TMJ
searchnav-menu
post-thumbnail

Health

ശരിയായ ഡയറ്റ് എങ്ങനെ ഫോളോ ചെയ്യാം

23 Mar 2025   |   5 min Read
വിഷ്ണു പോളി

യറ്റ് എന്ന സങ്കൽപത്തെ പറ്റി വളരെയധികം തെറ്റിദ്ധാരണകളും അബദ്ധധാരണകളും വച്ചുപുലർത്തുന്ന സമൂഹമാണ് നമ്മുടേത്. ഡയറ്റ്, ന്യൂട്രീഷൻ എന്നീ വിഷയങ്ങളിൽ ഔപചാരികമോ അനൗപചാരികമോ ആയ വിദ്യാഭ്യാസമോ ബോധവൽക്കരണമോ പൊതുവിൽ സമൂഹത്തിലെ ഭൂരിപക്ഷം ആളുകൾക്കും ലഭിക്കുന്നില്ല. ഡയറ്റിനെ പറ്റിയുള്ള ഏറ്റവും വലിയ അബദ്ധ ധാരണകളിൽ ഒന്ന്, ഡയറ്റ് ചെയ്യുകയെന്നാൽ ഭക്ഷണം തീരെ കഴിക്കാതിരിക്കുക, വിലകൂടിയ ചില ഭക്ഷണപദാർത്ഥങ്ങൾ മാത്രം കഴിക്കുക എന്നതൊക്കെയാണ്. ഇത്തരം ധാരണകൾ ഒരുപാട് ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ തെറ്റിദ്ധാരണയെ ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, ഒട്ടനവധി കണ്ടന്റുകൾ നിർമ്മിക്കപ്പെടുന്നു. ഏറ്റവും അധികം വ്യൂവർഷിപ്പ് കിട്ടുന്ന മിക്ക ഉള്ളടക്കങ്ങളും, ശാസ്ത്രീയമായ അടിത്തറയില്ലാത്തവയാണ്. എളുപ്പവഴിയിൽ എങ്ങനെ വയറും അമിതഭാരവും കുറയ്ക്കാമെന്ന് ഉള്ളടക്കം ഉള്ളവ ആയിരിക്കും ഇതിൽ നല്ലൊരുപങ്കും. എന്തുകൊണ്ടാണ് ഇത്തരം ഉള്ളടക്കത്തിന് സ്വീകാര്യത ലഭിക്കുന്നത്?

കേരളത്തിലെ പകുതിയിലധികം ആളുകളും, കുടവയർ ഉള്ളവരാണ്. 2019-20 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ (NFHS) പ്രകാരം കേരളത്തിൽ പുരുഷന്മാരിലും സ്ത്രീകളിലും അമിതവണ്ണം, അമിതഭാരം എന്നിവ വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിരിക്കുന്നു. 15-49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 38.1% ഉം പുരുഷന്മാരിൽ 36.4% ഉം അധികഭാരം (ഒബിസിറ്റി) ബാധിച്ചിരിക്കുമ്പോൾ, ഇതിന്റെ ദേശീയ ശരാശരി പുരുഷന്മാർക്ക് 24% മാത്രമാണ്. നഗര മേഖലകളിൽ 40.4% സ്ത്രീകളും 40.1% പുരുഷന്മാരും അധികഭാരമുള്ളവരാണ്, ഗ്രാമീണ മേഖലയിലെ കണക്കുകൾ 36% സ്ത്രീകളും 33.2% പുരുഷൻമാരും ആണ്. 2015 ലെ സർവേ പ്രകാരം സ്ത്രീകളിൽ 32.4% ഉം പുരുഷന്മാരിൽ 28.5% ഉം മാത്രമേ അധികഭാരമുള്ളവരായിരുന്നുള്ളൂ. അതിനാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഈ പ്രവണത ഗണ്യമായി വർദ്ധിച്ചതായി വ്യക്തമാകുന്നു. കൂടാതെ, 70.7% സ്ത്രീകൾക്കും 56.8% പുരുഷന്മാർക്കും കുടവയർ ഉണ്ട് (പോട്ട്ബെല്ലി). അതേസമയം, ദേശീയ ശരാശരി സ്ത്രീകൾക്കായി 56.7% ഉം പുരുഷന്മാർക്കായി 47.7% ഉം ആണ്. നഗര സ്ത്രീകളിൽ ഈ നിരക്ക് 71.1% ആണെങ്കിൽ ഗ്രാമീണ സ്ത്രീകളിൽ 70.2% ആണ്.

