TMJ
searchnav-menu
post-thumbnail

Healthcare

ഒരിക്കൽ വിപ്ലവകരമെന്ന് കരുതിയവ മുഖ്യധാരയുടെ ഭാഗമാവുമ്പോൾ എന്താവും നിഷിദ്ധം

12 May 2023   |   10 min Read
ബ്രൂസ് ഇ ലെവിൻ

രണവര്‍ഗ്ഗത്തിന്റെ ആശയങ്ങളായിരിക്കും 'എല്ലാക്കാലത്തും ഭരിക്കുന്ന ആശയങ്ങളെന്ന കാള്‍ മാര്‍ക്സിന്റെ നിരീക്ഷണം അംഗീകരിക്കാന്‍ ഒരാള്‍ മാര്‍ക്സിസ്റ്റ് ആവണമെന്ന് നിര്‍ബന്ധമില്ല. മനുഷ്യരുടെ വൈകാരിക പീഢകളെയും പെരുമാറ്റ വ്യതിയാനങ്ങളെയും കുറിച്ചുള്ള ഭരണവര്‍ഗ്ഗ ആശയങ്ങള്‍ തന്നെയാവണം പൊതുസമൂഹവും പുലര്‍ത്തേണ്ടതെന്ന കാര്യം ഭരണവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട മേഖലയില്‍ ഭരണവര്‍ഗ്ഗ ആശയങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് വിലയിരുത്താനാവുക. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താഴെ പറയുന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഒരാള്‍ 'മനോരോഗ ചികിത്സാ വിരുദ്ധന്‍' എന്ന് മുദ്രകുത്തപ്പെടുമായിരുന്നു:

1) മനോരോഗ ചികിത്സ അന്തമില്ലാത്തതും പുരോഗതി കൈവരിക്കാത്തതുമാണെന്ന വീക്ഷണം
(2) വിഷാദരോഗത്തിന്റെ സെറിറ്റോണിന്‍ അസന്തുലിതയാണെന്ന  സിദ്ധാന്തം വ്യാജമാണ്
3) മനോരോഗ നിര്‍ണയത്തിന്റെ പ്രമാണമായി കരുതപ്പെടുന്ന ഡിഎസ്എം അഥവാ diagnostic and statistical manual of mental diosrders  ശാസ്ത്രീയ പിന്‍ബലമില്ലാത്തതാണ്.  

പക്ഷേ, ഇപ്പോള്‍ അത്തരം വിവരങ്ങള്‍ വ്യവസ്ഥാപിത മനഃശാസ്ത്ര സ്ഥാപനങ്ങള്‍ തന്നെ പ്രതിപാദിക്കുകയും മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്ന വീക്ഷണങ്ങള്‍ ഇപ്പോഴുമുണ്ട്. വ്യവസ്ഥാപിത മനഃശാസ്ത്രത്തിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നുവെന്നു മാത്രമല്ല, വലിയ ഔഷധനിര്‍മ്മാണ കമ്പനികള്‍ക്ക് സാമ്പത്തിക ഭീഷണിയായി മാറുകയും അതുവഴി പരസ്യവരുമാനത്തെ ആശ്രയിക്കുന്ന മുഖ്യധാര മാധ്യമങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ് അത്തരം വിമര്‍ശനങ്ങള്‍.  

വൈകാരിക പീഢകള്‍ക്കും പെരുമാറ്റ വ്യതിയാനങ്ങള്‍ക്കുമുള്ള കാരണം  മധ്യകാലഘട്ടത്തില്‍ നിലനിന്നിരുന്ന 'വ്യക്തി വൈകല്യ' മാണെന്ന തരത്തിലുള്ള വിശദീകണങ്ങളെ തള്ളിക്കളയുന്ന, തല്‍സ്ഥിതി സംരക്ഷണ സമീപനങ്ങളെ വെല്ലുവിളിക്കുന്ന വിശദീകരണങ്ങള്‍ ഭരണവര്‍ഗ്ഗത്തിന് ഭീഷണിയാണ്. അതുകൊണ്ടുതന്നെ ആ ദിശയിലുള്ള വീക്ഷണങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും നിഷിദ്ധമായി തുടരുന്നു.


Representational Image: Wiki Commons

മനോരോഗ ചികിത്സയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായി ചെയ്തിരുന്ന സംഗതികള്‍ പലതും  ഫലവത്തല്ലെന്ന യാഥാര്‍ത്ഥ്യം മുഖ്യധാരയിലുള്ള വിദഗ്ധര്‍ തന്നെ സമ്മതിക്കുന്നു. ആത്മഹത്യകളുടെയും, മറ്റുള്ള ശാരീരിക ക്ഷതങ്ങളുടെയും  എണ്ണവും മരണസ്ഥിതിവിവരക്കണക്കുകളും വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന അതാണെന്ന് അമേരിക്കയിലെ  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ (എന്‍ഐഎച്ച്എം) 2002-2015 കാലഘട്ടത്തില്‍ ഡയറക്ടറായിരുന്ന തോമസ് ഇന്‍സെല്‍  തുറന്നുസമ്മതിച്ചു. 'മാനസിക വ്യതിയാനങ്ങളുടെ ന്യൂറോസയന്‍സും ജനിതകശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി 13 വര്‍ഷങ്ങള്‍ എന്‍ഐഎച്ച്എമ്മില്‍ കഠിനാദ്ധ്വാനം ചെയ്തതിന് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ --- ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ വലിയ ചെലവില്‍ -- മികച്ച ശാസ്ത്രജ്ഞരുടെ മികച്ച പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആത്മഹത്യകളും രോഗികളുടെ ആശുപത്രിവാസവും കുറയ്ക്കുന്നതിലും മാനസിക വ്യതിയാനങ്ങളുള്ള ശതലക്ഷക്കണക്കിനാളുകളുടെ രോഗമുക്തി മെച്ചപ്പെടുത്തുന്നതിലും ഒരു ചുവട് പോലും മുന്നേറാന്‍ സാധിച്ചതായി എനിക്ക് തോന്നുന്നില്ല,' എന്ന് 2017ല്‍ ഒരു സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഇരുപത് വര്‍ഷം മനോരോഗ ചികിത്സാ മേഖല കൈകാര്യം ചെയ്ത ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ ബെനഡിക്ട് കാരേയുടെ കണ്ടെത്തല്‍ ഇങ്ങനെയാണ്: 'സ്ഥായിയായ മാനസിക വൈഷമ്യങ്ങളുമായി ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍,' മനോരോഗ ചികിത്സയ്ക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. 'സേവന പ്രാപ്യത ഗണനീയമാംവിധം വിശാലമായെങ്കിലും, നമ്മുടെ പൊതു മാനസികാരോഗ്യത്തിനായി സ്വീകരിക്കപ്പെട്ടിട്ടുള്ള മിക്കവാറും എല്ലാ നടപടികളും- ആത്മഹത്യ നിരക്ക്, ഉത്കണ്ഠ, വിഷാദം, അഡിക്ഷന്‍ മരണങ്ങള്‍, മനോരോഗ മരുന്ന് ഉപയോഗം- തെറ്റായ ദിശയിലേക്കാണ് പോയത്.'

