നമ്മുടെ സമൂഹം ഇനിയും പരിഷ്‌കൃതരാകേണ്ടതുണ്ട്
കേരളക്കരയെയാകെ, പ്രത്യേകിച്ച് ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു ഡോക്ടര്‍ വന്ദനയുടെ കൊലപാതകം. പഠനത്തിന്റെ ഭാഗമായുള്ള ട്രെയിനിങ്ങിനിടെയാണ് വന്ദന അതിദാരുണമായി കൊല്ലപ്പെട്ടത്. തീര്‍ത്തും നിരപരാധിയായ ഒരു യുവതിയുടെ വിലപ്പെട്ട ജീവന്‍ സംരക്ഷിക്കാന്‍ കഴിയാതെ പോയത് സമൂഹത്തിന്റെയാകെ വീഴ്ചയാണ്. എന്തെന്തു പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കി വെച്ചിട്ടാവും ആ ചെറുപ്പക്കാരി ഈ ലോകത്തു നിന്നും യാത്രയായിട്ടുണ്ടാവുക?
എന്തായാലും ഈ സംഭവത്തിനു ശേഷമെങ്കിലും ഭിഷഗ്വര സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ സംരക്ഷണ നിയമം ഓര്‍ഡിനന്‍സ് ആയി നിലവില്‍ വന്നത് ആശ്വാസകരമാണ്. ഇനിയിത് നിയമമാകണം. ഈ ഓര്‍ഡിനന്‍സ് ഇറങ്ങിയതുകൊണ്ടോ നിയമമായതുകൊണ്ടോ മാത്രം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരണമെന്നില്ല. ഈ ഓര്‍ഡിനന്‍സ് ഇറങ്ങിയതിനു ശേഷവും കേരളത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
എന്തുകൊണ്ടാണ് ഇത് ഉത്തരം കിട്ടാത്ത ഒരു സമസ്യയായ് നീളുന്നത്? ഒരു ചെറു സമൂഹം മാത്രമാണ് ഇത്തരം പ്രവൃത്തികള്‍ക്കു പിന്നിലെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം നമ്മുടെ ആതുര സേവനരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളിലും വളരെ വേഗം പുരോഗമനം ഉണ്ടായിക്കൊണ്ടിരിക്കുന്ന കേരളം പോലെയൊരു ആധുനിക സമൂഹത്തില്‍ ഇത്തരം പ്രാകൃതമായ അക്രമങ്ങള്‍ ഇന്നും തുടര്‍ക്കഥയാകുന്നത് എന്തുകൊണ്ട്? എന്താണ് ഇതിനൊരു പ്രതിവിധി? ഭരണാധികാരികളും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നുചേര്‍ന്നു ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്.
ഡോക്ടര്‍ വന്ദന
ആശുപത്രികളില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായതിനു പിന്നിലെ യഥാര്‍ത്ഥ കാരണം തേടിപ്പോയാല്‍ കണ്ടെത്താനാകുന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള നിസ്സംഗതയും അലംഭാവവുമാണെന്നു കാണാം. ദേശീയതലത്തില്‍പ്പോലും ഇതു പ്രകടമാണ്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഉണ്ടായ ആക്രമണങ്ങളില്‍ പങ്കാളികളായ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതു തന്നെയാണ് പ്രധാന കാരണമെന്ന വസ്തുത മനസ്സിലാക്കാന്‍ കഴിയും. നിയമലംഘകരെ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുന്നു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.
ആധുനിക വൈദ്യശാസ്ത്ര ചികിത്സയിലൂടെ എന്തുവന്നാലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന മിഥ്യാ ധാരണ രൂഢമൂലമായിപ്പോയ ഒരു ചെറു സമൂഹമാണ് പ്രശ്‌നം. മറിച്ചുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കഴിയാതെ ഇവര്‍ വികാരത്തിനടിമയായി മാറുന്നു. സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യ മേഖലയും തമ്മില്‍ തട്ടിച്ചു നോക്കുമ്പോള്‍ അക്രമത്തിനുളള കാരണങ്ങള്‍ വ്യത്യസ്തമാണെന്നു കാണാം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും, സ്വകാര്യ ആശുപത്രികളിലെത്തുമ്പോള്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഭീമമായ ചികിത്സാ ചിലവാണ് അക്രമങ്ങള്‍ക്ക് ഹേതുവാകുന്നത്. എന്നാല്‍ രണ്ട് സ്ഥലത്തും ചികിത്സാപിഴവ് എന്ന ആരോപണം അക്രമത്തിന് മറയാകുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യങ്ങള്‍, സേവനം എന്നിവ വിലയിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. ഹോസ്പിറ്റലില്‍ ഡെവലപ്‌മെന്റ് കമ്മിറ്റികളില്‍ നാട്ടിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉണ്ടാവുമെങ്കിലും സൂപ്രണ്ട് ഒഴികെ മറ്റു ഡോക്ടര്‍മാരുടെ പ്രതിനിധികള്‍, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവരുടെ പ്രാതിനിധ്യം ഉണ്ടാവാറില്ലെന്നത് ഒരു പ്രധാന വീഴ്ചയാണ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെതന്നെ ജീവനക്കാരുടെയും പ്രാതിനിധ്യം ഉണ്ടാകേണ്ടത് ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.
REPRESENTATIONAL IMAGE: PTI
ഹോസ്പിറ്റല്‍ കമ്മിറ്റി നടത്തുന്ന നിയമനങ്ങള്‍, മരാമത്ത് പണികള്‍ എന്നിവ യഥാസമയം ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നുള്ള കാര്യം ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആശുപത്രികള്‍ തരംതിരിക്കുകയും അവിടെ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും വേണം. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ മുഴുവന്‍ സമയ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നത് പ്രായോഗികമോ ഗുണപ്രദമോ അല്ലെന്നാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം.
