TMJ
searchnav-menu
post-thumbnail

Health

പനാമയും ഫ്‌ലോട്ടിങ് ഡോക്ടര്‍മാരും

01 Nov 2024   |   3 min Read
എൽക്കാന ഏലിയാസ്

ധ്യ അമേരിക്കയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന പനാമ എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യം പനാമ കനാലിന്റെ പേരില്‍ ഏവര്‍ക്കും സുപരിചിതമാണ്. ശാന്ത സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള കനാലും പനാമ തൊപ്പികളും കഴിഞ്ഞാല്‍ പിന്നെ ഒരു പക്ഷെ പഴയ തലമുറക്കാര്‍ക്ക് ഓര്‍മ്മയുള്ള ഒന്ന് പനാമ സിഗരറ്റ് ആവും. ആരോഗ്യത്തിന് ഹാനികരമായ ആ ഓര്‍മ്മയില്‍ നിന്നും ആരോഗ്യരംഗത്തെ ജൈവികമായ ഒരിടപെടലാണ് പനാമയെ വീണ്ടും വാര്‍ത്തകളിലെത്തിക്കുന്നത്.

പനാമയിലെ ഉള്‍ക്കാടുകള്‍ക്കും ഗ്രാമങ്ങള്‍ക്കും ജീവന്‍ നല്‍കുന്ന തദ്ദേശീയ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു സംരംഭം ഇപ്പോള്‍ ലോകമാകെ ശ്രദ്ധ നേടുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ് ഇവിടുത്തെ തദ്ദേശവാസികള്‍. പര്‍വ്വത പ്രദേശങ്ങളിലെ മഴക്കാടുകളില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ഈന്തപ്പനയുടെ ഓല മേഞ്ഞ, തടികൊണ്ടുള്ള വീടുകളിലാണ് ഇവരിലേറെയും താമസിക്കുന്നത്.

എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളോ അവശ്യ ആരോഗ്യ സേവനങ്ങളോ ലഭ്യമല്ലാതെ വലയുകയാണ് പനാമയില്‍ അവര്‍. ഏറ്റവും അടുത്ത ആശുപത്രികളിലേക്ക് എത്തിച്ചേരാന്‍ 3 മണിക്കൂര്‍ സഞ്ചരിക്കണം. അതിനായി വഴുവഴുപ്പുള്ള പാറക്കൂട്ടവും നദിയുമെല്ലാം മുറിച്ചു കടക്കണം. കാലങ്ങളായി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിന് തദ്ദേശവാസികള്‍ ഫ്‌ലോട്ടിംങ് ഡോക്ടര്‍മാരെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഗ്രാമപ്രദേശങ്ങളില്‍ അവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ഫ്‌ലോട്ടിംഗ് ഡോക്ടറുടെ സഹയാത്രികര്‍. നിലവില്‍ പനാമയിലെ 24 കമ്മ്യൂണിറ്റികള്‍ക്കാണ് ഫ്‌ലോട്ടിംഗ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നത്. ഗ്രാമത്തിലുടനീളം ഈ ആരോഗ്യസേന നടത്തുന്ന സന്ദര്‍ശനങ്ങളില്‍ പ്രാഥമികമായ ചില ടെസ്റ്റുകളും നടത്താറുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
2011ലാണ് ഫ്‌ലോട്ടിങ് ഡോക്ടര്‍മാര്‍ പനാമയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അമേരിക്കക്കാരനായ ബെഞ്ചമിന്‍ ലാബ്രോറ്റ് ആണ് ഈ സംഘടന രൂപീകരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരാണ് ഈ സംഘടനയിലെ അംഗങ്ങളേറെയും. ഫ്‌ലോട്ടിംഗ് ഡോക്ടറെന്ന ആശയം ലാബ്രോറ്റില്‍ ഉരുത്തിയിരുന്നത് മെഡിക്കല്‍ പഠനക്കാലത്തിന് ശേഷമാണ്. ടാന്‍സാനിയയില്‍ അവധി ആഘോഷത്തിന് എത്തിയ ലാബ്രോറ്റ് സെരെന്‍ഗെറ്റിയിലേക്കുള്ള യാത്രാക്കിടയിലാണ് അവിചാരിതമായി മസായ് ഗ്രാമം സന്ദര്‍ശിക്കുന്നത്. ആവശ്യമായ വെള്ളമോ വൈദ്യുതിയോ ഒന്നും ലഭ്യമല്ലാതെ 200ലധികം ആളുകളാണ് ഉള്‍ക്കാടിനുള്ളില്‍ വസിച്ചിരുന്നത്. ലാബ്രോറ്റ് ഒരു ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞ ശേഷം നിരവധി ഗ്രാമവാസികളാണ് അന്ന് അദ്ദേഹത്തിന് ചുറ്റും കൂടിയത്. ആശുപത്രികളോ ക്ലിനിക്കുകളോ ഒന്നും തന്നെയില്ലാത്ത ഇത്തരം ഗ്രാമീണ കമ്മ്യൂണിറ്റികള്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് വയ്ക്കാന്‍ ലാബ്രോറ്റിനെ പ്രേരിപ്പിച്ചത് ഈ ഒരു സംഭവമായിരുന്നു.

