TMJ
searchnav-menu
post-thumbnail

Healthcare

എല്ലാവര്‍ക്കും ആരോഗ്യം; മാതൃകയായി കേരളം

22 May 2023   |   6 min Read
വീണാ ജോര്‍ജ്

സ്വാതന്ത്ര്യാനന്തര കേരളം ആരോഗ്യ പരിപാലന രംഗത്ത് നേടിയ പുരോഗതി സമാനതകളില്ലാത്തതും ഒരു ദേശത്തിന്റെ പുരോഗതിയുടെ സൂചകം അതിന്റെ ആരോഗ്യമുള്ള ജനതയാണ് എന്ന ലക്ഷ്യത്തോടു കൂടി സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം പോലെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കിയാണ് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് ആരോഗ്യ രംഗത്ത് നടപടികള്‍കൈകൊണ്ടിട്ടുള്ളത്. ലോകമെങ്ങും മരണം വിതച്ച കോവിഡ് മഹാമാരിയിലും കേരളം പതറാതെ പിടിച്ചുനിന്നത് ആരോഗ്യമേഖലയില്‍ നടപ്പാക്കിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അങ്ങനെയാണ് പൊതുജനാരോഗ്യരംഗത്തെ 'കേരള മോഡല്‍' വീണ്ടും ചര്‍ച്ചയായത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വലിയ കുതിപ്പാണ് ആരോഗ്യ മേഖലയില്‍ പ്രകടമായത്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും രോഗീ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ആരംഭിച്ച 'ആര്‍ദ്രം' പദ്ധതി ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കി. പദ്ധതിയിലൂടെ വിവിധ ഘട്ടങ്ങളിലായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ഒ.പി. സമയം നീട്ടി, ലാബ്, ഫാര്‍മസി സൗകര്യം ഉറപ്പാക്കി. മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, അമ്മയും കുഞ്ഞും ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇവിടങ്ങളില്‍ നിന്ന് സാമൂഹികമോ സാമ്പത്തികമോ വേര്‍തിരിവുകള്‍ ഇല്ലാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കി വരുന്നു. രോഗത്തിനുള്ള ചികിത്സ എന്നതുപോലെ, നല്ല ആരോഗ്യശീലങ്ങള്‍ പ്രോത്സാഹിപ്പിച്ച് രോഗം വരാതെ നോക്കുക എന്നതും പ്രധാനമാണ്.

കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ഒരുക്കി മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതിനാലാണ് കേരളത്തിലെ ആരോഗ്യ സംവിധാനം ഒരു മാതൃകയായി ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നത്. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക ഘടകങ്ങളും ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്. ആരോഗ്യത്തോടൊപ്പം ആരോഗ്യ അനുബന്ധ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ചതിലൂടെയാണ് മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങള്‍ നേടാന്‍ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചത്. എന്നാല്‍, നമ്മുടെ ആരോഗ്യമേഖല ഇന്ന് നേരിടുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. വര്‍ദ്ധിച്ചു വരുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങള്‍, ലഹരിയുടെ ഉപയോഗം, മഹാമാരികളും പകര്‍ച്ചവ്യാധികളും, പ്രകൃതി ദുരന്തങ്ങളും നേരിടാന്‍ നമ്മുടെ ആരോഗ്യ മേഖല ശാക്തീകരിക്കേണ്ടത് ഒരു അനിവാര്യതയാണ്. ഇതിനായി പ്രാഥമിക ആരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായാണ് ആര്‍ദ്രം മിഷന്‍ നിലവില്‍ വന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രാഥമിക ആരോഗ്യ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചു. എന്നാല്‍ ആരോഗ്യവര്‍ധക, രോഗപ്രതിരോധ സേവനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുക വഴി ആരോഗ്യകരമായ ജീവിതം നയിക്കുവാനായി ജനങ്ങളെ പ്രാപ്തരാക്കി സമൂഹത്തിലെ രോഗാതുരത കുറയ്ക്കുവാനായി ഉപകേന്ദ്രങ്ങളെ കൂടി ശാക്തീകരിക്കേണ്ടതുണ്ട്.