മനോരോഗ ചികിത്സ ഒരു പുരോഗതിയും കൈവരിക്കുന്നില്ലെന്ന അഭിപ്രായം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവ്രവാദമായി കണക്കാക്കിയിരുന്നെങ്കില്‍, ചികിത്സ വര്‍ദ്ധിച്ചിട്ടും, നമ്മുടെ പൊതു മാനസികാരോഗ്യം 'തെറ്റായ ദിശയിലാണ്' പോയതെന്ന വീക്ഷണം ഇപ്പോള്‍ നിഷിദ്ധമല്ലാതായി. ആ തിരിച്ചറിവിന്റെ ചില നാഴികക്കല്ലുകള്‍ പരിശോധിക്കാം.

വിഷാദത്തെ സംബന്ധിച്ച സെറിറ്റോണിയന്‍ അസന്തുലിത സിദ്ധാന്തം

'സെറിറ്റോണിന്റെ കുറഞ്ഞ അളവല്ല വിഷാദരോഗത്തിന് കാരണമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു,' എന്ന് 2022-ല്‍ പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. മോളിക്കുലര്‍ സൈക്യാട്രി എന്ന ജേര്‍ണലില്‍ 2022 ജൂലൈയില്‍ പ്രസിദ്ധീകരിച്ച, 'ദ സെറിറ്റോണ്‍ തിയറി ഓഫ് ഡിപ്രഷന്‍: എ സിസ്റ്റമാറ്റിക് അംബറല റിവ്യൂ ഓഫ് ദ എവിഡന്‍സ്' (വിഷാദത്തിന്റെ സെറിറ്റോണ്‍ സിദ്ധാന്തം: തെളിവുകളുടെ വ്യവസ്ഥാപിത സമന്വയ പരിശോധന) എന്ന ഗവേഷണ പരിശോധന പ്രബന്ധമാണ് മുഖ്യധാര മാധ്യമങ്ങളുടെ വ്യാപകശ്രദ്ധ ആകര്‍ഷിച്ചത്. ക്രിട്ടിക്കല്‍ സൈക്യാട്രി നെറ്റ്വര്‍ക്ക് സഹാദ്ധ്യക്ഷ ജൊവാന മാന്‍ക്രീഫും അവരുടെ സഹ ഗവേഷകരും നടത്തിയ ഈ പഠനത്തില്‍, വിഷാദവും സെറിറ്റോണിനും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള നൂറു കണക്കിന് പഠനങ്ങള്‍ പരിശോധിക്കുകയും സെറിറ്റോണിന്റെ താഴ്ന്ന അളവും വിഷാദവും തമ്മില്‍ ബന്ധപ്പെടുത്തുന്നതിനുള്ള ഒരു തെളിവുമില്ലെന്ന അന്തിമ നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തു. 'ശാസ്ത്രീയ അടിത്തറയുള്ള ഒന്നല്ല വിഷാദത്തിന്റെ സെറിറ്റോണിയന്‍ സിദ്ധാന്തം എന്ന് അംഗീകരിക്കേണ്ട സമയമായി എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്,' എന്നായിരുന്നു അവരുടെ നിഗമനം.  എന്നാല്‍, ഈ കണ്ടെത്തലുകളെ പറ്റി അര്‍ത്ഥവത്തായ   സംവാദങ്ങള്‍ക്ക് പകരം, മാന്‍ക്രീഫിന്റെ കണ്ടെത്തലുകള്‍ക്ക് വാര്‍ത്താപ്രാധാന്യമില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രമുഖ സ്ഥാപനവല്‍കൃത മനോരോഗ വിദഗ്ധരെല്ലാം തന്നെ ശ്രമിച്ചത്.


Representational Image: Wiki Commons

ഡിഎസ്എം നിരര്‍ത്ഥകമാണ്

മനോരോഗ ചികിത്സയുടെ പ്രാമാണിക മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ഡിഎസ്എം, നിരര്‍ത്ഥകമാണെന്ന് സ്ഥാപനവല്‍കൃത മനോരോഗ മേഖലയിലെ പ്രമുഖരും ഇപ്പോള്‍ സമ്മതിക്കുന്നു. ഡിഎസ്എമ്മിന്റെ രോഗനിര്‍ണയ മാനദണ്ഡങ്ങളില്‍ 'നിന്നും അകന്നുമാറിക്കൊണ്ട് തങ്ങളുടെ ഗവേഷണങ്ങളെ എന്‍ഐഎച്ച്എം പുനഃക്രമീകരിക്കുകയാണെന്ന്' 2013-ല്‍ എന്‍ഐഎച്ച്എം ഡയറക്ടറായിരിക്കെ തോമസ് ഇന്‍സെല്‍ പറഞ്ഞു. 'ഡിഎസ്എം ഒരു പൊതുഭാഷ സൃഷ്ടിച്ചെങ്കിലും, പ്രസ്തുത ഭാഷ ശാസ്ത്രം സാധൂകരിച്ചിട്ടില്ലെന്നും,' 2022ല്‍ 'ഹീലിംഗ്' എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ഒരു രോഗിയുടെ രോഗനിര്‍ണയത്തില്‍ തന്നെ വ്യത്യസ്ത ചികിത്സകര്‍ വ്യത്യസ്തമായ വിലയിരുത്തലുകള്‍ നടത്തുന്നതിനാല്‍, ഡിഎസ്എം രോഗനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളുടെ സാധുതയെ അലന്‍ ഫ്രാന്‍സെസ് ചോദ്യം ചെയ്തിരുന്നു. 1994-ലെ ഡിഎസ്എം-IV ദൗത്യസേനയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം.

മനോരോഗ ചികിത്സ വിമര്‍ശനത്തിന്റെ കാതല്‍

വ്യവസ്ഥാപിത മനോരോഗ ചികിത്സയുടെ അടിസ്ഥാന മാതൃകകളെ ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴും നിഷിദ്ധമായി നിലനില്‍ക്കുന്നു. വൈകാരിക പീഢകളും പെരുമാറ്റ വ്യതിയാനങ്ങളും ശരീരത്തിലെ രാസ-ഭൗതിക ക്രമഭംഗങ്ങളുടെ ഫലമായി ഉണ്ടാവുന്ന രോഗമായി മാത്രം കണക്കാക്കപ്പെടുന്ന സമീപനം ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുക? ഈ ചോദ്യം ഇപ്പോഴും നിഷിദ്ധമായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ, മനോരോഗ ചികിത്സയുടെ മര്‍മപ്രധാന മാതൃകയായ 'വൈദ്യശാസ്ത്ര മാതൃക' എന്ന് വിളിക്കപ്പെടുന്ന സമീപനത്തെ വെല്ലുവിളിക്കുന്ന ഗവേഷണം സംബന്ധിച്ച വാര്‍ത്തകള്‍ അപൂര്‍വമായി മാത്രമേ മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളു. മനോരോഗ ചികിത്സയുടെ വൈദ്യശാസ്ത്ര മാതൃകയില്‍, മാനസിക രോഗാവസ്ഥയും അതിന്റെ ലക്ഷണങ്ങളും അമേരിക്കന്‍ സൈക്യാട്രി അസോസിയേഷന്‍ (എപിഎ) ക്രമപ്പെടുത്തുകയും, അത് എപിഎ പ്രസിദ്ധീകരിച്ച ഡിസിഎമ്മില്‍ പട്ടികയാക്കുകയും ചെയ്തിട്ടുണ്ട്.

