ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ : സ്വീകാര്യതയും പരിമിതികളും
കഴിഞ്ഞ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജുകളിലെ ചികിത്സാരീതികളില്‍ വളരെയധികം മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകള്‍ കൂടുതലായി നടന്നു. കൂടാതെ ഹൃദയ, കരള്‍മാറ്റ ശസ്ത്രക്രിയകളും ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ മുമ്പത്തേക്കാള്‍ കൂടുതലായി നടക്കുന്നുണ്ട്. ആരോഗ്യരംഗത്തെ പല മേഖലകളും മികച്ചതാക്കപ്പെട്ടു.
സ്വകാര്യ ആശുപത്രികളില്‍ മാത്രമുണ്ടായിരുന്ന പല ചികിത്സാരീതികളും ഇപ്പോള്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലും ലഭ്യമാണ്. അതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത നിര്‍ധനരും മധ്യവര്‍ഗക്കാരുമുള്‍പ്പെടെ പലര്‍ക്കും ഇത് പ്രയോജനകരമാണ്. അതുകൊണ്ടുതന്നെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണവും വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.
ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ (UG:PG) സീറ്റുകളില്‍ വലിയ വര്‍ധനവാണ് അടുത്തകാലത്തായി ഉണ്ടായിരിക്കുന്നത്. അതിനനുസൃതമായി സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുകയും ചെയ്തു. അതോടൊപ്പം പാരാമെഡിക്കല്‍ കോഴ്സുകളിലും സീറ്റുകളില്‍ വര്‍ധനവുണ്ടായി. ഇപ്പോള്‍ തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കേന്ദ്ര റേറ്റിങ്ങില്‍ 44-ാം സ്ഥാനം നേടുകയുണ്ടായി എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.
ഈ നേട്ടങ്ങളില്‍ സന്തോഷിക്കുമ്പോഴും നമ്മുടെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകള്‍ വളരെയധികം പരാധീനതകള്‍ക്ക് നടുവിലാണ്. ഇപ്പോള്‍ നേടിയിട്ടുള്ള നേട്ടങ്ങള്‍ എല്ലാം മെഡിക്കല്‍ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അക്ഷീണ പരിശ്രമംകൊണ്ടു മാത്രമാണ്.
REPRESENTATIONAL IMAGE
മെഡിക്കല്‍ കോളേജ് അധ്യാപകരുടെ കുറവാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന അപര്യാപ്തത. ഒരു ദിവസം 15-20 ഒപി രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് കണക്ക്. അന്താരാഷ്ട്ര മാനദണ്ഡം ഏറ്റവും കുറഞ്ഞത് 30 ഒപി രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ രോഗികളെ വിശദമായി പരിശോധിച്ച് മതിയായ ചികിത്സയൊരുക്കുവാന്‍ കഴിയുകയുള്ളൂ. കൂടാതെ, രോഗികളോടും ബന്ധുക്കളോടും രോഗവിവരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യത്തിന് സമയം കിട്ടേണ്ടതുണ്ട്. 10 ഐ.പി രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകേണ്ടതാണ്. രോഗികളുടെ ചികിത്സയ്ക്കും ശരിയായ അധ്യാപനത്തിനും അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണ്.
പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡമനുസരിച്ചുള്ള നാമമാത്രമായ അധ്യാപകരെയാണ് നിയമിക്കുന്നത്. ഇത് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ എണ്ണത്തിന് അപര്യാപ്തമാണ്. അതോടൊപ്പം മെഡിക്കല്‍ കൗണ്‍സില്‍ ഇന്‍സ്പെക്ഷനും പുതിയ വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനുമായി നിലവിലെ അധ്യാപകരെ മാറ്റുന്നത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെത്തന്നെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള പുരോഗതിയെ ഇല്ലാതാക്കും എന്നതില്‍ സംശയമില്ല.