Representational Image: PTI

കേരളത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പ്രദേശത്തെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായകമായ ആരോഗ്യദായക പ്രവര്‍ത്തനങ്ങള്‍ നടത്തി രോഗാതുരത കുറയ്ക്കുക എന്നതാണ് നമ്മുടെ നയസമീപനം. ആരോഗ്യവര്‍ധക സേവനങ്ങള്‍, രോഗപ്രതിരോധം, രോഗനിരീക്ഷണം, രോഗനിയന്ത്രണം, മാതൃ-ശിശു ആരോഗ്യം മുതലായ മേഖലകളിലെ ഇടപെടലുകളുടെ ഒരു കേന്ദ്രബിന്ദുവായി ആരോഗ്യ ഉപകേന്ദ്രങ്ങളെ മാറ്റുന്നതിനും അവയെ ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ പ്രാപ്തമാക്കുന്ന രീതിയില്‍ കാലാനുസൃതമായി ശാക്തീകരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഓരോ വ്യക്തിയും ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമം മുതലായ ആരോഗ്യദായക ശീലങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമേ രോഗാതുരത കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജനപങ്കാളിത്തം ആവശ്യമാണ്. പൊതുജനാരോഗ്യ മേഖലയില്‍ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആയി ഉയര്‍ത്തിയത് ഈ സാഹചര്യത്തിലാണ്.

പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനായി 1996 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം ആരോഗ്യമേഖലയ്ക്ക് കരുത്ത് പകര്‍ന്നു. ഗുരുതരമല്ലാത്ത രോഗങ്ങളുള്ളവര്‍ക്ക് അവരുടെ പ്രദേശത്ത് തന്നെയുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചെന്ന് ചികിത്സ നേടാന്‍ സാധിച്ചു. ഇത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമായി. കൂടാതെ ജനപിന്തുണയോട് കൂടിയും തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതവും ഉപയോഗിച്ച് ആരോഗ്യകേന്ദ്രങ്ങള്‍ മെച്ചപ്പെടുത്താനായി. അധികാര വികേന്ദ്രീകരണം താഴെത്തട്ടിലുള്ള ആരോഗ്യസംവിധാനങ്ങളിലും രോഗപ്രതിരോധ രംഗത്തും പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. സൗജന്യമായി മികച്ച ചികിത്സയും മരുന്നും ലാബ് സൗകര്യവും ഡയാലിസിസ് സൗകര്യങ്ങളും ലഭ്യമായപ്പോള്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നവരുടെ എണ്ണവും കൂടിവന്നു. കയ്യില്‍ പണമുള്ളവര്‍ക്ക് മാത്രം ചികിത്സ ലഭ്യമായിരുന്ന അവസ്ഥ മാറി. ആരോഗ്യകേന്ദ്രങ്ങളില്‍ നടപ്പാക്കിയ ഇത്തരം സൗകര്യങ്ങളിലൂടെ കോവിഡിനെ പോലും തദ്ദേശമായി പിടിച്ചുകെട്ടാന്‍ കേരളത്തിന് സാധിച്ചു. ജീവിതശൈലീ രോഗങ്ങളെയും മറ്റു പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.


Photo: Facebook

ജനകീയ ആരോഗ്യ കേന്ദ്രങ്ങളും ആര്‍ദ്രം മിഷനും

സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെതട്ടില്‍ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഇതിനായി ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി നവീകരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റുകയും ചെയ്യുന്നു.

ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വാര്‍ഷിക ആരോഗ്യ പരിശോധന, അര്‍ബുദ നിയന്ത്രണ പദ്ധതി, ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍, വയോജന-സാന്ത്വന പരിചരണ പരിപാടി, രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ഏകാരോഗ്യം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നടപ്പിലാക്കേണ്ടത് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന ആരോഗ്യ-ആരോഗ്യ അനുബന്ധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനവും സംയോജനവും വഴി ജനപങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി സബ്സെന്റര്‍ വെല്‍ഫയര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഫിക്‌സഡ് സൈറ്റ്/ ഫിക്‌സഡ് സെഷന്‍ ക്ലിനിക്കുകള്‍ വഴി സാധാരണ ജനങ്ങള്‍ക്ക് അരികിലേക്ക് പ്രാഥമികാരോഗ്യ സേവനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കും. ചികിത്സാ ചെലവ് കുറയ്ക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് എംഎല്‍എസ്പി നഴ്‌സുമാരുടെ സേവനവും ഉറപ്പുവരുത്തും. ജീവിതശൈലീരോഗ സ്‌ക്രീനിംഗ്, ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍, ഏകാരോഗ്യം ക്യാമ്പയിനുകള്‍ വഴി രോഗാതുരത കുറയ്ക്കാന്‍ സാധിക്കുന്നു.

