TMJ
searchnav-menu
post-thumbnail

Healthcare

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പ്രശ്‌നങ്ങളുണ്ട്

01 Jun 2023   |   3 min Read
ഡോ. എന്‍ എം അരുണ്‍

റ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യ മേഖലയിലെ പല കണക്കുകളും സൂചിപ്പിക്കുന്നത് കേരളം ഒന്നാമതാണ് എന്ന വസ്തുതയാണ്. എന്നിരുന്നാലും നമുക്ക് ഒട്ടേറെ പോരായ്മകളുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. ആ പോരായ്മകളിലേക്ക് ഒരു വിഹഗ വീക്ഷണമാണ് ഈ കുറിപ്പ്.

സര്‍ക്കാര്‍ മേഖലയും ജീവനക്കാരുടെ കുറവും

നഴ്‌സുമാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ അപര്യാപ്തത നേരിടുന്നത്. ഒരു ഡോക്ടര്‍ക്ക് 3-4 നേഴ്‌സുമാര്‍ വേണമെന്നാണു മാര്‍ഗരേഖകള്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഒരു ഡോക്ടര്‍ക്ക് 1.7 നേഴ്‌സുമാര്‍ മാത്രമേയുള്ളു. അതുകൊണ്ട് പല ആശുപത്രികളുടെയും പ്രവര്‍ത്തനം പൂര്‍ണരീതിയില്‍ സാധിക്കുന്നില്ലെന്നു തന്നെ പറയാം. അതുപോലെതന്നെ ഡോക്ടര്‍മാരും ആവശ്യത്തിനില്ല. നാലോ അഞ്ചോ മണിക്കൂറുകള്‍കൊണ്ട് 200 മുതല്‍ 400 രോഗികളെ വരെ ചികിത്സിക്കേണ്ട അവസ്ഥയിലാണ് ഓരോ ഡോക്ടറും. സര്‍ക്കാരിനു കീഴിലുള്ള ഒട്ടുമിക്ക ആശുപത്രികളിലെയും അവസ്ഥ ഇതുതന്നെയാണ്. പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കുന്നതിനു പകരം താത്കാലിക നിയമനങ്ങള്‍ നടത്തിയും പോസ്റ്റുഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്മാര്‍ എന്നിവരെ കൊണ്ടും ഡോക്ടറുടെ കുറവ് നികത്താനാണു പലപ്പോഴും ശ്രമിക്കുന്നത്. 

ആരോഗ്യരംഗം ഒരുവിധം പൂര്‍ണമായി പൊതുമേഖലയിലുള്ള യുകെ പോലുള്ള രാജ്യങ്ങളില്‍ 10,000 പേര്‍ക്ക് 31 ഡോക്ടര്‍മാരുള്ളപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 10,000 ജനങ്ങള്‍ക്ക് രണ്ടു ഡോക്ടര്‍മാര്‍ മാത്രമെയുള്ളൂ എന്നത് നമ്മുടെ ശോചനീയമായ അവസ്ഥയെ അടിവരയിട്ടു കാണിക്കുന്നു. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിനു ഡോക്ടര്‍മാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് നമ്മുടെ ആരോഗ്യ മേഖല ഡോക്ടര്‍മാരില്ലാതെ കഷ്ടപ്പെടുന്നതെന്ന വസ്തുത എടുത്തുപറയേണ്ടതാണ്. 


Representational Image: PTI

പാരാമെഡിക്കല്‍ മേഖലയിലെ ശോച്യാവസ്ഥ

സൗകര്യങ്ങളുടെ അപര്യാപ്തത

മുമ്പത്തേക്കാളും രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളെ ഇന്ന് ആശ്രയിക്കുന്നുണ്ട്. സൗകര്യങ്ങളുടെ ബാഹുല്യവും സൗജന്യവുമാണ് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നത്. കൂടാതെ സ്വകാര്യ മേഖലയിലെ കൂടിയ ചികിത്സാ ചിലവും ഡോക്ടര്‍മാരിലുള്ള വിശ്വാസക്കുറവും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് തിരിയാന്‍ പൊതുജനത്തെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെത്തുന്ന രോഗിയുടെയും കൂട്ടിരിപ്പുക്കാരുടേയും പ്രതീക്ഷകളും ആവശ്യങ്ങളും മുന്‍പ് ഉള്ളതിനേക്കാള്‍ വളരെ വലുതാണ്. ഇത് ഉണ്ടാക്കുന്ന നിരാശ പലപ്പോഴും സംഘര്‍ഷത്തിലേക്കും വഴിമാറുന്നു. 

സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആശുപത്രികളില്‍ സൗകര്യങ്ങളുടെ കുറവും ഏറെയാണ്. ഒപ്പം വൈദഗ്ധ്യം കൂടുതല്‍ വേണ്ടതും ചിലവ് ഏറിയതുമായ ചികിത്സകള്‍ക്കായി പലപ്പോഴും ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 

അത്യാഹിത ചികിത്സ

രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, അടിയന്തിരമായി ചെയ്യേണ്ട പല അത്യാഹിത (എമര്‍ജന്‍സി) ചികില്‍സയുടെ കാര്യത്തിലും നമ്മുടെ പൊതുആരോഗ്യ സംവിധാനങ്ങള്‍ വളരെ പിന്നിലാണ്. ഭൂരിഭാഗം ആശുപത്രികളിലും അതിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ കുറവും അതില്‍ എടുത്തുപറയേണ്ട ഒന്നാണ്. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അത്യാഹിത ചികിത്സയ്ക്കായി, കൃത്യമായ പരിശീലനം ലഭിക്കാത്തതുകൊണ്ട് പരിമിതികള്‍ക്കുള്ളില്‍ നിന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കുകയും ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മാത്രമല്ല പലപ്പോഴും വിമര്‍ശനങ്ങള്‍ പേടിച്ച് രോഗിയെ സ്റ്റബിലൈസ് ചെയ്യാതെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുന്ന രീതിയും പതിവാണ്. ഒരു മികച്ച അത്യാഹിത ചികിത്സാ സംസ്‌കാരം നാം ഉടനെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. 

മെഡിക്കല്‍ വിദ്യാഭ്യാസ മേഖല

മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ധിച്ചെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെയധികം കുറഞ്ഞു. ഈ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചെങ്കിലും അതിനു ആനുപാതികമായി അദ്ധ്യാപകരോ മറ്റു സൗകര്യങ്ങളോയില്ല. പ്രാക്റ്റിക്കല്‍ പഠനങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇന്നത്തെ സമൂഹത്തിന്റെ ആവശ്യത്തിനുവേണ്ട രീതിയിലുള്ള സിലബസ് പരിഷ്‌കരണം പലപ്പോഴും ഉണ്ടാകുന്നുമില്ല. 


Representational Image: PTI

ഹൗസ് സര്‍ജന്മാരുടെ ഒരു വര്‍ഷത്തെ പരിശീലനകാലം ഈ മേഖലയില്‍ വേണ്ടത്ര വൈദഗ്ധ്യം നേടാന്‍ ഉതകാത്ത രീതിയിലാണു നടപ്പാകുന്നത്. പിജി വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികളല്ല മറിച്ച് സര്‍ക്കാരിനുവേണ്ടി അടിമപ്പണി ചെയ്യേണ്ടവരാണ് എന്ന തോന്നലാണ് അധികാരികള്‍ക്ക്. അതുകൊണ്ടുതന്നെ അവര്‍ക്ക് പണി ചെയ്യാനല്ലാതെ പഠനത്തിനോ ചികിത്സാ വൈദഗ്ധ്യം നേടാനോ സമയം ലഭിക്കാറില്ല. നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ക്ക് ഗവേഷണ രംഗത്ത് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാത്തതിനു കാരണവും പിജി വിദ്യാര്‍ത്ഥികളോടുള്ള ഈ സമീപനമാണ്.

ഔഷധ രംഗം

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍പ് ലഭ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ സൗജന്യമായി രോഗികള്‍ക്ക് നല്‍കുന്നുണ്ട്. ബ്ലഡ് പ്രഷര്‍, പ്രമേഹം, കൊളസ്‌ട്രോള്‍ മുതലായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് കൂടുതലും. എന്നാല്‍ ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെടുന്നതായിട്ടാണു അനുഭവം. സര്‍ക്കാര്‍ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളടക്കം ഗുണനിലവാരം ഇല്ലെന്ന് കണ്ട് പിന്‍വലിക്കേണ്ടിയും വന്നിട്ടുണ്ട്. 

