ഹൃദ്രോഗ ചികിത്സയ്ക്കിടയിലെ അനുഭവങ്ങള്‍
ഹൃദ്രോഗം ഓരോ വ്യക്തിയിലും ഓരോ രീതിയിലാണ് പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ മനുഷ്യര്‍ക്കും ഉണ്ടാവുന്നത്. ആ അനുഭവങ്ങള്‍ക്ക് ഒരിക്കലും ഒരു ഏകശിലാരൂപം ഇല്ല എന്നതാണ് ഹൃദ്രോഗത്തിന്റെ പ്രത്യേകത.
ഹൃദ്രോഗവും ഹൃദയാഘാതവും അതിന്റ പൂര്‍ണ ലക്ഷണങ്ങളോടെ, പൂര്‍ണ പ്രഭാവത്തോടെ തന്നെ വരുകയാണെങ്കില്‍ ഒരു പ്രശ്‌നവുമില്ല. അതില്‍ നിന്ന് വ്യത്യസ്തമായി ചിലപ്പോള്‍ ഹൃദ്രോഗം വളരെ അപ്രതീക്ഷിതമായി ചെറിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടും. നടക്കുമ്പോള്‍ താടിയില്‍ ചെറിയ കഴപ്പ്, തൊണ്ടക്കുഴിയില്‍ അസ്വാസ്ഥ്യം, ഇടതുകയ്യുടെ ഉള്‍ഭാഗത്തു തരിപ്പ് തുടങ്ങിയ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ രോഗിയും ചിലപ്പോള്‍ ഡോക്ടര്‍ തന്നെയും വിഷമത്തില്‍ ആകുകയും കബളിക്കപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ രോഗം വന്നകാര്യം അറിയാതെ പോവുകയോ മതിയായ ചികിത്സ യഥാസമയം ലഭിക്കാതെ പോവുകയോ ഒക്കെ ഉണ്ടാവാം.
അതുകൊണ്ടു ഹൃദ്രോഗ ലക്ഷണങ്ങള്‍ക്കല്ല ഊന്നല്‍കൊടുക്കുന്നത്, മറിച്ചു ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ടുള്ള എന്റെ അനുഭവങ്ങളില്‍ ചിലത് വിശദീകരിക്കുകയാണ് ഇവിടെ. ഇനി പറയുന്ന അനുഭവം അത്തരത്തില്‍ ഉള്ള ഒന്നാണ്. കോട്ടയത്തു നിന്ന് കാസര്‍ഗോഡ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഓടിച്ചുപോയ ഡ്രൈവര്‍ക്കു കാസര്‍ഗോഡ് വച്ചു നെഞ്ചില്‍ ഒരു എരിച്ചില്‍ തോന്നി. അതു അദ്ദേഹത്തിന് കുറച്ചുനേരത്തേക്ക് ചെറിയ അസ്വസ്ഥത ഉണ്ടാക്കി. ഒരു കട്ടന്‍ കാപ്പി വാങ്ങി കുടിച്ചു. ചൂട് ഗ്ലാസ് നെഞ്ചില്‍ ചേര്‍ത്തു തടവി. കുറച്ചു കഴിഞ്ഞു ആശ്വാസം തോന്നി. വൈകിട്ടു വണ്ടി വിട്ടു വെളുപ്പിന് കോട്ടയത്തു എത്തി. വീട്ടില്‍ ചെന്നു കുളിച്ചു ഉറങ്ങാന്‍ കിടന്നു. രാവിലെവരെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ശരിക്ക് ഉറക്കം കിട്ടിയില്ല. രാവിലെ ഏതായാലും ആശുപത്രിയില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. രാവിലെ ഒന്‍പതുമണിക്ക് വീണ്ടും ആ എരിച്ചില്‍. അല്പംകൂടി ശക്തമായ രീതിയില്‍. നേരെ അത്യാഹിത വിഭാഗത്തില്‍ തന്നെ പോയി. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഡോക്ടര്‍ ഉടനെതന്നെ ഈസിജി എടുപ്പിച്ചു. ഈസിജിയില്‍ ഹൃദയാഘാതത്തിന്റെ അടയാളങ്ങള്‍. നേരെ ഐസിയു വില്‍ പ്രവേശിപ്പിച്ചു. വിശദമായി പരിശോധിച്ച പ്രൊഫസര്‍ക്ക് വലിയ അത്ഭുതം. കാസര്‍ഗോഡ് വച്ചുണ്ടായ ഹൃദയാഘാതവുമായി കോട്ടയംവരെ വണ്ടി ഓടിച്ചു വന്നതിലാണ് അദ്ദേഹത്തിനു അത്ഭുതം.