ഡോക്ടര്‍മാരും ജീവനക്കാരും ആക്രമണങ്ങള്‍ക്കിരയാകുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ചുവടെ വിവരിക്കുന്ന പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും മൂലം ഒരു പരിധിവരെ അത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുന്നതാണ്. താലൂക്ക് ആശുപത്രികള്‍ മേഖല തിരിച്ചു ജില്ലയില്‍ മൂന്ന് എന്ന നിലയില്‍ 24 മണിക്കൂറും ട്രോമ കെയര്‍, ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ സേവനം നല്‍കുന്ന വിദഗ്ധ ആശുപത്രികളാക്കി മാറ്റണം.
മുഴുവന്‍ സമയവും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റണം. ആവശ്യത്തിന് ഡോക്ടര്‍മാര്‍ കാലാനുസൃതമായ സ്റ്റാഫ് പാറ്റേണ്‍, ഹൗസ് സര്‍ജന്മാര്‍, പി.ജി വിദ്യാര്‍ത്ഥികള്‍, എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആസൂത്രിത പ്രവര്‍ത്തനം നടത്തണം.
ഹെല്‍ത്ത് സര്‍വീസില്‍ നിലവിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പൂര്‍ണമായും ഉപയോഗപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം. ഇത്തരം കേന്ദ്രങ്ങളില്‍ ഫോറന്‍സിക് ഡോക്ടര്‍മാരെ വിന്യസിക്കാന്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളണം. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ രോഗ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കണം.
REPRESENTATIONAL IMAGE: PTI
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഡോക്ടര്‍ക്ക് കാണേണ്ട രോഗികളുടെ എണ്ണത്തില്‍ നിയന്ത്രണം വേണം. ഒ.പി സമയം കഴിഞ്ഞ് അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തോടെ സന്ദര്‍ശനം നടത്തുകയെന്ന നില മാറ്റിയെടുക്കണം.
ഒ.പിയിലെ നിശ്ചിത ഫീസ് നിശ്ചിത കാലയളവിലേക്കെങ്കിലും ഈടാക്കണം. രാവിലെയുള്ള ഒ.പി കഴിഞ്ഞ് അത്യാഹിതം ഒഴികെയുള്ള വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്ന രോഗികളില്‍ നിന്ന് കൂടുതല്‍ ഫീസ് വാങ്ങുന്നതുമൂലം ഉച്ച സമയം കഴിഞ്ഞുള്ള അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കും. ദാരിദ്ര്യ രേഖയ്ക്ക്താ ഴെയുള്ളവര്‍ക്ക് ഇളവ് നല്‍കാവുന്നതാണ്.
ആശുപത്രികളില്‍ നിയമപാലകരുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതാണ്. പോലീസ് ഔട്ട് പോസ്റ്റ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്ക് ട്രെയിനിങ് നല്‍കി അത്യാഹിത വിഭാഗത്തിലുള്‍പ്പെടെ വിന്യസിക്കണം. നിശ്ചിത ഇടവേളകളില്‍ ഇവര്‍ക്ക് തുടര്‍ പരിശീലനം നല്‍കണം.
അക്രമം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായ രീതിയില്‍ ശിക്ഷിക്കുകയും ചെയ്യണം. എല്ലാ ആശുപത്രികളിലും പൊതുജന പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കണം. ആശുപത്രി ജീവനക്കാരായാലും പൊതുസമൂഹമായാലും ഒരു സംഘടനയും സംരക്ഷിക്കില്ലെന്ന് ഉറപ്പുവരുത്തണം. ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിരക്ഷയ്ക്ക് ഒപ്പം ഉയര്‍ന്ന സേവനം തിരികെ നല്‍കാന്‍ ബാധ്യസ്ഥരായിരിക്കണം.
ചികിത്സാ ചിലവ് ജനങ്ങള്‍ക്ക് ഭാരമാകാത്ത രീതിയില്‍ കുറേക്കൂടി ഉദാരമായ സമീപനങ്ങള്‍ സ്വകാര്യ മേഖലാ ആശുപത്രികള്‍ കൈക്കൊളളണം. കൂടുതല്‍ സൗകര്യങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് ചിലവ് അധികമാകുമെന്ന ബോധ്യവും മുന്‍കൂട്ടി ഉണ്ടാകേണ്ടതുണ്ട്. സ്വകാര്യ മേഖലയിലെ ചികിത്സാ ചിലവുകള്‍ കൃത്യമായ ഓഡിറ്റിന് വിധേയമാക്കണം.
ഉപസംഹാരം:
ഒരു ഡോക്ടറും തന്നെ ആശ്രയിക്കുന്ന രോഗി രോഗമുക്തി നേടാനാവാതെ മരണപ്പെട്ടോട്ടെ എന്നു കരുതില്ല. മരണം എന്നത് പ്രകൃതി നിയമമാണ്, ആരോഗ്യ പ്രവര്‍ത്തകരുടെ കരങ്ങള്‍ക്കും അപ്പുറമാണ്. നല്ല ചികിത്സ ലഭിക്കാന്‍ സമാധാന അന്തരീക്ഷം ഉറപ്പാക്കേണ്ടതാണ് സമൂഹത്തിന്റെ കടമ. ആരോഗ്യമുള്ള ഒരു സമൂഹത്തില്‍ മാത്രമേ ആരോഗ്യമുള്ള മനുഷ്യരുണ്ടാകൂവെന്ന സത്യം ആരും മറക്കരുത്!