TMJ
searchnav-menu
post-thumbnail

Health

പുകയില്ല ഇനി പുകയില

31 May 2023   |   2 min Read
ഡോ. മണികണ്ഠന്‍ ജി ആര്‍

റ്റൊരു പുകയില വിമുക്ത ദിനം കൂടി വന്നെത്തുന്നു. നമുക്ക് വേണ്ടത് ഭക്ഷണമാണ് പുകയില അല്ല എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. നമ്മുടെ നാട്ടില്‍ ഇന്ന് പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് വദനാര്‍ബുദം അഥവാ ഓറല്‍ കാന്‍സര്‍. പുകയില ജന്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം, ഒരുപാടുസമയം പൊരിവെയിലത്ത് പണിയെടുക്കുന്നവരില്‍, ചില വൈറസുകള്‍ കാരണം, പോഷകരഹിതമായ ആഹാരശീലങ്ങള്‍ കൊണ്ട്, വിഷാദവും മാനസിക സമ്മര്‍ദവും കൊണ്ടെല്ലാം ഇത് സംഭവിക്കുന്നു. വായിലെ അര്‍ബുദത്തിന് മുന്നോടിയായി ചില വ്യതിയാനങ്ങള്‍ സാധാരണയായി കാണപ്പെടുന്നു. ഇവയെ പൂര്‍വാര്‍ബുദ അവസ്ഥകള്‍ എന്ന് പറയുന്നു. എത്ര മായ്ച്ചാലും മായാത്ത വെള്ളപ്പാടുകള്‍, ചുവന്ന പാടുകള്‍, മൂന്നാഴ്ചയിലേറെയായി ഉണങ്ങാതെ നില്‍ക്കുന്ന മുറിവുകള്‍ ഒക്കെ ശ്രദ്ധിക്കേണ്ടവയാണ്.

ഒരു ചെറുപ്പക്കാരന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ദന്തല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസിന് പഠിക്കുമ്പോഴാണ് ആ സുഹൃത്തിനെ കാണുന്നത്. കവിളിന്റെ ഉള്‍ഭാഗത്ത് വേദനയില്ലാത്ത ഒരു മുഴപോലെ ഒരു ദശാവളര്‍ച്ച. ആ കാലം കഴിഞ്ഞുപോയി. പിന്നീട് ഹൗസ് സര്‍ജന്‍സി സമയത്ത് രക്തദാനത്തിനായി RCC യില്‍ പോയ സമയം യാദൃശ്ചികമായി ആ സുഹൃത്തിനെ വീണ്ടും കണ്ടു. ശസ്ത്രക്രിയ ചെയ്ത് നാവിന്റെ പകുതിയോളവും താടിയെല്ലിന്റെ പകുതിയും മുറിച്ചു മാറ്റിയിരുന്നു. പ്രത്യാശയുടെ തിളക്കമുണ്ടായിരുന്ന അന്നത്തെ കണ്ണുകളില്‍ ഇന്ന് നേര്‍ത്ത മൂടല്‍. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങളും ഒത്തിരി വ്യതിയാനങ്ങളും ആ മുഖത്ത് വരുത്തിയിരുന്നു. മുടിയൊക്കെ കൊഴിഞ്ഞ് മുഖമൊക്കെ നീര്‍വീക്കം വന്ന അവസ്ഥയിലായിരുന്നു. പതിയെ എന്നെ നോക്കി ചെറിയൊരു പുഞ്ചിരിതൂകി. ആ ചെറുപ്പക്കാരന് പ്രത്യേകിച്ച് ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ തവണ ഒരു കൗതുകത്തിന് പുകവലിയും പാന്‍മസാലയും ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇന്നും സിനിമാ തിയേറ്ററില്‍ പുകയിലയെക്കുറിച്ചുള്ള സന്ദേശവും അതിലെ ഓറല്‍ കാന്‍സര്‍ വന്ന് ശസ്ത്രക്രിയ ചെയ്ത യുവതിയെ കാണിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈ സുഹൃത്തിന്റെ മുഖമാണ് ഓടിയെത്തുക.


Representational Image: PTI

നമ്മുടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ Smokeless അഥവാ ചവയ്ക്കുന്ന രൂപത്തിലുള്ള പുകയില ഉപയോഗം സ്ത്രീകളിലും പുരുഷന്മാരിലും വളരെ കൂടുതലാണ്. പ്രിയപ്പെട്ടവരേ പറയാനുള്ള പ്രധാന കാര്യമിതാണ്. എല്ലാ ദിവസവും വായ സ്വയം പരിശോധന നടത്തണം. ഓറല്‍ ക്യാന്‍സര്‍ ക്യാമ്പുകളും അവബോധ ക്ലാസ്സുകളും പരമാവധി പ്രയോജനപ്പെടുത്തണം. നിഷ്‌ക്രിയ പുകവലി അഥവാ Passive smoking വഴി നമ്മുടെ ചുറ്റുമുള്ളവരെയും ഗര്‍ഭസ്ഥ ശിശുവിനെയും വരെ പുകവലി ബാധിക്കുന്നു. അതുകൊണ്ടുതന്നെ പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഇനി അമാന്തം പാടില്ല. പുകവലി മോണ രോഗത്തിന്റെ തോതും കൂട്ടുന്നു. ഇതു കാരണം പല്ലുകള്‍ നേരത്തെ കൊഴിഞ്ഞു പോകാന്‍ കാരണമാവുന്നു. വര്‍ഷത്തില്‍ മൂന്നു തവണ നിര്‍ബന്ധമായും മോണയുടെ ആരോഗ്യം നിലനിര്‍ത്താനായി പുകവലിക്കുന്നവര്‍ ദന്തരോഗവിദഗ്ധനെ സന്ദര്‍ശിച്ച് സ്‌കെയിലിംഗ് അഥവാ പല്ല് ക്ലീന്‍ ചെയ്ത് വൃത്തിയാക്കണം. ഓറല്‍ കാന്‍സര്‍ ക്യാമ്പുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. വായില്‍ വ്യതിയാനം അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ദന്തഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കുക. ബയോപ്‌സി വേണമെന്ന് നിര്‍ദേശിക്കുന്ന വേളയില്‍ അതിന് സഹകരിക്കുകയും വേണം. നാവും പല്ലുകളും അസ്ഥിയും അതിലുപരി നമ്മുടെ മുഖവും ലസികാ ഗ്രന്ഥികളുമൊക്കെ എന്നും ആരോഗ്യസ്ഥിതിയില്‍ തന്നെ ഇരിക്കട്ടെ. ആ സുഹൃത്തിനെപോലെ ഇനിയും ഒരുപാട് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങള്‍ കാണാനിടവരാതിരിക്കട്ടെ. അതിനായി പുകയില ഉപേക്ഷിക്കാം, ഒരുമിക്കാം പോരാടാം തുടച്ചു മാറ്റാം വദനാര്‍ബുദം.


#health
Leave a comment