ഉപകേന്ദ്രങ്ങളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി ഉപകേന്ദ്രങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങളാക്കുന്നു. ആഴ്ചയില്‍ ആറു ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളായി ഉപകേന്ദ്രങ്ങള്‍ മാറുന്നു. രാവിലെ 9 മണി മുതല്‍ ഒരു മണി വരെയുള്ള സമയം ഫീല്‍ഡ് തല ക്ലിനിക്കുകളും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെയുള്ള സമയം സ്ഥാപനതല ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നു.

JHI, JPHN, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (MLSP) കൂടി വരുന്നതോടെ കൂടുതല്‍ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ സാധിക്കും. MLSP വഴി ക്ലിനിക്കല്‍ സേവനങ്ങള്‍ കൂടി ഉപകേന്ദ്ര തലത്തില്‍ നല്‍കുന്നു. JHI, JPHN, MLSP, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരു ടീമായി സേവനങ്ങള്‍ ഏകോപിപ്പിക്കുന്നു. ഇതുവഴി സേവനങ്ങള്‍ മുടങ്ങാതെ നല്‍കുവാന്‍ സാധിക്കുന്നു.


Representational Image: PTI

ഉപകേന്ദ്രങ്ങള്‍ സ്മാര്‍ട്ട് ആകുന്നു. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും കംമ്പ്യൂട്ടര്‍, പ്രിന്റര്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കും. ഇതുവഴി ടെലിമെഡിസിന്‍ പോലുള്ള ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കാന്‍ സാധിക്കും. ഫീല്‍ഡ് തല ക്ലിനിക്കുകള്‍ വഴി സേവനങ്ങള്‍ ജനങ്ങള്‍ക്ക് അരികിലേക്ക് നല്‍കുന്നു. സേവനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ 9 ലാബ് പരിശോധനകള്‍, 36 മരുന്നുകള്‍ അടക്കമുള്ള സേവനങ്ങള്‍ നല്‍കുന്നു.

പ്രഥമ ശുശ്രൂഷ, ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന രോഗികളുടെ തുടര്‍ പരിചരണം, ജീവിതശൈലീ രോഗസാധ്യത കണ്ടെത്തല്‍, രോഗനിര്‍ണയം, ശ്വാസകോശ രോഗസാധ്യത കണ്ടെത്തല്‍, ജീവിതശൈലീ രോഗസങ്കീര്‍ണതാ സാധ്യത കണ്ടെത്തലും നിര്‍ണയവും, പല്ല്, ചെവി, കണ്ണ് രോഗങ്ങളുടെ വിലയിരുത്തലും പരിഹാര നിര്‍ദേശങ്ങളും, സമ്പൂര്‍ണ മാനസിക ആരോഗ്യം, സാന്ത്വന പരിചരണം, അര്‍ബുദ ചികിത്സ - തുടര്‍ചികിത്സ മാര്‍ഗനിര്‍ദേശങ്ങള്‍, റഫറല്‍ സേവനങ്ങള്‍ എന്നീ ക്ലിനിക്കല്‍ സേവനങ്ങള്‍ കൂടി നല്‍കുവാന്‍ സാധിക്കുന്നു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകവഴി ജനങ്ങള്‍ക്ക് ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി സമീപിക്കാവുന്ന ആദ്യത്തെ 'Point of Contact' ആയി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുന്നു. ഡോക്ടറുടെ സേവനം ആവശ്യമല്ലാത്ത മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കുക വഴി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനാകും. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സാധിക്കണം. ക്ഷേമ പെന്‍ഷനുകളുടെ ഫോമുകള്‍ പൂരിപ്പിക്കുന്നതിനും അത് ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സാധിക്കണം. ഇത്തരം വിഷയങ്ങളില്‍ താല്പര്യമുള്ള വ്യക്തികളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് സംശയനിവാരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

