
സോഷ്യൽ മീഡിയയിൽ കാണുന്നതല്ല ഡയറ്റ്
ഭക്ഷണക്രമീകരണം അല്ലെങ്കിൽ ഡയറ്റിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, ഡയറ്റിനെ കുറിച്ചുള്ള ബോധനിർമ്മിതിയിൽ സാമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് എന്നിവയെക്കുറിച്ച് രാജഗിരി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ പ്രിൻസി തോമസുമായി ഹൃദ്യ സംസാരിക്കുന്നു.
ലോകത്തെമ്പാടും എന്ന പോലെ കേരളത്തിലും ആളുകൾ ആരോഗ്യ സംരക്ഷണത്തിനായി ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ആഹാരത്തിലെ ക്രമീകരണം. ഡയറ്റ് എന്നറയിപ്പെടുന്ന ഈ ഭക്ഷണക്രമീകരണം ആർക്കും ചെയ്യാവുന്നതാണോ. എങ്ങനെയാകാണം ഡയറ്റ് തീരുമാനിക്കേണ്ടത്. എല്ലാ വ്യക്തികൾക്കും ഒരേ ഡയറ്റ് ആണോ എന്നിങ്ങനെ നിരവധി സംശയങ്ങൾ പലപ്പോഴും ഉണ്ടാകും. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സത്യമാണെന്ന നിലയിൽ അതിലെ ഡയറ്റ് പിന്തുടരുന്ന നിരവധിയാളുകൾ നമ്മുക്കിടയിലുണ്ട്. അവരിൽ പലരുടെയും ആരോഗ്യത്തെ അത്തരം അശാസ്ത്രീയമായ ഡയറ്റിങ് രീതികൾ ബാധിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ തന്നെ ഇതുമായി ബന്ധപ്പെട് പല സംഭവങ്ങളും കേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്താണ് ഡയറ്റ്, ഡയറ്റിന് ആധാരമാകേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എങ്ങനെയാണ് ഡയറ്റ് നിശ്ചയിക്കുക എന്നിങ്ങനെ ഭക്ഷണ ക്രമീകരണത്തെ കുറിച്ച് വിശദമായി വ്യക്തമാക്കുകയാണ് രാജഗിരി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ പ്രിൻസി തോമസ്.
അടുത്തിടെ, കണ്ണൂരിലെ കൂത്തുപറമ്പിൽ തെറ്റായ ഭക്ഷണക്രമത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ പതിനെട്ടുകാരി മരിച്ച സംഭവമുണ്ടായി. ഡയറ്റ് അല്ലെങ്കിൽ ഭക്ഷണക്രമീകരണത്തെക്കുറിച്ച് ചർച്ചകൾ ഇതേതുടർന്ന് നടക്കുന്നുണ്ട്. വളരെ സാധാരണമെന്നപോൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിപ്പോൾ ഡയറ്റ് എന്ന പ്രയോഗം. എന്നാൽ അതേക്കുറിച്ച് തെറ്റിദ്ധാരണകളാണ് ഭൂരിഭാഗം പേർക്കുമുള്ളത്. എന്താണ് യഥാർത്ഥത്തിൽ ഡയറ്റ് ?
ഡയറ്റ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലെങ്കിൽ അതിന്റെ അർത്ഥം തന്നെ നമ്മൾ എന്ത് കഴിക്കുന്നു എന്നതാണ്. ആരോഗ്യകരമായ ഭക്ഷണം എന്ന് മാത്രമെ ഡയറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളു. അതായത് ഓരോ വ്യക്തിക്കും ആരോഗ്യത്തോടു കൂടി ജീവിക്കാൻ ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്ന രീതിയിലുള്ള സമീകൃതമായ ആഹാരം, അതാണ് ഡയറ്റ്. പക്ഷെ ഡയറ്റെന്ന് കേൾക്കുമ്പോൾ ആളുകൾക്കിടയിൽ പൊതുവെയുള്ള തെറ്റിദ്ധാരണയെന്തെന്നാൽ ഭാരം കൂട്ടാനോ കുറയ്ക്കാനോ വേണ്ടി പ്രത്യേക തരത്തിലുള്ള ഭക്ഷണ രീതി എന്നാണ്. ഒരിക്കലും ഡയറ്റെന്നതുകൊണ്ട് അതല്ല ഉദ്ദേശിക്കുന്നത്. ശരിയായ ഭക്ഷണ രീതി എന്നത് മാത്രമാണ് അതിന്റെ അർത്ഥം.REPRESENTATIVE IMAGE | WIKI COMMONS
ഡയറ്റിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായധാരണകൾ എന്തൊക്കെയാണ്, അത് ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ടോ. ഉണ്ടെങ്കിൽ എങ്ങനെ പരിഹരിക്കാം?
