ആരോഗ്യം, ആരോഗ്യ സംരക്ഷണം, മുതലാളിത്തം
കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ആരോഗ്യരംഗത്തുണ്ടായ വലിയ പുരോഗതിയുടെ കാരണം മുതലാളിത്തമാണെന്ന വിശ്വാസം വ്യാപകമാണ്. വളര്‍ച്ചയുടെ പ്രധാന ചാലകശക്തി മുതലാളിത്തമാണെന്നും അതാണ് ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്കും കാരണമെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍, ചിലപ്പോള്‍ സമ്പന്നരാജ്യങ്ങളെക്കാള്‍ 'ദരിദ്ര്യ' രാജ്യങ്ങള്‍ക്ക് കൂടുതല്‍ മെച്ചമായ ആരോഗ്യസ്ഥിതി ഉണ്ടാക്കാന്‍ കഴിയും. ആരോഗ്യരംഗത്തെ 'ലോകനേതാവായി' അമേരിക്കയെ ഉയര്‍ത്തി കാണിക്കുമ്പോഴും ഭീമമായ ദേശീയ വരുമാനത്തിന്റെ അഞ്ചുശതമാനത്തോളം ആരോഗ്യമേഖലയില്‍ ചിലവഴിക്കുമ്പോഴും അയല്‍രാജ്യമായ ക്യൂബയേക്കാള്‍ പിന്നിലാണ് അമേരിക്ക. ആരോഗ്യ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും - ന്യൂക്ലിയര്‍ മെഡിസിന്‍, ജനിതക വൈദ്യശാസ്ത്രം, അല്ലെങ്കില്‍ നാനോ ടെക്നോളജി എന്നിവയിലെ 'വഴിത്തിരിവുകള്‍' ഗവേഷണത്തിലെ മുതലാളിത്ത നിക്ഷേപത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. എന്നാല്‍, ഏറ്റവും നൂതനമായ മെഡിക്കല്‍ ഗവേഷണം ഭരണകൂടത്തിന്റെ ധനസഹായമുള്ള മെഡിക്കല്‍ സ്‌കൂളുകളിലും ഗവേഷണ ലബോറട്ടറികളിലും നടക്കുന്നു. മുതലാളിത്തം ജനങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന ആശയത്തിന്റെ ഉത്ഭവം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച ആയുര്‍ദൈര്‍ഘ്യത്തിലാണ് (Mortality Revolution).
ആയുര്‍ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ക്ക് മുന്‍പു രേഖപ്പെടുത്തിയ ചരിത്രത്തിലുടനീളം ആയുര്‍ദൈര്‍ഘ്യം വളരെ മോശമായിരുന്നു. സാംക്രമിക രോഗങ്ങള്‍ വ്യാപകമായിരുന്നു. കൃഷിയുടെ സ്ഥിരമായ വളര്‍ച്ചയോടെ അവയില്‍ പലതും വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് പകര്‍ന്നത്. ജനങ്ങള്‍ മലിനമായ ഭക്ഷണം കഴിക്കുകയും അഴുക്കുചാലുകളായിത്തീര്‍ന്ന നദികളില്‍ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. ഗ്ലോബല്‍ സൗത്ത് അഥവാ (ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിന്‍ അമേരിക്കന്‍) ഭാഗത്തെ അനേകായിരം ഇന്നും അത്തരത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വ്യാവസായികവല്‍ക്കരണം ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ പട്ടണങ്ങളിലേക്ക് മാറ്റിയപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ വഷളായി. 1840ല്‍ ലിവര്‍പൂളില്‍ തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ച കുട്ടികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വെറും 15 വയസ്സായിരുന്നു. ഉയര്‍ന്ന കുടുംബങ്ങളില്‍ 35.1 ഉം ആയിരുന്നു. കൂടാതെ വളരെ കുറച്ച് രോഗങ്ങള്‍ ഒഴിച്ച് (വസൂരിക്കെതിരായ വാക്സിനേഷന്‍ പോലുള്ളവ, 1800 മുതല്‍ വ്യാപകമായി സ്വീകരിച്ചത്) സാംക്രമിക രോഗങ്ങള്‍ക്കുള്ള മിക്ക ചികിത്സകളും ഫലപ്രദമായിരുന്നില്ല. 1850കളുടെ അവസാനത്തിലും രക്തമൂറ്റി കളയുന്ന ചികിത്സാരീതി നിലനിന്നിരുന്നു. മറ്റുള്ള ചികിത്സയ്ക്കു വിധേയമായിരുന്നില്ലെങ്കില്‍ അതിന് വിധേയരായവര്‍ സുഖം പ്രാപിക്കുമായിരുന്നു. 1870 കളില്‍ ഇംഗ്ലണ്ടില്‍ പൊതുജനാരോഗ്യം ഗണ്യമായി മെച്ചപ്പെടാന്‍ തുടങ്ങി. 1850ല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശരാശരി ആയുര്‍ദൈര്‍ഘ്യം ഏകദേശം 40 വര്‍ഷമായിരുന്നു. 1950 ഓടെ അത് ഏകദേശം 70 ആയി ഉയര്‍ന്നു. മനുഷ്യചരിത്രത്തില്‍ മുമ്പെങ്ങുമില്ലാതിരുന്ന വളര്‍ച്ചയായിരുന്നു അത്.
