TMJ
searchnav-menu
post-thumbnail

Health

ഭക്ഷ്യ സുരക്ഷ: സ്ഥാപനങ്ങള്‍ പൂട്ടിക്കലല്ല വഴി

04 Apr 2025   |   7 min Read
ഡോ. വി ജി പ്രദീപ് കുമാര്‍

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ഒന്നാമതായി എത്തി. എന്നാല്‍ കേരളത്തിലെ ഭക്ഷണ സാധനങ്ങളുടെ സുരക്ഷ എത്രത്തോളമുണ്ട്. ഇനി എന്തെല്ലാം കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. എവിടെയൊക്കെയാണ് കേരളം നേരിടുന്ന സുരക്ഷാവിടവുകള്‍ എന്നതൊക്കെ നിലവില്‍ ഗൗരവമായ വിഷയങ്ങളാണ്. ഇതേക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോളജിസ്റ്റും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള മുന്‍ പ്രസിഡന്റുമായ ഡോ. വി ജി പ്രദീപ് 
കുമാര്‍ മലബാര്‍ ജേണര്‍ണലിനോട് സംസാരിക്കുന്നു

1 ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളം ഒന്നാമതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേ സമയം തന്നെ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ അനാസ്ഥയും കേരളത്തിലെ ഭക്ഷണ ശാലകളുടെ അവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നു. എന്താണ് നിരീക്ഷണം?

ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റാങ്കിങ്ങില്‍ കേരളം ഒന്നാമതാണ് എന്നത് യഥാര്‍ത്ഥ്യമാണ്. ഗ്രേഡിങ്ങിനെ നിര്‍ണയിക്കുന്ന അഞ്ച് ഘടകങ്ങളുണ്ട്. മനുഷ്യ വിഭവശേഷി, ഓരോ സ്ഥാപനങ്ങളിലെയും വിവരശേഖരണം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കുന്നുണ്ട്, അടിസ്ഥാന സൗകര്യവും നിരീക്ഷണവും, ഭക്ഷണ സാധനങ്ങളുടെ സുരക്ഷ (ഫുഡ് സേഫ്റ്റി ) ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം, കാര്യക്ഷമത വര്‍ധിപ്പിക്കല്‍, ഉപഭോക്താവിന്റെ ശാക്തീകരണം, ഈ അഞ്ച് കാരണങ്ങള്‍കൊണ്ടാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്. തമിഴ്‌നാട് രണ്ടാമതും ജമ്മു കശ്മീര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. നമ്മുടെ നാട്ടിലെ ഹോട്ടലുകള്‍, മറ്റ് ഭക്ഷ്യ സംസ്‌കരണ ശാലകള്‍, ഫാക്ടറികള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം. എന്നാല്‍ വഴിയോര കച്ചവടങ്ങള്‍ ഓരോ ദിവസവും കൂണുപോലെ മുളച്ച് പൊന്തുന്നത് കാണാം. തട്ടുകടകള്‍, ചായക്കടകള്‍, മറ്റ് ദക്ഷ്യപദാര്‍ത്ഥ വില്‍പ്പന ശാലകള്‍, എല്ലാം എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടാക്കേണ്ടിയിരിക്കുന്നു. എല്ലാം അടച്ചുപൂട്ടുക എന്നത് പ്രായോഗികമല്ല. ഒരു പരിധിവരെയെങ്കിലും അവ മാനദണ്ഡങ്ങള്‍ക്കു അനുസൃതമായാണോ പ്രവര്‍ത്തിക്കുന്നത് എന്നും അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടോ എന്നും നിരീക്ഷിക്കണം.

REPRESENTATIVE IMAGE | WIKI COMMONS
2.ഭക്ഷ്യവിഷബാധ മരണങ്ങളോ മറ്റ് സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരിശോധനയും അടച്ചുപൂട്ടലും എന്ന കോലാഹലമാണ് പിന്നെ നടക്കുന്നത്. കുറ്റം അതിനുള്ള ശിക്ഷ എന്ന രീതിയിലുള്ള ഈ മാര്‍ഗത്തെ എങ്ങനെ നിരീക്ഷിക്കുന്നു? ഇത്തരം നടപടികള്‍ കൊണ്ട് മാത്രം ആരോഗ്യ പരിരക്ഷ സാധ്യമാണോ, ? എന്തെല്ലാം പോരായ്മകളാണ് നിലനില്‍ക്കുന്നത് ?

ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്താല്‍ സ്ഥാപനം പൂട്ടിക്കുന്ന നടപടികളിലേക്ക് മാത്രം പോകുന്നത് ശരിയായ മാര്‍ഗമല്ല. പ്രധാനമായും സ്ഥാപനം പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇവ പാലിച്ചു കൊണ്ടാണോ സ്ഥാപനം തുടങ്ങുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കണം. സ്ഥാപനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിരീക്ഷണം കര്‍ശനമാക്കണം. ഒന്നോ രണ്ടോ മൂന്നോ പരിശോധനകള്‍ക്ക് ശേഷം മാത്രം പെര്‍മിറ്റ് അനുവദിക്കുക, പെര്‍മിറ്റ് ലഭിച്ച സ്ഥാപനങ്ങളില്‍ ഇടവിട്ടുള്ള പരിശോധനകള്‍ നടത്തുക, എന്നത് പ്രധാനമാണ്. അതിനു പകരം കുറേ കാലം പരിശോധനകള്‍ നടത്താതിരിക്കുകയും ഏതെങ്കിലുമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം പ്രതികരിക്കുകയും ചെയ്യുന്ന രീതി പ്രശ്‌നകരമാണ്. നിരീക്ഷിക്കപ്പെടുന്നു അല്ലെങ്കില്‍ പരിശോധനയ്ക്ക് വിധേയമാണെന്ന് ഉറപ്പുവരുത്തണം. ഓണ്‍ലൈനായി അതിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. ഈ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനുള്ള സംവിധാനവും ആരോഗ്യ വകുപ്പില്‍ ഉണ്ടാകണം. മുഴുവനായും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് പകരം ഏത് ഭക്ഷ്യ വസ്തുവില്‍ നിന്നാണ് വിഷബാധയുണ്ടാകുന്നതെന്ന് കണ്ടെത്തി, അതുണ്ടാക്കുമ്പോഴുള്ള പോരായ്മകള്‍ കണ്ടെത്തി, അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ക്കാണോ പ്രശ്‌നം എന്നെല്ലാമുള്ള കാര്യങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കപ്പെടുകയാണ് വേണ്ടത്.

3. 2022-23 റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച്  ലക്ഷത്തോളം ഹോട്ടലുകളില്‍(ഇപ്പോള്‍ അതിലും കൂടുതല്‍ ഉണ്ടാവും) 73 571 ഹോട്ടലുകളില്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരിക്കുന്നത് എന്നാണ് അറിയുന്നത്. 4.71 ശതമാനം മാത്രം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമല്ല. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലെന്നാണ് പലപ്പോഴായി ഉയര്‍ന്നു കേള്‍ക്കുന്ന വാദം. എന്താണ് അഭിപ്രായം?

നിലവില്‍ കേരളത്തിലെ 15 ശതമാനം ഹോട്ടലുകളിലും മറ്റ് ഭക്ഷണ ശാലകളിലും പരിശോധന നടത്താനുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത് എന്നത് യഥാര്‍ത്ഥ്യമാണ്. ഭക്ഷ്യസുരക്ഷാവകുപ്പിലെയും ആരോഗ്യ വകുപ്പിലെയും മാനവ വിഭവശേഷി കൂട്ടേണ്ടതുണ്ട്. അതുപോലെ പ്രദേശികമായി, തദ്ദേശ തലത്തില്‍ ഭക്ഷ്യ സുരക്ഷാ ജനകീയ സമിതികള്‍ രൂപീകരിച്ചു കൊണ്ട് ഇതെങ്ങനെയെല്ലാം നിരീക്ഷിക്കാമെന്ന് പരിശോധിക്കണം. കൗണ്‍സിലര്‍മാരോ പഞ്ചായത്ത് മെമ്പര്‍മാരോ ഉള്‍പ്പെടുന്ന വാര്‍ഡ്തല സമിതികള്‍ രൂപീകരിച്ച് ജനകീയ തലത്തില്‍ ഓഡിറ്റിങ് സംവിധാനം ഉണ്ടാകണം. വകുപ്പ് തലത്തില്‍ മാനുഷിക വിഭവശേഷി വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം സാമ്പത്തിക പ്രതിസന്ധികള്‍ ചൂണ്ടികാണിച്ച് നടപ്പാകാതെ പോവുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ പ്രദേശിക ജനകീയ സമിതികള്‍ രൂപീകരിച്ച് അവ ഉപയോഗപ്പെടുത്താവുന്നതാണ്.