REPRESENTATIVE IMAGE | WIKI COMMONS
ഈ കണ്ടെത്തലുകൾ കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നം ഗുരുതരമാകുന്നതായി സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും, ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്നതിലേക്കും ജനങ്ങളെ പ്രേരിപ്പിക്കുന്നതിലേക്കും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ആളുകളുടെ ഈ അവസ്ഥയെ മുതലെടുത്തുകൊണ്ടാണ്, സോഷ്യൽ മീഡിയയിലെ വ്യാജ ഡയറ്റീഷ്യൻമാർ തങ്ങളുടെ സ്വകാര്യ ലാഭത്തിനും വ്യൂവർഷിപ്പിനും വേണ്ടി മേൽപ്പറഞ്ഞ വിധത്തിലുള്ള കണ്ടന്റുകൾ പടച്ചുവിടുന്നത്. ആരോഗ്യകരമായ ശരീരം എന്നതിലുപരി, സൗന്ദര്യത്തെപ്പറ്റി നിലനിൽക്കുന്ന തെറ്റായ വാർപ്പ് മാതൃകകൾക്ക് അനുസരിച്ച്, എത്രയും പെട്ടെന്ന് വയറു കുറയ്ക്കുക തടി കുറയ്ക്കുക എന്നീ ചിന്താഗതികളാണ് ക്രാഷ് ഡയറ്റുകൾ സ്വീകരിക്കാനും പല ആരോഗ്യപ്രശ്നങ്ങളിലേക്കും ചെന്ന് ചാടാനും കാരണമാകുന്നത്.

കേരളത്തിൽ ഈയിടെ ഉണ്ടായ ഒരു സംഭവം ഡയറ്റ് ന്യൂട്രീഷൻ എന്ന വിഷയങ്ങളെപ്പറ്റി ശാസ്ത്രീയമായ ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി നമ്മളെ ബോധ്യപ്പെടുത്തുന്നു. 19 വയസ്സ് മാത്രം പ്രായമുള്ള ശ്രീനന്ദ എന്ന പെൺകുട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ, ഡയറ്റ് എന്ന പേരിൽ ഭക്ഷണം പൂർണമായും ഉപേക്ഷിക്കുകയും, വെള്ളം മാത്രം കുടിച്ച് ആറുമാസത്തിലധികം ജീവിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു മുൻപ് ശ്രീനന്ദ മരണപ്പെട്ടു. ഡോക്ടർമാർ പറയുന്നത്, ശ്രീനന്ദയ്ക്ക് 'അനൊറെക്സിയ നെർവസാ'എന്നൊരു മാനസികരോഗം ഉണ്ടായിരുന്നു എന്നാണ്. ആഹാരക്രമവുമായി ബന്ധപ്പെട്ട്, പെരുമാറ്റത്തിലും ശാരീരികവുമായി വരുന്ന ചില സൂചനകളാണ് ഈ രോഗത്തിനുള്ളത്. ഈ രോഗം മാനസികമാണെങ്കിലും, അത്തരമൊരു മാനസിക നിലയിലേക്ക് ആളുകളെ കൊണ്ടെത്തിക്കുന്നതിൽ സാമൂഹിക സാഹചര്യത്തിന് വലിയ പങ്കുണ്ട്. തൊഴിൽ, ആഹാരം, വിനോദം തുടങ്ങി സകലമാന മേഖലകളിലും ഉണ്ടായ പരിവർത്തനം ആളുകളുടെ ആരോഗ്യനിലയിലും ശരീരഘടനയിലും ഉണ്ടാക്കിയ മാറ്റമാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം. കായിക അധ്വാനം എന്നത്, സമൂഹത്തിലെ താഴെക്കിടയിലെ ചില വിഭാഗങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുന്ന ഒന്നായി ചുരുങ്ങി. മിക്ക തൊഴിലുകളും കായിക അധ്വാനം ആവശ്യമില്ലാത്ത നിലയിലേക്ക് കേരളത്തിലെ സാമൂഹിക സാമ്പത്തിക സാഹചര്യം മാറി. അതോടൊപ്പം തന്നെ ഭക്ഷണത്തിൽ, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ്, പ്രോസസ്ഡ് കാർബോഹൈഡ്രേറ്റുകൾ ഷുഗറുകൾ, പ്രോസസ്ഡ് വെജിറ്റബിൾ ഓയിലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷണങ്ങൾ, എന്നിങ്ങനെ പലവിധത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. കായിക വിനോദങ്ങൾ കുറയുകയും, വിനോദം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുകയും ചെയ്തു. ഇതിന്റെ എല്ലാം ഫലമായാണ് മേൽപ്പറഞ്ഞ വിധത്തിൽ അമിതവണ്ണവും കുടവയറും മലയാളികളുടെ അടയാളമായി മാറിയത്.