REPRESENTATIONAL IMAGE: PEXELS
ഹൃദയാഘാതം വന്നവര്‍ക്ക് ലക്ഷണം തുടങ്ങി ആറു മണിക്കൂറിനുള്ളില്‍ രക്തക്കട്ട അലിയിക്കുന്നതിനുള്ള മരുന്നോ (ത്രോംമ്പോലൈസിസ്) അതല്ലെങ്കില്‍ 90 മിനിറ്റിനുള്ളില്‍ ബലൂണ്‍ സര്‍ജറിയോ (പ്രൈമറി ആന്‍ജിയോ പ്ലാസ്റ്റി) ചെയ്യണമെന്നതാണ് ലോകം മുഴുവനും പിന്തുടരുന്ന രീതി. ഇതൊന്നും ചെയ്യാതെ ബസ്സ് നിറച്ചു യാത്രക്കാരുമായി 12 മണിക്കൂറില്‍ കൂടുതല്‍ ബസ്സ് ഓടിച്ചു ഒരു കുഴപ്പവുമില്ലാതെ ലക്ഷ്യത്തില്‍ എത്തി എന്നത് വളരെ അപൂര്‍വമായി നടക്കുന്ന സംഭവമാണ്. ഐസിയു വില്‍ കിടക്കേണ്ട സമയം മുഴുവന്‍ ഒരു ചികിത്സയുമില്ലാതെ കടന്നുപോയിട്ടും ഒന്നും സംഭവിച്ചില്ല എന്നത് രോഗിക്കും ഡോക്ടര്‍മാര്‍ക്കും അത്ഭുതമുളവാക്കിയ സംഭവമാണ്.
അതുപോലെ ശബരിമല കാലയളവില്‍ മല കയറുമ്പോഴും പതിനെട്ടാംപടി കയറുമ്പോഴും ഉണ്ടാകുന്ന ഹൃദ്രോഗലക്ഷണം കൂടെ ഉള്ളവരില്‍ നിന്ന് മറച്ചുവച്ചു, തുടര്‍ന്നുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പരിശോധന നടത്തുമ്പോള്‍ ഹൃദയാഘാതം വന്ന് ഏറെസമയം കഴിഞ്ഞു കാണും. ചികിത്സയുടെ 'ഗോള്‍ഡന്‍ അവര്‍' നഷ്ടപ്പെടുന്ന ഇക്കൂട്ടരില്‍ പലര്‍ക്കും ഹൃദയാഘാതത്തെ തുടര്‍ന്ന് വരുന്ന അപകടങ്ങളും ഉണ്ടാവും. ഇത്തരത്തില്‍ തുടര്‍ന്ന് ഉണ്ടാവുന്ന 'പോസ്റ്റ് ഹാര്‍ട്ട് അറ്റാക്ക്' കോംപ്ലിക്കേഷന്‍സ് മൂലം പലര്‍ക്കും ജോലി ചെയ്യാന്‍ പറ്റാതാവുകയും തുടര്‍ന്നുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞതും ചിലപ്പോള്‍ ആയുസ്സിന് തന്നെ ഭീഷണിയാവുകയും ചെയ്യും.
ഹൃദ്രോഗം വന്നു ഐസിയു വില്‍ അഡ്മിറ്റ് ചെയ്ത 35 വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ അവിടെ നിന്ന് വഴക്കടിച്ചുപോയ സംഭവംപോലും ഉണ്ട്. തനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരില്ല എന്ന് പറഞ്ഞു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരെ ചീത്തപറഞ്ഞു പുറത്തുകടന്ന രോഗി രണ്ടുദിവസം കഴിഞ്ഞു രോഗം കലശലായി തിരിച്ചുവന്ന സംഭവവും ഉണ്ട്. ഒരു യോഗ ഗുരുനാഥന് ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പക്ഷേ, അദ്ദേഹത്തിന് അതു അംഗീകരിക്കാന്‍ വലിയ മടി. തന്റെ യോഗ ശിഷ്യന്മാരുടെ മുന്നില്‍ ചെറുതായി പോവുമോ എന്നുള്ള പേടി. ഡോക്ടര്‍ എത്ര നിര്‍ബന്ധം പറഞ്ഞിട്ടും ആദ്യ ആറുമണിക്കൂറില്‍ ചെയ്യേണ്ട ഒരു ചികിത്സയ്ക്കും തയ്യാറാവാതെ പിടിവാശിയോടെ കിടന്നു. അതിന്റെ ഒക്കെ ഫലമായി രോഗി 24 മണിക്കൂര്‍ പോലും ജീവിച്ചില്ല.