REPRESENTATIONAL IMAGE : PEXELS
ശരാശരി ആയുര്‍ദൈര്‍ഘ്യം ഓരോ ദശകത്തിലും രണ്ടരവര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യ യൂറോപ്പിലും വടക്കേ അമേരിക്കയിലും വ്യത്യസ്തമായ രീതികളിലൂടെയും വഴികളിലൂടെയും ഈ പൊതുരീതി ആവര്‍ത്തിക്കപ്പെട്ടു. സാംക്രമിക രോഗങ്ങള്‍ മരണത്തിന്റെ പ്രധാന കാരണങ്ങളായിരുന്ന കാലഘട്ടം മാറി. പ്രായമായവരില്‍ കൂടുതലായി പകര്‍ച്ചവ്യാധികളല്ലാത്ത വിട്ടുമാറാത്ത രോഗങ്ങള്‍ പ്രധാന കാരണങ്ങളാകുന്ന കാലഘട്ടം വരെ നീളുന്ന ഈ ചരിത്രം 'എപ്പിഡെമിയോളജിക്കല്‍ ട്രാന്‍സിഷന്‍' എന്നും അറിയപ്പെടുന്നു. വ്യാവസായിക മുതലാളിത്തത്തിന്റെ പ്രഭവകേന്ദ്രമായ ഇംഗ്ലണ്ടിലാണ് ഇത് ആദ്യം സംഭവിച്ചത്. എന്നാല്‍, മുതലാളിത്ത വ്യാവസായികവല്‍ക്കരണം സാംക്രമിക രോഗങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ദ്ധിപ്പിക്കുകയും, ആത്യന്തികമായി അവയെ മറികടക്കുന്ന നടപടികളെ ഇംഗ്ലീഷ് മുതലാളിത്തം പലപ്പോഴും ചെറുക്കുകയും ചെയ്തുവെന്ന വസ്തുത കൂടി നാം മനസ്സിലാക്കണം.