ജനകീയ ആരോഗ്യ ക്ലബ്ബുകള്‍

ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിക്കും. ജീവിതശൈലീ രോഗനിയന്ത്രണം, വയോജന ആരോഗ്യം, കൗമാര ആരോഗ്യം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മാനസിക ഉല്ലാസം, വ്യായാമം, യോഗ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താം. ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ രോഗപ്രതിരോധ, ആരോഗ്യവര്‍ധക സേവനങ്ങള്‍, പ്രാഥമിക ചികിത്സ, പുനരധിവാസ സേവനങ്ങള്‍, സാന്ത്വന പരിചരണം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ ജനകീയ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തണം.


Representative Image: Facebook

ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നല്‍കുന്നത്. സബ് സെന്റര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ആരോഗ്യ ക്ലബ് പ്രവര്‍ത്തിക്കണം. ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള വാര്‍ഡ് മെമ്പര്‍മാര്‍ രക്ഷാധികാരികളായും, ജനകീയ ആരോഗ്യ കേന്ദ്രത്തിലെ JPHN/JHI/MLSP എന്നിവര്‍ കണ്‍വീനര്‍മാരായുമാണ് ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിക്കേണ്ടത്. ജനകീയ ആരോഗ്യ കേന്ദ്രപരിധിയിലെ ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, എഡിഎസ് ചെയര്‍മാന്‍മാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. എല്ലാ വാര്‍ഡുകളില്‍ നിന്നും ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള മൂന്നുപേരെ വീതം വാര്‍ഡ് ടീം തിരഞ്ഞെടുത്ത് ജനകീയ ആരോഗ്യ ക്ലബ്ബിന്റെ ഭാഗമാക്കണം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഈ അംഗങ്ങളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാറ്റാവുന്നതാണ്.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ള മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ അവസ്ഥ പരിശോധിച്ചു രോഗങ്ങള്‍ ഉള്ളവരുടെയും രോഗ സാധ്യതയുള്ളവരുടെയും ലിസ്റ്റ് തയാറാക്കി രോഗസാധ്യതയുള്ളവര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ വേണ്ടി സ്‌ക്രീനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കും.

പൊതുജനങ്ങളുടെ വ്യായാമശീലം കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. നടത്തം, വിനോദങ്ങള്‍, യോഗ, ജിം, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളുടെ ആഹാരശീലം ആരോഗ്യകരമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തും. ആഹാരത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കല്‍, ഹെല്‍ത്ത് പ്ലേറ്റിന്റെ പ്രചരണം, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തല്‍, പ്രാദേശികമായി ഇവ കൃഷി ചെയ്യുന്നതിനുള്ള പ്രോത്സാഹനം നല്‍കാന്‍ സാധിക്കും. ലഹരി ഉപയോഗത്തിന് എതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. രോഗം മൂലവും മറ്റു പ്രശ്നങ്ങള്‍ മൂലവും പ്രയാസപ്പെടുന്നവര്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തും. ജീവിതശൈലീ രോഗബാധിതരില്‍ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനുള്ള പിന്തുണ സഹായികളെ (patient support group) കണ്ടെത്തുക. ജീവിതശൈലീ രോഗ അവബോധ ക്ലാസുകള്‍ നടത്തും. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ജനകീയ ആരോഗ്യ കേന്ദ്ര പരിധിയിലുള്ള സ്‌കൂളുകളുമായി ബന്ധപ്പെട്ട ആരോഗ്യ ക്ലബ്ബുകള്‍ സജീവമാക്കും. സാന്ത്വന പരിചരണം സ്വീകരിക്കുന്നവര്‍ക്കും അതിദരിദ്രര്‍ക്കും ഭക്ഷണം, മരുന്ന്, കുടുംബത്തിന്റെ സുരക്ഷ, സാമൂഹിക പിന്തുണാസൗകര്യം എന്നിവ ലഭ്യമാക്കും.

#healthcare
Leave a comment