
തൊഴില്‍ സാഹചര്യങ്ങളിലെ മാനസികാരോഗ്യം
സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും മാനസികാരോഗ്യം സുപ്രധാനമായ ഒന്നാണ്. അതിനാൽ തന്നെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരം മനുഷ്യർ ചിലവഴിക്കുന്ന തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ജോലി സംബന്ധമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് ആന്റ് യങ് (ഇ.വൈ) പൂനെ ഓഫീസ് ജീവനക്കാരിയും മലയാളിയുമായ അന്ന സെബാസ്റ്റ്യന്‍ എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മരണം, വന്‍കിട സ്ഥാപനങ്ങളില്‍ പോലും വലിയ ആശങ്കകള്‍ ഉണര്‍ത്തിയിരുന്നു. ചെന്നൈയിലെ 38 കാരനായ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും സമാനമായി ജീവനൊടുക്കിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചെറുതും വലുതുമായ ലക്ഷക്കണക്കിന് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സാമാന്യ മനുഷ്യരെ ആശങ്കയിലാഴ്ത്തുന്നതാണ്. വര്‍ദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രതിസന്ധിയെ എടുത്തുകാണിക്കുന്നതാണ് ഈ സംഭവങ്ങള്‍. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനും തൊഴിലിടങ്ങളിലെ മാനസികാരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും ഭരണകൂടം മുന്‍ഗണന നല്‍കേണ്ടതുണ്ട് എന്നാണ് ഈ സമീപകാല സംഭവങ്ങള്‍ വിരൽചൂണ്ടുന്നത്.REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയില്‍ 197 ദശലക്ഷത്തിലധികം ആളുകള്‍ മാനസികാരോഗ്യ വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടുന്നുവെന്ന് ലാന്‍സെറ്റ് സൈക്യാട്രി കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും മാനസിക ക്ഷേമത്തെ അവഗണിക്കുകയും സമൂഹത്തില്‍ നിന്നുള്ള ബന്ധത്തെ വിച്ഛേദിക്കുകയും ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങളും അതുമൂലമുണ്ടാകുന്ന നഷ്ടങ്ങളും ഇന്ത്യന്‍ സമൂഹത്തിലെ വളരുന്ന മാനസികാരോഗ്യ പ്രതിസന്ധിയെ അടിവരയിടുന്നതാണ്. ഇന്ത്യയിലെ ഈ സാഹചര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത് അമിത ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന 'കരോഷി' എന്ന ജാപ്പനീസ് പദത്തെയാണ്. 2023 ല്‍ ജപ്പാനില്‍ 2,900 പേരാണ് അമിത ജോലിഭാരം മൂലം ആത്മഹത്യ ചെയ്തത്. ജപ്പാനില്‍ മാത്രമായിരുന്ന ഈ പദം ഇപ്പോള്‍ ഇന്ത്യയുടെ സാഹര്യങ്ങള്‍ക്കും അനുയോജ്യമാണ്. 2022 ല്‍ മാത്രം ഇന്ത്യന്‍ സ്വകാര്യമേഖലയില്‍ 11,486 പ്രൊഫഷണലുകള്‍ ആത്മഹത്യ ചെയ്തതായി സ്റ്റാറ്റിസ്റ്റാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2022-ല്‍ ഡെലോയിറ്റ് നടത്തിയ ഒരു സര്‍വേയില്‍ 47% ഇന്ത്യന്‍ ജീവനക്കാരും ജോലിയില്‍ സമ്മര്‍ദ്ദമോ ഉത്കണ്ഠയോ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക അസ്ഥിരത, നഗരജീവിതം എന്നിവയാണ് സമ്മര്‍ദ്ദങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍. വേഗതയേറിയ തൊഴില്‍ സംസ്‌കാരം, ദൈര്‍ഘ്യമേറിയ ജോലിസമയം, ഉയര്‍ന്ന പ്രതീക്ഷകള്‍ എന്നിവ ജീവനക്കാരുടെ സമ്മര്‍ദ്ദത്തിന് ആക്കം കൂട്ടുന്നതാണ്.