1880 കളില്‍ ആരംഭിച്ച സാമൂഹ്യ ഇന്‍ഷുറന്‍സ് സംവിധാനങ്ങളെ പാശ്ചാത്യ യൂറോപ്പിലെ മുതലാളിത്ത തൊഴിലുടമകള്‍ എതിര്‍ത്തു. തൊഴിലാളികള്‍ രോഗികളായിരിക്കുമ്പോഴോ അപകടങ്ങളില്‍ നിന്ന് കരകയറുമ്പോഴോ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് സോഷ്യല്‍ ഇന്‍ഷുറന്‍സ് പ്രധാനമായിരുന്നു. രോഗങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിന്നും ആളുകള്‍ക്ക് അവ പിടിപെടുന്നത് തടയുന്നതിന് വേണ്ട കണ്ടെത്തലുകളിലേക്ക് മുന്നേറുന്ന നിലയിലേക്ക് 1930 കളോടെ വൈദ്യശാസ്ത്രം മാറി. രണ്ടാം ലോക യുദ്ധത്തിന് തൊട്ടുമുമ്പും അക്കാലത്തും അതിനുശേഷവും സംഭവിച്ച ചികിത്സാ വിപ്ലവമാണിത്. പിന്നീട്, അപകടകരമായ പല രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാമെന്നായി. ആരോഗ്യ സംരക്ഷണം മൂല്യവത്തായ കാര്യമായിത്തീര്‍ന്നു. തൊഴിലാളികളും അവരുടെ കുടുംബങ്ങളും അതിന്റെ പ്രധാന ഗുണഭോക്താക്കള്‍ ആണെന്ന് ഉറപ്പാക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങളും ശ്രമിച്ചു. 1945 ന് ശേഷം മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ആരോഗ്യ പരിരക്ഷയ്ക്കായി വിവിധ സാമൂഹ്യപദ്ധതികള്‍ക്ക് രൂപംനല്‍കി. ലോകമെമ്പാടും സാമൂഹിക-ജനാധിപത്യ, കമ്മ്യൂണിസ്റ്റ് ക്ഷേമ രാഷ്ട്രങ്ങളുടെ ഭാഗമായി ചികിത്സാവിപ്ലവം ഒന്നുചേര്‍ന്നു എന്നത് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അതേസമയം, കൂടുതല്‍ ശക്തമായ ഒരു മുതലാളിത്ത ആരോഗ്യ വ്യവസായവും വികസിച്ചു. പ്രത്യേകിച്ച് അമേരിക്കയിലും ചില പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും. കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന കാര്യത്തിലല്ല, മറിച്ച് ലാഭകരമായ കാര്യത്തിലാണ് ആ സംവിധാനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
അമേരിക്കയില്‍ ഒരു സാര്‍വത്രിക ആരോഗ്യ പരിരക്ഷാ സംവിധാനം അവതരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വകാര്യ ആരോഗ്യ വ്യവസായം വിജയകരമായി ചെറുത്തു. ഒപ്പം ആരോഗ്യ ഗവേഷണത്തെയും പരിശീലനത്തെയും അതിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. എല്ലാറ്റിനുമുപരിയായി, രാഷ്ട്രങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കകത്തും അസമത്വം വര്‍ധിപ്പിച്ചുകൊണ്ട് അനാരോഗ്യം എങ്ങനെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു എന്ന് നവലിബറലിസത്തിന്റെ യുഗം ഒരിക്കല്‍ കൂടി തെളിയിച്ചു. ഇപ്പോള്‍ സമ്പന്ന രാജ്യങ്ങളില്‍ പോലും ദരിദ്രരുടെ ആയുസ്സ് സമ്പന്നരേക്കാള്‍ പത്തോ ഇരുപതോ വര്‍ഷം കുറവായിരിക്കും. ഈ കാര്യങ്ങളിലെല്ലാം ധാരാളം തെളിവുകള്‍ ഉണ്ടെങ്കിലും, 'മുതലാളിത്തം ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു' എന്ന മിഥ്യ, ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നു. അത് നിര്‍മാര്‍ജനം ചെയ്യുക എന്നത് ഏതൊരു യുക്തിസഹമായ വിശകലനത്തിന്റെയും അനിവാര്യതയാണ്.
