TMJ
searchnav-menu
post-thumbnail

Health

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വിഷാദത്തിനു കാരണമാകുന്നോ?

26 May 2023   |   1 min Read
രാജേശ്വരി പി ആർ

ള്‍ട്രാ പ്രോസസ് ചെയ്തതും ശീതീകരിച്ചതുമായ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത്തരം ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം  ഉത്ക്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകാമെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

അള്‍ട്രാ പ്രോസസ്ഡ്  ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ നേരിയ വിഷാദമോ ഉത്ക്കണ്ഠയോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസിലെ 10,000 ത്തിലധികം ആളുകളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണത്തിലൂടെ കലോറിയുടെ 60 ശതമാനമോ അതില്‍ കൂടുതലോ കഴിക്കുന്നവര്‍ക്ക് മാനസികമായ പ്രശ്നങ്ങള്‍ ഗണ്യമായ രീതിയില്‍ വര്‍ധിക്കുന്നതായും പഠനത്തിലൂടെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍  നടന്ന ഒരു പഠനത്തില്‍, മുതിര്‍ന്നവരായ 11,000 പേരില്‍ പത്തുവര്‍ഷത്തിനിടെ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചവരുടെ ബൗദ്ധിക പ്രവര്‍ത്തനം, പഠനം, ഓര്‍മ, വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയെ 28 ശതമാനം വരെ ദുര്‍ബലപ്പെടുത്തുന്നതായും കണ്ടെത്തി.

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ യുവാക്കളില്‍ ആസക്തി വര്‍ധിപ്പിക്കുന്നതായും പഠനം കണ്ടെത്തി. ഇത് പുകവലി, മദ്യപാനം തുടങ്ങിയവയ്ക്ക് അവരെ അടിമപ്പെടുത്താനും ഇടയാക്കുന്നു. കൗമാരക്കാര്‍ക്കിടയില്‍, അമിതദേഷ്യത്തിനും മാനസിക മുരടിപ്പിനും കാരണമാകുന്നു. ഒപ്പം കുട്ടികളില്‍ അമിതവണ്ണത്തിനും ഇടയാക്കുന്നു.


REPRESENTATIONAL IMAGE: WIKI COMMONS

ഡീക്കിന്‍ യൂണിവേഴ്സിറ്റിയിലെയും കാന്‍സര്‍ കൗണ്‍സില്‍ വിക്ടോറിയയിലെയും ഗവേഷകര്‍ മെല്‍ബണ്‍ കോള്‍ബറേറ്റീവ് കോഹോര്‍ട്ട് പഠനത്തില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വിഷാദരോഗത്തിനുള്ള സാധ്യത കൂട്ടുന്നതായി കണ്ടെത്തി. വിഷാദത്തിനും ഉത്ക്കണ്ഠയ്ക്കും തുടക്കത്തില്‍ മരുന്നുകളൊന്നും കഴിക്കാത്തവരെയാണ് 15 വര്‍ഷത്തിലേറെയായി പഠനത്തിന് വിധേയരാക്കിയത്. പുകവലി, വിദ്യാഭ്യാസം, കുറഞ്ഞ വരുമാനം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്തതിനുശേഷവും, ഇത്തരം ഭക്ഷണത്തിന്റെ ഉപഭോഗം വിഷാദത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 

എന്തൊക്കെയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ? 

ഒന്നിലധികം വ്യാവസായിക പ്രക്രിയകളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് തയാറാക്കുന്നവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍. റെഡി മേഡ് ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, മിഠായികള്‍, എനര്‍ജി ഡ്രിങ്ക്സ്, പ്രോസസ് ചെയ്ത മാംസം, കുക്കി, കേക്ക്, പേസ്ട്രീസ്, ന്യൂഡില്‍സ് തുടങ്ങിയവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ. 

പ്രമേഹം, കാന്‍സര്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയവയ്ക്കും ഈ ഭക്ഷണങ്ങള്‍ കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.


Leave a comment