TMJ
searchnav-menu
post-thumbnail

Health

വര്‍ധിക്കുന്ന ഹാര്‍ട്ട് അറ്റാക്കിനെതിരെ മാറ്റേണ്ട ശീലങ്ങളും ആരോഗ്യനയങ്ങളും

31 Oct 2023   |   5 min Read
ഡോ. ജോര്‍ജ് തയ്യില്‍


സംഹാരതാണ്ഡവമാടുന്ന രോഗങ്ങളില്‍ ഒന്നാംസ്ഥാനത്താണ് ഹൃദ്രോഗം. രോഗലക്ഷണങ്ങളാരംഭിച്ചാല്‍ ഉടനടി ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. സങ്കീര്‍ണതകള്‍ നിയന്ത്രണരേഖകള്‍ കടന്നാല്‍ മരണസാധ്യതയും ഏറും. അതുകൊണ്ടുതന്നെ ഹൃദ്രോഗബോധവത്കരണവും ലോകവ്യാപകമായി തന്നെ നടക്കുന്നുണ്ട്. വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഇതിനായി ഒരുദിവസം തന്നെ മാറ്റിവച്ചിരിക്കുന്നു- സെപ്തംബര്‍ 29; അന്ന് ലോക ഹൃദയദിനമാണ്. ഹൃദ്രോഗത്തെ പടിപ്പുറത്തു നിര്‍ത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്ന ദിവസം. എന്നാല്‍ എന്തൊക്കെ പറഞ്ഞുകൊടുത്താലും ആളുകള്‍ പ്രതിരോധത്തിന്റെ കാര്യത്തില്‍ പിന്നോക്കമാണ്. പിന്നെ അപ്രതീക്ഷിതമായെത്തുന്ന ഹാര്‍ട്ട് അറ്റാക്ക് മരണത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകും എന്നറിയുമ്പോഴാണ് നെട്ടോട്ടമോടുന്നത്. 

പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും സംയുക്തമായി ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ടുലക്ഷം പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനറിപ്പോര്‍ട്ട് ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ടു. 34 നും 70 നും വയസ്സിനിടയ്ക്കുള്ളവരെയാണ് മൂന്നുവര്‍ഷക്കാലത്തോളം പഠനവിധേയമാക്കിയത്. ഇന്ത്യയില്‍ അപകടകരമാംവിധം വര്‍ധിച്ചുവരുന്ന ഹൃദ്രോഗികളുടെ എണ്ണവും അതിനുള്ള കാരണങ്ങളുമായിരുന്നു പഠനവിഷയം. ഹൃദ്രോഗതീവ്രതയുടെ കാര്യത്തില്‍ കേരളം തന്നെ മുന്നില്‍. കേരളത്തിലെ 19.90 ശതമാനം ആളുകളിലും ഹൃദ്രോഗസാധ്യത ആപത്കരമാംവിധം വര്‍ധിച്ചു. ദശകങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഹൃദ്രോഗസാധ്യത 1.4 ശതമാനമായിരുന്നു. ഇന്നത് ഏതാണ്ട് 25 ശതമാനത്തിലേക്ക് കുതിച്ചുകയറി. ഹൃദ്രോഗസാധ്യതയുടെ കാര്യത്തില്‍ സ്ത്രീകളെക്കാള്‍ (15%) പുരുഷന്മാര്‍ തന്നെയാണ് മുന്നില്‍. സാമ്പത്തികമായി താഴെക്കിടയിലുള്ളവരില്‍ പുകവലി പ്രധാന ഹൃദ്രോഗകാരണമായി പരിഗണിക്കപ്പെട്ടപ്പോള്‍, മേല്‍ത്തട്ടിലുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും, വര്‍ധിച്ച കൊളസ്‌ട്രോളും പ്രമേഹവും അമിതവണ്ണവും ഹൃദ്രോഗത്തിനു പ്രധാനവിനയായി. 

ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് | PHOTO: WIKI COMMONS
2016 ല്‍ നടന്ന മറ്റൊരു പഠനത്തില്‍ ഇന്ത്യയില്‍ ഹൃദയധമനീ രോഗങ്ങളുള്ളവരുടെ സംഖ്യ 54.5 ദശലക്ഷമാണ്. നാലില്‍ ഒരാളെന്ന കണക്കിലാണ് ഹൃദയധമനീ രോഗങ്ങള്‍ ജീവനപഹരിച്ചെടുക്കുന്നത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ കൃത്യസമയങ്ങളില്‍ സര്‍വെ നടത്തി ഇന്ത്യയിലുണ്ടാകുന്ന വിവിധ മരണകാരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഹൃദ്രോഗാനന്തരമുള്ള മരണം 1980 ല്‍ 15 ശതമാനമായിരുന്നത് 2013 ആയപ്പോള്‍ 32 ശതമാനമായി ഉയര്‍ന്നു. അതായത് കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയില്‍ ഹൃദ്രോഗം മൂലമുള്ള മരണസംഖ്യ ഇരട്ടിയില്‍ കൂടുതലായി. 2018-19 ലെ ഒരു സര്‍വെ പ്രകാരം 40 നും 69 നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദ്രോഗാനന്തര മരണസംഖ്യ കേരളത്തില്‍ 37.8 ശതമാനം വരെയെത്തി. 70 വയസ്സ് കഴിഞ്ഞവരില്‍ 45.7 ശതമാനവുമാണ്. 63,000 പേരാണ് ഹാര്‍ട്ട് അറ്റാക്ക് മൂലം കേരളത്തില്‍ പ്രതിവര്‍ഷം മരണമടയുന്നത്. ഇന്ത്യയില്‍ ശരാശരി 29 ശതമാനംപേര്‍ ഹൃദ്രോഗാനന്തരം മരിക്കുമ്പോള്‍ കേരളത്തിലത് 40 ശതമാനത്തില്‍ കൂടുന്നു. 2030 ആകുമ്പോള്‍ ഇന്ത്യയില്‍ ആകമാനം 35 ശതമാനംപേര്‍ ഹൃദയാഘാതം മൂലം മരണപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. 

30 വയസ്സിനു താഴെ ഉള്ളവരില്‍ ഉണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്കും തുടര്‍ന്നുള്ള മരണസാധ്യതയും ആസ്പദമാക്കി തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1978-2017 കാലയളവില്‍ നടത്തിയ പഠനത്തിന്റെ ഫലം 2020 സെപ്തംബറില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതുവരെയുണ്ടായിട്ടുള്ള മിക്ക പഠനങ്ങളും 30-74 വയസ്സിനിടയ്ക്കുള്ളവരിലാണ് നടത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കണം. 30 വയസ്സിന് താഴെയുള്ളവര്‍ ഹൃദയാഘാതവുമായി ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സ ലഭിച്ചശേഷം അടുത്ത പത്തുവര്‍ഷക്കാലത്തെ അതിജീവനസ്വഭാവം നിരീക്ഷിച്ചപ്പോള്‍ 30 ശതമാനം പേരും മരണത്തിനു കീഴടങ്ങിയതായി കണ്ടു; 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 48 ശതമാനംപേര്‍ മരണപ്പെട്ടു. ഈ ഭീമമായ മരണശതമാനം ഏവരെയും അത്ഭുതപ്പെടുത്തി. ഹാര്‍ട്ട് അറ്റാക്കുണ്ടായ മുതിര്‍ന്നവരെക്കാള്‍ ഏറെ ശോചനീയമാണ് 30 വയസ്സിന് താഴെയുള്ളവരുടെ സ്ഥിതിയെന്ന് കണ്ടെത്തി. 40 വര്‍ഷക്കാലത്തോളം നടത്തിയ ബൃഹത്തായ ഗവേഷണ നിരീക്ഷണങ്ങളുടെ ഫലം 2020 സെപ്തംബര്‍ ലക്കം ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് പ്രകാശിതമായത്. 

തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് | PHOTO: WIKI COMMONS
മുതിര്‍ന്നവരെക്കാള്‍ വളരെക്കൂടുതലായി ചെറുപ്പക്കാരില്‍ കണ്ട ഹൃദ്രോഗാനന്തര മരണസംഖ്യയുടെ കാരണം പ്രധാനമായും ചികിത്സ ലഭിക്കുന്നതിലുള്ള താമസമായിരുന്നു. 38 ശതമാനം പേരും ചികിത്സ പ്രയോജനപ്പെടുത്തുന്നതിന്റെ സമയപരിധി കഴിഞ്ഞാണ് ആശുപത്രിയിലെത്തിയത്. ഹാര്‍ട്ട് അറ്റാക്കുണ്ടായശേഷം പ്രാഥമിക ചികിത്സകള്‍ (പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, രക്തക്കട്ട അലിയിപ്പിച്ചു കളയുന്ന ത്രോംബൊ ലൈറ്റിക് തെറാപ്പി) ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിച്ചാലേ പ്രയോജനമുണ്ടാകൂ എന്ന് മനസ്സിലാക്കണം. 'ഗോള്‍ഡന്‍ പീരീഡ്' ഒന്നര മണിക്കൂറാണ്. ഈ സമയപരിധിക്കുള്ളില്‍ രോഗിയെ പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിച്ചാല്‍, കട്ടിയാകാത്ത രക്തക്കട്ട മാറ്റി ഇടുങ്ങിയ കൊറോണറി ആര്‍ട്ടറി വികസിപ്പിച്ച് അവിടെ കൃത്യമായി ഒരു സ്റ്റെന്റ് സ്ഥാപിക്കുവാന്‍ സാധിക്കും. മൃതപ്രായമായെങ്കിലും ഇനിയും നശിച്ചിട്ടില്ലാത്ത ഹൃദയകോശങ്ങളിലേക്കും രക്തമെത്തിച്ചു കൊടുക്കാന്‍ ഇതുവഴി സാധിക്കും. രക്തദാരിദ്ര്യത്താല്‍ ശ്വാസംമുട്ടുന്ന ഹൃദയകോശങ്ങള്‍ പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും സ്വീകരിച്ച് വീണ്ടും പൂര്‍വസ്ഥിതിയിലാകുകയും ഹൃദയപ്രവര്‍ത്തനം സന്തുലിതമാകുകയും ചെയ്യും. മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായശേഷം മണിക്കൂറുകളോ ദിവസങ്ങളോ താമസിച്ചാല്‍, രക്തം കിട്ടാതെ ഹൃദയകോശങ്ങള്‍ ചത്തൊടുങ്ങി ആ ഹൃദയപേശികള്‍ ഒരു വടുവായിത്തീരുന്നു. പിന്നെ ഹൃദയ സങ്കോചനശേഷി കാതലായി ക്ഷയിക്കുകയും സാവധാനം ഹൃദയപരാജയത്തിലേക്ക് പതിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രോഗികളാണ് അധികം താമസിയാതെ മരണപ്പെടുന്നത്. 