REPRESENTATIONAL IMAGE : WIKI COMMONS
മുതലാളിത്തവും ആയുര്‍ദൈര്‍ഘ്യവും
1850 നും 1950 നും ഇടയില്‍ ഇംഗ്ലണ്ടില്‍ സംഭവിച്ച മരണനിരക്കിലെ നാടകീയമായ ഇടിവും മുതലാളിത്തവും തമ്മിലുള്ള ബന്ധം എന്താണെന്നാല്‍, അക്കാലത്ത് ലഭ്യമായിരുന്ന വിപണി അധിഷ്ഠിത ആരോഗ്യ പരിചരണത്തില്‍ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സകളൊന്നും ഇല്ലായിരുന്നു. വരുമാനം വര്‍ധിക്കുന്നതിന്റെ ഭാഗമായി മെച്ചപ്പെട്ട പോഷകാഹാരവും ലഭിക്കുന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ ഭൂരിഭാഗം ചരിത്ര ഗവേഷണങ്ങളും ഇത് അപൂര്‍ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വരുമാനവും പോഷകാഹാര നിലവാരവും ഉയരുന്ന നഗരങ്ങളേക്കാള്‍ വരുമാനം കുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ മരണനിരക്ക് കുറവായിരുന്നു. 1870 കളില്‍ ശുദ്ധജല വിതരണവും, മെച്ചപ്പെട്ട പാര്‍പ്പിടവും, മലിനമാകാത്ത ഭക്ഷണവും ഉറപ്പുവരുത്തിയ 'ശുചീകരണ പ്രസ്ഥാനത്തിന്റെ' ഫലങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് നഗരങ്ങളില്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞു തുടങ്ങിയത്. ശുചീകരണ യജ്ഞത്തെ പലപ്പോഴും മുതലാളിമാര്‍ എതിര്‍ത്തിരുന്നു. ഉദാഹരണത്തിന്, മലിനജലത്തിന് ഉയര്‍ന്ന നികുതി അടയ്ക്കാനോ തൊഴിലാളികള്‍ക്ക് അനുയോജ്യമല്ലാത്ത പാര്‍പ്പിടങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനോ പണം ചെലവഴിക്കാന്‍ തൊഴിലുടമകള്‍ തയ്യാറായിരുന്നില്ല. രോഗകാരണങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാധിച്ചു. രോഗാണുക്കള്‍ മൂലമാണ് അണുബാധ ഉണ്ടാകുന്നത് എന്ന 1870-കളിലെ കണ്ടെത്തല്‍, ശുചിത്വമാണ് ഇതിന് പരിഹാരമായ പ്രധാന ഘടകമെന്ന് തെളിയിച്ചു. എന്നാല്‍ ഈ പുതിയ അറിവ് പൊതുജനാരോഗ്യ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും സ്‌കൂളുകളിലും കുടുംബങ്ങളിലും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനും - ശുചിത്വം, ശിശു സംരക്ഷണം മുതലായവയില്‍ ശ്രദ്ധചെലുത്തുന്നതിനും കാരണമായി.
1871 നും 1940 നും ഇടയില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വാര്‍ഷിക മരണങ്ങളില്‍ പകര്‍ച്ചവ്യാധികളുടെ പങ്ക് 31 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞു. 1951 ആയപ്പോഴേക്കും സാംക്രമികരോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ആറുശതമാനം മാത്രമായിരുന്നു. അതേസമയം, മൊത്തം വാര്‍ഷിക മരണനിരക്ക് ആയിരത്തില്‍ 22.4 ല്‍ നിന്ന് 6.1 ആയി കുറഞ്ഞു. ഈ കുറഞ്ഞ മരണനിരക്ക് പ്രതിരോധം മൂലമാണെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. ഇക്കാലമത്രയും സാംക്രമിക രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല (സള്‍ഫനിലമൈഡ് മരുന്നുകള്‍ 1935-ലും പെന്‍സിലിന്‍ 1941 ലും ബ്രോഡ്-സ്‌പെക്ട്രം ആന്റിബയോട്ടിക്കുകള്‍ 1947 ലും ലഭ്യമായിത്തുടങ്ങി). രോഗപ്രതിരോധം ഫലപ്രദമാകുമ്പോള്‍ മാത്രമാണ് ആയുര്‍ദൈര്‍ഘ്യം ഗണ്യമായി മെച്ചപ്പെട്ടത്. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ശുദ്ധജല വിതരണവും മലിനജല നിര്‍മാര്‍ജനവുമാണ് പ്രധാനമായിരുന്നത്. ഇതിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇത്തരം കാര്യങ്ങള്‍ മുതലാളിത്ത വിപണികള്‍ പ്രോത്സാഹിപ്പിച്ചില്ല. മെഡിക്കല്‍ സയന്‍സിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി ആരോഗ്യരംഗത്ത് കൈവരിച്ച വളര്‍ച്ചയുടെയും നേട്ടങ്ങളുടെയും സാമ്പത്തിക ചിലവ് വളരെ മിതമായിരുന്നു. 1950 കളില്‍ ചൈന മുതല്‍ 1960 കളില്‍ ക്യൂബ വരെയും 1970 കളില്‍ കേരളം വരെയുമുള്ള ദേശങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ നാടകീയമായ മുന്നേറ്റങ്ങള്‍ സമീപകാലത്ത് കൈവരിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തെ ഈ പുരോഗതിയിലേക്ക് നയിച്ച ഗവേഷണത്തിന്റെ ചിലവ് വളരെ ചെറുതായിരുന്നു. അത് മുതലാളിത്ത പ്രേരിതമായ വളര്‍ച്ചയെ ആശ്രയിക്കുന്നില്ല.
