നിർമ്മിതബുദ്ധിയും ആരോഗ്യമേഖലയും
ഏകദേശം ഒരു നൂറ്റാണ്ടു മുമ്പാണ് വൈദ്യുതി ലോകത്തെ മാറ്റി മറിക്കാൻ തുടങ്ങിയത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകലമേഖലകളിലും വൈദ്യുതി വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ആ കാലഘട്ടത്തെ Electrification Age എന്ന് വിളിക്കാറുണ്ട്. അതുപോലെ ശാസ്ത്രസാങ്കേതികരംഗത്തെ ഒരു കുതിച്ചുകയറ്റം ലോകത്തെ അടിമുടി മാറ്റി മറിക്കാൻ പോകുന്ന ഒരു യുഗത്തിന്റെ തുടക്കത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇവിടെ വൈദ്യതിക്ക് പകരം വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്.
നിർമ്മിതബുദ്ധിയുടെ അനന്തസാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്താൻ പോകുന്ന മേഖലയാണ് ആരോഗ്യസംരക്ഷണം. രോഗനിർണയം, ചികിത്സ, ചികിത്സക്ക് ശേഷമുള്ള പരിചരണം തുടങ്ങി അഡ്മിനിസ്ട്രേഷൻ, ഡാറ്റ സംഭരണം, ഡോക്യൂമെന്റേഷൻ തുടങ്ങി ആരോഗ്യസംരക്ഷണമേഖലയിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ നിർമ്മിതബുദ്ധിക്ക് സാധിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. Markets and Markets അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം 2028 വരെയുള്ള കാലയളവിൽ ആരോഗ്യവിപണിയിലെ നിർമ്മിതബുദ്ധിയുടെ വാർഷികവളർച്ചാനിരക്ക് 47.6% ആണ്
(https://www.marketsandmarkets.com/Market-Reports/artificial-intelligence-healthcare-market-54679303.html) ആരോഗ്യസംരക്ഷണരംഗത്ത് ഏതെല്ലാം രീതിയിലാണ് നിർമ്മിതബുദ്ധി മാറ്റങ്ങൾ വരുത്താൻ പോകുന്നത് എന്ന് പരിശോധിക്കാം.
മികച്ച രോഗനിർണ്ണയസാദ്ധ്യതകൾ
ആരോഗ്യ സംരക്ഷണത്തിൽ AI യുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്ന് മെഡിക്കൽ ഡയഗ്നോസ്റ്റിക്സ് അഥവാ രോഗനിർണ്ണയത്തിലാണ്. X-rayകൾ, CT സ്കാനുകൾ, MRIകൾ തുടങ്ങിയ മെഡിക്കൽ ഇമേജുകൾ വിശകലനം ചെയ്യുന്നതിൽ AI അൽഗോരിതങ്ങൾക്ക് മനുഷ്യരേക്കാൾ കൃത്യത പാലിക്കാൻ സാധിക്കും. മനുഷ്യർ അവഗണിക്കാനിടയുള്ള സൂക്ഷ്മമായ പാറ്റേണുകളും അപാകതകളും AI ക്ക് കണ്ടെത്താനാകും. ഇത് രോഗനിർണയ പ്രക്രിയയെ വേഗത്തിലാക്കുക മാത്രമല്ല, രോഗങ്ങളെ ആദ്യഘട്ടങ്ങളിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും. ആഗോളതലത്തിൽ പല ആരോഗ്യസംരക്ഷണകേന്ദ്രങ്ങളും ട്യൂമർ ബയോപ്സി റിസൾട്ടുകളെ അപഗ്രഥിക്കാൻ നിർമ്മിതബുദ്ധി അടിസ്ഥാനത്തിലുള്ള മോഡലുകൾ നിലവിൽ തന്നെ ഉപയോഗിക്കുന്നുണ്ട്. കൂടാതെ രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി, ജനിതക വിവരങ്ങൾ, ലാബ് റിസൾട്ടുകൾ തുടങ്ങി വിവിധ തരം വിവരങ്ങൾ ഒരുമിച്ച് അപഗ്രഥിച്ച് രോഗനിർണ്ണയത്തിൽ സഹായിക്കാനും നിർമ്മിതബുദ്ധിക്ക് സാധിക്കും. ഒപ്പം ചികിത്സാസാധ്യതകളും ചികിത്സയോട് ശരീരത്തിനുണ്ടായേക്കാവുന്ന പ്രതികരണവും എല്ലാം പ്രവചിക്കുന്നതിൽ നിർമ്മിതബുദ്ധിയെ വലിയ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
Representational Image: Wiki Commons
വ്യക്തിഗതചികിത്സയിലെ മുന്നേറ്റങ്ങൾ
ഓരോ വ്യക്തിക്കും അവരുടെ ജനിതകഘടന, ബയോമാർക്കറുകൾ തുടങ്ങിയ നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാക്കുന്ന രീതിയാണ് വ്യക്തിഗതചികിത്സ അഥവാ Personlised Medicine. ഒരേ രോഗത്തിനു തന്നെ വ്യക്തികളുടെ ജീനോം ഘടനയിലെ വ്യത്യാസങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവും എന്നതാണ് വ്യക്തിഗത ചികിത്സയുടെ അടിസ്ഥാനം. ഈ വ്യത്യാസങ്ങൾ അനുസരിച്ച് ചികിത്സാരീതിയിലും മരുന്നുകളിലും മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യമേഖലയിലെ വരും കാലത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നായി പ്രതീക്ഷിക്കുന്നത് വ്യക്തിഗതചികിത്സയുടെ വികാസമാണ്. ജനിതക പരിശോധന, molecular profiling, big data analytics തുടങ്ങി നിരവധി നൂതനസാങ്കേതികവിദ്യകളിലൂടെ ആണ് വ്യക്തിഗതചികിത്സ സാധ്യമാവുകയുള്ളു. ഭീമൻ ഡാറ്റ ശേഖരങ്ങൾ പരിശോധിക്കുകയും, പാറ്റേണുകളും, സാമ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്തുകയും ഒക്കെ ചെയ്യുന്നതിലൂടെ നിർമ്മിതബുദ്ധി വ്യക്തിഗതചികിത്സയുടെ മുന്നേറ്റത്തിൽ വലിയ സംഭാവന ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