നമ്മുടെ സമൂഹത്തിൽ ഭക്ഷണത്തെക്കുറിച്ച് ഒരുപാട് തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. ഫേസ്ബുക്ക്, യൂടൂബ് , ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽ മീഡിയ തുറന്നാൽ, ഏറ്റവും കൂടുതൽ പ്രചാരം നേടികൊണ്ടിരിക്കുന്നത് വിവിധ തരം ഡയറ്റുകളാണ്. ആധികാരികമല്ലാത്ത ഇത്തരം വിവരങ്ങൾ നമ്മുടെ സമൂഹത്തെ എത്രമാത്രം ദോഷകരമായി സ്വാധീനിക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. ഭാരം കൂട്ടാനോ കുറയ്ക്കാനോ ആളുകൾ എന്തും ചെയ്യും. ഡയറ്റെന്ന് കേൾക്കുമ്പോൾ സാധാരണ ആളുകൾ ചെയ്യുന്നതായി കാണുന്നത് കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജം ഉൾപ്പെടുന്ന ചോറു പോലുള്ള ആഹാരങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ്. അല്ലെങ്കിൽ പ്രോട്ടീൻ മാത്രമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക അതുമല്ലെങ്കിൽ കീറ്റോ ഡയറ്റെന്നെല്ലാം പറഞ്ഞ് ഫാറ്റ് മാത്രം സ്വീകരിക്കുന്ന പ്രത്യേക ഭക്ഷണ രീതികൾ. എന്ത് കാണുന്നോ അതിനു പിന്നാലെ പോവുകയാണ് ആളുകൾ. നമ്മുടെ ആരോഗ്യത്തെ അത് എത്രമാത്രം ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല. ഒരാൾ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ സമീകൃതാഹാരം വേണം. ഒരാൾ എത്ര അളവിൽ കഴിക്കുന്നു എന്നതിൽ നിന്നും ഗുണകരമായ എന്ത് കഴിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, മറ്റ് മൈക്രോ നൂട്രിയൻസ് തുടങ്ങി ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ശരിയായ അളവിൽ ലഭിക്കുക എന്നത് ഒരാൾ ആരോഗ്യത്തോടെയിരിക്കാൻ അത്യാവശ്യമാണ്. പക്ഷെ ഒരോരുത്തർക്കും വേണ്ട നൂട്രിയൻസിന്റെ അളവ് ഓരോരുത്തരുടെയും ഉയരം, അവർ ചെയ്യുന്ന പ്രവർത്തികൾ, അവർ ഏത് തരത്തിലുള്ള ജോലി ചെയ്യുന്നവരാണ് തുടങ്ങി പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. ഇതെപ്പോഴും എല്ലാവർക്കും ഒരേ അളവിലല്ല. ഒരോരുത്തരിലും അത് വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ എല്ലാവർക്കും ഈ പോഷകങ്ങൾ ശരിയായ അളവിൽ ആവശ്യമാണ്. പക്ഷേ, അമിതമായ നിയന്ത്രണത്തോടെ ഡയറ്റെടുക്കുമ്പോൾ, അന്നജമെല്ലാം പൂർണമായും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുമ്പോൾ തീർച്ചയായും തലച്ചോറിന്റെ പ്രവർത്തനത്തിനും ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഊർജ്ജം വേണ്ടതുണ്ട്. കുറച്ചുനാൾ ഇത്തരം ഭക്ഷണക്രമം സ്വീകരിക്കുമ്പോൾ ശരീരത്തിൽ സംഭരിച്ചിരിക്കുന്ന ഫാറ്റിൽ നിന്നെല്ലാം ആ ഊർജ്ജം ലഭിച്ചേക്കും. എന്നാൽ പതിയെ അത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. നമ്മുടെ ശരീരത്തിലെ അവയങ്ങളുടെ പ്രവർത്തനത്തെ തന്നെ പതിയെ അത് തകരാറിലാക്കും. അതുപോലെ തന്നെ പലരും ജിമ്മിൽ പോയി, ഭാരം കുറയാനായി കാർബോ ഒഴിവാക്കി പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ കൂടുതൽ കഴിക്കുന്നു. ഇവിടെ ആദ്യം മനസിലാക്കേണ്ടത് ഒരാൾ സ്വീകരിക്കേണ്ട പ്രോട്ടീനിന്റെ അളവ് അനുയോജ്യമായ ഭാരത്തിനനുസരിച്ചാണ് കണക്കാക്കുന്നത് എന്നാണ്. 150 സെ.മീ ഉയരമുള്ള ഒരാളാണെങ്കിൽ അയാൾക്ക് അനുയോജ്യമായ ഭാരം 46 കിലോ ആയിരിക്കും. അതായത് 1 ഗ്രാം അല്ലെങ്കിൽ 0.81gm /kg ബോഡി വെയിറ്റ് പ്രോട്ടീനെ അയാൾക്ക് ഒരു ദിവസം ആവശ്യമുള്ളു. അതിൽ കൂടുതൽ അയാൾക്ക് ആവശ്യമില്ല. സാധാരണ ആളുകൾ ആവശ്യത്തിൽ കൂടുതൽ മുട്ടയുടെയും ഇറച്ചിയുടെയും മീനിന്റെയും അളവ് കൂട്ടും. ഇത് പ്രോട്ടീൻ അമിതമാക്കുകയും വൃക്ക, കരൾ പോലുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും പലവിധ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