ആയുര്‍ദൈര്‍ഘ്യത്തിന് കാരണമായ ശുചിത്വ പ്രസ്ഥാനം മുതലാളിത്തത്തിന്റെ സാമൂഹികാഘാതങ്ങള്‍ക്കെതിരായ പ്രതികരണമായിരുന്നു. മുതലാളിത്തേതര രാജ്യങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഉയര്‍ത്തുന്നതില്‍ പല മുതലാളിത്ത രാജ്യങ്ങളേക്കാള്‍ നേട്ടം കൈവരിക്കുകയും ചിലപ്പോള്‍ മറികടക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അത് വ്യാവസായിക മുതലാളിത്തത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൗതികശാസ്ത്രത്തില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങളുടെ ഫലമായി ശാസ്ത്രത്തെ മുതലാളിത്ത വര്‍ഗത്തിന്റെ പിന്തുണയിലും, ശുചിത്വ സാങ്കേതിക വിദ്യയിലും, വൈദ്യശാസ്ത്രത്തിലും നിര്‍ണായകമായ പുരോഗതി കൈവരിക്കുന്നതിന് ഇടയാക്കി.
REPRESENTATIONAL IMAGE: PHOTO: WIKI COMMONS
ആയുര്‍ദൈര്‍ഘ്യ വിപ്ലവത്തിനുശേഷം
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് വികസിത മുതലാളിത്ത രാജ്യങ്ങളില്‍. 2000-ല്‍ അത് ശരാശരി 80 വര്‍ഷമായിരുന്നു. 150 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന അസുഖത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതിനാല്‍, വളരെ ദരിദ്രരായ രാജ്യങ്ങളില്‍പ്പോലും ഏറ്റവും ദരിദ്രരായ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നത് അനുകൂല സാഹചര്യങ്ങളിലേക്ക് നയിക്കും. 'സമ്പന്നത ആരോഗ്യകരമാണ്' എന്ന സിദ്ധാന്തത്തെ പൊതുവെ തെളിവുകള്‍ പിന്തുണയ്ക്കുന്നില്ല. വികസിത മുതലാളിത്ത ലോകത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ തുടരുന്ന നേട്ടത്തിന്റെ ഭൂരിഭാഗവും മരണനിരക്കില്‍ പ്രാരംഭ വിപ്ലവം സൃഷ്ടിച്ച പ്രതിരോധ നടപടികളുടെ തുടര്‍ച്ചയാണ്.