REPRESENTATIVE IMAGE | WIKI COMMONS
വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും എളുപ്പവഴികൾ തേടിക്കൊണ്ടിരിക്കുന്ന മലയാളികൾക്ക് മുന്നിൽ, ആദ്യം എത്തിപ്പെടുന്നത് സോഷ്യൽ മീഡിയയിലെ ഇത്തരം ചെപ്പടി വിദ്യകളാണ്. ജീവിതകാലം മുഴുവൻ കൊണ്ടുണ്ടായ കുടവയർ ഒരാഴ്ച കൊണ്ട് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്ക ആളുകളുടെയും ചിന്ത. വയർ കുറയ്ക്കാൻ വേണ്ടി ഡയറ്റ് എടുക്കുക, വണ്ണം കുറയ്ക്കാൻ വേണ്ടി ജിമ്മിൽ പോകുക എന്നീ പ്രവണതകളാണ് പൊതുവേ മലയാളികൾക്കുള്ളത്. കുറച്ചുദിവസം ഡയറ്റ് ചെയ്താലോ, ജിമ്മിൽ പോയാലോ തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ശരീരം സ്വന്തമാക്കാം എന്നവർ കരുതുന്നു. ഒരു ഡയറ്റീഷ്യന്റെയോ, അതല്ലെങ്കിൽ ന്യൂട്രീഷനെ പറ്റി ധാരണയുള്ള ഒരു ഫിറ്റ്നസ് ട്രെയിനറുടെയോ സഹായത്തോടെ അല്ലാതെ ഇതൊക്കെ ചെയ്യുമ്പോൾ മിക്കപ്പോഴും പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും അപകടങ്ങളിലേക്കുമാണ് ചെന്നെത്തുക.

എന്താണ് ഡയറ്റ്? ഡയറ്റിന്റെ പൊതുവായ അർത്ഥം, ഒരു വ്യക്തിയോ സമൂഹമോ സാധാരണഗതിയിൽ കഴിക്കുന്നതും കുടിക്കുന്നതും എന്താണോ അതാണ് അവരുടെ ഡയറ്റ്. ആരോഗ്യം, പോഷകം എന്നിവയുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ, ഒരു വ്യക്തി, തന്റെ ഭാരം നിയന്ത്രിക്കുന്നതിനോ, മെഡിക്കൽ കാരണങ്ങൾ കൊണ്ടോ ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റത്തെയോ ക്രമീകരണത്തെയോ ആണ് ഡയറ്റ് എന്ന് പറയുന്നത്. സംസ്കാരം, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ പാരമ്പര്യം, മതം, വിശ്വാസ ക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിയും സമൂഹവും പിന്തുടരുന്ന ഒന്നാണ് ഡയറ്റ്. ഇത്തരത്തിൽ ഡയറ്റിന് പലവിധ അർത്ഥങ്ങളുണ്ട്.

