TMJ
searchnav-menu
post-thumbnail

Health

മെഡിറ്ററേനിയന്‍ ഭക്ഷണം സ്ത്രീകളിലെ വിഷാദത്തെ അകറ്റും

23 Mar 2024   |   3 min Read
രാജേശ്വരി പി ആർ

മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുന്നത് സ്ത്രീകളില്‍ വിഷാദരോഗം കുറയ്ക്കുന്നതായി ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ ഭാഗമായ മത്സ്യവും മോണോസാച്ചുറേറ്റഡ് എണ്ണകളും സ്ത്രീകളില്‍ വിഷാദ സാധ്യത 60 ശതമാനം കുറയ്ക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. മെഡിറ്ററേനിയന്‍ ഭക്ഷണരീതി ആരോഗ്യകരമായ ഭക്ഷണക്രമമായി 2024 ലും തിരഞ്ഞെടുത്തതോടെ, ഇത് ഏഴാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 60 വയസ്സിന് മുകളില്‍ പ്രായമുള്ള 5.7 ശതമാനം സ്ത്രീകളില്‍ വിഷാദരോഗം പിടിപെടുന്നു. പുരുഷന്മാരേക്കാള്‍ 50 ശതമാനം കൂടുതല്‍ രോഗസാധ്യത സ്ത്രീകളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

മത്സ്യം വിഷാദ സാധ്യത കുറയ്ക്കും

ഇറ്റാലിയന്‍ നട്ട്ബ്രെയ്ന്‍ (Nut Brain) നടത്തിയ പഠനത്തില്‍ 65 നും 97 നും ഇടയില്‍ പ്രായമുള്ള 325 പുരുഷന്മാരെയും 473 സ്ത്രീകളെയുമാണ് ഉള്‍പ്പെടുത്തിയത്. ഓരോരുത്തരോടും തങ്ങളുടെ ദൈനംദിന ഭക്ഷണത്തിലെ 102 ഇനങ്ങളെ കുറിച്ച് ചോദിച്ചു. ഇത് പ്രകാരമാണ് ഗവേഷകര്‍ മെഡിറ്ററേനിയന്‍ സ്‌കോര്‍ തയ്യാറാക്കിയത്. ഭക്ഷണക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജിക്കല്‍ സ്റ്റഡീസ് ഡിപ്രഷന്‍ സ്‌കെയില്‍ ഉപയോഗിച്ചാണ് രോഗനിര്‍ണയം നടത്തിയത്. 

PHOTO: PIXABAY
പങ്കെടുത്തവരില്‍ 19.8 ശതമാനം പേരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. 8.0 ശതമാനം പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ 27.9 ശതമാനം സ്ത്രീകളിലാണ് രോഗലക്ഷണം കണ്ടെത്തിയത്. അപൂരിത ഫാറ്റി ആസിഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പതിവായി മത്സ്യവും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉപയോഗവും വിഷാദരോഗത്തെ കുറയ്ക്കുന്നതായും ഗവേഷകര്‍ നിരീക്ഷിക്കുന്നു. മത്സ്യം കൂടുതലായി കഴിക്കുന്നവരില്‍ വിഷാദരോഗ സാധ്യത 44 ശതമാനം കുറയ്ക്കുന്നതായും പഠനം വ്യക്തമാക്കുന്നു. സ്ത്രീകളില്‍ ഇത് 56 ശതമാനമാണ്. പ്രതിദിനം കഴിക്കുന്ന ഓരോ ഗ്രാം മത്സ്യത്തിനും സ്ത്രീകളില്‍ രണ്ട് ശതമാനം വരെ വിഷാദ സാധ്യത കുറയ്ക്കാന്‍ കഴിയും. ആഴ്ചയില്‍ മൂന്നോ അതിലധികമോ പുതിയ മത്സ്യം കഴിക്കുന്നവരില്‍ വിഷാദരോഗത്തിനുള്ള സാധ്യത 62 ശതമാനം വരെ കുറവാണെന്ന് പഠനം പറയുന്നു. 