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോഡര്‍ (എഎച്ച്ഡിഎച്ച്- ശ്രദ്ധയുടെ അഭാവം മൂലമുണ്ടാകുന്ന അമിത പ്രസരിപ്പ് ക്രമഭംഗം), സ്‌കിസോഫ്രീനിയ മുതലായ മാനസിക വ്യതിയാനങ്ങളെ
-- ഗോണോറിയ അല്ലെങ്കില്‍ കാന്‍സര്‍ -- പോലെയുള്ള രോഗങ്ങളായി ഡിസിഎം വീക്ഷിക്കുന്നു.  മാനസിക വ്യതിയാനങ്ങള്‍ക്ക് പൊതുവെ ശാരീരികമായ കാരണങ്ങള്‍ -- രാസ അസന്തുലനം അല്ലെങ്കില്‍ തലച്ചോറും ജനിതക വൈകല്യങ്ങളുമായി ബന്ധപ്പെട്ട സിദ്ധാന്തം --- കണ്ടെത്തുന്ന വൈദ്യശാസ്ത്ര മാതൃക  സാമൂഹ്യപരമായ ഘടകങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്നു. മറ്റുള്ള രോഗങ്ങളുടെ കാര്യത്തിലും അതാണ് സ്ഥിതി.


Representational Image: Wiki Commons

വൈകാരിക പീഢകളും അല്ലെങ്കില്‍ പെരുമാറ്റ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട വൈദ്യ ശാസ്‌ത്രേതരമായ ബന്ധപ്പെട്ട മറ്റ് മാതൃകകള്‍ മേല്‍പ്പറഞ്ഞ സമീപനം പുലര്‍ത്തുന്നില്ല. ഉദാഹരണത്തിന്, ഒരു കുട്ടി ശ്രദ്ധിക്കാതിരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നതിന് ആരോഗ്യശാസ്ത്ര രോഗവുമായി  ബന്ധമില്ലാത്ത നിരവധി കാരണങ്ങളുണ്ടാകുമെന്ന് വൈദ്യശാസ്ത്രേതര മാതൃകകള്‍ ചൂണ്ടിക്കാണിക്കുന്നു; ഒരു വ്യക്തി ശബ്ദങ്ങള്‍ കേള്‍ക്കുകയും ഭ്രമാത്മക വിശ്വാസങ്ങള്‍ പിന്തുടരുകയും ചെയ്യുന്നതിന് തലച്ചോറിന്റെ ന്യൂനതകളുമായി ഒരു ബന്ധവുമില്ലാത്ത നിരവധി കാരണങ്ങളുണ്ടാകാമെന്നും വൈദ്യശാസ്ത്രേതര മാതൃകകള്‍ ചൂണ്ടിക്കാണിക്കുന്നു. മനോരോഗ ചികിത്സയുടെ വൈദ്യശാസ്ത്ര മാതൃകയുടെ നാഢീജൈവീക സാധുതയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന ഗവേഷണം പരിശോധിക്കുന്നതിന് മുമ്പ്, ആരോഗ്യശാസ്ത്ര മാതൃക ഏറിയോ കുറഞ്ഞോ കളങ്കം സൃഷ്ടിക്കുമോ എന്ന് പരിശോധിക്കുന്ന പ്രായോഗിക ഗവേഷണം ആദ്യം നോക്കാം.

മനോരോഗ ചികിത്സയുടെ വൈദ്യശാസ്ത്ര മാതൃക കളങ്കം സൃഷ്ടിച്ചിട്ടുണ്ടോ?

മനോരോഗ വിദഗ്ധന്‍ ജോണ്‍ റീഡിന്റെ നേതൃത്വത്തിലുള്ള സംഘം എഴുതിയ, 'പ്രിജുഡിസ് ആന്റ് സ്‌കിസോഫ്രീനിയ: എ റിവ്യൂ ഓഫ് ദ 'മെന്റല്‍ ഇല്‍നെസ് ഈ ആന്‍ ഇല്‍നെസ് ലൈക്ക് എനി അഥര്‍ അപ്പ്രോച്ച്,' (മുന്‍വിധിയും സ്‌കിസോഫ്രീനിയയും: 'മനോരോഗം മറ്റേതൊരു രോഗവും പോലെ,' സമീപനത്തിന്റെ അവലോകനം) എന്ന പ്രബന്ധം 2006ല്‍  പ്രസിദ്ധീകരിച്ചു. വൈദ്യശാസ്ത്രേതരമായി 'പ്രതിസന്ധിയിലാണ്' എന്ന് പറയുന്നതിന് പകരം, 'സ്‌കിസോഫ്രീനിയ' പോലുള്ള വൈദ്യശാസ്ത്ര രോഗങ്ങളുള്ള ഒരാളെ അങ്ങനെ മുദ്രകുത്തുന്നത് ഏറിയോ കുറഞ്ഞോ നിഷേധ സമീപനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നറിയുന്നതിനായി ആ അവലോകനം നിരവധി പഠനങ്ങള്‍ പരിശോധിച്ചു. പെരുമാറ്റങ്ങളെ 'സ്‌കിസോഫ്രീനിയ' എന്ന് മുദ്രകുത്തുകവഴി ജൈവീക കാരണങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കുമെന്നും രോഗം ഭേദമാകുന്നതിനുള്ള സാധ്യതയെക്കുറിച്ച് അശുഭകരമായ കാഴ്ചപ്പാട് സൃഷ്ടിക്കുമെന്നും ഈ പഠനങ്ങള്‍ നിരീക്ഷിക്കുന്നു. കൂടാതെ, ഒരു വ്യക്തിക്ക് ഗുരുതര മാനസിക വ്യതിയാനമായ സ്‌കിസോഫ്രീനിയ ഉണ്ടെന്ന് മുദ്രകുത്തപ്പെട്ടാല്‍, പ്രസ്തുത വ്യക്തിയില്‍ നിന്നും കൂടുതലായി അകലം പാലിക്കാന്‍ സമൂഹം ശ്രദ്ധിക്കും; മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വൈദ്യശാസ്ത്രവല്‍ക്കരണം കൂടുതല്‍ കളങ്കം സൃഷ്ടിക്കും.

