IMAGE: PEXELS
സ്ത്രീകളിലെ വന്ധ്യതാ പ്രശ്‌നങ്ങളും, പരിഹാരങ്ങളും
ലോകത്ത് ആറില്‍ ഒരാളെങ്കിലും വന്ധ്യതാ പ്രശ്‌നം നേരിടുന്നുണ്ടെന്ന കണക്കു പുറത്തുവിട്ടത് ലോകാരോഗ്യ സംഘടനയാണ്. ആഗോള ജനസംഖ്യയുടെ 17.5 ശതമാനം പേരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ലോകമെമ്പാടുമായി നടത്തിയ പഠനങ്ങളില്‍നിന്ന് ലഭിച്ച 12,241 രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു ലോകാരോഗ്യ സംഘടന ഏപ്രില്‍ മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നമ്മുടെ നാട്ടില്‍തന്നെ കല്യാണം കഴിഞ്ഞ ഭൂരിഭാഗം ദമ്പതികളും നേരിടുന്ന പ്രധാന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ഒരു കുഞ്ഞിനായി ശ്രമിച്ചിട്ടും സാധിക്കാത്തവരെ ഇത്തരം ചോദ്യങ്ങള്‍ ഏറെ ബാധിക്കുന്നുണ്ട്. കുഞ്ഞുണ്ടാകാത്തതിന് കാരണം സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടേ. നമ്മുടെ സാമൂഹിക ചുറ്റുപാടുകളുടെ പ്രതിഫലനമെന്നോണം സ്ത്രീ തന്നെയാണ് അതിന്റെ പഴിയും കേള്‍ക്കേണ്ടി വരുന്നത്. മതിയായ ചികിത്സ തേടിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണ് വന്ധ്യതയെന്ന സത്യം ഇന്നും പലര്‍ക്കും അറിയില്ല.
എന്താണ് വന്ധ്യത?
ഒരു വര്‍ഷത്തോളം സ്വാഭാവിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമാവാതെ വരുമ്പോഴാണ് വന്ധ്യതയായി കണക്കാക്കുന്നത്. വന്ധ്യതയുടെ കാരണങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യ പങ്കാളിത്തമുണ്ട്. അറിയപ്പെടാത്ത മറ്റ് കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണം വൈകിയേക്കാം. സാധാരണഗതിയില്‍ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗര്‍ഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്. ആറുമാസത്തിനകം ഇത് 70 ശതമാനമാകാം. ഒരു വര്‍ഷത്തിനകമാണെങ്കില്‍ 85 ശതമാനവും, 90 ശതമാനം ഒന്നര വര്‍ഷത്തിനകവും, 95 ശതമാനം രണ്ടുവര്‍ഷത്തിനകവും ഗര്‍ഭം ധരിക്കും. വന്ധ്യത വലിയ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ക്കും വഴിയൊരുക്കുന്നുണ്ട്. ചിലരെയെങ്കിലും വലിയ ട്രോമയിലേക്ക് തള്ളിവിടാന്‍ കാരണമാകുന്നു. ഏറ്റവും പ്രയാസങ്ങള്‍ നേരിടുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ സ്ത്രീകളിലെ വന്ധ്യതയെ കുറിച്ച് തന്നെ നോക്കാം.
REPRESENTATIONAL IMAGE: WIKI COMMONS
വന്ധ്യതയുടെ കാരണങ്ങള്‍
ഓരോരുത്തരിലും വ്യത്യസ്തമായ കാരണങ്ങളാണ് വന്ധ്യതയ്ക്ക് വഴിവയ്ക്കുന്നത്. പ്രായം, അണ്ഡോല്‍പ്പാദന പ്രശ്‌നങ്ങള്‍, ഫലോപിയന്‍ ട്യൂബുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഫൈബ്രോയിഡുകള്‍ (ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മുഴകള്‍), എന്റോമെട്രിയോസിസ്.... എന്നിങ്ങനെ നീളുന്നു സ്ത്രീകളിലെ വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍. ഐ.യു.എ, ഐ.വി.എഫ് തുടങ്ങിയ ചികിത്സാരീതികളിലൂടെ ഇതിന് പരിഹാരം കാണാന്‍ കഴിയും
പ്രായം ഒരു വില്ലനാണ്
മുന്‍കാലങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ന്നിട്ടുണ്ട്. 25നും 30നും ഇടയിലാണ് മിക്കവരുടെയും വിവാഹം നടക്കുന്നത്. ഇത് പെണ്‍കുട്ടികളെ സ്വയം പര്യാപ്തരാകാന്‍ സഹായിക്കുമെങ്കിലും ഗര്‍ഭധാരണം വൈകുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. പ്രായം കൂടുന്നത് അണ്ഡോല്‍പാദനത്തിനെ ബാധിക്കും. 35 കഴിയുന്നതോടെ സ്ത്രീകളിലെ ഗര്‍ഭധാരണ നിരക്ക് കുറഞ്ഞുവരാറുണ്ട്. പൂര്‍ണവളര്‍ച്ചയുള്ള ആരോഗ്യമുളള അണ്ഡങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നതാണ് ഇതിനു കാരണം. പ്രായം കൂടുന്നതോടെ സ്ത്രീകളില്‍ ലൈംഗിക വിരക്തിക്കും വഴി വയ്ക്കുന്നുണ്ട്. കുട്ടികളില്‍ ഡൗണ്‍ സിന്‍ട്രോം ഉള്‍പ്പെടെയുള്ള ജനിതക രോഗങ്ങള്‍ക്കും വൈകിയുള്ള ഗര്‍ഭധാരണം കാരണമാകുന്നുണ്ട്. ഇതിന് പുറമേ ഗര്‍ഭം അലസി പോകാനുള്ള സാധ്യതയും കൂടുതലാണ്.