അതുപോലെ തന്നെ കീറ്റോ ഡയറ്റെന്ന പേരിലൊക്കെ അമിതയളവിൽ ഫാറ്റ് സ്വീകരിക്കുന്നതും പ്രശ്നകരമാണ്. നമ്മുടെ നാട്ടിൽ കീറ്റോ ഡയറ്റ് ഭാരം കുറയ്ക്കാനുള്ള മാർഗമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ചില രോഗാവസ്ഥകളിൽ ഉള്ളവർക്ക് കീറ്റോ ഡയറ്റ് നൽകുന്നുണ്ട്. എന്നാൽ വിദഗ്ധ പരിശോധനയോടു കൂടിയാണ് അത് ചെയ്യുക. അല്ലാതെ ഭാരം കുറയ്ക്കാൻ അമിതമായി ഫാറ്റും പ്രോട്ടീനും എടുക്കുന്ന ഡയറ്റ് നിർദ്ദേശിക്കില്ല. ഒരു പരിധിയിൽ കൂടി കഴിഞ്ഞാൽ കിഡ്നി, ലിവർ പ്രവർത്തനങ്ങളെ അത് ബാധിക്കും. കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ ഇത്തരം ഡയറ്റെടുത്ത് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ അത് കൊഴുപ്പ് ഇല്ലാതാവുന്നതിനേക്കാൾ എളുപ്പത്തിൽ മസിൽ നഷ്ടത്തിലേക്ക് നയിക്കും. ആരോഗ്യകരമല്ലാത്ത രീതിയിൽ ശരീര ഭാരം വളരെ കുറഞ്ഞു പോവാനും ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കും. അവയവങ്ങളെയും രക്തയോട്ടത്തെയും ബാധിക്കും. അതുകൊണ്ട് ഒരിക്കലും ഇത്തരം തെറ്റായ ഭക്ഷണരീതികൾ സ്വീകരിക്കരുത്. എപ്പോഴും വിദഗ്ധ നിർദ്ദേശം സ്വീകരിച്ചു കൊണ്ട് മാത്രമേ ഡയറ്റ് സ്വീകരിക്കാൻ പാടുള്ളൂ.REPRESENTATIVE IMAGE | WIKI COMMONS
ഇപ്പോൾ യുവതലമുറയിൽ ഡയറ്റ് കാഴ്ചപ്പാടുകൾ രൂപപ്പെടുന്നതിൽ ഒരു പരിധി വരെ സോഷ്യൽ മീഡിയ പങ്കുവഹിക്കുന്നില്ലേ?
തീർച്ചയായിട്ടും. ഇന്ന് യുവതലമുറയിൽ, അവർ എന്ത് ഡയറ്റ് എടുക്കുന്നു എന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്രയും സാക്ഷരതയുള്ള കേരളത്തിൽ എന്തുകൊണ്ട് ആളുകൾ ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നുള്ളത് വളരെ വേദനാജനകമായ കാര്യമാണ്. യുവതലമുറയിൽ അല്ലെങ്കിൽ കൗമാരപ്രായത്തിലുള്ളവർക്കിടയിൽ സമപ്രായക്കാരുടെ സ്വാധീനം (പിയർ പ്രഷർ) ഉണ്ടാകും. അവരുടെ ശരീരത്തെക്കറിച്ചും ശരീരഭാരത്തെക്കുറിച്ചുമെല്ലാം വളരെ ബോധവാന്മാരായിരിക്കും അവർ. അടുത്തിടെ കണ്ണൂരിൽ ഒരു പെൺകുട്ടി മരിക്കാനിടയായതെല്ലാം, ഈ പ്രായത്തിൽ അവർക്കുള്ളിൽ ഉണ്ടാവുന്ന ഇത്തരം ചിന്തകളാലാകാം. ശരീര ഭാരം കൂടിപോയാൽ മറ്റുള്ളവർ എന്ന് ചിന്തിക്കും എന്നുള്ള ചിന്തയിൽ നിന്നും അത് പരിഹരിക്കാൻ എന്തും ചെയ്യാൻ അവർ തയ്യാറാകും. അത് ശരിയാണോ എന്നോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല. അനോറെക്സിയ നെർവോസ എന്നൊരു മാനസിക പ്രശ്നമാണത്. ശരീരഭാരം കൂടാതിരിക്കാൻ ഭക്ഷണം അധികമായി നിയന്ത്രിക്കുന്ന അവസ്ഥ, അതു തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ കാണുന്നത്. ആയിരം കലോറി ഡയറ്റ്, പത്ത് ദിവസത്തിൽ 10 കിലോ ഭാരം കുറയ്ക്കാം, അല്ലെങ്കിൽ ഒരു പ്രത്യേക ഷെയ്ക് അല്ലെങ്കിൽ എനർജി ട്രിങ്ക് കുടിച്ചാൽ ഭാരം ഒരാഴ്ചയിൽ ഏഴ് കിലോ കുറയും തുടങ്ങി നിരവധി പ്രചരണങ്ങളാണ് കാണുന്നത്. ഇത് സാധ്യമാണോ അല്ലെങ്കിൽ ഇത് പിന്തുടർന്നാൽ പ്രശ്നങ്ങൾ ഉണ്ടാവുമോ എന്നൊനും ചിന്തിക്കുന്നേയില്ല. പ്രത്യേകിച്ച് പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമാണ് ഇത് ചെയ്യുന്നത്. അവർ പറയുന്നത് വിശ്വസിക്കുകയാണ് ആളുകൾ ചെയ്യുന്നത്. സമൂഹം നേരിടുന്ന വലിയൊരു പ്രശ്നമാണിത്.