REPRESENTATIONAL IMAGE: PEXELS
സ്ത്രീകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ഇതുപോലെയാണ്. രോഗിക്കും ബന്ധുക്കള്‍ക്കും ചിലപ്പോള്‍ ഡോക്ടര്‍ക്കുപോലും രോഗത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതില്‍ തെറ്റുപറ്റാം. രോഗി പ്രായം കുറഞ്ഞ ആളുകൂടി ആണെങ്കില്‍ മിക്കവാറും ചികിത്സ ലഭിക്കാന്‍ വളരെ വൈകി എന്ന് വരാം. പലപ്പോഴും സാധാരണമല്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാറുണ്ട്. അതുകൊണ്ടു പ്രായം ചെന്നവര്‍ തങ്ങളുടെ നിത്യജീവിതത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ഒരുപാട് ഉദാഹരണം പറയാന്‍ ഉണ്ട്. പശു കയര്‍ പൊട്ടിച്ചു ഓടിയപ്പോള്‍ കയര്‍ പിടിച്ചു വലിച്ചതുമൂലം, കാര്‍ സ്റ്റാര്‍ട്ട് ആകാതെ വന്നപ്പോള്‍ പിന്നില്‍ നിന്ന് ശ്വാസംപിടിച്ചു തള്ളിയപ്പോള്‍, മഴ യത്തു രാവിലെ ഒടിഞ്ഞു റോഡില്‍ കുറുകെ വീണുകിടന്ന മരം ഉരുട്ടി മാറ്റിയപ്പോള്‍, കെട്ടിടം പണിയാന്‍ ഇറക്കിയ ഒരു ലോഡ് മണല്‍ റോഡില്‍ നിന്ന് കൊട്ടയില്‍ കോരി മുറ്റത്തുകൂട്ടിയപ്പോളെല്ലാം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി ആശുപത്രിയില്‍ എത്തിയവര്‍ ഉണ്ട്.
ഇതെല്ലാം നിത്യം ചെയ്യുന്നവര്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ല. പക്ഷേ, ജീവിതത്തില്‍ ആദ്യമായി ഇത്തരം ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിന് പെട്ടെന്ന് ഉണ്ടാവുന്ന മാറ്റവുമായി പൊരുത്ത പ്പെടാന്‍ കഴിയാതെ വരും. സപ്ലൈ ഡിമാന്‍ഡ് ഇമ്പാലന്‍സ് (supply demand imbalance) ഉണ്ടാവുമ്പോഴാണല്ലോ ഹൃദയ വേദനയും ഹൃദയാഘാതവും ഉണ്ടാവുന്നത്. ഹൃദ്രോഗം വന്നത് മനസ്സിലാക്കാത്തവര്‍ സാധാരണക്കാര്‍ മാത്രമല്ല. മെഡിക്കല്‍ രംഗത്തുള്ളവര്‍ പോലും അത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രായം ഒരു ചൂണ്ടുപലകയല്ല. ചെറുപ്പത്തില്‍ ആണിനും പെണ്ണിനും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നുണ്ട്. അതുകൊണ്ടു ചെറുപ്രായത്തില്‍ ഹൃദയത്തിന്റെ അസുഖം വരില്ല എന്ന് കരുതി ഒത്തലക്ഷണം ഉണ്ടാവുമ്പോള്‍ തുടര്‍ നടപടി മാറ്റിവയ്ക്കരുത്.
ഹാര്‍ട്ട് അറ്റാക്ക് ആര്‍ക്കും ഏതു പ്രായത്തിലും ഏത് സാഹചര്യത്തിലും ഉണ്ടാവാം. അത് യഥാവിധി മനസ്സിലാക്കി ശരിയായ പരിചരണം പെട്ടെന്ന് നല്‍കുന്നവര്‍ക്ക് നല്ല ഫലം ലഭിക്കും. ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ ചികിത്സ കഴിഞ്ഞു ലോകം മുഴുവന്‍ യാത്ര ചെയ്യുകയും സുഖമായി ശിഷ്ട ജീവിതം സന്തോഷത്തോടെ, ആരോഗ്യത്തോടെ ജീവിക്കുന്നതും എത്ര വേണമെങ്കിലും നമുക്ക് ചൂണ്ടികാണിക്കാനാവും.