TMJ
searchnav-menu
post-thumbnail

Health

ജീവിതശൈലിയും ഭക്ഷ്യസംസ്‌കാരവും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടോ

04 Nov 2024   |   3 min Read
ഷെമി ജെ

രിക്കലും പുക വലിച്ചിട്ടില്ല, മദ്യപിച്ചിട്ടില്ല അപകടകരമായ ജീവിത ശൈലികള്‍ ഒന്നും പിന്തുടര്‍ന്നിട്ടില്ല. എന്നിട്ടും കാന്‍സര്‍ ബാധിച്ചു. പലപ്പോഴും നമ്മള്‍ കേള്‍ക്കുന്ന ഒരു വര്‍ത്തമാനമാണിത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിഖ്യാത ബിസിനസ് പ്രസിദ്ധീകരണമായ ഫോര്‍ബ്സ് കാന്‍സറിന് എതിരായ യുദ്ധം എന്തുകൊണ്ട് പരാജയപ്പെടുന്നു എന്ന വിഷയം മുഖ്യ പ്രമേയമാക്കിയിരുന്നു. പുകവലി പോലുള്ള സ്ഥിരം കുറ്റവാളികളെ അതില്‍ പ്രതി ചേര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ തീരെ അറിയാതെ പോവുന്ന ചിലരെ പറ്റിയുള്ള വിവരങ്ങളൂം അതില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണമായിരുന്നു അതിലെ ഒരു പ്രധാന വിഷയം. ജീവിത ശൈലിയും, ഭക്ഷണവും കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നുവെന്ന് ഏറ്റവും പുതിയ പഠനങ്ങളും തെളിയിക്കുന്നു. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍, എണ്ണ എന്നിവയുടെ കാര്യം നേരത്തെ തന്നെ സംശയങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നതാണ്. അവയോടൊപ്പം അല്ലെങ്കില്‍ അവയേക്കാള്‍ കൂടുതല്‍ അപകടകാരിയായി തിരിച്ചറിയപ്പെടുന്ന ഒന്നാണ് പ്രോസസെഡ് ഫുഡ്‌സ്  അഥവാ സംസ്‌കരിച്ച ഭക്ഷണങ്ങള്‍.

നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍. എന്നാല്‍ അവയുടെ ഉപയോഗം കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രോസസ്ഡ് ആഹാരപദാര്‍ത്ഥങ്ങളില്‍ പ്രിസര്‍വേറ്റീവുകള്‍, അഡിറ്റീവുകള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രധാനമായും നാരുകളുടെയും, ഇലകളുടെയും  അഭാവവും, കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം മൂലമോ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ വന്‍കുടല്‍, വയറ്റിലെ അര്‍ബുദം എന്നിവക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

കാന്‍സര്‍ സാധ്യതയും മോശം ഭക്ഷണക്രമവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ സഹായിക്കുന്ന പുതിയ പഠനങ്ങളുമായിട്ടാണ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ (എന്‍യുഎസ് ) ഗവേഷക സംഘം എത്തിയിരിക്കുന്നത്.

പ്രൊഫസര്‍ അശോക് വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍, സിംഗപ്പൂര്‍ കാന്‍സര്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐ സിംഗപ്പൂര്‍)ലെ ശാസ്ത്രജ്ഞര്‍, യോങ് ലൂ ലിന്‍ സ്‌കൂള്‍ ഓഫ് മെഡിസിന് കീഴിലുള്ള എന്‍യുഎസ് സെന്റര്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് (N2CR) യിലെ ശാസ്ത്രജ്ഞര്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു സാധ്യത കണ്ടെത്തിയത്.