പഠനങ്ങള്‍ പരിശോധിച്ചപ്പോള്‍, നിഷേധ സമീപനങ്ങളുമായി വ്യക്തമായി ബന്ധപ്പെട്ടതാണ് ജൈവീക- ജനിതക രോഗകാരണ വിശ്വാസങ്ങളെന്ന് റീഡ് കണ്ടെത്തി. രോഗികളിലും, ആരോഗ്യരക്ഷാ പ്രവര്‍ത്തകരിലും പൊതുജനങ്ങളിലും അത് പ്രകടമാണ്. ഭയത്തോടും സാമൂഹിക അകലം പാലിക്കാനുള്ള ആഗ്രഹത്തോടുമുള്ള അവബോധങ്ങളുമായി ബന്ധപ്പെട്ടതാണ് ജൈവ-ജനിതക വിശ്വാസങ്ങള്‍.


Representational Image: Wiki Commons

അതുപോലെ തന്നെ, 'മിത്ത്: റീഫ്രയ്മിംഗ് മെന്റല്‍ ഇല്‍നെസ് ആസ് എ 'ബ്രെയ്ന്‍ ഡിസീസ്' റെഡ്യൂസസ് സ്റ്റിഗ്മ,' (കെട്ടുകഥ: മാനസിക രോഗത്തെ ഒരു 'മസ്തിഷ്‌ക രോഗമായി,' പുനര്‍നിര്‍മ്മിക്കുന്നത് കളങ്കം കുറയ്ക്കും) എന്ന പ്രബന്ധത്തില്‍ കാനേഡിയന്‍ ഹെല്‍ത്ത് സര്‍വീസസ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ (സിഎച്ച്എസ്ആര്‍എഫ്) 2012ല്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: 'നല്ല ഉദ്ദേശങ്ങള്‍ക്ക് ഉപരിയായി, മാനസിക രോഗങ്ങളുടെ ജൈവീക സ്വഭാവത്തില്‍ ഊന്നിയുള്ള കളങ്കവിരുദ്ധ പ്രചാരങ്ങള്‍ ഫലപ്രദമായില്ല എന്ന് മാത്രമല്ല, പലപ്പോഴും പ്രശ്നം കൂടുതല്‍ വഷളാക്കുകയും ചെയ്തു.' 'മാനസിക രോഗങ്ങളുള്ള വ്യക്തികള്‍ അടിസ്ഥാനപരമായി വ്യത്യസ്തരാണ് എന്ന് നിര്‍വചിച്ചുകൊണ്ട്  'നമ്മള്‍ക്കെതിരെ അവര്‍,' എന്ന സമീപനം മനസ്സില്‍ പതിപ്പിക്കുന്നതിന് ജൈവീക വിശദീകരണങ്ങള്‍ കാരണമായേക്കാം,' എന്ന് സിഎച്ച്എസ്ആര്‍എഫ് ഉപസംഹരിക്കുന്നു.

മസ്തിഷ്‌ക സ്‌കാനുകളും ജനിതക ഗവേഷണവും മസ്തിഷ്‌ക രോഗം നിര്‍ണയിച്ചിട്ടില്ലേ?

ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നാഡീരോഗ ശാസ്ത്രജ്ഞനായി കരുതപ്പെടുന്ന റയ്മണ്ട് ഡോളന്‍, സഹരചന നിര്‍വഹിച്ച, 'ഫംഗ്ഷണല്‍ ന്യൂറോഇമേജിംഗ് ഇന്‍ സൈക്യാട്രി ആന്റ് കേസ് ഫോര്‍ ഫെയ്ലിംഗ് ബെറ്റര്‍,' എന്ന പ്രബന്ധം 2022-ല്‍ ന്യൂറോണ്‍ പ്രസിദ്ധീകരിച്ചു. അത് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: 'മൂന്ന് ദശാബ്ദം നീണ്ട തീവ്ര നാഡീപകര്‍പ്പെടുക്കല്‍ ഗവേഷണത്തിന് ശേഷവും, മനോരോഗ സാഹചര്യത്തിനുള്ള നാഡീജൈവീക തെളിവ് നമുക്കിപ്പോഴും അന്യമാണ്.' കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ച 16,000 ന്യൂറോഇമേജിംഗ് ലേഖനങ്ങള്‍ പരിശോധിച്ച ഡോളനും സഹരചയിതാക്കളും ഇങ്ങനെ പറയുന്നു: 'മനോരോഗ ചികിത്സയുടെ അജ്ഞതയാണ് അതിന്റെ ഏറ്റവും അടിസ്ഥാന സ്വഭാവസവിശേഷതയെന്ന് ഒരു വിമര്‍ശനം വന്നാല്‍ അതിനെ നിഷേധിക്കുക ബുദ്ധിമുട്ടാണ്..... 30 വര്‍ഷങ്ങള്‍നീണ്ട തീവ്ര ഗവേഷണങ്ങള്‍ക്കും ഗണനീയമായ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും ശേഷവും ഏതെങ്കിലും ഒരു മാനസിക ക്രമഭംഗത്തിന് ഒരു നാഡീജൈവീക വിശദീകരണം (അതായത് സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള വിശദീകരണം) നല്‍കാന്‍ അല്ലെങ്കില്‍ ചികിത്സാ ഉപയുക്തതയ്ക്കായി പകര്‍പ്പടിസ്ഥാനത്തിലുള്ള ഒരു വിശ്വസനീയ ജൈവമുദ്ര (biomarker) നല്‍കാന്‍ ഈ സംരംഭത്തിന് സാധിച്ചിട്ടില്ലെന്ന് മനോരോഗ ന്യൂറോ ഇമേജിംഗ് സാഹിത്യത്തെക്കുറിച്ച് പക്ഷാപാതരഹിതമായി ചിന്തിക്കുന്നവര്‍ക്ക് വിലയിരുത്തേണ്ടി വരും.'

'ഗുരുതര മാനസിക രോഗങ്ങളുടെ' ജനിതക പാരസ്പര്യത്തെ കുറിച്ചുള്ള വിശദീകരണം

സ്‌കിസോഫ്രീനിയ പ്രവചിക്കാന്‍ സഹായിക്കുന്ന ഒരു ജനിതക രൂപാന്തരങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് 2020ല്‍ സ്‌കിസോഫ്രീനിയ ബുള്ളറ്റിനില്‍ വന്ന ഒരു പഠനം പറയുന്നത്; സ്‌കിസോഫ്രീനിയ രോഗം നിര്‍ണയിച്ച വ്യക്തികളും അത്തരത്തിലുള്ള രോഗനിര്‍ണയം നടത്താത്ത വ്യക്തികളും തമ്മില്‍ ഗണനീയമായ ജനിതക വ്യതിയാനങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുപോലെ തന്നെ, മനോനില ക്രമഭംഗങ്ങള്‍ പരിശോധിക്കുമ്പോള്‍, 'മനോനില ക്രമഭംഗം വികസിപ്പിക്കുന്നതിനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ജീനുകളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്നും,' ഒരൊറ്റ ജീനോ അല്ലെങ്കില്‍ ജീന്‍ ഗണമോ ഗണ്യമായ ഫലങ്ങള്‍ നല്‍കിയിട്ടില്ലെന്നും  കണക്കുകള്‍ തെളിയിക്കുന്നു,' ഒരു പഠനം വെളിപ്പെടുത്തുന്നു. ജേര്‍ണല്‍ ഓഫ് അഫക്ടീവ് ഡിസോര്‍ഡേഴ്സ്  -- 5,872 രോഗികളെയും 43,862 പേരെ നിയന്ത്രണത്തില്‍ നിറുത്തിയും 22,028 ജീനുകള്‍ പരിശോധിച്ചും നടത്തിയ പഠനം -- 2021ല്‍ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും മനോരോഗ സാഹചര്യത്തിന്, നാഢീ-രാസ-ജൈവീക-ജനിതക തെളിവുകളൊന്നും ഇതുവരെ ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോഴും, വൈകാരിക പീഢയെയും പെരുമാറ്റ വ്യതിയാനങ്ങളെയും കുറിച്ചുള്ള മസ്തിഷ്‌കരോഗ ആശയങ്ങളെയും മനോരോഗ ചികിത്സയുടെ ആരോഗ്യശാസ്ത്ര മാതൃകയെയും കുറിച്ചുള്ള സംശയകരമായ ചോദ്യങ്ങള്‍ ഇപ്പോഴും നിഷിദ്ധമായി തുടരുന്നു.