ഹാര്‍ട്ട് അറ്റാക്കുമായി പ്രവേശിപ്പിക്കപ്പെട്ട 95 ശതമാനം ആളുകളിലും പരമ്പരാഗതമായ ആപത്ഘടകങ്ങളുടെ അതിപ്രസരം കണ്ടു. 88.3 ശതമാനം പേരില്‍ കൊളസ്ട്രോള്‍ അമിതമായി വര്‍ധിച്ചതായി കാണുകയുണ്ടായി. പുകവലി (63.5 ശതമാനം), മദ്യപാനം (20.8 ശതമാനം), അമിതരക്തസമ്മര്‍ദം (8.8 ശതമാനം), പ്രമേഹം (4.4 ശതമാനം) എന്നിങ്ങനെ വിവിധ ആപത്ഘടകങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകുന്നു. 4.4 ശതമാനം പേരില്‍ വ്യക്തമായ ആപത്ഘടകങ്ങള്‍ കാണുവാന്‍ സാധിച്ചില്ല. മറ്റൊരു സവിശേഷത കണ്ടത്, ഹാര്‍ട്ട് അറ്റാക്കിനുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ട് പോയതിനുശേഷവും നല്ലൊരു ശതമാനം പേര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ തങ്ങളുടെ ദുശ്ശീലങ്ങള്‍ തുടര്‍ന്നു എന്നതാണ്. രോഗം വന്നശേഷവും പുകവലി തുടര്‍ന്നവര്‍ 34 ശതമാനം, മദ്യപിച്ചവര്‍ 16.8 ശതമാനം, വ്യായാമം ചെയ്യാതിരുന്നവര്‍ 50 ശതമാനം, ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ നിര്‍ത്തിയവര്‍ 41 ശതമാനം, ഭക്ഷണച്ചിട്ടകള്‍ പാലിക്കാത്തവര്‍ 79 ശതമാനം. അപ്പോള്‍ ചെറുപ്പക്കാരിലെ വര്‍ധിച്ച മരണശതമാനത്തിന്റെ കാരണങ്ങള്‍ ഇവയൊക്കെത്തന്നെയാണ്.
 REPRESENTATIVE IMAGE : PTI
എന്താണ് കേരള പാരഡോക്സ്? സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാമതാണ് (96.2 ശതമാനം). ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍. മുപ്പതുവര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം പത്തുകൊല്ലത്തിലേറെ വര്‍ധിച്ചെന്നാണ് പഠനം. പല കാരണങ്ങളാല്‍ ഇതരസംസ്ഥാനങ്ങളിലെ ആയുര്‍ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍. 1990 ല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 59.6 വര്‍ഷമായിരുന്നു; 2019  ല്‍ ഇത് 70.8 വര്‍ഷമായി. ഇപ്പോള്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 77.3 വര്‍ഷമാണ്. എന്നാല്‍ ഇത് ആരോഗ്യത്തൊടെയുള്ള ആയുര്‍ദൈര്‍ഘ്യമാണെന്ന് കരുതരുത്. വിവിധ രോഗങ്ങളോടെയും ശാരീരിക വെല്ലുവിളികളോടെയുമാണ് വയസ്സാകുന്തോറും ആളുകള്‍ ജീവിക്കുന്നത്. അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങള്‍ കുറയുകയും (കോവിഡ്-19 ന്റെ വ്യാപനം വേറിട്ടുനില്‍ക്കുന്ന ഒന്നുതന്നെ) ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കാണുന്ന പ്രതിഭാസം. 30 വര്‍ഷംമുമ്പ് മാതൃശിശു മരണങ്ങളും പോഷകാഹാരക്കുറവും അണുബാധമൂലമുള്ള രോഗങ്ങളുമാണ് ദക്ഷിണേന്ത്യക്കാരുടെ ആയുസ്സ് കുറച്ചത്. 1990 ല്‍ അസാംക്രമിക രോഗങ്ങള്‍ 29 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നത് 58 ശതമാനമായി ഉയര്‍ന്നു. ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മര്‍ദം, പക്ഷാഘാതം, അസ്ഥിരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് 30 കൊല്ലത്തിനിടെ ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിച്ചത്. 

സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും വേറിട്ടുനില്‍ക്കുന്ന കേരളത്തില്‍ ഹൃദ്രോഗവും മറ്റു ജീവിതശൈലീ രോഗങ്ങളായ രക്താതിമര്‍ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയവ കുറഞ്ഞതോതിലേ കാണുകയുള്ളൂവെന്ന് അനുമാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ വാസ്തവം അതിനു വിപരീതമാണ്. അതുതന്നെയാണ് കേരള പാരഡോക്സ്. ഹൃദ്രോഗവും അതിലേക്ക് നയിക്കുന്ന അനുബന്ധജീവിതശൈലീ രോഗങ്ങളും ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്. വളരെ ചെറുപ്പത്തിലേ തുടങ്ങുന്ന ധമനികളിലെ ജരിതാവസ്ഥയുടെ അനന്തരഫലമായി ഹൃദ്രോഗാനന്തര മരണം കേരളത്തിലെ പുരുഷന്മാരില്‍ 60 ശതമാനവും സ്ത്രീകളില്‍ 40 ശതമാനവും 65 വയസ്സിനു മുമ്പായി സംഭവിക്കുന്നു. ഇവിടെ ആദ്യ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത് ഇതരസംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ 10 വയസ്സിനു മുമ്പായിട്ടാണ്. സാമ്പത്തികമായി താഴെക്കിടയിലുള്ള ഒരാള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുകയാണെങ്കില്‍ അതയാളുടെ വരുമാനത്തിന്റെ 60-80 ശതമാനത്തോളം തുടച്ചുമാറ്റപ്പെടുകയാണെന്നോര്‍ക്കണം. 
 