ശക്തമായ സാമൂഹിക ബന്ധങ്ങള്‍, പിന്തുണയുള്ള കമ്മ്യൂണിറ്റികള്‍, അര്‍ത്ഥവത്തായ ജോലി എന്നിവ മാനസികാരോഗ്യത്തിനായുള്ള നിര്‍ണായക ഘടകമാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി യുവജനങ്ങള്‍ പരിശ്രമിക്കുമ്പോള്‍ 12 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണത്തിനാണ് അധികാരികള്‍ ശ്രമിക്കുന്നത്. കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ ഭേദഗതി ഉദാഹരണമായെടുക്കാം. മാനസിക ക്ഷേമത്തെ വിലമതിക്കുന്ന സംസ്‌കാരം സൃഷ്ടിക്കുന്നതിന് സാമൂഹിക-വൈകാരിക പഠനം, മാനസികാരോഗ്യ അവബോധം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങള്‍ നമ്മൾക്കിടയിൽ അത്യന്താപേക്ഷിതമാണ്. തുല്യത, മാനുഷിക ക്ഷേമം എന്നിവക്കുള്ള മുന്‍ഗണനയും പിന്തുണയും മൂല്യവും ആരോഗ്യകരമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സഹായിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായുള്ള കുടിയേറ്റവും ഇന്ത്യയിലെ ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ 27.4% വ്യക്തികളില്‍ 8.8% പേര്‍ തൊഴില്‍ കാരണങ്ങളാലും 2.3% പേര്‍ ബിസിനസ് ലക്ഷ്യങ്ങളാലുമാണെന്ന് സെന്‍സസ് ഡാറ്റയിലൂടെ കണക്കാക്കപ്പെട്ടിരിരുന്നു. നഗരപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിന് സാമ്പത്തിക കാരണങ്ങളും തൊഴില്‍ സുരക്ഷിതത്വത്തിന്റെ അനിശ്ചിതത്വവും എന്നിവയുള്‍പ്പെടെ ഒന്നിലധികം ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നതാണ്. കോവിഡ് (COVID-19) പാന്‍ഡെമിക് സമയത്ത് ഈ ബുദ്ധിമുട്ടുകള്‍ വ്യക്തമായി വെളിപ്പെടുത്തിയിരുന്നു.REPRESENTATIVE IMAGE | WIKI COMMONS
മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥ
മോശപ്പെട്ട തൊഴില്‍ സംസ്‌കാരത്തിന്റെ പ്രധാന കാരണം ലാഭകേന്ദ്രിതമാണ്. മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ ബിസിനസ്സുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെലവ് ചുരുക്കുന്നതിലും കാര്യക്ഷമതയിലും ഉല്‍പ്പാദന ക്ഷമതയിലുമാണ്. തല്‍ഫലമായി സമ്മര്‍ദ്ദം അനുഭവിക്കുന്നത് ജീവനക്കാരാണ്. നിലവിലെ ജനസംഖ്യയുടെ ജീവിതനിലവാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭാവി തലമുറകള്‍ക്ക് അഭിവൃദ്ധി എത്രത്തോളം സുരക്ഷിതമാക്കാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തിക വിജയം കണക്കാക്കുക. ഈ സന്തുലിതാവസ്ഥക്കായി സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കൊപ്പം സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ സൂചകങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച ഹ്യൂമന്‍ റിലേഷന്‍സ് മൂവ്മെന്റ് തൊഴിലിടത്തില്‍ ജീവനക്കാരുടെ സംതൃപ്തി അടിവരയിടുന്നതാണ്. ജീവനക്കാര്‍ക്ക് പ്രചോദനമേകാനും പ്രകടനം മെച്ചപ്പെടുത്തുന്നതിനുമായി മനുഷ്യബന്ധങ്ങളും പ്രയോഗിക്കേണ്ടതുണ്ട്. ലാഭം വര്‍ദ്ധിപ്പിക്കുന്നതിനപ്പുറം മനുഷ്യമൂലധനത്തെ പ്രധാന ആസ്തിയായി കണക്കാക്കേണ്ട ദീര്‍ഘവീക്ഷണങ്ങളിലേക്ക് നീങ്ങുകയെന്നത് വെല്ലുവിളി തന്നെയാണ്. തൊഴില്‍ മേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ തൊഴില്‍ പരിഷ്‌കാരങ്ങളിലൊന്നായി പുതിയ തൊഴില്‍ സംസ്‌കാരം ഇന്ത്യ സ്വാഗതം ചെയ്യേണ്ടതുണ്ട്. ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന പ്രത്യേക വ്യവസ്ഥകള്‍, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ അല്ലെങ്കില്‍ മാനസികാരോഗ്യ ആശങ്കകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളുകള്‍ എന്നിവ രൂപപ്പെടുത്തേണ്ടതുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
പലപ്പോഴും ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മറ്റ് ജീവിത സമ്മര്‍ദ്ദങ്ങളുമായി ചേര്‍ന്ന് വിഷാദരോഗം പോലെയുള്ള രോഗനിര്‍ണയം ചെയ്യാവുന്ന മാനസികരോഗങ്ങള്‍ക്ക് കാരണമാകുന്നു. കൗണ്‍സിലിംഗ്, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ പര്യവേക്ഷണം ചെയ്യല്‍, ഉറക്കമില്ലായ്മയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. അതിന് പരിശ്രമം ആവശ്യമാണ്. അവബോധം വളര്‍ത്തുന്നതിലും പിന്തുണ നല്‍കുന്നതിലൂടെയും നല്ല തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെയും സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ക്ഷേമവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നത് ജീവനക്കാര്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, ഇന്ത്യയിലെ ബിസിനസുകളുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും വിജയത്തിനും സംഭാവന നല്‍കുകയും ചെയ്യും.