ഒലിവ് ഓയില്‍, നിലക്കടല, അവാക്കാഡോ, ബദാം, പെക്കന്‍സ്, കശുവണ്ടി, ഹസല്‍നട്ട് തുടങ്ങിയ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും മെഡിറ്ററേനിയന്‍ ഭക്ഷണത്തിലെ പ്രധാന ഘടകമാണ്. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും, സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൂടുതലായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് വിഷാദരോഗ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറവാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പുരുഷന്മാരില്‍ ഇവയുടെ ഉപയോഗം മൂലം 82 ശതമാനവും വിഷാദരോഗ സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ന്യൂറോ ട്രാന്‍സ്മിറ്റര്‍ മോഡുലേഷനിലൂടെയും ന്യൂറോപ്രൊട്ടക്ഷനിലൂടെയും വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. 2021 ല്‍ നടന്ന ഒരു പഠനത്തിലും പോഷക സമ്പുഷ്ടമല്ലാത്ത ഭക്ഷണക്രമം സ്ത്രീകളുടെ മാനസികാരോഗ്യത്തെ പുരുഷന്മാരേക്കാള്‍ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. 2018 ല്‍ നടന്ന പഠനവും സമാനമായ കണ്ടെത്തലാണ് നടത്തിയത്. 

എന്താണ് മെഡിറ്ററേനിയന്‍ ഡയറ്റ് ? 

പഴങ്ങള്‍, പച്ചക്കറികള്‍, ഒലിവ് ഓയില്‍, മത്സ്യം, ധാന്യങ്ങള്‍, ബീന്‍സ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡയറ്റാണിത്. ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, ലെബനന്‍, തുര്‍ക്കി, മൊറോക്കോ എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ ഈ പരമ്പരാഗത ഭക്ഷണരീതി നിലവിലുണ്ട്. സസ്യാധിഷ്ഠിത ഭക്ഷണമാണ് മെഡിറ്ററേനിയന്‍ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക. കൂടാതെ ധാന്യങ്ങള്‍, പരിപ്പ്, കടല്‍ വിഭവങ്ങള്‍, ചിക്കന്‍, ഒലിവ് എണ്ണയില്‍ നിന്നുള്ള അപൂരിത കൊഴുപ്പും ഡയറ്റിനെ പൂര്‍ണമാക്കും. 

PHOTO: WIKI COMMONS
ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, അധിക വെര്‍ജിന്‍ ഒലിവ് ഓയില്‍, പരിപ്പ്, വിത്തുകള്‍ എന്നിവയെല്ലാം മികച്ച മാനസികാരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മധ്യകാലഘട്ടത്തിലെ ഭക്ഷണരീതികളുമായി ഈ ഡയറ്റിന് ബന്ധമുണ്ടെന്ന് ഇറാനിയന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ''ദി മെഡിറ്ററേനിയന്‍ ഡയറ്റ്: എ ഹിസ്റ്ററി ഓഫ് ഹെല്‍ത്ത്'' എന്ന പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നു. പുരാതന റോമാക്കാരും ഗ്രീക്കുകാരും ഈ തരത്തിലുള്ള ഭക്ഷണക്രമമാണ് പിന്തുടര്‍ന്നിരുന്നത് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രെഡ്, വൈന്‍, എണ്ണ, പച്ചക്കറികള്‍, ചെറിയ അളവില്‍ ഇറച്ചി, കടല്‍ വിഭവങ്ങള്‍ എന്നിവയൊക്കെ അടങ്ങിയതായിരുന്നു അവരുടെ ഭക്ഷണം.

മെഡിറ്ററേനിയന്‍ ഡയറ്റിന്റെ ഗുണങ്ങള്‍ 

ലളിതവും ഫലപ്രദവുമായ ഭക്ഷണക്രമമാണിത്. ക്യാന്‍സര്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹ സാധ്യതകളും കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതോടൊപ്പം ദീര്‍ഘായുസ്സും നല്‍കുന്നു. കൂടാതെ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പുരുഷ ബീജത്തിന്റെ ഗുണനിലവാരം, പ്രത്യുത്പാദനക്ഷമത, റീപ്രൊഡക്ടീവ് ടെക്‌നോളജിയുടെ വിജയം എന്നിവ വര്‍ധിപ്പിക്കുമെന്നും നേരത്തെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഗര്‍ഭധാരണ സാധ്യത മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. 

മത്സ്യത്തില്‍ നിന്നുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള ആന്റി ഓക്‌സിഡന്റുകള്‍, ഒലിവ് ഓയിലുകളില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തി അല്‍ഷിമേഴ്‌സ് രോഗസാധ്യതയും കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണങ്ങളിലെ വൈവിധ്യമാര്‍ന്ന പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും തലച്ചോറിന്റെ ആരോഗ്യത്തിന് കാരണമാകുന്നു.


#health
Leave a comment