ആരോഗ്യരംഗത്തെ പ്രതിസന്ധികളും വെല്ലുവിളികളും
ആരോഗ്യരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും കേരളം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാളും മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് നമ്മള്‍ സ്വയം ആശ്വസിക്കാറുണ്ട്. പക്ഷേ, ഒരുവിധത്തില്‍ പറഞ്ഞാല്‍ അത് ശരിയാണെങ്കിലും വിവരിക്കാനാകാത്ത വിധത്തില്‍ ഉള്ള ഒരു അസമത്വം ഇന്ന് കേരളത്തിലെ ആരോഗ്യരംഗത്തുണ്ട്. പണമുള്ളവനും പണമില്ലാത്തവനും തമ്മിലുള്ള അന്തരം മറ്റേത് തരത്തിലുള്ളതിനേക്കാളും ആരോഗ്യരംഗത്താണ് പ്രകടമാകുന്നത്. ആ അസമത്വം നമ്മളെ ഞെട്ടിക്കുന്നതാണ്. അത്രക്കേറെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കേരളത്തില്‍ ഉണ്ട്. അവിടെ ലോകത്ത് രോഗപരിചരണത്തില്‍ സാധ്യമാകുന്ന ഒട്ടുമിക്ക ചികിത്സകളും ലഭ്യമാകുന്നതാണ്. പക്ഷേ, ഈ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് എത്തിപ്പെടാന്‍ എത്ര മനുഷ്യര്‍ക്ക് സാധിക്കും എന്നതു തന്നെയാണ് വലിയ ചോദ്യം. അത്തരം ആശുപത്രികളില്‍ ഈടാക്കുന്ന വലിയ സാമ്പത്തികഭാരം താങ്ങാന്‍ കേരളത്തിലെ പത്തില്‍ ഒന്ന് ആളുകള്‍ക്കുപോലും സാധ്യമാവില്ല. വലിയ തെറ്റില്ലാതെ സാധാരണ ജീവിതം നയിച്ചുപോരുന്ന കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു രോഗം വന്നുപെട്ടാല്‍, രോഗമെന്തെന്ന് നിര്‍ണയിക്കുന്നതിനു മുന്‍പുതന്നെ കുത്തുപാളയെടുത്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തുടര്‍ചികിത്സയുമായി അവര്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കാതെയും വരുന്നു.
മറ്റു പല വിദേശരാജ്യങ്ങളില്‍ ഉള്ളപോലെ സംസ്ഥാനം ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേരള ജനത ശീലിച്ച് വരുന്നതേയുള്ളൂ. എത്രയോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിട്ടും, അവിടെ നിന്നും ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. ഹോസ്പിറ്റല്‍ ബെഡുകളുടെ അപര്യാപ്തത വളരെ പ്രകടമാണ്. മെഡിക്കല്‍ കോളേജുകളിലേക്ക് ചെന്നാല്‍ കാലുകുത്താന്‍ പോലും ഇടമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും താഴെ തറയില്‍ പായവിരിച്ച് ഇടംനേടുന്നത് കാണാം. അത്യാവശ്യമായി കൊടുക്കേണ്ട മരുന്നുകള്‍ പലതും മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടാകുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ പ്രഖ്യാപിത പദ്ധതികള്‍ പലതുണ്ടെങ്കിലും അവയിലൊന്നുംതന്നെ ഈ മരുന്നുകള്‍ ലഭ്യമാകുന്നില്ല. പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ പലതും രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും വോട്ടുനേടാനും വോട്ട് നിലനിര്‍ത്താനുമുള്ള വ്യാജവാഗ്ദാനങ്ങള്‍ മാത്രമായി മാറുകയാണ് പതിവ്.