Representational Image: Wiki Commons

മനോരോഗ ചികിത്സ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായിട്ടില്ലേ?

മൂവായിരം വര്‍ഷങ്ങളായി, ഭ്രാന്ത് അല്ലെങ്കില്‍ ബുദ്ധിഭ്രമം എന്ന് രോഗനിര്‍ണയം നടത്തുന്ന വ്യക്തികളെ ചോരവാര്‍ക്കുന്ന ചികിത്സകള്‍ക്ക് വിധേയരാക്കിയിരിക്കുന്നു. അവരില്‍ ഭൂരിഭാഗവും അവരുടെ ഡോക്ടര്‍മാരും രോഗാവസ്ഥയില്‍ മെച്ചമുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ആധുനിക ശാസ്ത്ര കാലത്ത്, ഏത് ചികിത്സയെ തുടര്‍ന്നും തല്‍സ്ഥിതിയില്‍ മെച്ചപ്പെടലുകള്‍ ഉണ്ടാവാമെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആ മെച്ചപ്പെടലുകള്‍ വെറും പ്രതീക്ഷയുടെയും (പ്ലാസേബോ പ്രഭാവം- രോഗിയുടെ തൃപ്തിക്ക് വേണ്ടി മാത്രം നല്‍കുന്ന ഔഷധം) കാലം കടന്നുപോകുന്നതിന്റെയും ഫലമായി ഉണ്ടാകുന്നതാണോ അതോ ആ നിശ്ചിത ചികിത്സയ്ക്ക് എന്തെങ്കിലും ഗണ്യമായ പ്രഭാവം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വരുത്താന്‍ ഗവേഷകര്‍ ശ്രമിക്കുകയാണ്.

വിഷാദരോഗത്തിന് ഫലപ്രദം എന്ന് കരുതപ്പെടുന്ന ഔഷധച്ചെടിയായ അവരം കോല (St. John's wort) നല്‍കുന്നത് പ്ലാസേബോ പ്രഭാവത്തെക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുമോ എന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു പഠനം 2022 ഏപ്രിലില്‍, ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ജെഎഎംഎ) പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുത്ത വ്യക്തികളില്‍ നിയന്ത്രിതമായി നടത്തിയ പരീക്ഷണത്തില്‍ (ആര്‍സിടി- randomized controlled trial), ഒരു വിഭാഗത്തിന് അവരം കോലയും രണ്ടാമത്തെ വിഭാഗത്തിന് പ്ലാസെബോയും മൂന്നാമത്തെ വിഭാഗത്തിന് എസ്എസ്ആര്‍ഐ സോലോഫ്റ്റും നല്‍കി. ഫലങ്ങള്‍ എന്തായിരുന്നു? അവരം കോലയെക്കാളും എസ്എസ്ആര്‍ഐ സോലോഫ്റ്റിനെക്കാളും നല്ല ഫലങ്ങള്‍ പ്ലാസെബോ ഉണ്ടാക്കി. പ്രത്യേകിച്ചും, സ്പഷ്ടമായ 'പൂര്‍ണ പ്രതികരണം' പ്ലാസെബോ ചികിത്സ നടത്തിയ വിഭാഗത്തിലെ 32 ശതമാനം പേര്‍ക്കുണ്ടായപ്പോള്‍, സോലോഫ്റ്റ് ചികിത്സ നടത്തിയ രോഗികളില്‍ അത് 25 ശതമാനവും അവരം കോല നല്‍കിയ രോഗികളില്‍ അത് 24 ശതമാനവുമായിരുന്നു. അവരം കോലയെയും സോലോഫ്റ്റിനെയും അപേക്ഷിച്ച് കൂടുതല്‍ ഫലസിദ്ധി പ്ലാസെബോയ്ക്കാണെന്ന് തെളിയിക്കുന്ന പഠനത്തില്‍ സോലോഫ്റ്റ് പരാമര്‍ശിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഫൈസര്‍ ആണ് സോലോഫ്റ്റിന്റെ നിര്‍മാതാക്കള്‍. ഈ പഠനത്തിന്റെ മുഖ്യരചയിതാവായ മനോരോഗ വിദഗ്ധന്‍ ജോനാഥന്‍ ആര്‍ടി ഡേവിഡ്സണിന്റെ സാമ്പത്തിക വെളിപ്പെടുത്തല്‍ ഇങ്ങനെ പറയുന്നു: 'ഡോ ഡേവിഡ്സണിന് ഫൈസറിന്റെ (സോലോഫ്റ്റ് നിര്‍മ്മാതാക്കള്‍) ഓഹരിയുണ്ട്.... ഫൈസറില്‍ നിന്നും വക്താവിനുള്ള വേതനം അദ്ദേഹം കൈപ്പറ്റുന്നുണ്ട്.'

സോലോഫ്റ്റും മറ്റ് വിഷാദരോഗ മരുന്നുകളും പ്ലാസെബോയെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് എന്ന് തെളിയിക്കുന്ന ആര്‍സിടി പഠനങ്ങളില്ലേ?