REPRESENTATIVE IMAGE | FACEBOOK
നമ്മുടെ ജീനുകള്‍, ഭക്ഷണക്രമം, വ്യായാമം, മലിനീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് കാന്‍സറിന് കാരണമാകുന്നത്. ഇത്തരം  ഘടകങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ കൂടുതല്‍ കാലം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെങ്കില്‍, ഇവ തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സിഎസ്‌ഐ സിംഗപ്പൂര്‍ ഡയറക്ടര്‍ പ്രൊഫ വെങ്കിട്ടരാമന്‍ വിശദീകരിച്ചു. പ്രമേഹം, അമിത വണ്ണം, തെറ്റായ ഭക്ഷണക്രമം എന്നിവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പുതിയ പഠനങ്ങളെ അടിസ്ഥാനമാക്കി പ്രമേഹം, മോശം ഭക്ഷണം എന്നിവ സിഗപ്പൂരിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും കാന്‍സര്‍ സാധ്യതയെ ബാധിക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ലക്ഷ്യമിടുകയാണ് അദ്ദേഹത്തിന്റെ ഗവേഷണ സംഘം. മെറ്റബോളിസം, ഭക്ഷണക്രമം, കാന്‍സര്‍ എന്നിവ തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്ന പുതിയ സംവിധാനങ്ങള്‍ തിരിച്ചറിയാനും, കാന്‍സര്‍  വരാനുള്ള സാധ്യത കുറക്കാനും, കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തങ്ങള്‍ വികസിപ്പിച്ചെടുക്കാനും കഴിയും എന്ന പ്രതീക്ഷയിലാണ് അവര്‍.

ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് നടത്തിയ പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പഠനങ്ങളില്‍, സംസ്‌കരിച്ച മാംസം കഴിക്കുന്നത് ഒരു വ്യക്തിയുടെ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന ചൂടില്‍ മാംസം പാകം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഗ്രില്‍ ചെയ്യുമ്പോള്‍, അര്‍ബുദ പദാര്‍ത്ഥങ്ങള്‍ രൂപം കൊള്ളുന്നു. ഇത് കാന്‍സറിന് കാരണമാകുന്നു. ബീഫ് പോലുള്ള ചുവന്ന മാംസം അധിക അളവില്‍ കഴിക്കുന്നതിന് പകരം പരിപ്പ്, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങി പഞ്ചസാര അടങ്ങിയ പാനീയങ്ങളില്‍ ഉയര്‍ന്ന കലോറിയും അനാരോഗ്യകരമായ അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. സ്തനാര്‍ബുദം, പാന്‍ക്രിയാറ്റിക് കാന്‍സര്‍ തുടങ്ങിയ ഹോര്‍മോണുമായി ബന്ധപ്പെട്ട കാന്‍സര്‍, ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നു. കാന്‍സറിനു പുറമേ, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കുകയും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുടെ സാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്.

കഴിക്കുന്ന ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിലും കാന്‍സറിന്റെ സാധ്യത കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫിഷ് കറി മസാല, കറി പൗഡര്‍, മിക്സഡ് മസാല പൊടി തുടങ്ങിയ സുഗന്ധവ്യഞ്ജന ഉല്പന്നങ്ങളിലാണ് എഥിലീന്‍ ഓക്സൈഡിന്റെ അളവ് കണ്ടെത്തിയിരിക്കുന്നത്. അനേകം രാജ്യങ്ങളില്‍ ഈ ബ്രാന്‍ഡുകളുടെ മസാലകള്‍ കയറ്റു മതി ചെയ്യുക വഴി അവ മനുഷ്യ ജീവനുകള്‍ക്ക് വലിയ ഒരു ആപത്തിന്റെ മുന്നറിയിപ്പാണ് നല്‍കുന്നത്.

