
ഇന്റർനെറ്റിൽ കുരുങ്ങി ചുരുങ്ങുന്ന കുട്ടികൾ
മാറുന്ന കാലഘട്ടത്തിലെ കുട്ടികളുടെ മനോഗതി ചിന്തനീയം തന്നെയാണ്. പലപ്പോഴും സാമാന്യവത്ക്കരണം സാധ്യമാകാത്ത തരത്തിലുള്ള വൈവിധ്യം നിറഞ്ഞ പ്രശ്നങ്ങളാണ് അനുദിനം ഏറിവരുന്നത്. 'സംസ്‌ക്കാരം' എന്നതിനും മാറ്റങ്ങള്‍ അനിവാര്യമാണെന്നിരിക്കെ ചില പൊതുതത്ത്വങ്ങളുടെ ചുവട് മൂല്യാധിഷ്ഠിതമായി പിടിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.
ശ്രദ്ധേയമായ ചില മാറ്റങ്ങള്‍
മാനസികാരോഗ്യത്തിന് അങ്ങേയറ്റം വിഘാതമായി നില്‍ക്കുന്ന ഇക്കാലത്ത് കുട്ടികളില്‍ കാണുന്ന ഒരു പ്രവണത അവരുടെ ഉറക്കശീലത്തില്‍ വന്ന മാറ്റമാണ്. കുട്ടികള്‍ പഴയതുപോലെ വേണ്ടത്ര സമയം വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പിന്നെ എന്താണ് അവര്‍ ചെയ്യുന്നത്? ഒരു നിമിഷംപോലും പാഴാക്കാതെ അവര്‍ ഫോണിലും കമ്പ്യൂട്ടറിലും തങ്ങളെ പ്ലഗ്ഗ് ചെയ്തിടുകയാണ്. പുസ്തകം വായിച്ചുതീരും, കായികമായ കളികളില്‍ ഏര്‍പ്പെട്ട് നാം ക്ഷീണിക്കും, വര്‍ത്തമാനം പറഞ്ഞു മടുക്കും. എന്നാല്‍ ഇന്റര്‍നെറ്റ് അഥവാ ജാലികയ്ക്ക് അത് നിര്‍ത്താനുള്ള ഒരു സൂചികയോ സൂത്രമോ ഇല്ല (No stopping cue). തത്ഫലമായി അഹോരാത്രം കുഞ്ഞുങ്ങള്‍ അവരുടെ ഊര്‍ജം ഇവിടെ പാഴാക്കിക്കളയുന്നു. ഇത് സ്വാഭാവികമായി അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. അങ്ങനെ രണ്ടാമതായി ബാധിക്കപ്പെടുന്നത് അവരുടെ ദിനചര്യയും ചിട്ടയും ആണ്. സുസ്ഥിരമായി ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു. അതേത്തുടര്‍ന്ന് കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെയുണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം അവരില്‍ മാനസിക സമ്മര്‍ദം ഉടലെടുക്കുന്നു. ചിലര്‍ അനാരോഗ്യകരമായ ലഹരിപോലുള്ള ശീലങ്ങളിലേക്ക് ഇത്തരം പ്രവണതകൊണ്ടുമാത്രം നീങ്ങുന്നുണ്ട്. 12 വയസ്സുള്ള ലഹരി ഉപയോഗിക്കുന്ന കുട്ടി പറഞ്ഞത് ടെന്‍ഷന്‍ മാറാനാണ് താന്‍ പുകവലി തുടങ്ങിയതെന്നാണ്. ഇത്ര ചെറുപ്പത്തില്‍ എന്ത് ടെന്‍ഷന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മേല്‍പ്പറഞ്ഞത്.
REPRESENTATIONAL IMAGE
മൂന്നാമതായി ലോകത്ത് നടക്കുന്ന പല കാര്യങ്ങളെയും പറ്റിയോ, വിദ്യാഭ്യാസത്തിലൂടെയോ നേടിയെടുക്കേണ്ടുന്ന സംഗതികളെപ്പറ്റിയോ ഒക്കെയുള്ള ധാരണക്കുറവിനാല്‍, അവരില്‍ ജീവിത വിജയം കൈവരിക്കണം എന്ന ദിശാബോധം ഉടലെടുക്കുന്നതേയില്ല. ചുറ്റുമുളള സര്‍വതിനെയും പഴിചാരി സംസാരിക്കുവാനും വിമര്‍ശിക്കുവാനും യുക്തിരഹിതമായി മറ്റേതോ ലോകത്ത് ജീവിക്കുന്നപോലെ പെരുമാറാനുമൊക്കെ അവര്‍ തുടങ്ങുന്നു. കുറച്ചുകൂടെ കഴിയുമ്പോള്‍, നാലാമതായി ഇച്ഛാഭംഗം ഉടലെടുക്കുന്നു. സമയം വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലാ എന്ന ചിന്ത അവരില്‍ ആത്മവിശ്വാസക്കുറവ് ജനിപ്പിക്കുന്നു. തങ്ങള്‍ക്കുള്ള കഴിവുകള്‍ നല്ലരീതിയില്‍ വിനിയോഗിച്ചില്ലാ എന്ന തിരിച്ചറിവും ചുറ്റുമുള്ളവരുടെ നേട്ടങ്ങളും കാണുമ്പോള്‍, പതിയെ പലരിലും ആധിയും വിഷാദവും, കുറ്റബോധവുമൊക്കെ പൊട്ടിമുളയ്ക്കുവാനും പന്തലിക്കുവാനും തുടങ്ങുന്നു.
നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും?
1. കൃത്യമായ അതിര്‍വരമ്പുകള്‍ പഠിപ്പിച്ചും അറിയിച്ചും കുട്ടികളെ വളര്‍ത്തുക.
2. വ്യവസ്ഥകള്‍ക്ക് അതീതമായ സ്നേഹം കുട്ടികള്‍ക്ക് നല്‍കുക. വൈകാരികമായ സുരക്ഷ മാനസിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
3. ശരിയും തെറ്റും തമ്മിലുള്ള കൃത്യമായ അന്തരം അവരെ പഠിപ്പിക്കുക. ചെറിയ ശരികളും വലിയ തെറ്റുകളും ഇല്ലാ എന്ന് അവര്‍ തിരിച്ചറിയട്ടെ
4. തങ്ങളുടെ വ്യഥകള്‍ തുറന്നുപറയാനുള്ള ഇടവും അന്തരീക്ഷവും വീട്ടില്‍ ഒരുക്കുക. ക്ഷമയോടെ കുറ്റപ്പെടുത്താതെ ശ്രവിക്കുന്നവരാവണം രക്ഷിതാക്കള്‍.
REPRESENTATIONAL IMAGE
5. തങ്ങളുടെ വൈകാരികാവസ്ഥകള്‍, അതിന്റെ വ്യതിയാനങ്ങള്‍ എന്നിവ തിരിച്ചറിയാനും, അത് കൃത്യമായി ആശയവിനിമയം ചെയ്യുവാനും അവരെ പ്രോത്സാഹിപ്പിക്കുക.
6. ജീവിതത്തില്‍ അഭിമുഖീകരിക്കുവാന്‍ ഇടയുള്ള സര്‍വവിധ തിരിച്ചടികള്‍ക്കും മുന്നില്‍ പതറാത്ത കാലടികള്‍ വച്ചു മുന്നേറാന്‍, കൃത്യമായ വൈകാരിക തിരിച്ചറിവുകള്‍ കുട്ടികളെ സഹായിക്കും.
7. എതിരഭിപ്രായങ്ങള്‍ക്കും പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കുക. തെറ്റുകള്‍ ഉണ്ടാകുന്നപക്ഷം ക്ഷമ ചോദിക്കുവാനും, അത് തിരുത്തുവാന്‍ പാകത്തിനുളള പെരുമാറ്റത്തില്‍ പിന്നീടങ്ങോട്ട് ഏര്‍പ്പെടുവാനും ഉള്ള സന്നദ്ധത മുതിര്‍ന്നവര്‍ മാതൃകാപരമായി ചെയ്തു കാണിക്കുന്നതും ശീലിക്കുന്നതും അത്യുത്തമം ആണ്.
8. പലതരം വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളും രീതികളും അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക.
9. പല തട്ടിലുള്ള ആളുകള്‍, സാമൂഹികാന്തരം ഇവയെന്താണെന്ന് യുക്തിയുക്തമായി പറഞ്ഞു മനസ്സിലാക്കുക. ഇതിലൂടെ വലുപ്പചെറുപ്പമില്ലാതെ മനുഷ്യരെ ബഹുമാനിക്കുവാന്‍ കുട്ടികള്‍ ശീലിക്കുന്നതാണ്.
10. 'പങ്കിടുക' എന്നത് സാമൂഹികജീവി എന്ന നിലയിലുള്ള ഒരു ഉത്തരവാദിത്തമാണെന്ന് അനുകരിച്ച് തന്നെ പഠിപ്പിക്കുക.
11. ഉള്ളലിവ് ഉള്ളവരായി വളര്‍ന്നുവരണമെങ്കില്‍ മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് അവരുടെ ബുദ്ധിമുട്ടുകള്‍ കാണാനുള്ള അവസരങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കുക.
12. കാണുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുവാനും, ചര്‍ച്ചകള്‍ ചെയ്യുവാനും അവരെ പ്രേരിപ്പിക്കുക.
13. 'പ്രതിപക്ഷ ബഹുമാനം' എന്ന ആശയം അന്യംനിന്നു പോകുമെന്ന അവസ്ഥയാണുള്ളത്. ആരോഗ്യകരമായ ചര്‍ച്ചകളാണ്, അക്രമസ്വഭാവമുള്ള അടിച്ചമര്‍ത്തുന്ന സംസാരരീതിയല്ല, വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍ ആവശ്യമുള്ളതെന്ന് പറഞ്ഞുകൊടുക്കേണ്ടതാണ്.
സര്‍വോപരി, മൃഗങ്ങള്‍ക്കില്ലാത്ത, മനുഷ്യരില്‍ മാത്രം കാണുന്ന, വിവേചനബുദ്ധിയുടെ ഇരിപ്പിടമായ പ്രീ ഫ്രണ്ടല്‍ കോര്‍ട്ടക്സ് എന്ന തലച്ചോറിന്റെ ഭാഗം പ്രായപൂര്‍ത്തിയായാല്‍ മാത്രമേ വികസിക്കൂ എന്ന ശാസ്ത്രീയമായ കാര്യം പരിഗണിക്കുവാനും വേണ്ട കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം അത്യന്താപേക്ഷിതമാണെന്നും ഉള്ള ധാരണ സ്‌കൂള്‍ തലം മുതല്‍ക്കേ കുട്ടികളില്‍ സൃഷ്ടിക്കപ്പെടേണ്ടതാണ്.