ജനറൽ ഫിറ്റ്നസിന് വേണ്ടിയുള്ള ഡയറ്റ്, സ്പോർട്സിന് വേണ്ടിയുള്ള ഡയറ്റ്, സെലിബ്രിറ്റീസും മറ്റും അടിയന്തരാവശ്യത്തിനായി നായി സ്വീകരിക്കുന്ന ഡയറ്റ്, അങ്ങനെ സ്പെസിഫിക്കായ ഇതിന്റെ പല ഘടകങ്ങളും തമ്മിൽ കൂടികലർന്നുകിടക്കുന്ന സാഹചര്യമുണ്ട്. എന്തെല്ലാമാണ് ഇതിന്റെ വിവിധ തലങ്ങൾ, ശാസ്ത്രീയ വശം വിശദമാക്കാമോ?
സാധാരണ ഒരാളുടെ ശരീരം ഫിറ്റായിരിക്കാൻ പ്രത്യേക ഡയറ്റെന്നൊന്നില്ല, ആരോഗ്യകരമായിട്ടുള്ള ഭക്ഷണ രീതി ഏതൊരാൾക്കും ആവശ്യമാണ്. ആരോഗ്യത്തോടെയിരിക്കണമെങ്കിൽ ഭക്ഷണം മാത്രം ശ്രദ്ധിച്ചാൽ പോര, തുടർച്ചയായി ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമത്തിലും ഏർപ്പെടണം. അതൊരു അരമണിക്കൂർ ആയാലും മതി. അതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണം എന്നതിനപ്പുറം പ്രത്യേക ഡയറ്റ് വേണമെന്ന് ഒരിക്കലും പറയാനാവില്ല. ശരീരത്തിന്റെ പ്രവർത്തനം ശരിയായി നടക്കണമെങ്കിൽ ഒരാളുടെ പ്രവർത്തികളനുസരിച്ച്, അയാളുടെ ഉയരത്തിനും ഭാരത്തിനും അനുസരിച്ച് അനുയോജ്യമായ കലോറി അയാൾക്ക് ആവശ്യമാണ്. അത് എല്ലാവർക്കും ഒരു പോലെ ആയിരിക്കില്ല. ഓരോരുത്തരുടെയും ദൈനംദിന പ്രവർത്തങ്ങൾക്കനുസരിച്ച് അവരുടെ ഉയരത്തിനും ഭാരത്തിനും അനുസരിച്ച് ഒരു ഡയറ്റീഷ്യന് മാത്രമാണ് അത് കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുന്നത്. അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, 150 സെ.മീ ഉയരമുള്ള ഒരാളുടെ അനുയോജ്യമായ ഭാരം 46 കിലോ ആയിരിക്കും, അതനുസരിച്ച് അയാളുടെ ദിവസേനയുള്ള പ്രവർത്തികളെ പരിഗണിക്കും. അതനുസരിച്ച് അയാൾക്ക് 1,300 അല്ലെങ്കിൽ 1,400 കലോറി വരെയെല്ലാം ആവശ്യമാണെന്ന് മനസിലാകും. അങ്ങനെ കണക്കാക്കുമ്പോൾ എത്ര കലോറി കിട്ടിയാലും അതിൽ എല്ലാ പോഷകങ്ങളും ശരിയായ അളവിൽ ഉണ്ടായിരിക്കണം. അതിന്റെ 50 മുതൽ 60 ശതമാനം വരെ കാർബോഹൈഡ്രേറ്റ്സ് ആയിരിക്കണം, 20 മുതൽ 30 ശതമാനം വരെ പ്രോട്ടീനും ഫാറ്റുമാകാം. ഒരു ഭക്ഷണത്തിൽ തന്നെ കേന്ദ്രീകരിക്കാതെ എല്ലാ പോഷകങ്ങളും ലഭിക്കുന്ന രീതിയിൽ ഭക്ഷണം കഴിക്കണം. കാർബോഹൈഡ്രേറ്റ്സ് കൃത്യമായി ലഭിക്കാൻ അരി, ഗോതമ്പ് തുടങ്ങിയ ധാന്യ ഭക്ഷണങ്ങൾ കഴിക്കാം. കുറച്ചു കൂടി ഫൈബർ അങ്ങിയിരിക്കുന്ന ഓട്ട്സ്, മില്ലെറ്റ് എന്നിവയും ഉൾപ്പെടുത്താവുന്നതാണ്.REPRESENTATIVE IMAGE | WIKI COMMONS
സസ്യാഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കാൻ പയർ, പരിപ്പ് വർഗ്ഗങ്ങളും, പനീർ, സോയയുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അനിമൽ പ്രോട്ടീന് തത്തുല്യമാണത്. മാംസാഹാരം കഴിക്കുന്നവർക്ക് മുട്ട, മീൻ, ചിക്കൻ എന്നിവ ഉൾപ്പെടുത്താം. എന്നാൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും മാത്രം പോര, ശരീരം അതിനെ ശരിയായ രീതിയിൽ സ്വീകരിക്കാൻ മൈക്രോ നൂട്രിയൻസും ഫൈബറും അത്യാവശ്യമാണ്. ശരിയായ അളവിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുമാത്രമല്ല, ഒരാളുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. ഇതെല്ലാമാണ് സാധാരണ ഒരാളുടെ ശരീരം ഫിറ്റായിരിക്കാൻ അയാളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്.