മറ്റൊന്നാണ് ന്യൂട്രീഷൻ. എന്താണ് ന്യൂട്രീഷൻ? ശരീരത്തിന് അതിന്റെ ദൈനംദിന പ്രവർത്തനം, പുനർനിർമാണം, കായികവും മാനസികവുമായ പ്രവർത്തികൾ, രോഗപ്രതിരോധം, എന്നീ ധർമ്മങ്ങൾ പൂർത്തീകരിക്കുന്നതിന് ഒട്ടനവധി പോഷകങ്ങൾ ആവശ്യമുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ്, ഫൈബർ എന്നിവ അടങ്ങുന്ന മാക്രോ ന്യൂട്രിയന്റുകളും, വിറ്റാമിൻസ്, മിനറലുകൾ, എന്നിവ അടങ്ങുന്ന മൈക്രോ ന്യൂട്രിയൻസും ഉൾപ്പെടുന്നു. ഒരു വ്യക്തിയുടെ പ്രായം, ജൻഡർ, ആരോഗ്യ അവസ്ഥ, ആക്ടിവിറ്റി ലെവൽ, മെഡിക്കൽ ഹിസ്റ്ററി, ശരീരഘടന എന്നിവയും, ആ വ്യക്തി ജീവിക്കുന്ന പരിസ്ഥിതികമായ ചുറ്റുപാട്, സംസ്കാരം, വിശ്വാസം, തുടങ്ങി ഒട്ടനവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അയാൾക്ക് ലഭ്യമാകേണ്ട ന്യൂട്രീഷനുകൾ എന്തെല്ലാം എന്ന് നിർണയിക്കപ്പെടേണ്ടത്.

REPRESENTATIVE IMAGE | WIKI COMMONS
എന്നാൽ, ഡയറ്റ് എന്നാൽ മിക്കവരും കരുതുന്നത്, ഒന്നുകിൽ പട്ടിണി കിടക്കുക, അല്ലെങ്കിൽ പ്രാദേശികമായി ലഭ്യമല്ലാത്ത, വിലകൂടിയ ചില ഫാൻസി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക എന്നതാണ്. അത് തെറ്റായ ധാരണയാണ്. വിലകൂടിയ ഭക്ഷണപദാർത്ഥങ്ങളിൽ മാത്രമേ ന്യൂട്രീഷൻസ് അടങ്ങിയിട്ടുള്ളൂ എന്ന ധാരണയും പൊതുവിൽ കാണാം. കൃത്യമായ ഡയറ്റ് സ്വീകരിക്കുക എന്നാൽ, പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ, നമ്മളുടെ മാക്രോ, മൈക്രോ ന്യൂട്രിയന്റുകളുടെ ആവശ്യകതയ്ക്ക് അനുസരിച്ച്, അതായത് പ്രോട്ടീനും കാർബോഹൈഡ്രേറ്റും, ഫാറ്റും ഫൈബറും, വിറ്റാമിനുകളും മിനറലുകളും എല്ലാം ഉൾപ്പെടുന്ന വിധത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ഇതിന് ഒരു വ്യക്തിയെ സഹായിക്കുക എന്നതാണ് ന്യൂട്രീഷനിസ്റ്റിന്റെ ജോലി. ആരോഗ്യ വെല്ലുവിളികൾ നേരിടുന്നവരെ, ഡോക്ടറുടെ നിർദ്ദേശത്തോട് കൂടി ഭക്ഷണം ക്രമീകരിക്കാൻ സഹായിക്കുക എന്നതാണ് ഡയറ്റീഷ്യന്റെ ജോലി. സമൂഹത്തിലെ എല്ലാവർക്കും ഒരു ന്യൂട്രീഷ്യനിസ്റ്റിൻ്റെയോ ഡയറ്റീഷ്യൻ്റെയോ സേവനം വിലകൊടുത്തു വാങ്ങാൻ സാധ്യമല്ല. അതുകൊണ്ടാണ് മിക്ക ആളുകളും സോഷ്യൽ മീഡിയയിലും മറ്റു സോഴ്സുകളിലും ലഭ്യമാകുന്ന പലവിധ ഉപദേശങ്ങൾ സ്വീകരിക്കുന്നത്. മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ തന്നെ, വസ്തുതകളും മിത്തുകളും കൂടിക്കുഴഞ്ഞ അവസ്ഥയിൽ ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭ്യമാകുന്ന ഡയറ്റിനെ പറ്റിയുള്ള ഉപദേശങ്ങളുടെ അവസ്ഥ.

