ഉപ്പ് അധികമായാല്‍ വൃക്ക പണിമുടക്കും
അധികമായാല്‍ അമൃതും വിഷമെന്ന ചൊല്ല് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. ഏതൊരു ഭക്ഷ്യോല്‍പ്പന്നവും അമിതമായ തോതില്‍ ഉപയോഗിക്കരുതെന്നു സാരം. ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാനാവാത്ത ഉപ്പിന്റെ കാര്യം തന്നെയെടുക്കാം. ഉപ്പ് അമിതമായാല്‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനോടൊപ്പം ശരീരത്തിലെ നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനും ശരീരത്തിലെ ഫ്‌ളൂയിഡുകളും രക്തസമ്മര്‍ദവും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സോഡിയം ക്ലോറൈഡ് എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന ഉപ്പ്. എന്നാല്‍ അധികമായി ഉപ്പ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കി ക്രോണിക് കിഡ്നി ഡിസീസിനു കാരണമാകുമെന്ന് അമേരിക്കയിലെ ട്യൂലെന്‍ യൂണിവേഴ്‌സിറ്റിയിലെ ഒബിസിറ്റി റിസര്‍ച്ച് സെന്ററിലെ ഡോ. ലു ക്വിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു. ഉപ്പിന്റെ ഉപയോഗം ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ആയുസ്സ് കുറയ്ക്കല്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ച് മൂത്രത്തിലൂടെ ഇവ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന ദൗത്യം. ബ്രിട്ടീഷ് ഹെല്‍ത്ത് ഡാറ്റാ ബേസിനു കീഴിലെ യുകെ ബയോബാങ്കില്‍ വൃക്കരോഗമില്ലാത്ത 56 വയസ്സു പ്രായമുള്ള 4,65,000 ത്തിലധികം ആളുകളുടെ 2006 മുതല്‍ 2023 വരെയുള്ള ആരോഗ്യവും ജീവിതശൈലിയുമാണ് പഠനവിധേയമാക്കിയത്. പഠനകാലയളവില്‍ 22,000 ത്തിലധികം ആളുകളില്‍ വൃക്കരോഗം കണ്ടെത്തി. ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉപ്പ് ഉപയോഗിക്കുന്നവരില്‍ രോഗസാധ്യതയും കൂടുതലാണ്.
ചിലപ്പോഴൊക്കെ അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരില്‍ രോഗസാധ്യത നാലുശതമാനമാണെങ്കില്‍ പതിവായി ഉപ്പ് ഉപയോഗിക്കുന്നവരില്‍ വൃക്കരോഗത്തിനുള്ള സാധ്യത ഏഴു ശതമാനമാണ്. അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരില്‍ 11 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്ന് പഠനം പറയുന്നു. JAMA Network Open ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ്
പ്രായപൂര്‍ത്തിയായ ഒരാള്‍ ഒരുദിവസം ഒരു സ്പൂണില്‍ താഴെ അതായത് അഞ്ച് ഗ്രാമില്‍ താഴെ ഉപ്പ് മാത്രമേ കഴിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. കുട്ടികള്‍ അതിലും കുറഞ്ഞ അളവില്‍ വേണം ഉപയോഗിക്കാന്‍. ഒരു ഗ്രാം ഉപ്പില്‍ 400 മി.ഗ്രാം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. ഒരുദിവസം 2000 മി.ഗ്രാമില്‍ കൂടുതല്‍ സോഡിയം ഉള്ളിലെത്തരുത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം രക്തസമ്മര്‍ദം 6 മി.മീ. കുറയ്ക്കാന്‍ സാധിക്കും. പലപ്പോഴും ഹൈപ്പര്‍ടെന്‍ഷന്റെ ചികിത്സ പരാജയപ്പെടുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാത്തതുമൂലമാണ്. അച്ചാറുകള്‍, ഉണക്കമീന്‍, പപ്പടം, ചിപ്സ്, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ച് കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം.
എളുപ്പത്തില്‍ ലഭിക്കുന്നതും ആകര്‍ഷകങ്ങളായ പാക്കേജിങ്ങില്‍ വരുന്നതുമായ ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ഇതിനോടകം നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ജങ്ക് ഫുഡുകള്‍. ഉയര്‍ന്ന രക്തസമ്മര്‍ദവും അനിയന്ത്രിതമായ പ്രമേഹവും വൃക്കകളില്‍ അമിതസമ്മര്‍ദം ചെലുത്തി വൃക്കരോഗത്തിന് കാരണമാകുന്നു.