വരുമാനം ഏറ്റവും തുല്യമായി വിതരണം ചെയ്യപ്പെടുന്നിടത്താണ് കാലക്രമേണ നേട്ടവും കൂടുതലായി ഉണ്ടാവുക. സമ്പന്ന രാജ്യങ്ങളില്‍ ജിഡിപിയുടെ അടിസ്ഥാനത്തിലല്ല, അവരുടെ പൗരന്മാര്‍ക്കിടയിലെ തുല്യതയുടെ അളവാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം നിര്‍ണയിക്കുന്നത്. മുതലാളിത്തം അസമത്വം ഉല്‍പ്പാദിപ്പിക്കുകയും പുനഃരുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ആദ്യം, സാധാരണ തൊഴില്‍ ശക്തിക്ക് വേണ്ടിയുള്ള കമ്പോളത്തിന്റെ പ്രവര്‍ത്തനവും ലാഭവിഹിതത്തിന്റെയും വാടകയുടെയും രൂപത്തില്‍ മൂലധനത്തിന്റെ ഉടമസ്ഥര്‍ മിച്ചം വിനിയോഗിക്കുക. രണ്ടാമതായി, പൊതുനയത്തിലെ മൂലധനത്തിന്റെ സ്വാധീനം - നികുതി സമ്പ്രദായം, സാമൂഹിക സേവനങ്ങള്‍ (വിദ്യാഭ്യാസം, ആരോഗ്യം, ദീര്‍ഘകാല പരിചരണം, സാമൂഹിക സുരക്ഷ), സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ (ഭവനം, ഗതാഗതം, പൊതു ഇടം, ലൈബ്രറികള്‍) ഇവയെ അടിസ്ഥാനമാക്കിയാകണം. മുതലാളിത്തത്തിന്റെ ഊന്നല്‍ അസമത്വം വിശാലമാക്കുക എന്നതാണ്. അത് കൂടുതല്‍ അനിയന്ത്രിതമാകുമ്പോള്‍, അസമത്വം വിശാലമാകും. 1970 കളുടെ അവസാനത്തോടെ ആരംഭിച്ച നവലിബറല്‍ കാലഘട്ടത്തില്‍, അസമത്വം മിക്കവാറും എല്ലായിടത്തും വര്‍ധിച്ചു. പ്രത്യേകിച്ചും നവലിബറല്‍ നയങ്ങള്‍ ഏറ്റവും സുസ്ഥിരമായി പിന്തുടരുന്ന യുഎസ്, യുകെ പോലുള്ള രാജ്യങ്ങളില്‍, മാത്രമല്ല സമ്പന്നരും ദരിദ്രരും തമ്മിലും. പല മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനം അതിലും മോശമായിരുന്നു. മരണനിരക്കില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവാണ് ഉണ്ടാക്കിയത്, പ്രത്യേകിച്ച് പുരുഷന്മാരില്‍. അസമത്വം അനാരോഗ്യം സൃഷ്ടിക്കുന്ന വഴികള്‍ സങ്കീര്‍ണവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. പാവപ്പെട്ട ആളുകള്‍ക്ക് മോശം ഭൗതിക സാഹചര്യങ്ങള്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു (അണുബാധ, പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത രോഗങ്ങള്‍, പരുക്കുകള്‍) തുടങ്ങിയവ. സാമ്പത്തികമോ സാമൂഹികമോ ആയ താഴ്ന്ന നില രോഗകാരിയായവരെ സൃഷ്ടിക്കുന്നു. പക്ഷേ, റിച്ചാര്‍ഡ് വില്‍ക്കിന്‍സ് ഉദ്ധരിച്ച സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഇത് വളരെ കുറച്ചുപേരില്‍ മാത്രമാണ്. വില്‍ക്കിന്‍സണ്‍ വാദിക്കുന്നതുപോലെ, സജീവവും തീവ്രവുമായ മനുഷ്യബന്ധങ്ങളുടെ സ്വാധീനവും മികച്ച ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു. അസമത്വമുള്ള രാജ്യങ്ങളില്‍ വിഷാദം ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങള്‍ക്ക് ബന്ധങ്ങളുടെ ഊഷ്മളത പ്രസക്തമാണ്. നിലവില്‍ പ്രായപൂര്‍ത്തിയായവരില്‍ അഞ്ചിലൊന്നിനും നാലിലൊന്നിനും ഇടയില്‍ വിഷാദരോഗം ബാധിക്കുന്നുണ്ട്.