ഭക്ഷണം കഴിക്കുന്നതിലെ സമയക്രമവും പ്രധാനപ്പെട്ടൊരു ഘടകമാണ്. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, രാത്രി ഭക്ഷണവുമെല്ലാം തോന്നുന്ന സമയത്ത് കഴിക്കാതിരിക്കുക. രാവിലെ എഴുന്നേറ്റ ശേഷം ഒരു രണ്ട് മണിക്കൂറിനുള്ളിലെങ്കിലും ഭക്ഷണം കഴിക്കുക, ഉച്ചയ്ക്ക് 12.30 മുതലെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. രാത്രി ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഉറങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണമെന്നതാണ്. അല്ലെങ്കിൽ ഭക്ഷണം ശരിയായി ദഹിക്കാതെ, ഫാറ്റി ലിവർ പോലുള്ള പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും ശരീരഭാരം അമിതമായി കൂടുന്ന അവസ്ഥയിലേക്കും അത് നയിക്കും. അതുകൊണ്ട് ഭക്ഷണം ശരിയായ സമയത്ത് കഴിക്കുക. നമ്മുടെ സമയവും സാഹചര്യവുമനുസരിച്ച് ഒരുപാട് സമയത്തെ ഇടവേളയെടുക്കാതെ ജ്യൂസോ സാലഡോ കഴിക്കാം. ഉച്ചഭക്ഷണം ഒരിക്കലും ഒഴിവാക്കാതിരിക്കുക എന്നത് പ്രധാനമാണ്.
ഇതൊക്കെയാണ് ഒരു ജനറൽ ഫിറ്റ്നസിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എന്നാൽ സ്പോർട്സ് പോലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നവരാണെങ്കിൽ അവർക്ക് ആവശ്യമായ കലോറി, പ്രോട്ടീൻ എന്നിവയെല്ലാം വ്യത്യാസപ്പെട്ടിരിക്കും. അതിൽ തന്നെ ഏത് രീതിയിലുള്ള കായികയിനമാണ് ചെയ്യുന്നത് എന്നതനുസരിച്ച് ഓരോരുത്തരിലും അത് വ്യത്യാസപ്പെട്ടിരിക്കും. സമൂഹത്തിൽ നിലനിൽക്കുന്നൊരുപ്രധാന പ്രശ്നം എന്താണെന്നാൽ പലരും ജിമ്മിലൊക്കെ പോയ ശേഷം കൂടുതൽ പ്രോട്ടീൻ സ്വീകരിക്കണമെന്ന ചിന്തയുള്ളവരാണ്. വിദഗ്ധ ഉപദേശത്തോടെ ഓരോരുത്തർക്കും ആവശ്യമായ രീതിയിലാണ് ഇതെല്ലാം ചെയ്യേണ്ടത്. സെലിബ്രിറ്റികളുടെ കാര്യമെടുത്താൽ പലപ്പോഴും സിനിമ ചെയ്യാനും, മറ്റ് ജോലി ആവശ്യങ്ങൾക്കുമായി പെട്ടെന്ന് അവർക്ക് ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നുണ്ട്. പലരും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് യാഥാർത്ഥ്യം. ഒരു പ്രഫഷണൽ ഡയറ്റീഷ്യൻ എന്ന നിലയിൽ അത്തരത്തിൽ പെട്ടെന്ന് ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ക്രാഷ് ഡയറ്റുകൾ നിർദ്ദേശിക്കുന്നത് സാധ്യമല്ല.REPRESENTATIVE IMAGE | WIKI COMMONS
എതെല്ലാം സാഹചര്യങ്ങളിൽ ആരൊക്കെയാണ് ഒരു ഡയറ്റീഷ്യനെ സമീപിക്കേണ്ടത്?