ഡയറ്റിനെ പറ്റിയുള്ള ചില മിത്തുകൾ താഴെ പറയുന്നവയാണ്. കാർബോഹൈഡ്രേറ്റ് ( അന്നജം) ഭാരക്കൂടുതലിനും, കൊഴുപ്പിനും കാരണമാകുന്നു, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ മോശമാണ്, രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ഭാരം കൂടും, ഏതെങ്കിലും ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാൽ ഭാരം കുറയും, ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് മാത്രം കൊഴുപ്പ് നീക്കം ചെയ്യാം, എല്ലാതരത്തിലുമുള്ള കാർബോഹൈഡ്രേറ്റും പഞ്ചസാരയും ഒഴിവാക്കണം, ചില പ്രത്യേകതരം ഭക്ഷണം കഴിച്ചാൽ ഭാരം കൂടും എന്നതൊക്കെയാണ് പ്രധാനപ്പെട്ട മിത്തുകൾ. എന്നാൽ ഇതിന്റെ എല്ലാം വസ്തുത മറ്റൊന്നാണ്. നാം കഴിക്കുന്ന ഭക്ഷണമെല്ലാം തന്നെ സമീകൃത ആഹാരം ആയിരിക്കണം. അതായത് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഫാറ്റ് , ഫൈബർ തുടങ്ങി എല്ലാ മാക്രോ ന്യൂട്രിയൻ്റുകളും, ശരീരത്തിന് ആവശ്യമായ വൈറ്റമിൻസ് മിനറൽസ് തുടങ്ങിയ മിനറലുകളും, ഓരോ തവണ നമ്മൾ ഭക്ഷണം കഴിക്കുമ്പോഴും ഉൾപ്പെടുത്തണം. ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണം കഴിച്ചത് കൊണ്ട്, ഭാരം വർധിക്കുകയോ, കുറയുകയോ ചെയ്യില്ല. നമുക്ക് ആവശ്യമായതിലും അധികം കലോറി കഴിക്കുമ്പോഴാണ് ഭാരം കൂടുന്നത്. അതുപോലെതന്നെ നമുക്ക് ആവശ്യമുള്ള കലോറി കഴിച്ചില്ലെങ്കിൽ ഭാരം കുറയുകയും ചെയ്യും. ചിലപ്പോൾ ഭാരം കൂടാതെയും കുറയാതെയും സന്തുലിതമായ ഒരു അവസ്ഥയിൽ നിലനിൽക്കാനും സാധ്യതയുണ്ട്. ഇതെല്ലാം ശരീരത്തിന്റെ സങ്കീർണമായ മെറ്റബോളിക് പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഈ സങ്കീർണ്ണതകളെ മനസ്സിലാക്കി, ഭക്ഷണത്തിൽ വേണ്ടവിധത്തിൽ പോഷകങ്ങൾ ഉൾപ്പെടുത്തി, കായിക അധ്വാനമോ, വ്യായാമമോ ചെയ്യുമ്പോൾ മാത്രമാണ് ശരീരം പൂർണ്ണ ആരോഗ്യ അവസ്ഥയിലാണ് എന്ന് പറയാൻ സാധിക്കു.