4. നിയമപ്രകാരം ലൈസന്‍സ്/ രജിസ്‌ട്രേഷനില്ലാതെ ഒരു ഭക്ഷണ വില്‍പ്പന (ഫുഡ് ബിസിനസ് ) സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ നിരവധിയാണ്. കൃത്യമായ നിയമങ്ങള്‍ പാലിക്കാതെ, ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടങ്ങള്‍ വ്യാപകമാണ്. ഇങ്ങനെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ച് രാത്രികാലങ്ങളിലെ വഴിയോര കടകള്‍ ഉപഭോക്താക്കളെ നന്നായി സ്വാധീനിക്കുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുന്നതിന് കാരണമാകുമോ

വഴിയോര കച്ചവടങ്ങള്‍, രാത്രി പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകള്‍ എല്ലാം തന്നെ സുരക്ഷിതമല്ല എന്ന് പറയാനാവില്ല. രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഏറെയുണ്ട്. എല്ലാതരം യാത്രാ സൗകര്യങ്ങളും ഉള്ളതിനാല്‍ 24 മണിക്കൂറും ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ഭക്ഷണശാലകള്‍ അടച്ചുപൂട്ടണമെന്നത് സാധ്യമല്ല. എന്നാല്‍ രാത്രി സമയത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം ഭക്ഷണ ശാലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി, വൃത്തിയോടെയാണോ ഭക്ഷണം പാചകം ചെയ്യുന്നതെന്നും അവ സൂക്ഷിക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും നിരീക്ഷിക്കേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
പുറത്തു നിന്നുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ വെള്ളമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തിളപ്പിച്ച വെള്ളം ഉപയോഗിച്ചുള്ള പാനീയങ്ങളിലും ഭക്ഷണ പദാര്‍ത്ഥങ്ങളിലും താരതമ്യേന ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഹോട്ടലുകളില്‍ നിന്നും വഴിയോര കടകളില്‍ നിന്നും കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. തിളപ്പിച്ചാറിയ വെള്ളം കൊടുക്കാനുള്ള സംവിധാനം, ലഭിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പാക്കാനുള്ള സംവിധാനം വേണം. അതിനായി വെള്ളത്തിന്റെ സാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചു കൊണ്ടുള്ള ഇടവിട്ടുള്ള പരിശോധനകള്‍ നടക്കണം. കോളിഫോം ബാക്ടീരിയ സാന്നിധ്യമെല്ലാം ഉണ്ടോയെന്ന് കൃത്യമായി അറിയാന്‍ സംവിധാനം വേണം. പ്രധാനമായും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് വയറിളക്കം, ഛര്‍ദി തുടങ്ങിയവ. അതുപോലെ തന്നെ ജലത്തിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ സാധാരണയായി കാണാറുണ്ട്. ടൈഫോയ്ഡ്, പനി എന്നീ അസുഖങ്ങളും ഭക്ഷ്യവിഷബാധ മൂലം ഉണ്ടാകാം. ഇത് പരിഹരിക്കുന്നതിന് സംവിധാനം രൂപീകരിച്ച് അത് കൃത്യമായി മുന്നോട്ടു പോകേണ്ടതുണ്ട്.

5. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളിലേക്ക് സ്ഥാപനങ്ങളെ ബോധവാന്മാരാക്കാനാണ് പരിശോധനകളും നിരീക്ഷണങ്ങളുമെന്ന് പറയുന്നു. എന്നാല്‍ നമ്മുടെ മാനദണ്ഡങ്ങള്‍ സമഗ്രമല്ല. ഒരു ഉല്‍പ്പന്നത്തിന്റെ ഉത്ഭവസ്ഥാനം മുതല്‍ ഉപഭോക്താവിന്റെ തീന്‍ മേശയില്‍ എത്തുന്നത് വരെ അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ സംവിധാനമുണ്ടോ? ഫുഡ് ട്രേസബിളിറ്റിക്കുള്ള പ്രാധാന്യം എത്രത്തോളമാണ്?

