പാനിക് അറ്റാക്ക്: മനസ്സിനെ ശാന്തമാക്കി മുമ്പോട്ടു പോവുക
''ഭയം കാറ്റാണെങ്കില്‍ പരിഭ്രാന്തിയെന്നത് നിങ്ങളുടെ ആത്മാവിനെ തകര്‍ക്കുന്ന സുനാമിയാണ്'' - മൈക്കല്‍ ജാക്സണ്‍ സ്മിത്ത്
ലോകാരോഗ്യസംഘടന (WHO)യുടെ 2019 ലെ കണക്കനുസരിച്ച്, ലോകത്തെ എട്ടുപേരില്‍ ഒരാള്‍ക്ക് മാനസികാരോഗ്യക്കുറവുണ്ട്. അമിതമായ ഉത്ക്കണ്ഠകളും വിഷാദരോഗങ്ങളുമാണ് കൂടുതല്‍ പ്രകടമായി കാണപ്പെടുന്ന മനോരോഗങ്ങള്‍. ഉത്ക്കണ്ഠകള്‍ പലവിധത്തിലുള്ളവയാണ്. ഒന്നാമത്തേത് പൊതുവായ ആശങ്കകളും ആധികളും മൂലമുള്ള രോഗമാണ്. ഇതിന്റെ മുഖ്യസ്വഭാവം അതിരുകടന്ന ആശങ്കകളാണ്. രണ്ടാമത്തേത് പരിഭ്രാന്തി മൂലമുള്ള രോഗമാണ്. പരിഭ്രാന്തി ബാധിക്കുകയെന്നതാണ് ഈ രോഗത്തിന്റെ മുഖ്യസ്വഭാവം. മൂന്നാമത്തേത് സാമൂഹികാശങ്കകള്‍ മൂലമുണ്ടാകുന്ന മാനസിക പ്രശ്നമാണ്. സാമൂഹിക സാഹചര്യങ്ങളുടെ കൊടിയ സമ്മര്‍ദം ഒരാളിലുണ്ടാക്കുന്ന അതിയായ ആധികളും ആശങ്കളുമാണിത്. ബന്ധവിഛേദനം (വേര്‍പാട്) ഒരാളില്‍ ഉണ്ടാക്കുന്ന ഉത്ക്കണ്ഠകളാണ് മറ്റൊന്ന്. ഊഷ്മളമായ ഒരു വൈകാരിക ബന്ധത്തില്‍ വിടവുണ്ടാകുമ്പോള്‍ ഇതു സംഭവിക്കാം. പരിഭ്രാന്തി മൂലമുണ്ടാകുന്ന മനോരോഗം ഏറെ നാടകീയമായിത്തീരാം. ഹൃദയാഘാതം പോലെതന്നെയാണതെന്നു തെറ്റിദ്ധരിക്കാനുമിടയുണ്ട്.
പാനിക്കോണ്‍ (pertaining to Pan) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് പാനിക്ക് എന്ന വാക്കു വരുന്നത്. ഗ്രീക്കു ദേവനായ 'പാന്‍' മനുഷ്യരെ അകാരണമായ ഭീതികൊണ്ട് പരക്കം പായിക്കുകയാണ്. മനുഷ്യന്റെ പരിണാമദശയില്‍ ആദ്യം തന്നെ മനുഷ്യരില്‍ വളര്‍ന്ന ഒരു വികാരമാണ് ഉത്ക്കണ്ഠ. ഉത്ക്കണ്ഠയെക്കുറിച്ച് ഇന്നുള്ള ശാസ്ത്രീയമായ ജ്ഞാനംമൂലം അതിനെ അതിജീവിച്ച് ആശ്വാസം കണ്ടെത്താനാവുമെന്ന പ്രത്യാശ സജീവമാണ്. സാമൂഹിക - സാംസ്‌കാരിക ഘടകങ്ങള്‍ രോഗലക്ഷണങ്ങളെത്തന്നെ സ്വാധീനിക്കാന്‍ പോന്നവയാണ്. അതനുസരിച്ച് ആശ്വാസം തേടുന്നവര്‍ക്ക് സഹായം തേടാനുമാകും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഉത്ക്കണ്ഠകളോടെ ലോകത്ത് ജീവിക്കുന്ന 260 ദശലക്ഷം വ്യക്തികളുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ഉത്പാദനക്ഷമതയുടെ നഷ്ടം പ്രതിവര്‍ഷം ഒരു ട്രില്യന്‍ (ഒരു ലക്ഷം കോടി) അമേരിക്കന്‍ ഡോളറാണ്. പാനിക് അറ്റാക്കുകള്‍ ഒരു നിമിഷത്തില്‍ പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് പോകുന്ന തീവ്രമായ അനുഭവങ്ങളാണ്. ഒരു നിമിഷംകൊണ്ട് തലകറക്കം മുതല്‍ മരണംവരെ സംഭവിക്കാനുള്ള സാധ്യതയാണവിടെ നിലനില്‍ക്കുന്നത്.