REPRESENTATIVE IMAGE | WIKI COMMONS
നിലനിൽക്കുന്ന സാമൂഹിക സാഹചര്യത്തിൽ, പൂർണ്ണമായ ആരോഗ്യം എല്ലാവരുടെയും ചോയിസ് അല്ല. തങ്ങൾക്ക് ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു ഡയറ്റ് ഫോളോ ചെയ്യാൻ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും സാധിക്കില്ല. സാമ്പത്തികമായും സാമൂഹികമായും വിശ്വാസപരമായും പലവിധം പരിമിതികൾ ഉണ്ടാവും. അത് ഡയറ്റിനെ പറ്റിയുള്ള അറിവില്ലായ്മ മാത്രമല്ല. മലയാളികളുടെ ഡയറ്റിൽ പൊതുവിൽ കാർബോഹൈഡ്രേറ്റ് സമ്പന്നവും, പ്രോട്ടീൻ വളരെയധികം പരിമിതവും ആണ്. മത്സ്യവും മാംസവും കഴിക്കുന്നതിനാൽ, കൃത്യമായ സമീകൃത ആഹാരമാണ് കഴിക്കുന്നത് എന്ന് പറയാനാവില്ല. മലയാളികളുടെ പൊതുവിലുള്ള ഡയറ്റും , ജീവിതശൈലിയും മാറാതെ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കില്ല.

വണ്ണം കുറയുന്നതും കൂടുന്നതും മാത്രമല്ല ഈ ഡയറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം, ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും, വ്യായാമം ഇല്ലായ്മയും കൊണ്ട് ഉണ്ടാവുന്നതാണ്. ഈ തിരിച്ചറിവ് സമൂഹത്തിലെ ഒരു വിഭാഗം ആളുകൾക്കിടയിലെങ്കിലും ഉണ്ടായി എന്ന് മനസ്സിലാക്കാം. വർദ്ധിച്ചുവരുന്ന ജിമ്മുകളും, സോഷ്യൽ മീഡിയയിലെ ഫിറ്റ്നസ്, ന്യൂട്രീഷൻ ഇൻഫ്ലുവൻസേഴ്‌സും ഇതിന്റെ ചില ഉദാഹരണങ്ങളാണ്. ആളുകൾ വ്യായാമവും, ഭക്ഷണക്രമീകരണവും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പലവിധത്തിലുള്ള പോരായ്മകൾ ഇപ്പോഴും അതിനുണ്ട്. ഒരു സമൂഹം എന്ന നിലയിൽ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ള ഒരു ജനത നാടിന്റെ അനിവാര്യതയാണ്. കാശു കൊടുത്തു വാങ്ങാൻ പറ്റുന്ന ഒന്നായി മാത്രം, ഫിറ്റ്നസ് നിലനിന്നു കൂടാ. എല്ലാവർക്കും പ്രാപ്യമായ രീതിയിൽ, അതു ലഭ്യമാകുന്ന വിധത്തിൽ ഘടനാപരമായ ചില മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഭക്ഷണക്രമത്തെ പറ്റിയും, ഫിറ്റ്നസിനെ പറ്റിയും ശാസ്ത്രീയമായ അറിവ് ജനങ്ങൾക്ക് ലഭ്യമാകുന്നത് പോലെ തന്നെ, അവ രണ്ടും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാകുന്നതിനുള്ള ചുറ്റുപാടും ഉണ്ടായി വരേണ്ടതുണ്ട്. ഏതൊരു വസ്തുവും കച്ചവട ചരക്കായി തീരുമ്പോൾ, ഏറ്റവും ഗുണമേന്മയുള്ള ഉൽപ്പന്നം സമൂഹത്തിലെ സമ്പന്നർക്ക് മാത്രം ലഭ്യമാവുകയും, താഴെക്കിടയിൽ ഉള്ളവർ നിലവാരം കുറഞ്ഞ ഉൽപ്പന്നം ഉപയോഗിക്കാൻ നിർബന്ധിതരായി തീരുകയും ചെയ്യുന്നു. ഭക്ഷണവും ആരോഗ്യവും ഫിറ്റ്നസും എല്ലാം ഈ പറഞ്ഞ വിധത്തിൽ തന്നെയാണ് സമൂഹത്തിലെ വ്യത്യസ്ത വിഭാഗം ആളുകൾക്ക് ലഭ്യമാകുന്നത്.


#health
Leave a comment