TMJ
searchnav-menu
post-thumbnail

Health

സൂറാനലോൺ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനൊരു പുതിയ പരിഹാരമോ 

09 Sep 2023   |   3 min Read
ഹൃദ്യ ഇ

പ്രസവശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന വിഷാദ രോഗാവസ്ഥയാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍. സ്ത്രീകളുടെ ജീവിത ചുറ്റുപാടില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പലപ്പോഴും നിസ്സാരവല്‍കരിക്കപ്പെടുകയാണ് പതിവ്. പ്രസവശേഷം ശാരീരികമായുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമെ മാനസികമായി സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ നമ്മുടെ സമൂഹം ഇപ്പോഴും പുറകിലാണ്. സാമൂഹ്യപരമായ പല കാരണങ്ങള്‍കൊണ്ട് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ രോഗനിര്‍ണയവും ചികിത്സയും സാധ്യമാകാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുള്ള ആദ്യ ഗുളികയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മരുന്ന് നിര്‍മാതാക്കളായ ബയോജന്‍ ആന്റ് സേജ് തെറാപ്പ്യൂട്ടിക്സിന്റെ Zurzuvae എന്ന ബ്രാന്‍ഡ് നാമത്തില്‍ വില്‍ക്കുന്ന സൂറാനലോൺ എന്ന ഗുളികയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുള്ള (പിപിഡി) ചികിത്സ ഞരമ്പുവഴിയുള്ള ഇഞ്ചക്ഷനായി മാത്രമെ ലഭ്യമായിരുന്നുള്ളൂവെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ഗുളിക ലഭ്യമായി തുടങ്ങുമെന്നാണ് മരുന്നിന്റെ നിര്‍മാണ കമ്പനികള്‍ അറിയിക്കുന്നത്. എന്നാല്‍ പിപിഡി യ്ക്കുള്ള പുതിയ ചികിത്സാ വഴിയായ സൂറാനലോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ വ്യക്തമല്ല. വിഷാദത്തിന്റെ മറ്റ് രോഗാവസ്ഥകള്‍ക്ക് സമാനമായി ദുഃഖം, ഉന്മേഷമില്ലായ്മ, ആത്മഹത്യാ പ്രവണത, വൈജ്ഞാനിക വൈകല്യം തുടങ്ങിയവ തന്നെയാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെയും ലക്ഷണങ്ങള്‍. യുഎസില്‍ ഏഴ് സ്ത്രീകളില്‍ ഒരാള്‍ക്ക് പിപിഡി യുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായാണ് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ റിസേര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

REPRESENTATIONAL IMAGE: WIKI COMMONS
രണ്ടാഴ്ചത്തേക്ക് ഓരോ ദിവസവും കഴിക്കുന്ന രീതിയിലാണ് പില്ലിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ വിഷാദരോഗ ലക്ഷണങ്ങളെ ഗണ്യമായി കുറയ്ക്കാന്‍ പില്ലിന് സാധിക്കുമെന്നാണ് കണ്ടെത്തല്‍. മാത്രമല്ല അവസാന ഡോസ് കഴിഞ്ഞ് നാല് ആഴ്ചയോളം മരുന്നിന്റെ ഫലം നീണ്ടു നില്‍ക്കുന്നതായാണ് എഫ്ഡിഎ പറയുന്നത്. സൂറാനലോണിനെ പിപിഡിയുടെ പുതിയ ചികിത്സാ മാര്‍ഗമായി അംഗീകരിക്കുമ്പോള്‍ തന്നെ മരുന്ന് കഴിച്ചശേഷമുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചും എഫ്ഡിഎ വ്യക്തമാക്കുന്നുണ്ട്. മയക്കം, തലകറക്കം, വയറിളക്കം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിവയാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നത്. മരുന്നു കഴിക്കുന്നവര്‍ വാഹനമോടിക്കാനും സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ബുദ്ധിമുട്ടനുഭവിക്കുമെന്ന് പില്ലിന്റെ ലേബലിങിലെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. രോഗികള്‍ മരുന്ന് കഴിച്ചശേഷം 12 മണിക്കൂറെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് എഫ്ഡിഎ നിര്‍ദ്ദേശിക്കുന്നു. ക്ലിനിക്കല്‍ ഡിപ്രഷനുള്ള മരുന്നായും സൂറാനലോണിന് കമ്പനികള്‍ അംഗീകാരം തേടിയെങ്കിലും മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അധിക പഠനം ആവശ്യമാണെന്നാണ് എഫ്ഡിഎയുടെ അഭിപ്രായം.