ശീതീകരിച്ച് സൂക്ഷിക്കാം
ആരോഗ്യമുള്ള അണ്ഡം സൂക്ഷിച്ചുവച്ച് താല്‍പര്യമുള്ളപ്പോള്‍ ഗര്‍ഭധാരണത്തിന് ഉപയോഗിക്കുന്ന രീതിയാണിത്. 25-35 വരെ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. സ്വയം പര്യാപ്തത കൈവരിച്ചശേഷം മാത്രം ഗര്‍ഭം ധരിച്ചാല്‍ മതി എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന നേട്ടം. 35ന് ശേഷം ശീതീകരിച്ച് സൂക്ഷിക്കുന്നതുകൊണ്ട് പ്രതീക്ഷിച്ച ഗുണമുണ്ടായെന്ന് വരില്ല.
അണ്ഡോല്‍പ്പാദന തകരാറുകള്‍
സാധാരണഗതിയില്‍ ഓരോ മെന്‍സ്ട്രല്‍ സൈക്കിളിലും അണ്ഡാശയത്തില്‍ നിന്ന് ഓരോ അണ്ഡം വീതമാണ് ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നത്. എന്നാല്‍ അണ്ഡോല്‍പ്പാദനം നടക്കാതെ വരുന്നതും ആര്‍ത്തവം കൃത്യമല്ലാത്തതും ഗര്‍ഭധാരണത്തെ ബാധിക്കും. പി.സി.ഒ.ഡി, അമിതവണ്ണവുമെല്ലാം ഇതിനു കാരണമാകും. അമിത വണ്ണമുള്ളവര്‍ ശരീരഭാരത്തിന്റെ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറച്ചാല്‍ മരുന്നുകളുടെ സഹായമില്ലാതെ തന്നെ അണ്ഡോല്‍പ്പാദനം സുഗമമാക്കാനും ഇതുവഴി വന്ധ്യത പരിഹരിക്കാനും കഴിയും. അണ്ഡാശയത്തില്‍ കാണപ്പെടുന്ന സിസ്റ്റുകളാണ് (ചെറുകുമിളകള്‍) പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം) വ്യായാമം, ഭക്ഷണ ക്രമീകരണങ്ങള്‍, മാനസിക പിരിമുറുക്കം കുറയ്ക്കുക എന്നിവ വഴി പരിഹരിക്കാന്‍ കഴിയും. അതേസമയം അണ്ഡോല്‍പാദനം വര്‍ധിപ്പിക്കുന്നതിനായുള്ള ചികിത്സ ചിലപ്പോള്‍ അണ്ഡോല്‍പാദനം അമിതമാകാനും കാരണമായേക്കാം.
