാസമുദ്ര ദ്വിധ്രുവവും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ വായുവിന്റെ സാന്ദ്രത വര്‍ധിപ്പിക്കുന്നു. ഇത് വായു മലിനീകരണത്തിന്റെ തോത് ഉയര്‍ത്തുന്നതായി സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (എന്‍ടിയു) ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഒരു ദിവസം മനുഷ്യന്‍ ശരാശരി 3,000 ഗാലന്‍ വായുവാണ് ശ്വസിക്കുന്നത്. വായുവില്‍ തങ്ങിനില്‍ക്കുന്ന വളരെ സൂക്ഷ്മവും ഖരവും ദ്രാവകവുമായ കണങ്ങളാല്‍ നിര്‍മിതമായവയാണ് കണികാ ദ്രവ്യങ്ങള്‍ (Particulate matter) 2.5. മുടിയിഴകളേക്കാള്‍ 25 മുതല്‍ 100 മടങ്ങ് വരെ കനം കുറഞ്ഞ ഈ കണികകളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയില്ല. ഇവ മനുഷ്യന്റെ ശ്വസനനാളത്തിലേക്കും രക്തക്കുഴലുകളിലേക്കും ശ്വസനത്തിലൂടെ കടന്ന് അതിഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വാഹനങ്ങള്‍, വ്യാവസായിക ശാലകള്‍, പൊടിക്കാറ്റ്, തീ തുടങ്ങിയ പ്രകൃതി സ്രോതസ്സുകളില്‍ നിന്നുമാണ് ഇവ മനുഷ്യനിലേക്ക് എത്തുന്നത്.
പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവയാല്‍ ആളുകള്‍ ശരാശരി ആയുര്‍ദൈര്‍ഘ്യത്തിന് മുമ്പേ മരിക്കുന്നതായി കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. കൂടാതെ നിരന്തരമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം മരണനിരക്ക് 14 ശതമാനം വര്‍ധിച്ചതായും പഠനത്തില്‍ വ്യക്തമാക്കുന്നു. പിഎം 2.5 മലിനീകരണം മൂലം ഏറ്റവും അധികം മരണം ഉണ്ടാകുന്നത് ഏഷ്യയിലാണ്. ചൈനയിലും ഇന്ത്യയിലുമായി 98 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പിഎം 2.5 മൂലം അകാലമരണം സംഭവിച്ചതായും ഗവേഷകര്‍ പഠനത്തില്‍ പറയുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ദശലക്ഷം ആളുകളില്‍ വരെ അകാലമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
വായുവിന്റെ ഗുണനിലവാരവും കാലാവസ്ഥയും സംബന്ധിച്ച് ഇന്നുവരെയുള്ള ഏറ്റവും വിപുലമായ പഠനങ്ങളിലൊന്നാണ് നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവര്‍ പറയുന്നു. 40 വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് പഠനം നടത്തിയത്. ഹോങ്കോങ്, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.
കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷ മലിനീകരണം കൂടുതല്‍ വഷളാക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എന്‍ടിയു ടെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റിലെ അസോസിയേറ്റ് പ്രൊഫസര്‍ സ്റ്റീവ് യിം പറഞ്ഞു. എല്‍ നിനോ പോലെയുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെ പിഎം 2.5 മലിനീകരണത്തിന്റെ തോത് ഉയരുമെന്നും ആഗോള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവും തുടര്‍ന്നുണ്ടാകുന്ന വായു മലിനീകരണവും ക്രമീകരിക്കേണ്ടതാണെന്നും സ്റ്റീവ് യിം കൂട്ടിച്ചേര്‍ത്തു.
ഭൗമാന്തരീക്ഷത്തിലെ കണികാ ദ്രവ്യത്തിന്റെ അളവ് സംബന്ധിച്ച് യുഎസ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ (നാസ) നിന്നുള്ള ഉപഗ്രഹ വിവരങ്ങളാണ് സിംഗപ്പൂര്‍ ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്. യുഎസ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ എന്ന സ്വതന്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്ന് വായു മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരിച്ചവരുടെ കണക്കുകളും വിശകലനം ചെയ്തിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
യുഎസിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുമാണ് ഗവേഷണത്തിനാവശ്യമായ കാലാവസ്ഥാ മാറ്റങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെ കുറിച്ചാണ് പഠനത്തില്‍ ഗവേഷകര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ വരുംകാലങ്ങളില്‍ പഠനവിധേയമാക്കുമെന്നും സ്റ്റീവ് യിം വ്യക്തമാക്കി.
ആംബിയന്റ് വായു മലിനീകരണത്തിന്റെയും ഗാര്‍ഹിക വായു മലിനീകരണത്തിന്റെയും ദൂഷ്യഫലമായി ലോകവ്യാപകമായി 6.7 ദശലക്ഷം അകാല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
എന്താണ് പിഎം 2.5 ?
വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് കണികാ ദ്രവ്യം. ഇവയെ പരുക്കന്‍, ഫൈന്‍, അള്‍ട്രാഫൈന്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. പരുക്കന്‍ കണങ്ങള്‍ക്ക് 2.5 മൈക്രോമീറ്റര്‍ മുതല്‍ 10 മൈക്രോമീറ്റര്‍ മാത്രം വ്യാസമാണുള്ളത്. 2.5 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ള കണികകളെയാണ് പിഎം 2.5 എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരം കണികകള്‍ ഉണ്ടാകുന്നത്. പുക മഞ്ഞ് ഉണ്ടാകാനുള്ള കാരണവും ഇത്തരം കണികകളാണ്. ദീര്‍ഘനേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന നേര്‍ത്ത കണങ്ങള്‍ കൂടിയാണിവ.
പിഎം 2.5 | PHOTO: WIKI COMMONS
വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പിഎം 2.5 മലിനീകരണം സൃഷ്ടിക്കുന്നത്. തുമ്മല്‍, ചുമ, ത്വക്ക് രോഗങ്ങള്‍ ഇവയാണ് ആദ്യം പ്രകടമാകുന്നത്. തുടര്‍ന്ന് ആസ്ത്മ, ക്രോണിക് ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ സ്ഥിരമായ ശ്വസന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെയും, കുട്ടികളെയും, പ്രായമായവരെയുമാണ് പിഎം 2.5 പ്രതികൂലമായി ബാധിക്കുന്നത്.