REPRESENTATIONAL IMAGE
'എല്ലാം നിന്റെ തലയിലാണ്' എന്ന് പറയുന്നവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്: തികച്ചും അപ്രതീക്ഷിതമായി ഒരാളെ പിടികൂടുന്ന പരിഭ്രാന്തിക്ക് ആ വ്യക്തിയുടെ സ്വതന്ത്രമായ മനസ്സിന്റെ സ്വീകാര്യതയോ സ്വാഗതമോ വേണമെന്നില്ല. ഉത്ക്കണ്ഠയെന്നത് ഒരാളുടെ വ്യക്തിപരമായ ദൗര്‍ബല്യമാണെന്ന ചിന്ത ശരിയല്ല. ഈ ആക്രമണങ്ങള്‍ നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുകയും നിങ്ങളുടെ ലോകത്തെ ശിഥിലമാക്കുകയും ചെയ്യുന്ന ഭ്രാന്തന്‍ മൃഗങ്ങളാണ്. കരുത്തരായ വ്യക്തികള്‍ തങ്ങളുടെ മൂകവേദനകളെ പുറത്തുകാണിക്കാതെ അവയെ തങ്ങളുടെ സ്വകാര്യദുഃഖമായി അവരുടെ മുറികള്‍ക്കുള്ളില്‍ ഒതുക്കിനിറുത്തുന്നു. പുഞ്ചിരിയോടെ അവര്‍ പ്രശ്നങ്ങളെ നേരിടുന്നു. അതേസമയം, ആത്മപരിശോധനയ്ക്കും സ്വയം വിലയിരുത്തുന്നതിനും അവര്‍ സന്നദ്ധരുമാണ്. പരിഭ്രാന്തരായ വ്യക്തികള്‍ നേരിടുന്ന 90 ശതമാനം പ്രശ്നങ്ങളും സാങ്കല്പികമാണ്. പല പ്രശ്നങ്ങള്‍ക്കും യുക്തിപരമായ അടിത്തറയില്ല. അവരുടെ ഭാവന കാടുകയറുകയും ദുഃസ്വപ്നങ്ങള്‍ കാണുകയും പതിവാണ്.
ശത്രുക്കളോടു ക്ഷമിക്കാന്‍ വേദഗ്രന്ഥം ആവശ്യപ്പെടുമ്പോള്‍ ലളിതമായ ഒരു തത്ത്വം നാം മനസ്സില്‍ സൂക്ഷിക്കണം: നമുക്ക് സ്വയം മാപ്പുനല്‍കാനാവണം. ഭൂതകാലത്തു സംഭവിച്ച കാര്യമോര്‍ത്ത് നാം വിഷമിച്ച് അവയുടെ അടിമയാകരുത്. ഞാന്‍ അങ്ങനെ ചെയ്യേണ്ടതായിരുന്നു, അപ്രകാരം ചെയ്യാന്‍ കഴിയുമായിരുന്നു, എന്നാല്‍ ഞാനങ്ങനെ ചെയ്തില്ല എന്നെല്ലാം ചിന്തിച്ച് ആവലാതിപ്പെടരുത്. അവയെല്ലാം മറക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയണം.