REPRESENTATIONAL IMAGE: WIKI COMMONS
രോഗനിര്‍ണയത്തിനുവേണ്ട പല സംവിധാനങ്ങളും മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാകാറില്ല. സ്‌കാനിങ്ങ് പോലുള്ള മിക്ക കാര്യങ്ങള്‍ക്കും, പുറമേ നിന്നുള്ള ഡയഗ്നോസ്റ്റിക് സെന്ററുകളെ ആശ്രയിക്കേണ്ടിവരുന്നു. ഈ സെന്ററുകള്‍ പലതും നടത്തുന്നത് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലാണെന്ന കാര്യങ്ങള്‍ പരസ്യമായ രഹസ്യങ്ങളാണ്. ഇനി ആശുപത്രികളില്‍ ഉള്ള സാധ്യതകള്‍ തന്നെ ഒരാള്‍ക്ക് ലഭ്യമാകണമെങ്കില്‍ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ടി വരും. അപ്പോഴേക്കും രോഗിയുടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചിട്ടുണ്ടാകും. വലിയ അസുഖങ്ങള്‍ക്കല്ലാതെ, മറ്റു രോഗങ്ങള്‍ക്ക് സാധാരണക്കാരന് ആശ്രയിക്കാവുന്ന സര്‍ക്കാര്‍ സംവിധാനങ്ങളാണ് ജില്ലാ ആശുപത്രികളും പബ്ലിക് ഹെല്‍ത്ത് സെന്ററുകളും. അവിടെയുള്ള സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. ഒപ്പം ഒട്ടുമിക്ക രോഗങ്ങള്‍ക്കുമുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകുകയില്ല.
ആശുപത്രി വികസനം എന്നൊക്കെ പറയുന്നത് കോടികള്‍ തട്ടിച്ചെടുക്കാനുള്ള സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന കെട്ടിട നിര്‍മാണങ്ങള്‍ മാത്രമായാണ് പലപ്പോഴും മാറുന്നത്. ഒരു ആശുപത്രിയുടെ സൂപ്രണ്ടിന്റെ കയ്യിലാണ് ആശുപത്രി നടത്തിപ്പിന്റെ താക്കോല്‍. സാധാരണയില്‍ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സാ സാധ്യതകള്‍ ഒരുക്കാന്‍ തങ്ങളുടെ ഉത്തരവാദിത്തത്തിലിരിക്കുന്ന ആശുപത്രിയില്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് അവരുടെ ആലോചനയില്‍ പോലുമുള്ള കാര്യങ്ങളല്ല.
വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കുന്ന ഗവണ്‍മെന്റ് സൗകര്യങ്ങള്‍ വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രമാണുള്ളത്. അവിടെ കാര്യം വേഗം നടക്കണമെങ്കില്‍ ശുപാര്‍ശക്കാരില്ലെങ്കില്‍ സാധ്യമാകുകയുമില്ല. കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പോകണം. ഒരു പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഉള്ള ആശുപത്രികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ അത്രമേല്‍ കുറവാണ്. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പോകുന്ന കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് കുറച്ചേറെനാള്‍ തിരുവനന്തപുരത്ത് താമസിക്കേണ്ടിവരും. അവിടെയുള്ള ചെറിയ ചായ്ച്ചിറക്ക് കെട്ടിയ താമസസ്ഥലങ്ങള്‍ക്കുപോലും കേട്ടാല്‍ ഞെട്ടുന്ന തരത്തിലാണ് വാടക ഈടാക്കുന്നത്. പല സംഘടനകളും സൗജന്യമായി നടത്തിവരുന്ന താമസസൗകര്യങ്ങള്‍ ഉണ്ടെങ്കിലും പലര്‍ക്കും വീടെടുത്ത് താമസിക്കേണ്ടി വരും. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലൊക്കെ തന്നെ കാന്‍സര്‍ ചികിത്സ, പ്രത്യേകിച്ചും കുട്ടികള്‍ക്ക് വേണ്ടിയുള്ള കാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കേണ്ടി വരുമ്പോള്‍ അവരുടെ കുടുംബത്തിന്റെ താളംതന്നെ തെറ്റിപ്പോകുന്ന അവസ്ഥയാണ്. രോഗമുള്ള കുട്ടിക്കുവേണ്ടി അവര്‍ക്ക് തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുമ്പോള്‍, മറ്റൊരു കുട്ടി സ്‌കൂളില്‍ പോകുന്നുവെങ്കില്‍ ആ കുട്ടിയുടെ പഠനവും മാതാപിതാക്കളുടെ മറ്റു കാര്യങ്ങളുമെല്ലാം അവതാളത്തിലാകുന്നു.
തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റെര്‍ | PHOTO: WIKI COMMONS
നമുക്കുചുറ്റും ഒരുപാട് കുട്ടികള്‍ ഫിസിയോതെറാപ്പിക്ക് വിധേയരാകേണ്ടവരായിട്ടുണ്ട്. ഗവണ്‍മെന്റ് തലത്തില്‍ എല്ലാ പബ്ലിക് ഹെല്‍ത്ത് സെന്ററുകളിലും അത് സാധ്യമാക്കേണ്ടതുണ്ട്. പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഫിസിയോ തെറാപ്പി ഭാരിച്ച ചിലവ് വരുന്ന ചികിത്സാരീതിയാണ്. പല കുഞ്ഞുങ്ങള്‍ക്കും എഴുന്നേറ്റ് നടക്കാന്‍ സാധിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ഫിസിയോതെറാപ്പി അനിവാര്യമാണ്. ദീര്‍ഘകാല രോഗങ്ങളുള്ള നിരവധി കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. നെഫ്രോട്ടിക് സിന്‍ഡ്രം, തലസേമിയ, ജുവനൈല്‍ ആര്‍ത്രൈറ്റിസ് പോലുള്ള പല രോഗങ്ങള്‍ക്കും വില കൂടിയ മരുന്നുകള്‍ കഴിക്കണം. അതൊന്നും പലപ്പോഴും പ്രഖ്യാപിത പദ്ധതികളില്‍ ലഭ്യമാകുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ രോഗചികിത്സാ പരിചരണ സമ്പ്രദായങ്ങള്‍ മൊത്തത്തില്‍ കുറ്റങ്ങളും കുറവുകളും തീര്‍ത്ത് പുതുക്കിപ്പണിയേണ്ടതുണ്ട്. പ്രൈവറ്റ് ആശുപത്രികള്‍ ലോകോത്തര നിലവാരത്തിലേക്ക് തഴച്ചുവളരുമ്പോള്‍, പണമുള്ളവന് സാധ്യമാകുന്ന ആധുനിക ചികിത്സ, സാധാരണക്കാരന് എത്തിനോക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മാറ്റിനിര്‍ത്തപ്പെടുകയാണ്. അതൊരു വേദനിപ്പിക്കുന്ന അസമത്വമാണ്. ഒരു രാജ്യത്ത് ഓരോ പൗരനും, ഓരോ ജീവനും ഒരേ വിലയാണ് കല്‍പ്പിക്കേണ്ടത്. ഭരണാധികാരികള്‍ അത് ഓര്‍ക്കേണ്ടതാണ്.
ആരോഗ്യം എന്നത് ഒരു മനുഷ്യന് ശരീരത്തില്‍ ഉണ്ടാവേണ്ടത് മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ചിന്തകളിലും പ്രവര്‍ത്തികളിലും ഉണ്ടായിരിക്കേണ്ടതു കൂടിയാണ്. മനുഷ്യര്‍ അവനവനിലേക്ക് ചുരുങ്ങുകയും സ്വാര്‍ത്ഥതയും ആര്‍ത്തിയും കൂടുകയും ചെയ്യുമ്പോള്‍ ഒരു സമൂഹത്തിന്റെ ആരോഗ്യമാണ് നശിക്കുന്നത്.
മഴക്കാലത്ത് സാംക്രമികരോഗങ്ങള്‍ കൂടുന്നു എന്ന് നമ്മള്‍ നിലവിളിക്കുമ്പോള്‍, നമ്മുടെ പരിസരങ്ങള്‍ ശുചിത്വത്തോടെ വയ്ക്കാത്തതിന്റെയും, അഴുക്കുകള്‍ ചുറ്റുപാടുകളിലേക്ക് വലിച്ചെറിയുകയും ചെയ്തതിന്റെയും പരിണിത ഫലമാണെന്ന് നമ്മള്‍ മറന്നുകൂടാ.
മനസ്സ് നിസ്വാര്‍ത്ഥമാകണം, ശുദ്ധമാക്കണം, അങ്ങനെ ഉണ്ടെങ്കിലേ നല്ല മനുഷ്യരുള്ള നല്ല സമൂഹമുണ്ടാകൂ. നല്ല സമൂഹത്തിനേ ആ സമൂഹത്തിന്റെ സാമൂഹികവും മാനസികവും ആയ ആരോഗ്യം കാത്തുവയ്ക്കാനാവൂ.