മരുന്ന് ഗവേഷണം
പുതിയ മരുന്നുകൾ കണ്ടെത്തുക എന്നത് നീണ്ട സമയം എടുക്കുന്ന പ്രക്രിയയാണെന്നു കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ നമുക്ക് നേരിട്ട് അറിയാവുന്നതാണ്. ഈ പ്രക്രിയയെ ത്വരിതപ്പെടുത്താൻ നിർമ്മിതബുദ്ധിക്ക് സാധിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. വലിയ ഡാറ്റകൾ അപഗ്രഥിക്കാക്കാനുള്ള നിർമ്മിതബുദ്ധിയുടെ ശേഷി തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്താൻ പോകുന്നത്. പല മരുന്ന് നിർമ്മാതാക്കളും നിർമ്മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള Statistical Computing Environment അഥവാ SCEകൾ ഇതിനായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. വ്യക്തികളുടെ ജനിതക വിവരങ്ങൾ, പ്രോട്ടീൻ ഘടനകൾ, നിലവിലുള്ള മരുന്നുകൾ സംബന്ധിച്ച ഡാറ്റാബേസുകൾ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ, AI അൽഗോരിതങ്ങൾക്ക് മരുന്നുകളുടെ ശരീരവുമായുള്ള പ്രവർത്തനം, ഫലപ്രാപ്തി, സുരക്ഷിതത്വം തുടങ്ങിയവ പ്രവചിക്കാൻ കഴിയും. ഇത് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വേഗതയും വിജയനിരക്കും വർധിപ്പിക്കുകയും ഏറ്റവും മികച്ച മരുന്നുകൾ ജനങ്ങളിലേക്ക് പെട്ടെന്ന് എത്താൻ സഹായിക്കുകയും ചെയ്യും.
Representational Image: Wiki Commons
ടെലിമെഡിസിനും വിദൂരരോഗനിരീക്ഷണവും
നിർമ്മിതബുദ്ധി വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്ന മറ്റൊരു മേഖലയാണ് വിദൂരചികിത്സ അഥവാ ടെലിമെഡിസിൻ. AI ചാറ്റ്ബോട്ടുകളുള്ള ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകൾക്ക് രോഗിയുടെയോ കൂടെയുള്ളവരുടെയോ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും വിഷമഘട്ടങ്ങളിൽ അടിയന്തിരമായി ചെയ്യേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സാധിക്കും. ശരീരത്തിൽ ഘടിപ്പിക്കാവുന്ന AI അടിസ്ഥിത ഉപകരണങ്ങളുടെ കണ്ടെത്തൽ ആണ് പ്രതീക്ഷിക്കുന്ന മറ്റൊരു കുതിപ്പ്. രോഗിയുടെ ശ്വസനനിരക്ക്, പൾസ് റേറ്റ്, ഓക്സിജൻ നില തുടങ്ങിയ വൈറ്റൽ വിവരങ്ങൾ തത്സമയം തുടർച്ചയായി ശേഖരിക്കുന്ന നിർമ്മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സെൻസറുകളും മറ്റും വ്യാപകമാകുന്ന കാലം വിദൂരമല്ല. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ നിരന്തരം അപഗ്രഥിക്കാനും ക്രമക്കേടുകൾ അടിയന്തിരമായി ആരോഗ്യസംരക്ഷകരെ അറിയിക്കാനും AI അൽഗോരിതങ്ങൾക്ക് സാധിക്കും. ചികിത്സക്ക് ശേഷം ആശുപത്രി വിട്ട വ്യക്തിയുടെ ഇത്തരം അടിസ്ഥാനവിവരങ്ങൾ വ്യക്തി നേരിട്ട് ചെല്ലാതെ തന്നെ ഡോക്ടർക്ക് ലഭ്യമാകുന്ന സാഹചര്യം സങ്കൽപ്പിച്ചു നോക്കൂ. ഇത്തരത്തിൽ രോഗിയുടെ നേരിട്ടുള്ള പുനര്‍സന്ദര്‍ശനം ആവശ്യമാണോ, അല്ലെങ്കിൽ എപ്പോഴാണ് വീണ്ടും സന്ദർശിക്കേണ്ടത് തുടങ്ങിയവയെല്ലാം ദൂരെയിരുന്നു തന്നെ 'ഒരു പരിധി' വരെ ഡോക്ടർക്ക് തീരുമാനിക്കാനും സാധിക്കും. ഇവക്ക് പുറമേ റോബോട്ടിക് ശസ്ത്രക്രിയകൾ, വൈദ്യശാസ്ത്രഗവേഷണരംഗം, ആരോഗ്യരംഗത്തെ കാര്യനിർവ്വഹണം അഥവാ അഡ്മിനിസ്ട്രേഷൻ തുടങ്ങി നിർമ്മിതബുദ്ധി മാറ്റിമറിക്കാൻ പോകുന്ന മേഖലകൾ അനവധിയാണ്.