ഒരു ഡയറ്റീഷ്യനെ കണ്ട് ഡയറ്റ് സ്വീകരിക്കുന്നത് അസുഖങ്ങൾ ഉള്ളവർ മാത്രമല്ല. ഒരാളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ എത്രമാത്രം, എങ്ങനെയൊക്കെ വേണമെന്ന് ഒരു ഡയറ്റീഷ്യന് അല്ലെങ്കിൽ ആ മേഖലയിൽ പ്രവീണ്യമുള്ളയാൾക്ക് അറിയുന്ന അത്രമാത്രം സാധാരണ ഒരാൾക്ക് അറിയണമെന്നില്ല. അതുകൊണ്ടു തന്നെ ഒരു അസുഖത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ ഫിറ്റായി ആരോഗ്യത്തോടെയിരിക്കാൻ ഡയറ്റീഷ്യനെ സമീപിക്കാം. മുൻപ് പറഞ്ഞതുപോലെ ഓരോരുത്തർക്കും അവുടെ ശരീരത്തിനും പ്രവർത്തനങ്ങൾക്കും അനുസരിച്ച് ഫിറ്റായിരിക്കാൻ എന്താണ് വേണ്ടതെന്നും അതിനുള്ള ഡയറ്റ് ക്രമീകരിക്കാനും ആ മേഖലയിൽ കൃത്യമായ വിദ്യാഭ്യാസവും പരിശീലനവും നേടിയ ഒരു ഡയറ്റീഷ്യന് സാധിക്കും. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാനോ കൂട്ടാനോ വിചാരിക്കുന്നവരാണെങ്കിൽ ഒരിക്കലും സോഷ്യൽ മീഡിയ പ്രചരണങ്ങളെ പിന്തുടരാതെ കൃത്യമായ വിദഗ്ധ നിർദ്ദേശം തേടാൻ ശ്രമിക്കണം. ഇപ്പോൾ ജീവിതശൈലി രോഗങ്ങൾ വളരെ കൂടുതലാണ്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങി ഫാറ്റിലിവർ, പൊണ്ണതടി, ഹൈപ്പർ ടെർഷൻ വരെയുള്ള നിരവധി അസുഖങ്ങൾ. ഇതിനെല്ലാം വ്യായാമത്തിനോടൊപ്പം തന്നെ ഭക്ഷണക്രമത്തിനും വളരെ പ്രധാന്യമുണ്ട്. ഒരാളുടെ ഡയറ്റ് മറ്റൊരാൾ ഫോളോ ചെയ്യാതെ ഓരോരുത്തർക്കും വേണ്ടതെന്താണോ അതൊരു ഡയറ്റീഷ്യനെ കണ്ട് ക്രമീകരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പൊതുവെ ജീവിത ശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ എങ്ങനെയെല്ലാം പ്രശ്നകരമാകുന്നുണ്ട് ? കേരളത്തിന്റെ ഭക്ഷണക്രമീകരണത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉള്ളത്?
നമ്മുടെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് ആളുകൾ ഒരുപാട് ജോലി ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. ഇപ്പോൾ ഇരുന്നുള്ള ജോലികളാണ് കൂടുതൽ പേരും ചെയ്യുന്നത്. ശാരീരിക പ്രവർത്തികൾ വളരെ കുറവാണ്. അവിടെ പ്രശ്നമുണ്ടാക്കുന്നത്, നമ്മൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നതാണ്. ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നത് എന്നതിനെക്കുറിച്ച് ചുരുക്കം ആളുകൾ മാത്രമെ ചിന്തിക്കുന്നൊള്ളു. ഐ ടി മേഖലയൊക്കെ നോക്കിയാൽ പല ഷിഫ്റ്റുകളിലാണ് ആളുകൾ ജോലിചെയ്യുന്നത്. പത്ത് ദിവസം മോണിംഗ് ഷിഫ്റ്റാണെങ്കിൽ അടുത്ത പത്ത് ദിവസം നൈറ്റ് ഷിഫ്റ്റായിരിക്കും. അപ്പോൾ അവരുടെ ഭക്ഷണക്രമത്തിൽ തന്നെ മാറ്റങ്ങൾ വരുന്നു. ഭക്ഷണക്രമത്തിൽ ഇടയ്ക്കിടെ ഇങ്ങനെ മാറ്റങ്ങൾ വരുമ്പോൾ ശരീരത്തിന് അതുമായി യോജിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ശരീരത്തിന്റെ ഉപാപജയ പ്രവർത്തനങ്ങളെ തന്നെ അത് ബാധിക്കും. ജീവിത ശൈലിയിൽ അടിക്കടി സംഭവിക്കുന്ന ഈ മാറ്റങ്ങൾ തന്നെയാണ് ജീവിത ശൈലി രോഗങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത്. ചിലർ പെട്ടെന്ന് ആരോഗ്യകരമായ ഭക്ഷണം കഴിക്കാമെന്നും വ്യായാമം ചെയ്യാൻ ആരംഭിക്കാമെന്നും തീരുമാനിക്കും. എന്നാൽ അതിനൊരു തുടർച്ചയുണ്ടാകില്ല. വ്യായാമം ആരംഭിച്ച് പെട്ടെന്നത് നിർത്തുമ്പോൾ ശരീരത്തിന്റെ മെറ്റബോളിസത്തിൽ വ്യത്യാസം വരുകയും ശരീര ഭാരം കൂടാനും ഹൈപ്പർ ടെൻഷൻ പോലുള്ള അവസ്ഥകളിലേക്ക് അത് നയിക്കുകയും ചെയ്യും. കേരളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളും തട്ടുകടകളും ഇപ്പോൾ വ്യാപകമാണ്. ഇത് എത്രമാത്രം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നമ്മൾ ചിന്തിക്കണം. സമൂഹത്തെ അത്രമേൽ ദോഷകരമായി ബാധിക്കുന്ന ഇക്കാര്യത്തിൽ പരിഹാരം കണ്ടെത്താൻ കഴിയുന്നത് സർക്കാരിനാണ്. അത്തരമൊരു ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. എന്തെങ്കിലും പുറത്തുപോയി കഴിച്ചാലോ എന്ന് ആളുകൾ ചിന്തിക്കുന്നത് രാത്രി ഒരു പത്ത് മണിയാകുമ്പോഴാണ്. ഇന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും വലിയ കാരണം ഇത്തരം ജംഗ് ഫുഡുകൾ ഇത്രയും വൈകി കഴിക്കുന്നതാണ്. വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ പുറത്തുപോയി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല. എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങൾ, വീണ്ടും വീണ്ടും ചൂടായ എണ്ണയിലായിരിക്കും ഇത് തയ്യാറാക്കുന്നത്. ബൾക്കായി ഭക്ഷണമുണ്ടാക്കുന്ന ഇത്തരം കടകളിൽ ആളുകളുടെ ആരോഗ്യം ഒരു വിഷയമല്ല. കാൻസർ, ഫാറ്റി ലിവർ പോലുള്ള രോഗാവസ്ഥകളിലേക്ക് വളരെ എളുപ്പത്തിൽ ഇത് നയിക്കും. സമൂഹത്തിന് ഇതിനെക്കുറിച്ചൊരു അവബോധം ഉണ്ടാകണം. ആരോഗ്യകരമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന അവബോധം വളരെ ചെറുപ്രായത്തിൽ തന്നെ ഉണ്ടായിവരണം. സ്കൂളുകൾ കേന്ദ്രീകരിച്ച് അതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം.REPRESENTATIVE IMAGE | WIKI COMMONS
അമിത വണ്ണം, ഭാരക്കുറവ് എന്നതിനെ അനാരോഗ്യകരമായ ഒരവസ്ഥ എന്നതിൽ നിന്നും മാറി സൗന്ദര്യ സങ്കൽപ്പങ്ങളുമായാണ് കൂട്ടികെട്ടുന്നത്. ഇതിനെ എങ്ങനെ നോക്കി കാണുന്നു?
അമിതവണ്ണം അല്ലെങ്കിൽ ഭാരക്കുറവ് എന്നാൽ അതൊരു മാൽനൂട്രീഷ്യൻ അഥവാ പോഷകാഹാരക്കുറവ് തന്നെയാണ്. മാൽനൂട്രീഷ്യൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരക്കുറവ് മാത്രമല്ല. ആരോഗ്യകരമല്ലാത്ത രീതിയിൽ ഒരാൾ വണ്ണം വയ്ക്കുന്നതും ശരീരത്തിലെ പോഷകാഹാരകുറവാണ്. അമിതവണ്ണമാണ് പ്രധാനമായും ആദ്യം ഉണ്ടാകുന്നത്. ഷുഗറും കൊളസ്ട്രോളും ഹൈപ്പർ ടെൻഷനുമെല്ലാം അതിനെ തുടർന്ന് വരുന്നതാണ്. പോഷകാഹാരക്കുറവുകൊണ്ട് തന്നെ ഭാരകുറവ് ഉണ്ടാകുന്നുണ്ട്. അതല്ലാതെ പാരമ്പര്യം അവിടെ ഒരു ഘടകമാകാറുണ്ട്. പക്ഷെ ഭാരക്കുറവും അമിത വണ്ണവും ഉള്ളവർ തനിക്കെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്ന് ചിന്തിക്കുന്നതിന് പകരം സൗന്ദര്യമളക്കാനുള്ള മാനദണ്ഡമായി കണക്കാക്കുന്നവരാണ് കൂടുതലും. ശരിയായ പോഷകാഹാര ലഭ്യത കുറവ്, ഹോർമോണൽ പ്രശ്നങ്ങൾ, നേരത്തെ പറഞ്ഞതുപോലെ പാരമ്പര്യമായ ഘടകങ്ങൾ എന്നിവ മൂലം ഒട്ടും ഭാരമില്ലാത്ത അവസ്ഥയിലേക്കെല്ലാം വരാം. അതിന് പരിഹാരമായി സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന പരസ്യങ്ങളെ പിന്തുടർന്ന് കാണുന്ന പൊടികളും എനർജി ട്രിങ്കുകളും വാങ്ങി കഴിക്കുക, ഭാരം കൂട്ടാനും കുറയ്ക്കാനും എന്തും ചെയ്യുക എന്നതെല്ലാം പിന്നീട് പരിഹരിക്കാനാവാത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് വരെ കൊണ്ടെത്തിച്ചേക്കാം. ഉദാഹരണത്തിന് ശരീരഭാരം കൂട്ടാനും കുറയ്ക്കാനുമായി അംഗീകൃതമല്ലാത്ത ജിമ്മിലെല്ലാം ചേർന്ന് മാസ് ഗെയിനേഴ്സ്, ക്രിയാറ്റിൻ പോലുള്ള സപ്ലിമെന്റ്സ് എടുക്കുന്നവരുണ്ട്. സാധാരണയാളുകൾ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല. ഇതെല്ലാം സ്വീകരിച്ച് മൂന്ന് മാസം പോലും വേണ്ട കിഡ്നി ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനം അവതാളത്തിലാവാൻ. എല്ലാം സംഭവിച്ച ശേഷമാണ് ആളുകൾ ഇതിനെക്കുറിച്ചെല്ലാം ചിന്തിക്കുന്നത്. പിന്നീട് ഡോക്ടർമാരെ കാണുമ്പോൾ 10 ശതമാനം ആളുകളെങ്കിലും തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയിലാണുള്ളത്. തീർച്ചയായും നമ്മൾ ഫിറ്റാണോ എന്നുള്ളത് ഒരു പരിതി വരെ നമ്മുടെ വ്യക്തിത്വവുമായും സൗന്ദര്യബോധവുമായെല്ലാം ബന്ധപ്പെട്ടു നിൽക്കുന്നതാണ്. എന്നാൽ അതിനെ ആരോഗ്യകരമായി വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്.