മെഡിക്കല്‍ കൗണ്‍സില്‍ ഇപ്പോള്‍ പഞ്ചിങ് ആവിശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മെഡിക്കല്‍ അധ്യാപകരുടെ ജോലിസമയം നിശ്ചയിച്ചിട്ടില്ല. ഒരു മെഡിക്കല്‍ അധ്യാപകന്‍ ഒരുദിവസം പരമാവധി എത്ര മണിക്കൂര്‍, അല്ലെങ്കില്‍ ഒരാഴ്ചയിലെ പ്രവൃത്തിസമയം എങ്ങനെയാകണം എന്നത് ഇതുവരെ നിശ്ചയിച്ചിട്ടില്ല. തുടര്‍ച്ചയായ ജോലിയും അമിത ജോലിഭാരവും പലപ്പോഴും ജോലിയില്‍ പിഴവുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്തതിനാല്‍ പല വിഭാഗങ്ങളിലും ഒരു ഡോക്ടര്‍ക്ക് 24 മണിക്കൂറില്‍ അധികവും, ആഴ്ചയില്‍ 70-80 മണിക്കൂര്‍ വരെയും ജോലി ചെയ്യേണ്ട സ്ഥിതിയാണ്. ഒരു സാധാരണ തൊഴിലാളിക്ക് ദിവസം 7-8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂര്‍ വരെയുമാണ് ജോലിസമയം നിശ്ചയിച്ചിട്ടുള്ളത്. അമിത ജോലിഭാരത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഡോക്ടര്‍മാര്‍ ദിവസം ഒരുനേരം മാത്രമായി പഞ്ച് ചെയ്യാന്‍ തീരുമാനിക്കുകയുണ്ടായി.
REPRESENTATIONAL IMAGE
മെഡിക്കല്‍ കോളേജുകളുടെ സുഗമമായ നടത്തിപ്പിന് അടിയന്തരമായി മെഡിക്കല്‍ അധ്യപകരുടെ എണ്ണം കൂട്ടുന്നതോടൊപ്പം മറ്റു ജീവനക്കാരുടെ എണ്ണവും (പ്രത്യേകിച്ചു നഴ്സിംഗ് ഓഫീസര്‍മാരുടെ) വര്‍ധിപ്പിക്കേണ്ടതാണ്. നഴ്സിംഗ് അസിസ്റ്റന്റ്, ഒടി ടെക്നീഷ്യന്‍, മറ്റു പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കുകയും പരിശീലനം നല്‍കുകയും വേണം. കൂട്ടിരിപ്പുകാരുടെ എണ്ണം കുറയ്ക്കാന്‍ നഴ്സിംഗ് അസിസ്റ്റന്റുമാരുടെ എണ്ണവും ആനുപാതികമായി ഉയര്‍ത്തേണ്ടതാണ്.
മെഡിക്കല്‍ കോളേജുകളിലെ മറ്റൊരു പ്രധാന പ്രശ്നം ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ല എന്നതാണ്. കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനുള്ള കാലതാമസവും, നടത്താതിരിക്കുന്നതും, ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. പലപ്പോഴും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാങ്ങുന്നതാണ് പ്രശ്നമാകുന്നത്. അടിയന്തരമായി ഇതിനു പരിഹാരമുണ്ടാകേണ്ടതാണ്.
ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അത്യാവശ്യമാണ്. ആവശ്യത്തിന് ലക്ചര്‍ ഹാളുകളും ഹോസ്റ്റല്‍ സൗകര്യങ്ങളും ഒരുക്കേണ്ടതാണ്. അധ്യാപകരുടെ താമസസൗകര്യം ക്യാമ്പസുകളില്‍ത്തന്നെ ഒരുക്കേണ്ടതാണ്. നിലവിലെ മെഡിക്കല്‍ കോളേജുകളുടെ പരിമിതികള്‍ പരിഹരിച്ച ശേഷമാകണം സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കേണ്ടത്.
ഡയറക്‌ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് (DHS) നു കീഴിലെ ആശുപത്രികളിലും ആവശ്യത്തിനു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഡോക്ടര്‍മാരെ നിയമിക്കുന്നതും മൂലം മെഡിക്കല്‍ കോളേജുകളിലെ തിരക്കു കുറച്ച് രോഗീപരിചരണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം കേരളത്തിന്റെ മൊത്തത്തിലുള്ള ചികിത്സാനിലവാരത്തെ ഉന്നതിയിലെത്തിക്കാന്‍ സഹായിക്കും.