REPRESENTATIVE IMAGE : WIKI COMMONS
രോഗങ്ങളെ പേടിക്കാത്തവരാണ് മലയാളികള്‍. പ്രത്യേകിച്ചും
ജീവിതശൈലീരോഗങ്ങളെ. പിന്നെയും അല്പം പേടിയുള്ളത് പകര്‍ച്ചവ്യാധികളോടാണ്; അതിപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. എന്റെ അനുഭവത്തില്‍ മലയാളി ആദ്യമായിട്ടാണ് ഇത്രമാത്രം ഒരു രോഗത്തെ പേടിക്കുന്നത്, കോവിഡ് 19 എന്ന സാംക്രമിക രോഗത്തെ. കോവിഡ് -19 രോഗം തുടങ്ങിയശേഷം ഈ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്ത് മരണപ്പെട്ടത് 6.5 ദശലക്ഷം പേരാണ്. ഇതില്‍ നല്ലൊരു ശതമാനം പേര്‍ക്ക് ഹൃദ്രോഗം കൂടി ഉണ്ടെന്നോര്‍ക്കണം. എന്നാല്‍ ഒരു വാസ്തവം അറിയേണ്ടത് ഹൃദ്രോഗാനന്തരം പ്രതിവര്‍ഷം ലോകത്ത് 17.9 ദശലക്ഷംപേര്‍ മൃത്യുവിനിരയാകുന്നുവെന്നതാണ്. അതായത് ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രതിഭാസം ഹൃദ്രോഗം തന്നെയാണ് എന്നതാണ്. 

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമോ? 

തീര്‍ച്ചയായും, എന്നാല്‍ മലയാളിക്ക് അതിന് മനസ്സില്ലെങ്കിലോ? ജീവിതനിലവാരത്തിന്റെയും ആപത്ഘടകങ്ങളുടെയും ദുര്‍ഘടാവസ്ഥ വിലയിരുത്തി താമസിയാതെ ഹാര്‍ട്ട് അറ്റാക്കോ മരണമോ സംഭവിക്കാമെന്ന് പറഞ്ഞാലും അങ്ങനെയൊന്നും കുലുങ്ങാത്ത അവസ്ഥയിലെത്തി മലയാളി. ജീവിതക്രമം ചിട്ടയാക്കി ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടഘടകങ്ങളുണ്ടെങ്കില്‍ അവയെ കാലോചിതമായി പിടിയിലൊതുക്കിയാല്‍ ഹൃദ്രോഗം വരാതിരിക്കാന്‍ 90 ശതമാനം വരെ സാധിക്കും. എന്നാല്‍ ഇതൊന്നും കേള്‍ക്കാനോ അനുസരിക്കാനോ മലയാളിക്ക് മനസ്സില്ല എന്നതാണ് ഇപ്പോഴത്തെ  ദുരവസ്ഥ. അവസാനം ഹാര്‍ട്ട് അറ്റാക്കുമായി തീവ്രപരിചരണ വിഭാഗത്തിലകപ്പെടുമ്പോഴാണ് പൊട്ടിക്കരച്ചില്‍. ആരോഗ്യവും ജീവനും തിരിച്ചുപിടിക്കാന്‍ പിന്നെ നെട്ടോട്ടമാണ്. ഉള്ളതെല്ലാം വിറ്റാണ് ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയും മറ്റും ചെയ്യാന്‍ തയ്യാറാവുന്നത്. ഇതുകൊണ്ടുതന്നെ കേരളത്തില്‍ ഇപ്പോള്‍ കാത്ത് ലാബുകള്‍ സ്ഥാപിക്കാന്‍ ആശുപത്രികള്‍ മത്സരിക്കുകയാണ്. കേരളത്തില്‍ 140 ല്‍ കൂടുതല്‍ കാത്ത് ലാബുകളുണ്ടെന്നാണ് കണക്ക്