നമ്മുടെ ഭക്ഷണ സംസ്കാരത്തിൽ തന്നെ മാറ്റങ്ങൾ വന്നു. ഭക്ഷണം ഒരു കച്ചവടം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. അവിടെ ആരോഗ്യം ഒരു ഘടകമല്ല. പല ഫുഡ് കമ്പനികളുടെയും വിപണന തന്ത്രങ്ങളും ഭക്ഷണക്രമീകരന്നവുമായി ബന്ധപ്പെട്ടുണ്ടായി വന്നിട്ടുള്ള തെറ്റായ ധാരണകളും തമ്മിൽ ബന്ധമില്ലേ?
ഭക്ഷണം ഒരു കച്ചവടം എന്ന നിലയിലേക്ക് തന്നെ മാറി കൊണ്ടിരിക്കുകയാണ്. അവിടെ ആരോഗ്യത്തിന് പ്രാധാന്യമില്ലാതാവുന്നു. ഇന്ന് ഏതൊരു മേഖലയെക്കാളും സാധ്യതയുള്ള മേഖലയാണ് ഭക്ഷണ വിപണി. ഒരു പരിതി വരെ ജീവിത സാഹചര്യങ്ങളും ജോലി തിരക്കുകളും കാരണമാണ് ആളുകൾ ഇൻസ്റ്റന്റ് ഫുഡിന്റേയും പരസ്യങ്ങളുടെയും പുറകെ പോകുന്നത്. പണ്ട് നമ്മൾ ചപ്പാത്തി ഉണ്ടാക്കി കഴിക്കുമ്പോൾ ഇന്നെല്ലാവരും ഇൻസ്റ്റന്റ് ചപ്പാത്തിയുടെ പുറകെയാണ്. നമ്മൾ മനസിലാക്കേണ്ടത്, ഏതൊരു ഭക്ഷണവും ഈ രീതിയിൽ മാറണമെങ്കിൽ അതിൽ പ്രിസർവേറ്റീവുകൾ ചേർക്കണം. ഇടയ്ക്കു മാത്രം കഴിക്കുന്നതു പോലെയല്ല തുടർച്ചയായി ഇത്തരം ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ കഴിക്കുന്നത്. പരസ്യ വാചകങ്ങളിലും പരസ്യത്തിന്റെ കെണിയിലും വീണാണ് ആളുകൾ സ്വാധീനിക്കപ്പെടുന്നത്. ഇവിടെ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് നമ്മൾ തന്നെ ചിന്തിക്കുക എന്നതാണ് ഏക പരിഹാരം. ഇപ്പോൾ എവിടെ നോക്കിയാലും ഭാരം കൂട്ടാനും കുറയ്ക്കാനും വാഗ്ദാനം ചെയ്യുന്ന നൂട്രീഷ്യൻ സെന്ററുകൾ കാണാം. ഒരിക്കലും പരിശീലനം നേടിയവർ കൃത്യമായി ക്രമീകരിച്ച് നൽകുന്ന ഡയറ്റായിരിക്കില്ല അവിടങ്ങളിൽ നിർദ്ദേശിക്കുന്നത്. ആദ്യം മനസിലാക്കേണ്ട കാര്യം ഭാരം കൂട്ടാനോ കുറയ്ക്കാനോ ഒരു സൂപ്പർ ഫുഡും ഇല്ല എന്നാണ്. കമ്പനികൾ അവരുടെ ഉൽപന്നം വിറ്റഴിക്കാനായി എന്തും പറയുമ്പോൾ അവിടെ ബലിയാടാകുന്നത് സ്വന്തം ആരോഗ്യമാണെന്ന് ആരും മനസിലാക്കാതെ പോകുന്നത് നിർഭാഗ്യകരമാണ്.