വ്യത്യസ്തമായ കൂട്ടുകെട്ടുകളിലും പ്രത്യേക സാമൂഹിക സാഹചര്യങ്ങളിലും വ്യക്തികളുടെ ജീവിതഗതിയില്‍ അനാരോഗ്യത്തിന്റെ വിവിധ ഘടകങ്ങള്‍ സങ്കീര്‍ണതയെ നേരിടേണ്ടതുണ്ട്. ഉദാഹരണത്തിന്, ആമാശയ ക്യാന്‍സര്‍, ടിബി, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ക്ക് കുട്ടിക്കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ട്. ഇവ ദരിദ്ര കുടുംബങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. യുവാക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, ജോലിസ്ഥലത്തെ പരുക്കുകള്‍ എന്നിവയും പെരുമാറ്റത്തില്‍ പലപ്പോഴും മാറ്റങ്ങള്‍ വരുത്തുന്നു. മറ്റ് ചിലത് വാര്‍ദ്ധക്യത്തില്‍ മാത്രം ഉണ്ടാകുന്ന ഘടകങ്ങളാല്‍ ആണ്. ആദ്യ ഘട്ടങ്ങളിലെ അസമത്വത്തിന്റെ ഫലങ്ങള്‍ സംയോജിപ്പിച്ച് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അനാരോഗ്യത്തിന്റെ കൂടുതല്‍ കാരണങ്ങളിലേക്ക് തുറന്നുകാട്ടപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അനാരോഗ്യത്തിന്റെ കാരണങ്ങളില്‍, വേണ്ടത്ര വൈദ്യസഹായം ലഭിക്കാത്തതും ഉള്‍പ്പെടാം. ഇത് ഏറ്റവും കുറഞ്ഞ സാമ്പത്തികശേഷിയുള്ള അല്ലെങ്കില്‍ ലിംഗഭേദം, വംശീയത, വൈകല്യം മുതലായവയാല്‍ അവശത അനുഭവിക്കുന്നവര്‍ക്കിടയിലായിരിക്കും.
REPRESENTATIONAL IMAGE | PHOTO: UNICEF
പൊതുജനാരോഗ്യം
സാമൂഹികബന്ധങ്ങള്‍ ആരോഗ്യത്തിന്റെ പ്രധാന നിര്‍ണയങ്ങളാണ്. എന്നിട്ടും 1980 മുതല്‍ സമകാലിക മുതലാളിത്തത്തിന്റെ സാമൂഹിക ബന്ധങ്ങളില്‍ മാറ്റംവരുത്തുന്നത് ഒരു പ്രധാന ഭരണകൂടത്തിന്റെയും
രാഷ്ട്രീയ അജണ്ടയിലില്ല. വ്യക്തികളേക്കാള്‍ ജനസംഖ്യയുടെ ആരോഗ്യത്തിലും രോഗശമനത്തേക്കാള്‍ പ്രതിരോധത്തിലും ശ്രദ്ധകേന്ദ്രീകരിച്ച്, ആയുര്‍ദൈര്‍ഘ്യത്തിന്റെ വിജയങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന പൊതുജനാരോഗ്യത്തിന്റെ പ്രത്യാശയില്‍ നിന്നുള്ള നാടകീയമായ പിന്മാറ്റത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉദയത്തോടെ സാമൂഹ്യപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നതോടെ, വൈദ്യശാസ്ത്രം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ആഴത്തിലുള്ളതും വ്യാപകവുമായ അപര്യാപ്തതകളിലേക്ക് എത്തിച്ചേര്‍ന്നു. പൊതുജനാരോഗ്യത്തിന്റെ പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമൂഹികവും സാമ്പത്തികവുമായ നയങ്ങളുടെ ആവശ്യകത എന്നത്തേക്കാളും വലുതാണെന്ന് പൊതുജനാരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുനയത്തിന്റെ എല്ലാ മേഖലകളും ആരോഗ്യ നയത്തിന്റെ ഘടകങ്ങളായി കാണണമെന്നും ഭൗതിക അന്തരീക്ഷം (മലിനീകരണം, ആഗോളതാപനം, ഊര്‍ജം, മണ്ണിന്റെ തകര്‍ച്ച മുതലായവ) സാമൂഹിക അന്തരീക്ഷം (തൊഴിലില്ലായ്മ, പാര്‍പ്പിടം, ഗതാഗതം, ഭക്ഷ്യോല്‍പ്പാദനം) എന്നിവയാണെന്നും പൊതുജനാരോഗ്യ പ്രശ്നങ്ങളായി ഇവ കൈകാര്യം ചെയ്യണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
പൊതുജനാരോഗ്യ-ആരോഗ്യ സേവനങ്ങള്‍ പരസ്പര പൂരകമായിരിക്കണം. എന്നാല്‍ പലപ്പോഴും നേരെ മറിച്ചാണ് സംഭവിക്കുന്നത്. ഭീഷണിയാകുന്ന ആഗോള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടെ 'ജീവിതശൈലി തിരഞ്ഞെടുപ്പുകളെ' സ്വാധീനിക്കുന്നതിനുമായി പൊതുജനാരോഗ്യത്തിന്റെ പങ്ക് പരിമിതപ്പെടുത്തി. പുകവലിയും മദ്യപാനവും കുറയ്ക്കാനും കൂടുതല്‍ വ്യായാമം ചെയ്യാനും മെച്ചപ്പെട്ട ഭക്ഷണം കഴിക്കാനും ആളുകളെ ബോധവത്കരിക്കുന്നതിനായി മാധ്യമ പ്രചാരണങ്ങള്‍ക്ക് പണം ചിലവഴിക്കുമ്പോള്‍ അസമത്വപരമായി അടിസ്ഥാന അവസ്ഥകള്‍ പുകവലിക്കാനും അമിതമായി മദ്യപിക്കാനും മോശം ഭക്ഷണം കഴിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു.