ഫ്‌ലോട്ടിംങ് ഡോക്ടറുടെ ആശുപത്രി ആദ്യം പ്രവര്‍ത്തിച്ചിരുന്നത് 23 മീറ്റര്‍ വരുന്ന ജീര്‍ണാവസ്ഥയിലുള്ള ഒരു വഞ്ചിയിലായിരുന്നു. ഇത് സംഭാവന ചെയ്തത് ഫ്‌ലോറിഡയിലെ ഒരു വൃദ്ധ ദമ്പതികളാണ്. ഒരു വര്‍ഷത്തിലധികം 14 പേരടങ്ങുന്ന ഫ്‌ലോട്ടിംങ് ഡോക്ടറുടെ സംഘം ഈ വഞ്ചിയിലാണ് പ്രവര്‍ത്തിച്ചതും മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍ നടത്തിയതും. 2010ല്‍ ഹെയ്തി ഭൂകമ്പ സമയത്ത് ചരക്കുകളും മെഡിക്കല്‍ സാമഗ്രികളും വഞ്ചിയില്‍ ശേഖരിച്ച് ആഴ്ചകളോളം ബാധിതപ്രദേശങ്ങളില്‍ സേവനം നല്‍കിയിരുന്നു.

വഞ്ചിയില്‍ എത്തിച്ചേരാന്‍ പറ്റുന്ന രാജ്യങ്ങളില്‍ ഹ്രസ്വകാല സേവനം ലഭ്യമാക്കുകയാണ് ഫ്‌ലോട്ടിംങ് ഡോക്ടര്‍മാരുടെ ലക്ഷ്യം. ഹോണ്ടുറാസില്‍ സംഘടിപ്പിച്ച ആരോഗ്യസേവന പ്രവര്‍ത്തനത്തിനിടയ്ക്കാണ് പനാമയിലെ ബോകാസ് ഡെല്‍ ടോറോയിലുള്ള ആളുകളുടെ ഗ്രൂപ്പിനെ ഫേസ്ബുക്കിലൂടെ ബന്ധപ്പെടുന്നത്. തുടര്‍ന്നാണ് പനാമയിലെ ഒരു പ്രാദേശിക മേയറുടെ സഹായത്തോടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആരംഭിച്ചത്. പനാമയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമായിരുന്നില്ല, വെള്ളത്തിലൂടെ സഞ്ചരിച്ച് മാത്രമേ അവര്‍ക്ക് മെഡിക്കല്‍ 
സന്ദര്‍ശനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നുള്ളൂ. തങ്ങള്‍ക്ക് അതിജീവിക്കേണ്ടത് അതികഠിനമായ സാഹചര്യങ്ങളായിരുന്നുവെന്ന് അന്നാണ് ഫ്‌ലോട്ടിങ് ഡോക്ടറര്‍മാരുടെ സംഘം തിരിച്ചറിയുന്നത്. 13 വര്‍ഷത്തോളമായി തുടരുന്ന പനാമയിലെ സേവനക്കാലത്ത് 80,000ത്തോളം മെഡിക്കല്‍ സന്ദര്‍ശനങ്ങളാണ് ഫ്‌ലോട്ടിംങ് ഡോക്ടര്‍മാര്‍ നടത്തിയത്. പ്രധാനമായും എന്‍ഗാബെ ബ്യൂഗിളിലെ രോഗികള്‍ക്കാണ് സേവനം നല്‍കിയത്. പനാമയിലുടനീളമുള്ള 24 കമ്മ്യൂണിറ്റികളിലായി 3 മാസം കൂടുമ്പോള്‍ ഫ്‌ലോട്ടിംഗ് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

മെഡിക്കൽ - ഫ്ലോട്ടിംഗ് ഡോക്ടർമാർ | PHOTO: FACEBOOK
ഓരോ ആഴ്ചയിലും ലോകത്തെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും വിദ്യാര്‍ത്ഥികളും ഏറെ ദൂരം സഞ്ചരിച്ച് പനാമയില്‍ എത്തിച്ചേരുന്നുണ്ട്. തങ്ങളുടെ യാത്രാചെലവുകളെല്ലാം സന്നദ്ധപ്രവര്‍ത്തകര്‍ സ്വയം വഹിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമേ സംഘടനയുടെ നടത്തിപ്പിന് ആവശ്യമായ ഒരു തുക സംഭാവന ചെയ്യുകയും ചെയ്യുന്നുണ്ട്. 4000ത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ആണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 8 മണിക്കൂര്‍ വരെ വഞ്ചിയില്‍ യാത്ര ചെയ്താണ് പനാമന്‍ കാടുകള്‍ക്കുള്ളിലെ ഗ്രാമങ്ങളിലേക്ക് ഇവരെത്തുന്നത്.

പനാമയുടെ പടിഞ്ഞാറന്‍ ഉള്‍ക്കാടുകളിലാണ് ലാ സബാന എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രൂപ്പ് നിലവില്‍ സേവനം നല്‍കുന്ന ഗ്രാമങ്ങളില്‍ ഒന്നാണ് ഇത്. എന്‍ഗാബെ ബ്യൂഗിള്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഒരു ദശാബ്ദത്തിലധികമായി ഫ്‌ലോട്ടിംങ് ഡോക്ടര്‍മാര്‍ ഈ ഗ്രാമം സന്ദര്‍ശിക്കാന്‍ തുടങ്ങിയിട്ട്. ആധുനിക ലോകത്തിന്റെ സൗകര്യങ്ങളില്‍ നിന്നെല്ലാം ഏറെ അകലെയാണ് ഈ ഗ്രാമവാസികള്‍ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയോ, ടോയ്‌ലറ്റ് സൗകര്യങ്ങളോ കുടിവെള്ളമോ ഇല്ലാതെയാണ് ഇവര്‍ കഴിഞ്ഞ് കൂടുന്നത്.



#health
Leave a comment