മരണത്തെ നേരിടുമ്പോഴും സാധാരണ മനുഷ്യര്‍ ആ അവസ്ഥയെ പീഡനമായിക്കരുതുകയോ, ഉത്ക്കണ്ഠയാല്‍ മരിക്കുകയോ ഇല്ല. സ്വയം നാശത്തിലേക്ക് അതവരെ നയിക്കുകയില്ല. മാറ്റം വരുത്തുന്നതിന് തടസ്സം നില്ക്കുന്നത് ഭയമാണ്. ഉത്കണ്ഠയുടെ മൂര്‍ച്ചയുള്ള ആക്രമണം അനുഭവിക്കുന്നത് അതിജീവിക്കാന്‍ ശ്രമിക്കുന്ന ശരീരത്തിലും മരിക്കാന്‍ ശ്രമിക്കുന്ന മനസ്സിലും ജീവിക്കുന്നതുപോലെയാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടു മാത്രം ഉത്ക്കണ്ഠ ജനിക്കുകയില്ല; ഭാവിയെ നാം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഉത്ക്കണ്ഠ ഉടലെടുക്കുക.
ഉത്ക്കണ്ഠയും പരിഭ്രാന്തിയും വിഷാദവും ദൗര്‍ബല്യത്തിന്റെ ലക്ഷണങ്ങളല്ല. ഏറെക്കാലം ശക്തരാകാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളാണ്. വികാരങ്ങളെ അര്‍ഥവത്തായ വാക്കുകളാക്കി മാറ്റുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ഒരു സ്വപ്നത്തിലായിരിക്കുന്നതുപോലെയും ഒച്ചയുണ്ടാക്കാതെ നിലവിളിക്കുന്നതുപോലെയുമാണ്. സാങ്കല്‍പ്പിക ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുമ്പോള്‍ പ്രത്യക്ഷമായ പ്രകോപനങ്ങളില്ലാതെ തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാകുന്ന ഒരു സാധാരണ മാനസിക രോഗനിര്‍ണയമാണ് സാമാന്യവല്‍ക്കരിച്ച ഉത്കണ്ഠാവൈകല്യം (Generalised Anxiety Disorder (GAD).
REPRESENTATIONAL IMAGE
പൊതുവായ ഉത്ക്കണ്ഠാ രോഗം
നാം സാധാരണ ദിവസങ്ങളില്‍ അഭിമുഖീകരിക്കുന്ന ഉത്ക്കണ്ഠ തികച്ചും സ്വാഭാവികമാണ്. എന്നാല്‍, സാങ്കല്പിക ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് കരുതി, പ്രത്യേകിച്ചുള്ള പ്രകോപനങ്ങളൊന്നും കൂടാതെ ഒരാളില്‍ കടുത്ത മനഃക്ലേശവും ഉത്ക്കണ്ഠയും കാണപ്പെടുന്നുണ്ടെങ്കില്‍ അത് പൊതുവായ ഉത്ക്കണ്ഠാ രോഗമായി കണക്കാക്കണം. കൂടുതലായ ഹൃദയമിടിപ്പ്, ദഹനക്കേട്, വിയര്‍ക്കല്‍, ചെറിയ തലവേദന, മരണഭീതി ഇവ ലക്ഷണങ്ങളാണ്. ആരോഗ്യം, കുടുംബ സാമ്പത്തിക പ്രശ്നങ്ങള്‍, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള വേവലാതി ഇവയൊക്കെ കാരണമാവാം. ഒരുദിവസം എങ്ങനെ കഴിച്ചുകൂട്ടാം എന്ന ചിന്തപോലും ചിലരില്‍ ഏറെ ഉത്ക്കണ്ഠ ഉളവാക്കും.