ZURANOLONE PILLS FOR POSTPARTUM DEPRESSION | PHOTO: WIKI COMMONS
സ്ത്രീകളെ സംബന്ധിച്ച് ശാരീരികമായും മാനസികമായും വളരെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെയാണ് പ്രസവസമയവും പ്രസവാനന്തര സമയവും കടന്നുപോകുന്നത്. ഗര്‍ഭകാലത്തുടനീളം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെ ശാരീരിക, മാനസിക, വൈകാരിക മാറ്റങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. കുടുംബത്തിലും വ്യക്തിപരമായ ചുറ്റുപാടിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രസവശേഷം ഒരു അമ്മയ്ക്ക് സന്തോഷം മുതല്‍ സങ്കടവും കരച്ചിലും വരെയുള്ള വിവിധ വികാരങ്ങളിലൂടെ കടന്നു പോകേണ്ടിവരുന്നുണ്ട്. ദുഃഖത്തിന്റെയും കണ്ണുനീരിന്റെയും ഈ വികാരങ്ങളെ ബേബി ബ്ലൂസ് എന്നാണ് പറയുന്നത്. പ്രസവത്തിനുശേഷം ആദ്യത്തെ രണ്ടാഴ്ചകളോടെയാണ് ഈ അവസ്ഥയില്‍ കുറവ് വരുന്നത്. ബേബി ബ്ലൂസ് അനുഭവിക്കുന്ന സ്ത്രീകള്‍ ഒരു നിശ്ചിത സമയത്തില്‍ സുഖം പ്രാപിക്കുമ്പോള്‍ പിപിഡി അനുഭവിക്കുന്ന സ്ത്രീകള്‍ ദൈര്‍ഘ്യമേറിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. സാധാരണ അവസ്ഥയിലേക്ക് മടങ്ങാനുള്ള സ്ത്രീകളുടെ കഴിവിനെ ഇത് സാരമായി ബാധിക്കുന്നുവെന്നാണ് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ റിസേര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിപിഡി അമ്മയും കുഞ്ഞുമായുള്ള ബന്ധത്തെയും ബാധിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് അമ്മമാരില്‍ പകുതിയോളം പേരും തങ്ങളുടെ പ്രശ്നങ്ങള്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തത് കാരണം, അല്ലെങ്കില്‍ കുടുംബത്തില്‍ അതിനുള്ള സാഹചര്യം ഇല്ലാത്തത് കാരണം രോഗനിര്‍ണയം ചെയ്യപ്പെടാതെ പോകുന്നു. പ്രശ്നങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പിന്തുണ ലഭിക്കില്ല എന്ന ഭയവും പിപിഡിയുടെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു.

PHOTO: TWITTER
മനഃശാസ്ത്രപരമായും സാമൂഹികപരമായും പിപിഡിയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഒട്ടേറെയാണ്. ഡിപ്രഷനിലൂടെയും ആന്‍സൈറ്റിയിലൂടെയും കടന്നുപോയ മുന്‍ അനുഭവം, പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രം, കുഞ്ഞിനോടുള്ള താല്‍പര്യക്കുറവ്, ലൈംഗിക ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യം എന്നിവ പിപിഡിയിലേക്ക് നയിക്കുന്ന മനഃശാസ്ത്രപരമായ ചില കാരണങ്ങളാണ്. അപകടകരമായ ഗര്‍ഭധാരണം, ഗര്‍ഭകാലത്തെ ആശുപത്രിവാസം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പിപിഡി യിലേക്ക് നയിക്കുന്ന സാമൂഹിക ഘടകങ്ങളെ കൂടി ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. സാമൂഹിക പിന്തുണയുടെ അഭാവം പ്രസവാനന്തര വിഷാദത്തിന് കാരണമാകുമെന്ന് യുഎസ് റിസേര്‍ച്ചുകളില്‍ പറയുന്നുണ്ട്. ശാരീരികവും മാനസികവും ലൈംഗികവുമായ ഗാര്‍ഹിക പീഡനം എന്നിവയും രോഗത്തിന്റെ വികാസത്തിലേക്ക് നയിക്കുന്നു. ഗര്‍ഭകാലത്തെ പുകവലി പിപിഡി യിലേക്ക് നയിക്കുന്ന മറ്റൊരു കാരണമാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ടാണെങ്കില്‍ ഭക്ഷണശീലങ്ങള്‍, ഉറക്കം, വ്യായാമമില്ലായ്മ എന്നിവ പ്രസവാനന്തര വിഷാദത്തെ ബാധിച്ചേക്കാം.


#health
Leave a comment