ചികിത്സാവിപ്ലവം മുതലുള്ള ആരോഗ്യ സംരക്ഷണം
ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ഉണ്ടായ വിപ്ലവം, മാരകമായ പല രോഗങ്ങളും സുഖപ്പെടുത്താനും ആയുസ്സ് വര്‍ദ്ധിപ്പിക്കാനും വേദന ലഘൂകരിക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ഇടയാക്കി. 1948-ലെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 25-ല്‍ ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാ വിപ്ലവം, ശാസ്ത്രാധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ നാടകീയമായ വളര്‍ച്ചയ്ക്ക് കാരണമായി. പിന്നീട് ഇതിനോട് അടുത്ത ബന്ധമുള്ള ബയോടെക്നോളജി വ്യവസായവും വളര്‍ന്നു.
ലോകമെമ്പാടുമുള്ള മെഡിക്കല്‍ ഗവേഷണത്തിനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന 70 ബില്യണ്‍ ഡോളറിന്റെ 90 ശതമാനവും, ആഗോള രോഗങ്ങളുടെ 10 ശതമാനത്തിന് കാരണമാകുന്ന രോഗങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് ഗ്ലോബല്‍ ഫോറം ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച് കണക്കാക്കുന്നു. മുതലാളിത്തത്തിനു കീഴിലുള്ള ചികിത്സാ വിപ്ലവം ആഗോള ആരോഗ്യത്തിന് പരസ്പര വിരുദ്ധമായ ഫലങ്ങള്‍ ഉണ്ടാക്കി. അടിസ്ഥാന മെഡിക്കല്‍ ഗവേഷണം, പ്രധാനമായും നികുതി ധനസഹായമുള്ള സര്‍വകലാശാലകളിലും മറ്റ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളിലും, മരണകാരിയായ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധം തീര്‍ത്തു.
തുല്യ-ആക്സസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങള്‍ വഴി മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ ഏറെയുണ്ട്. ഇമ്മ്യൂണോളജിയുടെയും നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയുടെയും ശസ്ത്രക്രിയയുടെയും നേട്ടങ്ങള്‍ അനിഷേധ്യമാണ്. എന്നിരുന്നാലും, ഈ മുന്നേറ്റങ്ങളില്‍ നിന്ന് ദരിദ്ര രാജ്യങ്ങള്‍ക്ക് കാര്യമായ ട്രിക്കിള്‍-ഡൗണ്‍ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഭൂരിഭാഗവും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മുന്‍ഗണനയില്ലാത്ത പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. ചിലപ്പോള്‍ മുതലാളിത്തവും ആന്റിബയോട്ടിക്കുകളുടെ അമിതമായതും പലപ്പോഴും അനിയന്ത്രിതവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മെഡിക്കല്‍ സയന്‍സ് നേടിയതിനെ പോലും നശിപ്പിക്കുന്നു, ഇത് ബാക്ടീരിയയുടെ പുതിയ പ്രതിരോധശേഷിയുള്ള സ്ട്രെയിനുകളുടെ ആവിര്‍ഭാവത്തിലേക്ക് നയിക്കുന്നു.
(പരിഭാഷ: രാജേശ്വരി. പി. ആർ)