കാന്‍സര്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള മാര്‍ഗങ്ങളില്ലെങ്കിലും, കാന്‍സറിന് കാരണമാകുന്ന അല്ലെങ്കില്‍ കാന്‍സറിന്റെ സാധ്യത കൂട്ടുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തിരിച്ചറിയുന്നതും ഒഴിവാക്കുന്നതും വിവിധ തരത്തിലുള്ള കാന്‍സറുകള്‍ ബാധിക്കുന്നത് തടയാനാകും. മനുഷ്യരുടെ ജീവിതത്തിന് മാത്രമല്ല പ്രകൃതിയിലെ മറ്റുള്ള ജീവജാലങ്ങള്‍ക്കും വിഷമയമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വരുത്തുന്ന വിനയെപ്പറ്റി ഇത്തരം പഠനങ്ങളും, ഗവേഷണങ്ങളും മുന്നറിയിപ്പ് തരുന്നുണ്ട്.

മായമില്ല മന്ത്രമില്ലെന്ന തരത്തിലുള്ള പരസ്യ വാചകങ്ങളും, ആകര്‍ഷകമായ പാക്കേജിങ്ങും വഴി മനുഷ്യരുടെ നിലനില്‍പ്പിനുള്ള അടിസ്ഥാന ആവശ്യമായ  ഭക്ഷണത്തെ വലിയ ലാഭത്തിനുള്ള ഒന്നാക്കി ചുരുക്കുന്ന വിപണന തന്ത്രത്തെ മനസ്സിലാക്കുവാന്‍ അവ സഹായിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ലഹരി ഉപയോഗവും, ഫാസ്റ്റ് ഫുഡുകളും ആരോഗ്യത്തിന് ഭീഷണിയാണ്. മിതമായ മദ്യപാനം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും ഇടയ്ക്കിടെ മദ്യം കഴിക്കുന്നത് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. കരള്‍ കാന്‍സര്‍, സ്തനാര്‍ബുദം, ഓറോഫറിന്‍ജിയല്‍ കാന്‍സര്‍ ( തലയിലും കഴുത്തിലും ഉണ്ടാകുന്ന ഒരു തരം അര്‍ബുദം) എന്നിവ വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.

അതുപോലെ ബര്‍ഗര്‍, ഫ്രൈ, പിസ്സ തുടങ്ങിയ ജങ്ക് ഫുഡുകള്‍ ശരീരഭാരം കൂട്ടുക മാത്രമല്ല, കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. പുതിയ കാല ജീവിതവുമായി ഇഴുകി ചേരുമ്പോള്‍ സമയം ലാഭിക്കാനും, വ്യത്യസ്ത രുചി പരീക്ഷണങ്ങള്‍ ആസ്വദിക്കുമ്പോഴും ആരോഗ്യ കാര്യത്തില്‍ വീഴ്ച പറ്റിയാല്‍ വലിയ വില തന്നെ നല്‍കേണ്ടി വരും. ചുട്ടതും, വറുത്തതുമായ ഭക്ഷണങ്ങളില്‍ അക്രിലാമൈഡ്, പിഎഎച്ച്, ഹെറ്ററോസൈക്ലിക് അമിനുകള്‍ തുടങ്ങിയ കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് വന്‍കുടല്‍, സ്തന, കിഡ്നി കാന്‍സറുകള്‍ വര്‍ധിപ്പിക്കുന്നു. മിതമായി കഴിക്കേണ്ടതിന് പകരം അമിതമായി കഴിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെയാണ് ബാധിക്കുന്നത്.

നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവ പോലുള്ള പോഷകങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ച് സമീകൃതാഹാരം നയിക്കേണ്ടത് അത്യാവശ്യമാണ്. സമീകൃതാഹാരം കഴിക്കുന്നത് ഒരു വ്യക്തിയുടെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനുള്ള നിര്‍ണായക ഭാഗമാണ്. ഓര്‍ക്കുക, ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധ മാര്‍ഗം തന്നെയാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പു പോലെ ഭക്ഷണ പാക്കുകളിലും മുന്നറിയിപ്പുകള്‍ വരുത്തേണ്ട കാലം അതിക്രമിച്ചുവെന്ന് കരുതുന്നവര്‍ ഏറെയാണ്.



#health
Leave a comment