TMJ
searchnav-menu
post-thumbnail

Health

ഗര്‍ഭകാല പ്രമേഹം; അറിയേണ്ട കാര്യങ്ങള്‍

17 Nov 2023   |   2 min Read
ഡോ. നിബു ഡൊമിനിക്

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ സമയമാണ് ഗര്‍ഭകാലം. സാധാരണയില്‍ നിന്ന് വിഭിന്നമായി ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങളുണ്ടാകുന്ന കാലം. ഗര്‍ഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. അവയില്‍ ചിലത് പ്രസവശേഷം തനിയെ മാറുന്നതാണ്. അതേസമയം, ചില ശാരീരിക പ്രശ്നങ്ങള്‍ തുടരാനും ഒരുപക്ഷേ അപകടകരമാകാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താല്‍ക്കാലിക രോഗമാണിത്. ചിലരില്‍ പ്രമേഹം മാറാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്.

ഗര്‍ഭകാല പ്രമേഹത്തിന്റെ കാരണങ്ങള്‍

ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇന്‍സുലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്ലാസന്റൈല്‍ ഹോര്‍മോണുകള്‍ക്ക് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി ഉയരുന്നതിനും കാരണമാകുന്നു. പൊണ്ണത്തടി, വൈകിയുള്ള ഗര്‍ഭധാരണം, ജനിതക പാരമ്പര്യം തുടങ്ങിയവയും ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകും. ഇതിനുപുറമേ അനാരോഗ്യകരമായ ജീവിതക്രമവും മോശം ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ഉദാസീന ജീവിതരീതിയും ഗര്‍ഭകാല പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഗര്‍ഭകാല പ്രമേഹവും സങ്കീര്‍ണതകളും

ഗര്‍ഭകാല പ്രമേഹത്തെ സാധാരണ പ്രമേഹ അവസ്ഥപോലെ പരിഗണിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമ്മമാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭകാല പ്രമേഹമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാക്രോസോമിയ (ജനന സമയത്ത് ഭാര കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ), ഹൈപ്പോഗ്ലൈസീമിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ  ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും ഗര്‍ഭകാല പ്രമേഹത്തെ നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനായി കൃത്യമായ രോഗനിര്‍ണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഗര്‍ഭിണികളില്‍ പ്രമേഹത്തിനുള്ള സ്‌ക്രീനിംഗും രോഗനിര്‍ണയവും സാധാരണയായി ഗര്‍ഭാവസ്ഥയുടെ 24 മുതല്‍ 28 ആഴ്ചകള്‍ക്കിടയിലാണ് നടത്തേണ്ടത്.  അമിതഭാരം, കുടുംബത്തില്‍ പ്രമേഹ പാരമ്പര്യം ഉള്ളവര്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരില്‍ കോംപ്ലിക്കേറ്റഡ് പ്രഗ്നന്‍സിക്കുള്ള സാധ്യത കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം പരിശോധനകള്‍ നേരത്തെ തന്നെ ചെയ്യേണ്ടതാണ്.

അതേസമയം, ചിലരില്‍ ഗര്‍ഭകാല പ്രമേഹം സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹമായി മാറാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരുടെ മക്കള്‍ക്ക് ഭാവിയില്‍ അമിതവണ്ണവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ജീവിത ശൈലിയില്‍ മാറ്റം കൊണ്ടുവരാം

ജീവിത ശൈലിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഗര്‍ഭകാല പ്രമേഹത്തെ വരുതിയിലാക്കാന്‍ കഴിയും. ഇതിനായി അനാരോഗ്യകരമായ ഭക്ഷണരീതി ഒഴിവാക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാനം.

സ്ഥിരമായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ആരോഗ്യകരമായ ഡയറ്റ് പാലിക്കുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ലീന്‍ പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ്, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവ ഉള്‍പ്പെടുന്ന സമീകൃതാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഡയറ്റ് പ്ലാന്‍ ഒന്നുമില്ലെങ്കിലും  ഭക്ഷണം നിയന്ത്രിച്ച് കഴിക്കുന്നതാണ് ഉത്തമം. അതേസമയം, മധുര പലഹാരങ്ങളും ജങ്ക് ഫുഡും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

കുടുംബത്തില്‍ പ്രമേഹ പാരമ്പര്യമുള്ള സ്ത്രീകള്‍ നേരത്തെ തന്നെ കൗണ്‍സിലിംഗിന് വിധേയരാകുന്നത് നല്ലതാണ്. ആരോഗ്യകരമായ ശരീര ഭാരം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇതുവഴി കഴിയും. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് തന്നെ ആരോഗ്യ വിദഗ്ധരില്‍ നിന്നുവേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് വഴി സങ്കീര്‍ണതകള്‍ കുറയ്ക്കാനും കഴിയും.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
മാറ്റങ്ങള്‍ പ്രസവശേഷവും തുടരാം

ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം  രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്. ഗര്‍ഭകാലത്തിന് ശേഷമുള്ള പ്രസവരക്ഷാ സമയത്ത് ശരീരഭാരം ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും വണ്ണംവയ്ക്കാന്‍ കാരണമാകുന്ന മരുന്നുകളും ഒഴിവാക്കുന്നത് നല്ലതാണ്. ഇത് പിന്നീടുള്ള  ടൈപ്പ് 2 പ്രമേഹം വരുന്നതിനെ തടയാന്‍ സഹായിക്കും. കൃത്യമായ വ്യായാമവും സമീകൃതാഹാരവും ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതും പ്രമേഹത്തെ തടയാന്‍ സഹായിക്കും.



#health
Leave a comment