ഭക്ഷ്യ ശൃംഖലയെയും ഗുണനിലവാര നിര്‍ണയത്തെക്കുറിച്ചും പറയാന്‍ ഒരു ഉദാഹരണം നോക്കാം. ഒരു ഹോട്ടലില്‍ നിന്ന് കഴിക്കുന്ന ദോശ, അതുണ്ടാക്കാനായി അരി കുതിര്‍ക്കാന്‍ വയ്ക്കുന്നു, അതിന് ശേഷം അരച്ചെടുത്ത അരി സൂക്ഷിക്കുന്നു, പിന്നീടത് ഉപയോഗിക്കുന്നു തുടങ്ങി അതിന്റെ ഓരോ സമയത്തും ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. അരി, പിന്നീടുള്ള മാവ്, അത് സൂക്ഷിച്ച് വയ്ക്കുന്ന സ്റ്റോര്‍ റൂം മുതല്‍ അതിന്റെ ഓരോ ഘട്ടത്തിലും അത് പ്രധാനമാണ്. എത്ര സമയം സൂക്ഷിക്കണം, എത്രനേരം അരി വെള്ളത്തിലിടണം, അരച്ച് കഴിഞ്ഞാല്‍ എത്ര സമയം സൂക്ഷിക്കണം, എപ്പോള്‍ ഫ്രിഡ്ജില്‍ വയ്ക്കണം, തുടങ്ങി നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. അതെല്ലാം കൃത്യമായി പാലിക്കേണ്ട രീതിയില്‍ നിര്‍ദ്ദേശങ്ങളടങ്ങിയ ടേബിളുകളും ചാര്‍ട്ടുകളും അതത് പ്രദേശത്ത് ജോലിചെയ്യുന്ന ആളുകള്‍ക്ക് നല്‍കുകയും അവര്‍ക്ക് പരിശീലനം കൊടുക്കേണ്ടതുമുണ്ട്. എന്നാല്‍ എല്ലാ രീതിയിലുമുള്ള ഗുണനിലവാര പരിശോധനകളും സംവിധാനങ്ങളും മുന്നോട്ടു കൊണ്ടുപോവുക എന്നത് ഇന്ത്യ പോലൊരു രാജ്യത്ത് പലപ്പോഴും സാധ്യമല്ല. എന്നാല്‍ നിലവില്‍ ചെയ്യാന്‍ കഴിയുന്ന പ്രായോഗികമായ കാര്യമെന്തെന്നാല്‍ ഓരോ ഭക്ഷണ ശാലകളിലെയും വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും നല്‍കുക എന്നതാണ്. അതോടൊപ്പം തന്നെ കൃത്യമായ ഇടവേളയില്‍ ഫുഡ് സാമ്പിള്‍സ് പരിശോധനയും ഉറപ്പാക്കണം. അതിനായി മാനുഷിക വിഭവശേഷി മാത്രമല്ല, ലാബ് സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഫുഡ് ട്രേസബിളിറ്റി എന്ന സമഗ്രമായ ഗുണനിലവാര നിര്‍ണയ മാര്‍ഗത്തെക്കുറിച്ച് പറയുക എളുപ്പമാണ്, എന്നാല്‍ അത് നടപ്പിലാക്കുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും പ്രായോഗികമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച് അത് സമഗ്രമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
6.കേരളത്തിലും ഇന്ത്യയിലും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിഷബാധയെയും അതിന്റെ വിവിധ ശാസ്ത്രീയ തലങ്ങളെയും ഭക്ഷ്യ വിഷബാധ വഴിയൊരുക്കുന്ന പ്രധാനമായും സംഭവിക്കുന്ന സാഹചര്യങ്ങളെയും വിശദമാക്കാമോ?

ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന പ്രധാനസാഹചര്യങ്ങളിലൊന്ന് ജല മലിനീകരണമാണ്. ജലമലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളാണ് വയറിളക്കം, ഛര്‍ദി, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ്, പനി, ബോട്ടുളിസം തുടങ്ങിയവ. ബോട്ടുളിസം പ്രധാനമായും ടിന്നിലടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വഴിയാണ് വരുന്നത്. പഴകിയ ചോറ് അരിമാവാക്കിമാറ്റുന്നതു പോലുള്ള പഴകിയ ഭക്ഷണത്തിന്റെ ഉപയോഗം ഭക്ഷ്യവിഷബാധയുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ പ്രധാനമായും കണ്ടുവരുന്നത് വയറിളക്കവും ഹെപ്പറ്റൈറ്റിസും ടൈഫോയിഡുമാണ്.

തിളപ്പിക്കാത്ത അല്ലെങ്കില്‍ വേവിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് ഭക്ഷ്യവിഷബാധ സാധ്യത കൂടുതലുള്ളത്. തിളപ്പിക്കാത്ത ജലം, നിശ്ചിത ദിവസത്തിലധികമായി സൂക്ഷിച്ച പഴകിയ ഭക്ഷ്യവസ്തുക്കള്‍, എന്നിവ അപകടമുണ്ടാക്കുന്നു. പ്രാണികളും മറ്റും വന്നിരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. കഴിയുന്നതും ചൂടുള്ള ഭക്ഷണം തന്നെ നല്‍കുന്ന സംവിധാനവും വേണം.

ഭക്ഷണ രീതികളും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുമെങ്കിലും കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിന് കാരണം ആഹാരരീതിയോ, ഭക്ഷണമോ ആണെന്ന് പറയാനാവില്ല. വന്‍കുടലിലെ കാന്‍സറിനുള്ള പ്രധാന കാരണം മാംസാഹാരമാണ്. പ്രധാനമായും ബീഫ് തുടങ്ങിയ റെഡ്മീറ്റിന്റെ ഉപയോഗവും വന്‍കുടല്‍ കാന്‍സറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഇത്തരം ആഹാരരീതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കാമെങ്കിലും പൊതുവെയുള്ള കാരണമായി പറയാനാവില്ല. പിന്നെയുള്ളത് ബേക്കറികളിലും മറ്റും ഉപയോഗിക്കുന്ന കളറുകളാണ്. അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. പൊതുവെ പറഞ്ഞാല്‍ ജീവിതശൈലീരോഗമായതിനാല്‍ തന്നെ ആഹാരരീതി മാത്രമായല്ല, വ്യായാമമില്ലായ്മ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാന്‍സറിന് കാരണമാകുന്നുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
7.ഭക്ഷ്യവിഷബാധ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എങ്ങനെയെല്ലാമാണ് ബാധിക്കുക. എന്തെല്ലാം വ്യത്യാസങ്ങള്‍ അവിടെ ചൂണ്ടികാണിക്കാനാവും.

മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കുട്ടികളിലും ഗര്‍ഭിണികളിലും, 65 വയസിന് മുകളില്‍ പ്രയമുള്ളവരിലും ഭക്ഷ്യവിഷബാധ കൂടുതല്‍ ഗുരുതരമായാണ് കാണുന്നത്. കുട്ടികളെ സംബന്ധിച്ച് അവരുടെ ആമാശയത്തില്‍ അമ്ലം അല്ലെങ്കില്‍ ഗ്യാസ്ട്രിക് ആസിഡിന്റെ അളവ് താരതമ്യേന കുറവായതിനാല്‍ ഈ ബാക്ടീരിയകളെ നിര്‍വീര്യമാക്കാനുള്ള കഴിവ് കുറവായിരിക്കും. നിര്‍ജലീകരണവും വേഗത്തില്‍ വരാനുള്ള സാധ്യതയുണ്ട്. അതു പോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥകളായ പ്രമേഹരോഗമുള്ളവര്‍, കാന്‍സര്‍ ചികിത്സയുള്ള ആളുകള്‍, എച്ച് ഐ വി ബാധിതര്‍, എന്നിവരിലെല്ലാം ഭക്ഷ്യ വിഷബാധ കൂടുതലായാണ് കാണുന്നത്.

8. ഫാസ്റ്റ് ഫുഡ്, ജംഗ് ഫുഡ് ഭക്ഷണ രീതിയിലേക്ക് ആളുകള്‍ നീങ്ങുകയാണ്. പുതിയ ആഹാര രീതി ഏതെല്ലാം തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്? നിലവിലെ സംവിധാന അപര്യാപ്തതകള്‍ കൂടി ചേരുമ്പോള്‍ ഇത് എത്രമാത്രം അപകടകരമാണ്?