പ്രമേഹവും വൃക്കയും
സങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍മ്മിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമുള്ളതൊക്കെ വലിച്ചെടുക്കുകയും ആവശ്യമില്ലാത്തവയെ അരിച്ചുമാറ്റുന്നതും വൃക്കകളാണ്. മലിനരക്തം വൃക്കയിലത്തെിയാല്‍ അവയെ ശുദ്ധീകരിക്കുന്നത് ഓരോ വൃക്കയിലേയും 10 ലക്ഷത്തോളം വരുന്ന നെഫ്രോണുകളാണ്. നെഫ്രോണുകള്‍ക്കുള്ളിലെ രക്തക്കുഴലുകളുടെ കൂട്ടമാണ് ഗ്ലോമെറുലസ്. രക്തം ഗ്ലോമെറുലസിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. മണിക്കൂറില്‍ ഏകദേശം 70 ലിറ്റര്‍ രക്തമാണ് ഗ്ലോമെറുലസിലൂടെ കടന്നുപോകുന്നത്. മാലിന്യങ്ങളെല്ലാം ഗ്ലോമറുലസിലൂടെ കിനിഞ്ഞിറങ്ങി മൂത്രത്തില്‍ ചേരും. രക്തത്തിലെ മാംസ്യം (ആല്‍ബുമിന്‍) തന്മാത്രകള്‍ വലുതായതിനാല്‍ കിനിഞ്ഞിറങ്ങാതെ രക്തത്തില്‍തന്നെ നിലനില്‍ക്കും. എന്നാല്‍, പ്രമേഹരോഗിയില്‍ ഇതില്‍നിന്ന് വ്യത്യസ്തമായാണ് അരിച്ചെടുക്കല്‍ നടക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗിയില്‍ പൊതുവെ വൃക്കകളുടെ ജോലിഭാരം കൂടുതലാണ്. ധാരാളം ഗ്ലൂക്കോസ് അടങ്ങിയ രക്തം അരിച്ചെടുത്ത് വൃക്കകള്‍ ക്ഷീണിക്കും. വര്‍ഷങ്ങളോളം ഈ പ്രക്രിയ തുടരുമ്പോള്‍ ഗ്ലോമെറുലസില്‍ ചോര്‍ച്ച സംഭവിക്കും.
ക്രോണിക് കിഡ്നി ഡിസീസ്
കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാകുന്ന മൂന്നാമത്തെ അവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്. ജിഎഫ്ആര്‍ (ഗ്ലോമെറുലാര്‍ ഫില്‍ട്രേഷന്‍ റേറ്റ്) 59 നും 30 നും ഇടയില്‍ ആകുന്ന അവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്. ഈ അവസ്ഥയിലെത്തിയാല്‍ രോഗി നെഫ്രോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. കാല്‍പാദങ്ങളിലെ നീര്‍ക്കെട്ട്, കഠിനമായ ശരീരക്ഷീണം, തൊലിപ്പുറത്തെ വരള്‍ച്ച, നട്ടെല്ലിനും പേശികള്‍ക്കും ഉണ്ടാകുന്ന കഠിനവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തവും മൂത്രവും പരിശോധിക്കുന്നതിലൂടെതന്നെ രോഗം സ്ഥിരീകരിക്കാന്‍ കഴിയും. രോഗം കണ്ടെത്തിയാല്‍ പുകവലി ശീലമുള്ളവര്‍ ആദ്യപടിയായി ഇത് ഉപേക്ഷിക്കണം. വെള്ളം കുടിക്കുന്നതിലും, ഉപ്പ്, പൊട്ടാസ്യം അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ഇവയിലും നിയന്ത്രണം വരുത്തേണ്ടത് അനിവാര്യമാണ്.
ശരീരം ദ്രാവകം നിലനിര്‍ത്തുന്നത് കാരണം പാദങ്ങളിലും കാലുകളിലും കണ്‍പോളകളിലും നീര്‍വീക്കം ഉണ്ടാക്കുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, പേശിവലിവ്, വിരലുകളിലോ കാല്‍വിരലുകളിലോ മരവിപ്പ്, വരണ്ട ചര്‍മ്മം, വിശപ്പില്ലായ്മ, പതയോടുകൂടിയ മൂത്രം തുടങ്ങിയവയാണ് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.