REPRESENTATIONAL IMAGE: PEXELS
ഫലോപിയന്‍ ട്യൂബുകളുടെ തകരാറ്
അണ്ഡാശയത്തില്‍ നിന്ന് അണ്ഡം ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നത് ഫലോപിയന്‍ ട്യൂബുകള്‍ വഴിയാണ്. ഇവിടെ വച്ചാണ് അണ്ഡവും ബീജവും തമ്മില്‍ കൂട്ടിമുട്ടി ഗര്‍ഭധാരണം സംഭവിക്കുന്നത്. ഈ ട്യൂബുകള്‍ ബ്ലോക്കാകുന്നത് ഗര്‍ഭ ധാരണത്തിന് തടസമാകും. ട്യൂബിന് ചുറ്റും സ്രവങ്ങള്‍ അടിഞ്ഞ് കൂടുന്നത് മാംസദശ വളരുന്നതുമാണ് കാരണം. തുടക്കഭാഗത്തിലാണ് ബ്ലോക്ക് എങ്കില്‍ കാനലേഷന്‍ പ്രകൃയ വഴി പരിഹരിക്കാന്‍ കഴിയും. അല്ലാത്തപക്ഷം ഐ.വി.എഫ് ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടി വരും. അതേസമയം രണ്ട് ട്യൂബുകളില്‍ ഒരെണ്ണമെങ്കിലും തുറന്നിരിക്കേണ്ടതും അണ്ഡത്തിന്റെ ചലനം കൃത്യമാകുകയും ചെയ്താല്‍ ഗര്‍ഭധാരണം നടക്കും.
ഫൈബ്രോയിഡുകള്‍
ഗര്‍ഭപാത്രത്തിലുണ്ടാകുന്ന കാന്‍സര്‍ അല്ലാത്ത മുഴകളും ഗര്‍ഭപാത്രത്തിന് ശക്തി ഇല്ലാത്തതും ചിലപ്പോഴൊക്കെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. 20 മുതല്‍ 50 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡുകള്‍ കാണാറുണ്ട്. ഇത് അമിതമായി വളരുന്നതാണ് വന്ധ്യതയ്ക്ക് വഴിവയ്ക്കുന്നത്. നാല് സെന്റീമീറ്റര്‍ മുതല്‍ വരുന്ന സബ്മ്യൂക്കസ് ഫൈബ്രോയിഡുകളും ഇന്‍ട്രാമ്യൂറല്‍ ഫൈബ്രോയിഡുകളുമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവ നീക്കം ചെയ്യുന്നതു വഴി ഗര്‍ഭധാരണം സാധ്യമാകും.
എന്റോമെട്രിയോസിസ്
ഗര്‍ഭാശയത്തിനുള്ളിലെ സ്തരമാണ് എന്‍ഡോമെട്രിയം. ഇതിനു സമാനമായ കോശങ്ങള്‍ ഗര്‍ഭാശയത്തിനു പുറമെ വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഈ അവസ്ഥ അണ്ഡവും ബീജവും സംയോജിക്കുന്നത് തടസ്സപ്പെടുത്തുകയും അതുവഴി വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് അമിതമായ രക്തസ്രാവത്തിനും മുഴകള്‍ ഉണ്ടാകാനും നീര്‍ക്കെട്ടിനുമെല്ലാം വഴിവയ്ക്കും. ഇവ ശസ്ത്രക്രിയയിലൂടെ നീക്കാനാകുമെങ്കിലും അണ്ഡാശയത്തെ ഉള്‍പ്പെടെ തകരാറിലാക്കാനുള്ള സാധ്യതയും ഉണ്ട്. മരുന്നുകള്‍ കഴിക്കുമ്പോള്‍ കുറഞ്ഞ ഡോസില്‍ ആരംഭിച്ച് ഡോസ് ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്.
വിഷമിക്കേണ്ട, കൃതൃമ ഗര്‍ഭധാരണ മാര്‍ഗങ്ങളുണ്ട്
വന്ധ്യതയ്ക്കുള്ള ചില കാരണങ്ങള്‍ വ്യായാമവും ഭക്ഷണ ക്രമീകരണവും ജീവിത ശൈലിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങളും വഴി പരിഹരിക്കാന്‍ കഴിയുമെങ്കിലും ഇതിനു കഴിയാത്തവയും ഉണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നിക്ക് എന്നാണ് ഇത്തരം ചികിത്സാരീതികളെ വിളിക്കുന്നത്. ഐ.യു.എ, ഐ.വി.എഫ്, ഇക്‌സി, ഡോണര്‍ ഐ.വി.എഫ് എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.
ഐ.യു.ഐ.
പുരുഷ ബീജങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നേരിട്ട് നിക്ഷേപിക്കുന്ന രീതിയാണ് ഐ.യു.ഐ (ഇന്‍ട്രാ യൂട്ടറൈന്‍ ഇന്‍സെമിനേഷന്‍). ശേഖരിക്കുന്ന ബീജത്തില്‍ നിന്ന് ഏറ്റവും മികച്ചതും ആരോഗ്യമുള്ളതും പൂര്‍ണ വളര്‍ച്ച എത്തിയതും മാത്രമാണ് ബീജസങ്കലനത്തിന് ഉപയോഗിക്കുക. ഇത്തരത്തില്‍ രണ്ട് മൂന്ന് തവണ ശ്രമിച്ചിട്ടും വിജയിച്ചില്ലെങ്കില്‍ ഐ.വി.എഫ് ചികിത്സ തേടുന്നതാകും നല്ലത്.