പ്ലാസെബോ പ്രഭാവത്തെക്കുറിച്ച് പഠിക്കുന്നതില്‍ പ്രമുഖനാണ് മനോരോഗ വിദഗ്ധനായ ഇര്‍വിംഗ് കിര്‍ഷ്. 2002ല്‍, വിവിധവും വ്യത്യസ്തവുമായ വിഷാദരോഗ ഔഷധങ്ങളെക്കുറിച്ചുള്ള നാല്‍പ്പത്തിയേഴ് മരുന്നു കമ്പനി പഠനങ്ങള്‍ കിര്‍ഷ് പരിശോധിച്ചു. അവയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതുമായ പരീക്ഷണങ്ങളുണ്ടെങ്കിലും അവയെല്ലാം ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ് ഡി എ) മുമ്പാകെ സമര്‍പ്പിക്കപ്പെട്ടതായതിനാല്‍, വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിവരസ്വാതന്ത്ര്യ നിയമം (Freedom of Information Act) ഉപയോഗിച്ചു. മിക്ക പരീക്ഷണങ്ങളിലും വിഷാദരോഗ മരുന്നുകള്‍ പ്ലാസെബോയെ അതിശയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കണ്ടെത്തി. 'വിഷാദരോഗ മരുന്നുകള്‍ക്കൊന്നും, എസ്എസ്ആര്‍ഐകള്‍ -- ഉള്‍പ്പെടെയുള്ളവയ്ക്ക്....പ്ലാസെബോയെക്കാള്‍ ചികിത്സാപരമായി ഗണ്യമായ ഒരു ഗുണവുമില്ല.' എന്നാല്‍ മൊത്തത്തിലെടുക്കുമ്പോള്‍, പ്ലാസെബോകളെക്കാള്‍  ചെറിയ അളവില്‍ വിഷാദരോഗ മരുന്നുകള്‍ക്ക് മേല്‍ക്കൈയുണ്ടെങ്കിലും, അത് ശ്രദ്ധേയമല്ലാത്തതിനാല്‍, 'ചികിത്സാപരമായി അവഗണിക്കത്തക്കതാണ്,' എന്നാണ് കിര്‍ഷും മറ്റുള്ളവരും വിശേഷിപ്പിക്കുന്നത്.


Representational Image: Wiki Commons

വിഷാദരോഗ മരുന്നുകളുടെ ദീര്‍ഘകാല പരിണിതഫലം ഇതിലും ഹാനികരമാണ്. എഫ്ഡിഎ അംഗീകാരം ലഭിക്കുന്നതിന് മരുന്നു കമ്പനികള്‍ ദീര്‍ഘകാല പരിണിതഫല പഠനങ്ങള്‍ നടത്തേണ്ടതില്ല; എഫ്ഡിഎയുടെ; 'മേജര്‍ ഡിപ്രസീവ് ഡിസോഡര്‍: ഡവലപ്പിംഗ് ഡ്രഗ്സ് ഫോര്‍ ട്രീറ്റ്മെന്റ് ഗൈഡന്‍സ് ഫോര്‍ ഇന്‍ഡസ്ട്രി' (തീവ്ര വിഷാദ ക്രമഭംഗം: വ്യവസായത്തിനുള്ള ചികിത്സ മാര്‍ഗനിര്‍ദേശവും മരുന്നുകള്‍ വികസിപ്പിക്കലും)  ഇങ്ങനെ പറയുന്നു: 'അംഗീകൃത വിഭാഗങ്ങളില്‍ (ഉദാഹരണത്തിന് എസ്എസ്ആര്‍ഐകള്‍, എസ്എന്‍ആര്‍ഐകള്‍) ഉള്‍പ്പെടുന്ന വിഷാദരോഗ മരുന്നുകളുടെ ഫലപ്രാപ്തി തെളിയിക്കുന്നതിന് ആറ് മുതല്‍ എട്ട് ആഴ്ച വരെ ദൈര്‍ഘ്യമുള്ള പഠനങ്ങള്‍ ആവശ്യമാണ്.' അതുകൊണ്ടുതന്നെ, വിഷാദരോഗ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം, വിഷാദം കൂട്ടുകയാണ്, അല്ലാതെ കുറയ്ക്കുകയല്ല ചെയ്യുന്നത് എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരം ലഭിക്കുന്നില്ല. 2017ല്‍, സൈക്കോതെറാപ്പി ആന്റ് സൊമാറ്റിക്സില്‍ പ്രസിദ്ധീകരിച്ച, 'പൂവറര്‍ ലോംഗ്-ടേം ഔട്ട്കംസ് എമംഗ് പേഴ്സണ്‍സ് വിത്ത് മേജര്‍ ഡിപ്രസീവ് ഡിസോഡര്‍ ട്രീറ്റഡ് വിത്ത് മെഡിക്കേഷന്‍,' (ഔഷധസേവയിലൂടെ ചികിത്സിച്ച തീവ്ര വിഷാദ ക്രമഭംഗമുള്ള വ്യക്തികളിലെ മോശം ദീര്‍ഘകാല പരിണിതഫലം,' എന്ന പഠനം പറയുന്നത്, 3,294 വ്യക്തികളില്‍ ഒമ്പത് വര്‍ഷം നടത്തിയ പരീക്ഷണങ്ങള്‍ കാണിക്കുന്നത്, വിഷാദരോഗ മരുന്നുകള്‍ക്ക്, പെട്ടെന്നുള്ള ഹ്രസ്വകാല നേട്ടങ്ങള്‍ ചില ആളുകള്‍ക്കുണ്ടാകുന്നുണ്ടെങ്കിലും, ഒമ്പത് വര്‍ഷത്തെ തുടര്‍ പരിശോധനകളില്‍ ഔഷധസേവ നടത്തിയ രോഗികളില്‍ അത് ഉപയോഗിക്കാത്തവരെക്കാള്‍ തീവ്രമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെന്നാണ്.

സ്‌കിസോഫ്രീനിയ രോഗം നിര്‍ണയിക്കപ്പെട്ട വ്യക്തികളില്‍ മരുന്നുകള്‍ എത്രത്തോളം ഫലപ്രദമായിരിക്കും

എഐഎംഎച്ചിന്റെ ധനസഹായത്തോടെ നടന്ന ഒരു പഠനത്തില്‍, സ്‌കിസോഫ്രീനിയ രോഗം നിര്‍ണയിക്കപ്പെട്ട രോഗികളുടെ ദീര്‍ഘകാല പരിണിതഫലങ്ങളെ മാര്‍ട്ടിന്റെ ഹാരോയും തോമസ് ജോബും പിന്തുടര്‍ന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, മാനസികരോഗ മരുന്നുകള്‍ സ്വീകരിക്കുന്നത് നിറുത്തിയ രോഗികളില്‍ 40 ശതമാനം പേര്‍ രോഗമുക്തിയുടെ സൂചനകള്‍ കാണിച്ചതായി 2007ല്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു; ഔഷധസേവ തുടരുന്നവരില്‍ ഇത് വെറും അഞ്ച് ശതമാനം മാത്രമായിരുന്നു. ഹാരോയും ജോബും ഈ രോഗികളെ നിരീക്ഷിക്കുന്നത് തുടരുകയും, 20 വര്‍ഷത്തിനുശേഷം അവരിങ്ങനെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു: 'കടുത്ത ആശുപത്രിവാസത്തിന് വിധേയരാവുന്ന സ്‌കിസോഫ്രീനിയ രോഗികളില്‍ ഭൂരിപക്ഷത്തിന്റെയും തീവ്ര ചിത്തഭ്രമ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനോ കുറയ്ക്കാനോ മനോരോഗ മരുന്നുകള്‍ക്ക് സാധിക്കാറുണ്ടെങ്കിലും, നാല് വര്‍ഷങ്ങള്‍ക്കുശേഷം പിന്നീട് തടര്‍ച്ചയായ 20 വര്‍ഷത്തെ നിരീക്ഷണത്തില്‍, ഔഷധസേവ നിര്‍ദേശിക്കപ്പെടാത്ത സ്‌കിസോഫ്രീനിയ രോഗികളിലാണ് പ്രവര്‍ത്തനക്ഷമത കൂടുതലായി കണ്ടുവരുന്നത്... മനോരോഗ മരുന്നുകള്‍ ഉപയോഗിച്ചുള്ള ദീര്‍ഘകാല സ്‌കിസോഫ്രീനിയ രോഗചികിത്സയുടെ സാംഗത്യമാണ് രേഖീയമായ ഈ സ്ഥിതിവിവരക്കണക്കുകള്‍ ചോദ്യം ചെയ്യുന്നത്.'