REPRESENTATIVE IMAGE : WIKI COMMONS
52 രാജ്യങ്ങളില്‍ നിന്നായി 27,000 ആളുകളെ ഉള്‍പ്പെടുത്തി, കാനഡയിലുള്ള മലയാളിയായ പ്രൊഫ. സലിം യൂസഫ് നടത്തിയ ബൃഹത്തായ 'ഇന്റര്‍ഹാര്‍ട്ട്' പഠനത്തില്‍ ഒമ്പത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍, പ്രമേഹം, ദുര്‍മേദസ്സ്, വ്യായാമരാഹിത്യം, വികലമായ ഭക്ഷണരീതി, മദ്യസേവ, സ്ട്രെസ്സ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കുവാന്‍ ഹേതുവാകുന്നുവെന്ന് തെളിഞ്ഞു. ഈ ആപത്ഘടകങ്ങളെ കണ്ടെത്തി സമുചിതമായി നിയന്ത്രിക്കുകവഴി 90 ശതമാനംവരെ ഹൃദ്രോഗത്തിന്റെ പിടിവിട്ട് നില്‍ക്കാമെന്ന് തെളിഞ്ഞു. 10 ശതമാനം ഹൃദ്രോഗത്തിനു വിനയാകുന്ന പാരമ്പര്യസഹജവും ജനിതകവുമായ ഘടകങ്ങളെ മാത്രമാണ് നിയന്ത്രണവിധേയമാക്കുവാന്‍ സാധിക്കാത്തവ. ഇന്ത്യന്‍ ശരാശരിയെക്കാള്‍ വളരെ കൂടുതലായി മലയാളികളില്‍ കാണുന്ന ആപത്ഘടകങ്ങളുടെ രൂക്ഷത അറിയണ്ടേ? വര്‍ധിച്ച കൊളസ്ട്രോള്‍ 52.3 ശതമാനം, അമിതരക്തസമ്മര്‍ദം 38.6 ശതമാനം, പ്രമേഹം 15.2 ശതമാനം, പുകവലി 28.1 ശതമാനം. കേരളത്തില്‍ പ്രതിവര്‍ഷം 65,600 പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ പ്രത്യാഘാതംമൂലം മരണപ്പെടുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഇന്ന് കേരളത്തില്‍ ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ പരിശോധനയ്ക്കായി എത്തുന്ന 40 ശതമാനം പേര്‍ക്കും ഉയര്‍ന്ന പ്രഷറുണ്ട്. 2021 ല്‍ നടന്ന ഒരു സര്‍വെയില്‍ രക്താതിമര്‍ദമുള്ളവരില്‍ 66.1 ശതമാനം പേരും ചികിത്സയെടുക്കുന്നില്ല എന്നോര്‍ക്കണം. ഇനി 40 ശതമാനത്തോളം പേര്‍ക്ക് തങ്ങള്‍ക്ക് പ്രഷര്‍ അധികരിച്ചിട്ടുണ്ടെന്ന് അറിയില്ല. അതുപോലെ ഭക്ഷണപ്രിയരായ മലയാളികളില്‍ പകുതിയിലധികം പേര്‍ക്കും വര്‍ധിച്ച കൊളസ്ട്രോളുമുണ്ട്. 

ഹൃദ്രോഗചികിത്സയുടെ കടിഞ്ഞാണ്‍ പ്രതിരോധപ്രക്രിയയാണെന്ന് നാം ഓര്‍ക്കണം. അതിനുള്ള അവബോധം മലയാളികള്‍ക്കുണ്ടാവണം. ഹൃദ്രോഗപരിശോധനയും ചികിത്സയും ഏറെ ചെലവുള്ള ഒന്നാണ്. ചികിത്സിച്ച് കുടുംബത്തിന്റെ നടുവൊടിയുന്നതിനേക്കാള്‍ ഭേദം രോഗംവരാതെ നോക്കുകയാണ്. നല്ലൊരു ഡോക്ടറും വലിയൊരാശുപത്രിയും അടുത്തുണ്ടെങ്കില്‍ പിന്നൊന്നും പേടിക്കണ്ട എന്ന തെറ്റായ ധാരണ വെടിയണം.


#health
Leave a comment