ജംഗ് ഫുഡും ഫാസ്റ്റ് ഫുഡും കഴിക്കന്നതുവഴി പ്രധാനമായും ഉണ്ടാകുന്ന രോഗം പ്രമേഹമാണ്. കൂടാതെ അമിത വണ്ണം, ഹൃദ്രോഗങ്ങള്‍, കാന്‍സറുകള്‍, ഡിപ്രഷനുള്‍പ്പെടെയുള്ള മാനസികരോഗങ്ങള്‍ എന്നിവ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ആരോഗ്യകരമല്ലാത്ത കൊഴുപ്പുപയോഗം, അമിതമായ പഞ്ചസാര ഉപയോഗം, എന്നിവ കലോറി കൂട്ടി അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാവുകയും ടൈപ്പ് 2 ടൈബറ്റിസ് മെലിറ്റസിന് കാരണമാവുകയും ചെയ്യാം. അമിതമായ കൊഴുപ്പ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. ഫാറ്റി ലിവര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, എല്ലുകളുടെ തേയ്മാനം എന്നിവ ജംഗ് ഫുഡുകള്‍ വഴി ഉണ്ടാകാവുന്നതാണ്. ദഹന പ്രശ്‌നങ്ങള്‍, ഹൈ ഷുഗര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലം ദന്തക്ഷയം, ഫോസ്ഫറസ്, സോഡിയം എന്നിവയുടെ അമിതമായ അളവ് മൂലം കിഡ്‌നി തകരാറുകള്‍, ഡിപ്രഷന്‍, ആങ്‌സൈറ്റി എന്നിങ്ങനെ വിവിധ രോഗാവസ്ഥകളിലേക്ക് ഫാസ്റ്റ് ഫുഡ് ഉപയോഗം എത്തിച്ചേക്കും. മാത്രമല്ല ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍, അതില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ്, ഭക്ഷണപദാര്‍ത്ഥങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന പ്രിസര്‍വേറ്റീവ്‌സ് എല്ലാം തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
9.ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളുടെ അടുക്കളയ്ക്ക് മുന്നില്‍ പലപ്പോഴും നോ എന്‍ട്രി ബോര്‍ഡുകള്‍ കാണാം. താന്‍ കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന ഇടം കാണാന്‍ അനുവദിക്കുന്ന തരത്തില്‍ നിലവില്‍ നിയമങ്ങളില്ല എന്നിരിക്കെ ഇത്തരം ബോര്‍ഡുകള്‍ നിയമലംഘനവുമല്ല. ഉപഭോക്താവിനെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമല്ലെ?

ഹോട്ടല്‍ അടുക്കളകളില്‍ നിന്നും നോ എന്‍ട്രി ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. താന്‍ ഭക്ഷണം കഴിക്കുന്ന അടുക്കള വൃത്തിയുള്ളതും ആരോഗ്യകരവുമാണോ എന്ന് ആളുകള്‍ക്ക് കാണാനുള്ള അവസരം കൃത്യമായി ഉണ്ടാകണം. നിലവില്‍ പുതുതായി വരുന്ന ചില ഹോട്ടലുകളില്‍ ട്രാന്‍സ്പരന്റായിട്ടുള്ള ഗ്ലാസിലൂടെ അടുക്കളകള്‍ കാണാം. പല സ്ഥലങ്ങളിലും നേരിട്ട് പോയി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കാനും നമുക്ക് തന്നെ കുക്ക് ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഉണ്ട്. ലൈവ് കുക്കിങ് കൗണ്ടറുകളും ഇപ്പോള്‍ കാണാം. അത്തരത്തില്‍ താന്‍ കഴിക്കുന്ന ആഹാരം ഉണ്ടാക്കുന്ന അടുക്കള എങ്ങനെയുള്ളതാണെന്ന് അറിയാനുള്ള അവകാശം തീര്‍ച്ചയായും ആളുകള്‍ക്കുണ്ട്. എന്നാല്‍, പലപ്പോഴും അതിനുള്ള സൗകര്യങ്ങള്‍ ഹോട്ടലുകളിലില്ല. സുതാര്യമായിട്ടുള്ള പ്രതലത്തിലൂടെ കാണാന്‍ കഴിയുന്ന സംവിധാനമെങ്കിലും ഉണ്ടാവണം.