മാധ്യമപ്രവര്‍ത്തകനായ റോബര്‍ട്ട് വിറ്റക്കര്‍ 2010ല്‍ 'അനാട്ടമി ഓഫ് ആന്‍ എപ്പിഡമിക്,' എന്ന പുസ്തകമെഴുതുകയും മനോരോഗ ചികിത്സാ ലോകം ഇതൊരു രേഖീയ കണ്ടെത്തല്‍ മാത്രമാണ് എന്ന് ചൂണ്ടിക്കാട്ടി അതിന് പൂര്‍ണമായും നിരാകരിക്കുകയും ചെയ്യുന്നത് വരെ, ഹോരോയുടെയും ജോബിന്റെയും കണ്ടെത്തലുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിച്ചു. എന്നാല്‍, 2013ലെ ജെഎഎംഎയുടെ 'സൈക്യാട്രി'യില്‍ ഗവേഷകന്‍ ലെക്സ് വുണ്ട്റിംഗിന്റെ റിപ്പോര്‍ട്ട്, ഇതേ പ്രശ്നത്തില്‍ ആര്‍സിടിയുടെ 'സുവര്‍ണ നിലവാരം' (gold standard) പ്രയോഗിക്കുകയും ചെയ്തു. വുണ്ട്റിംഗിന്റെ പഠനത്തില്‍, തങ്ങളുടെ ആദ്യ മാനസിക വിഭ്രാന്തിയില്‍ നിന്നും മോചനം നേടിയെന്ന് വിലയിരുത്തപ്പെട്ട രോഗികളെ ക്രമരഹിതമായി ഒന്നുകില്‍ സാധാരണ ഔഷധസേവ ചികിത്സയ്ക്ക് വിധേയരാക്കുകയോ അല്ലെങ്കില്‍ മരുന്നുകള്‍ ക്രമമായി കുറച്ചുകൊണ്ടുവരുന്ന ഒരു പരിപാടിയിലേക്ക് മാറ്റുകയോ ചെയ്തു. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം, മരുന്നുകള്‍ കുറച്ചുകൊണ്ടുവന്നവരുടെ രോഗമുക്തി നിരക്ക് 40 ശതമാനവും ഔഷധസേവ തുടര്‍ന്നവരുടേത് 18 ശതമാനവുമായിരുന്നു.


Representational Image: Wiki Commons

ആരോഗ്യശാസ്ത്ര മാതൃക വിമര്‍ശിക്കപ്പെടുന്നതെന്തുകൊണ്ട്?

മനോരോഗ ചികിത്സയുടെ മോശം ചികിത്സാഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിഷിദ്ധമല്ലെങ്കിലും അതിന്റെ കുറ്റം മനോരോഗ ചികിത്സയില്‍ ആരോപിക്കുന്നത് നിഷിദ്ധമാണ്. മനോരോഗ ചികിത്സയുടെ മോശം ചികിത്സാ ഫലങ്ങളെക്കുറിച്ച് മുന്‍ എന്‍ഐഎംഎച്ച് ഡയറക്ടര്‍ ഇന്‍സെല്‍ ആവര്‍ത്തിച്ച് കുറ്റസമ്മതങ്ങള്‍ നടത്തിയിരുന്നെങ്കിലും, 2022ല്‍ പുറത്തിറങ്ങിയ 'ഹീലിംഗ്' എന്ന തന്റെ പുസ്തകത്തില്‍ ആ പരാജയത്തിന് മനോരോഗ ചികിത്സയെ അദ്ദേഹം കുറ്റപ്പെടുത്തുന്നില്ല. 'ആര്‍ക്കാണോ ചികിത്സയുടെ നേട്ടങ്ങള്‍ ലഭിക്കേണ്ടത്, അവര്‍ക്ക് ശുശ്രൂഷ ലഭിക്കുന്നില്ല എന്നതാണ് പ്രഥമവും പ്രധാനവും,' എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. എന്നാല്‍, എക്കാലത്തേക്കാളും കൂടുതല്‍ ആളുകള്‍ ചികിത്സിക്കപ്പെടുകയും, 2021ല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് പോലെ, അനന്തരഫലങ്ങള്‍ 'തെറ്റായ ദിശയിലേക്ക്' പോവുകയും ചെയ്യുന്നു. 'വ്യക്തിഗത ചികിത്സ വിജയം കാണാറുണ്ടെങ്കിലും ഭൂരിപക്ഷം ആളുകള്‍ക്കും ആവശ്യമായ രീതിയില്‍, ഒരു സമഗ്രമായ ശുശ്രൂഷ പ്രദാനം ചെയ്യുന്നതിനായി അവയെ സംയോജിപ്പിക്കുന്നത് അപൂര്‍വമായി മാത്രമേ സംഭവിക്കുന്നുള്ളൂ,' എന്നും ഇന്‍സെല്‍ നമ്മോട് പറയുന്നു. എന്നാല്‍, ആ 'സംയോജിത ശുശ്രൂഷ' വഷളായെന്നും, ചികിത്സയുടെ എണ്ണം കൂടിയപ്പോള്‍ ഫലസിദ്ധി കൂടുതല്‍ വഷളായെന്നും, ഇന്‍സെല്‍ ഉള്‍പ്പെടെ, ആരും വാദിക്കുന്നില്ല.

