
കേരള മോഡല്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍
കേരളം ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ ആണെന്ന് എവിടെയും പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഈയിടെയായി ഈ പ്രചരണം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നത് പലപ്പോഴും ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയായി പോകാറുണ്ട്. യാഥാര്‍ത്ഥ്യവും വിശദാംശങ്ങളും അറിയാതെയുണ്ടാക്കുന്ന ഇത്തരം പ്രചരണങ്ങള്‍ ആശയക്കുഴപ്പത്തിനും കാരണമാകുന്നു. ഇതുവഴി ഗുണങ്ങളേക്കാള്‍ ദോഷങ്ങള്‍ അനുഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.
ഒരു നാടിന്റെ ആരോഗ്യം മെച്ചപ്പെട്ടതാണെന്ന് പറയുന്നത് ആരോഗ്യരംഗത്തെ ചില സൂചികകള്‍ പരിഗണിച്ചിട്ടാണ്. ഉദാഹരണത്തിന്, ആയുര്‍ദൈര്‍ഘ്യം, മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക് തുടങ്ങിയ സൂചികകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന പ്രദേശത്തെ അതില്ലാത്ത മറ്റ് പ്രദേശങ്ങളേക്കാള്‍ ആരോഗ്യമുള്ള പ്രദേശം എന്ന് പറയാം. ഈ സൂചികകളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്. എന്നാല്‍ കേരളത്തില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല എന്നര്‍ത്ഥമില്ല. മാത്രമല്ല, കേരളത്തിന്റെത് മാത്രമായ ചില വലിയ പ്രശ്‌നങ്ങളുമുണ്ട്.
ഉത്തര്‍ പ്രദേശില്‍ ജനിച്ച ആയിരം കുട്ടികളില്‍ 38 പേര്‍ ഒരു വയസ്സിനകം മരിച്ചുപോകുന്നു. രാജ്യത്ത് ശരാശരി ഇത് 27 ആണ്. അമേരിക്കയില്‍ 5.5 ആണ്. അതായത് ഇക്കാര്യത്തില്‍ കേരളം അമേരിക്കക്കൊപ്പമാണ്. അതിന്റെയര്‍ത്ഥം, ശിശുമരണ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ നമ്മള്‍ രാജ്യത്ത് വളരെ മുന്നിലാണ്. നമുക്കഭിമാനിക്കാവുന്ന കാര്യമാണത്.
PHOTO: PTI
ഇനി ആയുര്‍ദൈര്‍ഘ്യത്തിന്റ കാര്യം നോക്കാം. ഉത്തര്‍പ്രദേശില്‍ ഇത് 67 വയസ്സും ഇന്ത്യയില്‍ 70 വയസ്സും കേരളത്തില്‍ 77 വയസ്സും ആണ് ശരാശി ആയുര്‍ദൈര്‍ഘ്യം. ഇവിടെയും കേരളം അമേരിക്കയ്ക്ക് തുല്യം. എന്നാല്‍, ഇവിടെയാണ് മറ്റൊരു വിഷയം ചര്‍ച്ച ചെയ്യേണ്ടത്. അമേരിക്കയിലെ മനുഷ്യര്‍ക്ക് വാര്‍ദ്ധക്യകാല ജീവിതം മെച്ചപ്പെട്ടതാക്കാന്‍ ഒരുപാട് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുണ്ട്. കേരളത്തില്‍ അതല്ല സ്ഥിതി.
വൃദ്ധജനങ്ങളുടെ ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട് കേരളത്തില്‍. കൂടുതല്‍ നാള്‍ ജീവിച്ചിരിക്കുന്നതു കൊണ്ട് നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ഉദാഹരണത്തിന് പ്രമേഹം, രക്താതിസമ്മര്‍ദം, കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍. ഇവ മൂലമുണ്ടാകുന്ന രോഗാതുരതയും ചികിത്സാച്ചെലവും വളരെ നാളായി കേരളത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കേരളത്തിലെ അറുപത് ശതമാനത്തിലധികം ജനങ്ങള്‍ ചികിത്സയ്ക്കായി സമീപിക്കുന്നത് സ്വകാര്യ മേഖലയെ ആയതിനാല്‍ അതുവഴിയുണ്ടാകുന്ന സാമ്പത്തിക പ്രാരാബ്ധങ്ങളും കടക്കെണികളും ചെറുതല്ല. ചികിത്സ കഴിയുമ്പോള്‍ ദരിദ്രര്‍ പരമദരിദ്രരാകുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമഗ്ര സംവിധാനങ്ങള്‍ നാട്ടില്‍ വേണം. ഇല്ലെങ്കില്‍ ആയുസ്സ് നീട്ടിക്കിട്ടിയ, ദുരിതത്തിലാഴ്ന്ന, രോഗികളെക്കൊണ്ട് കേരളം നിറയും. അതുവഴി കുടുംബാംഗങ്ങളും സമൂഹവും സര്‍ക്കാരും കൂടുതല്‍ ദരിദ്രരാകും.
രാജ്യത്തിന്റെ ജി.ഡി.പിയുടെ 18 ശതമാനമാണ് അമേരിക്കയില്‍ ആരോഗ്യരംഗത്ത് ചെലവാക്കുന്നത്. ഇന്ത്യയില്‍ ഇത് രണ്ട് ശതമാനമാണ്. കേരളത്തില്‍ ഒരു ശതമാനത്തിന് തൊട്ട് മുകളിലും. ഇത് വളരെ കുറവാണ്. ഇവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചികിത്സാരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങള്‍ ആരോഗ്യത്തില്‍ മുന്നിലെത്തും.