സ്വകാര്യ മേഖല 

കേരളത്തില്‍ 60-70% രോഗികളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. കാലോചിതവും നൂതനവുമായ മാറ്റങ്ങളാണ് സ്വകാര്യ മേഖലയില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. 
10-100 ബെഡുകള്‍ മാത്രമുള്ള ചെറുകിട ആശുപത്രികള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അല്ലെങ്കില്‍ വന്‍കിട ആശുപത്രികള്‍ അവയെ വിഴുങ്ങിയെന്നു പറയാം. ആശുപത്രി നടത്തി കൊണ്ടുപോകാന്‍ വേണ്ട ഉയര്‍ന്ന മുതല്‍ മുടക്കും മറ്റുമാണു അതിനു കാരണം.

വന്‍കിട ആശുപത്രികളാകുമ്പോള്‍ സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ചികിത്സാ ചിലവും വര്‍ധിക്കുന്നു. സമൂഹത്തിലെ സ്‌പെഷ്യലിസ്റ്റ് ക്രേസ് കാരണം ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും അവയവ വിദഗ്ധന്മാരെ തേടിയെത്തുന്ന രോഗികളുടെ കീശ പെട്ടെന്ന് കാലിയാകുന്നു. പല വന്‍കിട ആശുപത്രികളിലും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ സാഹചര്യമുള്ളവരെല്ലാം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്.  


Representational Image: PTI

ആരോഗ്യ രംഗവും സ്ത്രീകളും 

ഇന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ 70 ശതമാനവും വനിതകളാണ്. നഴ്‌സിംഗ് മേഖലയില്‍ എന്നും 90% ത്തിലധികം സ്ത്രീകള്‍ തന്നെ. പാരാമെഡിക്കല്‍ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. 
അങ്ങനെ നോക്കുമ്പോള്‍ ഭൂരിഭാഗം സ്ത്രീ തൊഴിലാളികളുള്ള ഒരു മേഖലയായിരിക്കുകയാണു ആരോഗ്യരംഗം. എന്നാല്‍ അസമയത്തും ദുര്‍ഘട മേഖലകളിലും ഈ രംഗത്തെ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു. മാത്രമല്ല ആക്രമണ സ്വഭാവമുള്ളവരേയും ലഹരിക്കടിമപ്പെട്ടവരേയും ചികിത്സിക്കേണ്ട ചുമതലയും ഇവര്‍ക്കുണ്ട്. ഈ സ്ഥിതി നേരിടാനുള്ള തയ്യാറെടുപ്പുകളും ആരോഗ്യമേഖലയില്‍ ഉടന്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. 

ഭരണ രംഗം

ആരോഗ്യവകുപ്പ് ഏറ്റവും പ്രധാനപ്പെട്ട വകുപ്പായിട്ടുപോലും ഡിഎച്എസ്, ഡിഎംഇ എന്നീ പോസ്റ്റുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഭരണ പ്രാഗത്ഭ്യമുള്ളവര്‍ നിരവധി ഉണ്ടെങ്കിലും നിയമനം നടത്താന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കാറില്ല. ആരോഗ്യവകുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി ഭരണ നിര്‍വഹണത്തിനു മികച്ച ഓഫീസര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല ബഡ്ജറ്റില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക അനുവദിച്ചാല്‍ മാത്രമെ നമ്മുടെ പോരായ്മകള്‍ ചെറിയ രീതിയിലെങ്കിലും മറികടക്കാന്‍ സാധിക്കൂ. 

പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നത് ദോഷൈകദൃക്കായതു കൊണ്ടല്ല. എല്ലാം ശരിയാണെന്ന് കരുതിയിരുന്നാല്‍ നമുക്ക് ഒരിക്കലും കാര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്ന തോന്നലോ അതിനുള്ള ശ്രമങ്ങളോ ഉണ്ടാകില്ല. അതിനാണീ ചൂണ്ടികാട്ടല്‍. നമ്മുടെ ആരോഗ്യരംഗം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാവാന്‍ നാം ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.


#healthcare
Leave a comment