ചികിത്സ അനന്തര ഫലങ്ങളിലെ പരാജയത്തെയും, വിഷാദത്തിന്റെ സെറിറ്റോണിയന്‍ അസന്തുലന സിദ്ധാന്തത്തെയും, ഡിഎസ്എം രോഗനിര്‍ണയ മാനദണ്ഡങ്ങളുടെ ദൗര്‍ബല്യങ്ങളെയും കുറിച്ച് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിഷിദ്ധമാകാത്തത് എന്തുകൊണ്ടാണ്? പുതിയ ചികിത്സകള്‍ക്കും പുതിയ സിദ്ധാന്തങ്ങള്‍ക്കും പുതിയ രോഗനിര്‍ണയ സഹായികള്‍ക്കും പൊതുജനങ്ങള്‍ സന്നദ്ധരാണ്. ഇവയൊന്നും ഭരണവര്‍ഗ്ഗങ്ങള്‍ക്കും സമൂഹത്തിന്റെ ഭരണസ്ഥാപനങ്ങള്‍ക്കും അടിസ്ഥാന ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍, വൈകാരിക പീഢയും പെരുമാറ്റ വ്യതിയാനങ്ങളും ഔഷധസേവയ്ക്ക് വിധേയമാക്കുന്നതാണോ വിധേയമാക്കാതിരിക്കുന്നതാണോ എറ്റവും നല്ല പരിചരണ മാതൃക എന്ന ചോദ്യം നിഷിദ്ധമായി തുടരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, അത്തരത്തിലുള്ള ഒരു ചോദ്യം സ്ഥാപനവല്‍കൃത മനോരോഗ ചികിത്സയ്ക്ക് അസ്തിത്വപരമായ ഭീഷണി മാത്രമല്ല, മറിച്ച് വലിയ മരുന്നു കമ്പനികള്‍ക്കും അത്തരം കമ്പനികളില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനത്തെ ആശ്രയിക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ക്കും ഭീഷണിയാണ്. മനുഷ്യരെ അന്യവല്‍കരിക്കുന്ന, ഒറ്റപ്പെടുത്തുന്ന, മനുഷ്യത്വം കെടുത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ സാമൂഹ്യ സാഹചര്യങ്ങളെ ഗൗരവമായി എടുക്കുന്ന വിശദീകരണങ്ങളെക്കാള്‍, വൈകാരിക പീഢയും പെരുമാറ്റ വ്യതിയാനങ്ങളും 'വ്യക്തിപരമായ കോട്ടങ്ങള്‍' മാത്രമായി കാണുന്ന വിശദീകരണങ്ങളാണ് ഏതൊരു ഭരണവര്‍ഗത്തിനും കൂടുതല്‍ സ്വീകാര്യം. അത്തരം സ്വീകാര്യതകളെ സ്വാഭാവികമായി  കരുതുന്ന ഭരണവര്‍ഗത്തിനുള്ള രാഷ്ട്രീയ ഭീഷണി കൂടിയാണ് വ്യക്തിപരമായ കോട്ടങ്ങളെ വെല്ലുവിളിക്കുന്ന വിശദീകരണങ്ങള്‍.  

ഒരു മനോരോഗ സാഹചര്യത്തെ പോലും ഗവേഷകര്‍ നാഡീജൈവീക ഘടകങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ സാഹചര്യങ്ങളും സാമൂഹ്യസാമ്പത്തിക ഘടകങ്ങളും തമ്മില്‍ ധാരാളം ബന്ധങ്ങളുണ്ട്. തൊഴിലില്ലായ്മ, ദാരിദ്ര്യം, ക്രിമിനല്‍ നീതിനിര്‍വഹണത്തിലുള്ള ഇടപെടല്‍ തുടങ്ങിയവയ്ക്ക് വിഷാദം, ആത്മഹത്യാ പ്രവണത എന്നിവയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നതിന് യുഎസ് സര്‍ക്കാരിന്റെ സബ്സ്റ്റന്‍സ് അബ്യൂസ് ആന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസസ് അഡ്മിനിസ്ട്രേഷന്‍ (എസ്എഎംഎച്ച്എസ്എ) 2013ല്‍ നടത്തിയ ദേശീയ സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നു. കൂടാതെ, ബാല്യകാല ആഘാതങ്ങളും (ശാരീരികവും വൈകാരികവുമായ പീഢനങ്ങള്‍ ഉള്‍പ്പെടെ) പില്‍ക്കാലത്ത് മുതിര്‍ന്നവര്‍ക്കുണ്ടാവുന്ന വൈകാരിക ബുദ്ധിമുട്ടുകളും പെരുമാറ്റ വ്യതിയാനങ്ങളും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന് അഡ്വേഴ്സ് ചൈല്‍ഡ്‌വുഡ് എക്പീരിയന്‍സസ് 1990 കളില്‍ വെളിപ്പെടുത്തിയിരുന്നു. കടുത്ത ഉത്കണ്ഠയും, ബലഹീനതയും, വെറുപ്പും, രോഷവും സൃഷ്ടിക്കുന്ന നമ്മുടേത് പോലെയുള്ള മനുഷ്യത്വം കെടുത്തുന്ന സമൂഹം തന്നെയാണ്, മോഹഭംഗങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും.


  

പ്രത്യേകിച്ചും കുട്ടികളുമായുള്ള ഇടപെടലില്‍. കുട്ടികള്‍ നേരിടുന്ന മോഹഭംഗങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നതിന്റെ  അഭാവം മൂലം കുട്ടികളെ പീഡിപ്പിക്കുന്നതിലേക്കും അവരെ ആഘാതങ്ങളിലേക്ക് തള്ളിവിടുന്നതിലേക്കും നയിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഇതിന്റെ ഫലമായി കുട്ടികള്‍ക്ക് പ്രതികൂല ബാല്യകാല അനുഭവങ്ങളുണ്ടാവുകയും പിന്നീട് മുതിരുമ്പോള്‍ അവര്‍ക്ക് വൈകാരിക ബുദ്ധിമുട്ടുകളും പെരുമാറ്റ വ്യതിയാനങ്ങളും അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.

രക്തം വാര്‍ന്നുകളയല്‍, വൈദ്യുതാഘാതം, എസ്എസ്ആര്‍ഐ വിഷാദരോഗ മരുന്നുകള്‍, അല്ലെങ്കില്‍ ചെറിയ അളവില്‍ മയക്കുമരുന്ന് നല്‍കല്‍ ഒക്കെ മനോരോഗ ചികിത്സയുടെ ഭാഗമാണോ എന്നതിനെക്കുറിച്ച് ഭരണവര്‍ഗം വലുതായി ചിന്തിക്കുന്നില്ല. വ്യക്തിപരമായ വൈകല്യങ്ങളാണ് നമ്മുടെ വൈകാരിക ബുദ്ധിമുട്ടുകള്‍ക്കും പെരുമാറ്റ വ്യതിയാനങ്ങള്‍ക്കും കാരണമെന്ന 'ഭരണവര്‍ഗ ആശയം' നിലനില്‍ക്കുന്നിടത്തോളംകാലം മറ്റുള്ള ചിന്തകളില്‍ നിന്നും അത് നമ്മെ വഴിതിരിച്ചു വിട്ടുകൊണ്ടേയിരിക്കും. വ്യക്തിപരമായ ആരോഗ്യ വൈകല്യങ്ങളാണ് നമ്മുടെ വൈകാരിക പീഢയ്ക്കും പെരുമാറ്റ വ്യതിയാനങ്ങള്‍ക്കും കാരണമെന്ന 'ഭരണവര്‍ഗ ആശയം' തിരിച്ചറിയാത്തവര്‍ ഭരണവര്‍ഗത്തിലെ തികച്ചും വിഡ്ഢിയായ ഒരംഗം മാത്രമാണെന്നേ അര്‍ത്ഥമാക്കാനാവൂ.

പരിഭാഷ: ശരത്കുമാർ

 

#healthcare
Leave a comment