REPRESENTATIONAL IMAGE: WIKI COMMONS
ഐ വി എഫ്
അണ്ഡവും ബീജവും ശരീരത്തിന് പുറത്ത് കൃത്രിമമായി സംയോജിപ്പിച്ച് വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഐ.വി.എഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍). ലാബില്‍ കൃത്രിമമായി ബീജസങ്കലനം നടത്തി സൃഷ്ടിക്കുന്ന ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. ഏറ്റവും ഫലപ്രദമായ കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളില്‍ ഒന്നാണിത്. അറിയപ്പെടാത്ത കാരണങ്ങള്‍ കൊണ്ടുള്ള വന്ധ്യത, അണ്ഡവാഹിനിക്കുഴലില്‍ തടസ്സം, മരുന്നുകളും ഐ.യു.ഐയും ഫലിക്കാതെ വരിക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഐ.വി.എഫ്. ചികിത്സ നിര്‍ദേശിക്കാറുള്ളത്.
ഇക്‌സി
ഒരേയൊരു ബീജം ഒരു അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണ് ഇക്‌സി (ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍) ബീജക്കുറവുള്ളവര്‍ക്ക് ഫലപ്രദമാണ് ഈ രീതി.
സുരക്ഷിതമാണ് ചികിത്സാരീതികള്‍
കൃത്രിമ ഗര്‍ഭധാരണരീതികള്‍ ആരോഗ്യത്തിന് ഒരുവിധത്തിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നില്ല. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മറ്റേതു ചികിത്സയിലുമെന്നപോലെ ചില വിഷമങ്ങള്‍ നേരിട്ടേക്കാം. ഐ.വി.എഫ്. വഴി ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക രോഗം വരാറുണ്ട് എന്ന ആരോപണങ്ങളും തെറ്റാണ്. മാതാപിതാക്കളുടെ ജനിതകപ്രശ്‌നങ്ങള്‍ സ്വാഭാവികമായി കുട്ടികള്‍ക്കും കണ്ടേക്കാമെന്നു മാത്രം.
ഏകദേശം 30-40 ശതമാനം പേരിലാണ് ആദ്യഘട്ട ഐ.വി.എഫ്. ചികിത്സയില്‍ തന്നെ ഫലം ലഭിക്കാറുള്ളത്. അതായത് മൂന്നില്‍ ഒരാള്‍ക്ക്. വളരെ ചെറിയ പ്രായത്തില്‍തന്നെ ആര്‍ത്തവ വിരാമം വരുന്നവരില്‍ ഐ.വി.എഫ്. ഫലപ്രദമാകാറില്ല. ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ ചിലരെങ്കിലും ചികിത്സ നിര്‍ത്തുകയോ മറ്റ് സെന്ററുകളെ തേടിപ്പോവുകയോ ചെയ്യാറുണ്ട്. ഇത് ശരിയല്ല. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ച് ഫലപ്രദമാകുന്നതുവരെ ചികിത്സ തുടരാനുള്ള മനസ്സ് ദമ്പതിമാര്‍ക്കുണ്ടാവണം.
ചികിത്സ തേടുന്നവരുടെ ശാരീരിക മാനസിക ആരോഗ്യവും പ്രധാനം
മറ്റേത് രോഗങ്ങളെ പോലെ തന്നെയും പരമപ്രധാനമായ കാര്യമാണ് ചികിത്സ തേടുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ജീവിതശൈലിയും. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ച വരുത്തരുത്. സംശയങ്ങളും ആശങ്കകളുമെല്ലാം ആരോഗ്യ വിദഗ്ധരോട് നേരിട്ട് തന്നെ ചോദിച്ച് മനസ്സിലാക്കുക. കുടുംബത്തിന്റെ പൂര്‍ണമായ പിന്തുണയും പങ്കാളികളുടെ പൂര്‍ണമായ സഹകരണവും കൂടി ഉറപ്പുവരുത്തിയാല്‍ വന്ധ്യത എന്ന അവസ്ഥയെ അതിജീവിച്ച് കുട്ടികളുടെ കൈപിടിച്ച് ജീവിതത്തില്‍ മുന്നേറാം.