10.ആഗോള തലത്തില്‍ ഭക്ഷ്യസുരക്ഷ സംവിധാനങ്ങളെയും ഭക്ഷ്യവിഷബാധ സംഭവങ്ങളെയും എങ്ങനെ വിലയിരുത്തുന്നു

ആഗോളതലത്തില്‍ വികസിത രാജ്യങ്ങളില്‍ ഭക്ഷ്യ വിഷബാധ വളരെ കുറവാണ്. അവിടെ കൃത്യമായ മാനദണ്ഡങ്ങളും, അവ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും ശിക്ഷയും കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും വളരെയധികം ഭക്ഷ്യ വിഷബാധ സംഭവങ്ങള്‍ കണ്ടുവരുന്നുണ്ട്. വയറിളക്കം, ഛര്‍ദ്ദി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും സാധാരണയായി കണ്ടുവരുന്നു. ഇന്ത്യയില്‍ അടുത്ത കാലത്ത് ഗിലന്‍ ബാരി സിന്‍ഡ്രം പൂനെയില്‍ നൂറിലധികം ആളുകളെ ബാധിക്കുകയും ഇരുപത്തഞ്ചോളം പേര്‍ക്ക് മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഗുണനിലവാരമുള്ള ഒരു ഭക്ഷ്യ സംസ്‌കാരം രൂപപ്പെട്ട് വരേണ്ടതുണ്ട്. ഓരോ ജനതയുടെയും എത്തിനിസിറ്റി അനുസരിച്ചും ജനിതക ഘടനയനുസരിച്ചും ഉണ്ടാകാവുന്ന രോഗങ്ങളുണ്ട്. ജീവിത ശൈലി രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് രോഗങ്ങളുള്ളത്. സാംക്രമികരോഗങ്ങള്‍ പലപ്പോഴും വായുവിലൂടെ വരുന്നതും ജലത്തിലൂടെ വരുന്നതുമാണ് പ്രധാനമായും ഉള്ളത്. ജലത്തിലൂടെയുള്ള അണുബാധ കുറയ്ക്കാനായിട്ടുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും. ജലത്തിലൂടെ വരുന്ന കോളറ, ഹെപ്പറ്ററ്റിസ്, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ തടയുന്നതിനായി ശ്രമങ്ങള്‍ വേണം. സാംക്രമികരോഗങ്ങള്‍ പ്രധാനമായും ജലത്തിലൂടെയാണ് ഉണ്ടാകുന്നത്. അതു പോലെ തന്നെ പഴകിയ ഭക്ഷണങ്ങള്‍, പൂപ്പല്‍ പിടിച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം കാരണങ്ങളാണ്. ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള കാലാവധി കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇന്റേണലി, എക്‌സ്റ്റേണലി ഒരു മോണിറ്ററിങ് സംവിധാനം അതിനായി ഉണ്ടാവേണം. ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനായി ജംഗ് ഫുഡ് പ്രോത്സാഹിപ്പിക്കാതിരിക്കുകയും കൂടുതലും മത്സ്യാഹാരങ്ങളും പച്ചക്കറികളും കഴിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുമുണ്ട്. റെഡ്മീറ്റ്, പരമാവധി കുറച്ചുകൊണ്ടുള്ള ഭക്ഷണ രീതി ശീലിക്കണം. ആഘോഷ വേളകളില്‍ പ്രത്യേകിച്ചും കേരളത്തില്‍ മാംസാഹാരം അമിതമായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. അത് ഒറ്റയടിക്ക് നിരാകരിക്കുക സാധ്യമല്ല. ഉപയോഗം കുറയ്ക്കുന്ന രീതിയിലേക്ക് കൊണ്ടുവരണം. പരമാവധി പച്ചക്കറികള്‍, ലോ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണ രീതി, ചെറു ധാന്യങ്ങളുടെ ഉപയോഗം, മത്സ്യാഹാരം, ഇലക്കറികള്‍ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ വ്യായാമത്തിന്റെ പ്രധാന്യം കൂടി മനസിലാക്കണം.


#health
Leave a comment