വെല്ലുവിളികൾ
ആരോഗ്യരംഗത്തെ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ അനന്തമാണ്. മികച്ച ആരോഗ്യസംരക്ഷണസംവിധാനങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അവ ജനാധിപത്യപരമായി ഏവർക്കും ലഭ്യമാക്കുന്നതിലും നിർമ്മിതബുദ്ധിക്ക് വലിയ രീതിയിൽ സംഭാവന ചെയ്യാൻ സാധിക്കും. എന്നാൽ ഇതിൽ ചില സുപ്രധാന വെല്ലുവിളികളും ഉയർന്നു വരുന്നുണ്ട്. രോഗവിവരങ്ങളും, ജനിതകവിവരങ്ങളും ഉൾപ്പെടെയുള്ള ഡാറ്റയുടെ സ്വകാര്യത, സുരക്ഷ എന്നിവയാണ് അതിൽ പ്രധാനം. AI അൽഗോരിതം അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഉണ്ടായേക്കാവുന്ന ധാർമ്മികപ്രശ്നങ്ങൾ, സുരക്ഷാപ്രശ്നങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധ്യവും പ്രധാനമാണ്. AI-അധിഷ്ഠിത ചികിത്സാ സമ്പ്രദായങ്ങൾ കൈക്കൊള്ളുന്ന സമൂഹങ്ങളിൽ കൃത്യമായ ചട്ടക്കൂടുകളും നിരന്തരം നവീകരിച്ചുകൊണ്ടുള്ള മാർഗ്ഗനിർദേശങ്ങളും രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
Representational Image: Wiki Commons
AI ആരോഗ്യപ്രവർത്തകർക്ക് പകരമാകുമോ?
ഒരിക്കലും ഇല്ല. ആരോഗ്യപ്രവർത്തകരുടെ അറിവും സാങ്കേതികവൈദഗ്ധ്യവും മാത്രമല്ല മികച്ച ആരോഗ്യസംരക്ഷണം സാധ്യമാക്കുന്നത്. ധാർമ്മികബോധം, സഹാനുഭൂതി, ക്രീയേറ്റിവിറ്റി, തുടങ്ങി നിർമ്മിതബുദ്ധിക്ക് സ്വായത്തമാക്കാൻ സാധിക്കാത്ത തീർത്തും മാനുഷികമായ വിവിധ ഘടകങ്ങൾ രോഗിക്കും ഡോക്ടർക്കും ഇടയിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ രോഗിയും രോഗാവസ്ഥയും വ്യത്യസ്തമാണെന്ന തിരിച്ചറിവിൽ ഏറ്റവും ശരിയായ നിഗമനങ്ങളിൽ എത്തുക, രോഗിയുടെ വൈകാരികാവസ്‌ഥ പരിഗണിക്കുക, അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീർണ്ണാവസ്ഥകളിൽ ഏറ്റവും ധാർമ്മികമായ, ഉചിതമായ തീരുമാനങ്ങൾ എടുക്കുക തുടങ്ങി മനുഷ്യർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന പലതും ഉണ്ട്. എന്നാൽ ഇവിടെ എല്ലാം നിർമ്മിതബുദ്ധിക്ക് ഒരു സഹായിയായി പ്രവർത്തിക്കാൻ സാധിക്കും, അങ്ങനെ ചികിത്സാവിദഗ്ധന് കൂടുതൽ മികച്ച സേവനം നൽകാനും തന്റെ അദ്ധ്വാനം കുറക്കാനും ചെയ്യും. അതുകൊണ്ടാണ് 'AIക്ക് ഒരിക്കലും ഡോക്ടർമാരെ പിന്തള്ളാൻ സാധിക്കില്ല. എന്നാൽ AI അറിയുന്ന ഡോക്ടർമാർക്ക് അത് അറിയാത്ത ഡോക്ടർമാരെ പിന്തള്ളാൻ സാധിക്കും' എന്ന് പറയുന്നത്.