ആരോഗ്യരംഗത്തും സ്വകാര്യ മേഖല ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. ആ മേഖലയുടെ വളര്‍ച്ചയും. അതിനനുസരിച്ച് ഇന്‍ഷുറന്‍സ് സംവിധാനങ്ങളും പരമദരിദ്രര്‍ക്കായി ശക്തമായ സര്‍ക്കാര്‍ സംവിധാനങ്ങളും ഇല്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗിയെ പുഴുവരിക്കുന്ന സംഭവങ്ങളും ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരാശുപത്രികളില്‍ ഓപ്പറേഷനുകള്‍ മുടങ്ങുന്നതുമൊക്കെ.
ദരിദ്രരായ മനുഷ്യര്‍ക്ക് കുറഞ്ഞ ചെലവിലോ സൗജന്യമായോ ചികിത്സ ലഭിക്കാതെ വരുമ്പോള്‍ അവര്‍ക്ക് ചികിത്സാ സംവിധാനങ്ങളോട് പ്രതിഷേധമുണ്ടാകും. പലപ്പോഴും അത്തരം പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നത് തങ്ങളുടെ മുന്നില്‍ക്കണ്ട ഡോക്ടറോടോ നഴ്‌സിനോടോ ആയിരിക്കും. ഇത്തരം പ്രതിഷേധങ്ങളാണ് ആശുപത്രി ആക്രമണങ്ങള്‍ക്ക് കാരണം. സര്‍ക്കാരുകളോടുള്ള ദേഷ്യം ആരോഗ്യ പ്രവര്‍ത്തകരോട് തീര്‍ക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇത്തരം സംഭവങ്ങളും കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരാജയമായാണ് കാണേണ്ടത്.
PHOTO: PTI
കേരള മോഡല്‍ എന്നതും ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട പ്രയോഗമാണ്. സമ്പത്ത് കുറഞ്ഞ ഒരു നാട്ടില്‍ മെച്ചപ്പെട്ട ആരോഗ്യം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ കേരള മോഡല്‍. ഈ മോഡല്‍ ഉണ്ടാകുന്നതിന് ഭൂമിശാസ്ത്രപരമായത് മുതല്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. കേരളത്തില്‍ നിരവധി നദികള്‍ ഉള്ളതുകൊണ്ടും ആവശ്യത്തിന് മഴ ലഭിക്കുന്നതു മൂലവും നമുക്ക് കുടിക്കാന്‍ ശുദ്ധജലവും, മെച്ചപ്പെട്ട കാലാവസ്ഥയും ഉള്ളത് ഏതെങ്കിലും സര്‍ക്കാരിന്റെ സംഭാവനയല്ല. എന്നാല്‍ ഒറ്റയടിക്ക് നൂറുകണക്കിന് പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിച്ച അച്യുതമേനോന്‍ ഗവണ്മെന്റിന്റെ പോലുള്ള സംഭാവനകള്‍ ചെറുതുമല്ല. കൊവിഡ് കാലത്ത്, നമ്മുടെ ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ഫലവത്തായി പ്രവര്‍ത്തിച്ചത് നമുക്കറിയാം. അത് പ്രശംസനീയമാണ്. എന്നാല്‍ ആരോഗ്യരംഗത്തെ ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ പലതും നമുക്ക് നാണക്കേടുണ്ടാക്കി. കണക്കില്‍ വെള്ളം ചേര്‍ത്തതിന്റെ പേരില്‍ കേരളത്തിന് ചീത്തപ്പേരുണ്ടായി.
കേരള മോഡല്‍ പറയുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഇനിയുമുണ്ട്. ആത്മഹത്യയുടെ കാര്യത്തിലും റോഡപകട മരണങ്ങളുടെ കാര്യത്തിലുമൊക്കെ നമ്മള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അതായത് ആരോഗ്യരംഗത്ത് കേരളം എല്ലാ നാടിനും മോഡല്‍ എന്നല്ല. എല്ലാ രോഗങ്ങളുടെ കാര്യത്തിലും മോഡലല്ല. അതിനാല്‍ ആവശ്യമുള്ള സ്ഥലത്തും അല്ലാത്തിടത്തും കേരള മോഡല്‍ പ്രയോഗിച്ച് നാണക്കേടുണ്ടാക്കാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നമുക്ക് ലഭ്യമായ സാഹചര്യങ്ങളും വിഭവശേഷിയും ഉപയോഗിച്ച് കേരളത്തിന്റെ ആരോഗ്യരംഗം ഇനിയും മെച്ചപ്പെടുത്തേണ്ടതാണ്. ആരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപിക്കേണ്ടതുണ്ട്. സാധ്യമായ എല്ലാ മേഖലകളില്‍ നിന്നും വിഭവസമാഹരണവും നടത്തണം. കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളില്‍ നമുക്കഭിമാനിക്കാം. കേരള മോഡലിലും നമുക്കഭിമാനിക്കാം. എന്നാല്‍ ഊതിവീര്‍പ്പിച്ച് കേരള മോഡല്‍ പൊട്ടിച്ചു കളയരുത്.