സാധാരണമായി, മെച്ചപ്പെട്ട ഭാവനകള്‍ സര്‍ഗാത്മകമായ ഫലം കൊണ്ടുവരും. എന്നാല്‍, നെഗറ്റീവായ, പ്രത്യാശയില്ലാത്ത ചിന്തകളും ഭാവനകളും ഉത്ക്കണ്ഠകള്‍ മാത്രമാണ് സമ്മാനിക്കുക. ഉത്ക്കണ്ഠ നിശ്ശബ്ദമാണ്. ഒരാളെ അലസനായി അത് പ്രദര്‍ശിപ്പിക്കാം. എന്നാല്‍, ആ വ്യക്തിക്ക് നല്ല ഉത്സാഹം അനുഭവവേദ്യമാവുകയും ചെയ്യാം. ഉത്ക്കണ്ഠ ബാധിച്ച ഒരു വ്യക്തിയെ സമൂഹത്തില്‍ നിന്നുതന്നെ മാറ്റിനിറുത്തുകയെന്നത് ശരിയായ സമീപനമല്ല. ഉത്ക്കണ്ഠയുടെ പിടിയില്‍ നിന്നു രക്ഷയില്ലായെന്ന ചിന്തയാണിവിടെ ചിലരെ നയിക്കുന്നത്.
ശാരീരികാരോഗ്യവും മാനസികാരോഗ്യവും തമ്മില്‍ അവിഭാജ്യമായ ബന്ധമാണ് പുലര്‍ത്തുന്നത്. മാനസികാരോഗ്യം കൂടാതെ ആരോഗ്യമില്ല. ഏറെക്കാലമായി മാനസികാസ്വാസ്ഥ്യമുള്ള ഒരാള്‍ക്ക് രക്തസമ്മര്‍ദം വര്‍ധിക്കാം; നടുവേദനയുണ്ടാകാം. അത്തരക്കാര്‍ക്ക് നെഞ്ചെരിച്ചില്‍ പതിവാണ്. മറ്റുള്ളവരെ ശുശ്രൂഷിക്കുകയും കരുതുകയും ചെയ്യുന്നതിനെക്കാള്‍ ദുഷ്‌ക്കരമാണ് നമ്മെത്തന്നെ ശുശ്രൂഷിക്കുകയും കരുതുകയും ചെയ്യുകയെന്നത്. ഔഷധം കൂടാതെയുള്ള ചില പ്രാവര്‍ത്തിക നിര്‍ദേശങ്ങള്‍:
1. ഉത്ക്കണ്ഠയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുക
2. പരിഭ്രാന്തിയും ഉത്ക്കണ്ഠയും ഉണ്ടാക്കുന്ന കാര്യങ്ങളും അവയുടെ പ്രകടമായ ലക്ഷണങ്ങളും നിരീക്ഷിക്കുകയും നിയന്ത്രണവിധേയമാക്കുകയും അവ ഡയറിക്കുറിപ്പായി രേഖപ്പെടുത്തുകയും ചെയ്യുക.
3. ദീര്‍ഘശ്വാസമെടുക്കാന്‍ പരിശീലിക്കുക
4. ഉത്ക്കണ്ഠയുടെ ലക്ഷണങ്ങളെ വ്യാഖ്യാനിക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരുക. ഉത്ക്കണ്ഠയെ ഒരു ദുരന്തമായി കാണാതെ യാഥാര്‍ത്ഥ്യബോധത്തോടെ ശാസ്ത്രീയമായി സമീപിക്കുക.
5. പരിഭ്രാന്തി ജനിപ്പിക്കുന്ന ലഘുവും ഗുരുവുമായ വിവിധങ്ങളായ സാഹചര്യം സൃഷ്ടിച്ച് അവയെ നേരിടാനുള്ള പ്രാപ്തി ഉണ്ടാക്കിയെടുക്കുക.
6. ആരോഗ്യപ്രദമായ ഭക്ഷണവും വ്യായാമവും
REPRESENTATIONAL IMAGE:
സമ്മര്‍ദം ലഘൂകരിക്കുന്നതില്‍ സംഗീതത്തിനു വലിയ പങ്കുവഹിക്കാനാകും. നമ്മുടെ മാനസിക വൈകാരികഭാവങ്ങളെ ഏറെ സ്വാധീനിക്കാന്‍ സംഗീതത്തിനു സാധിക്കും. യോഗയും വളരെ ഫലപ്രദമാണ്. ഒറ്റയ്ക്കോ കൂട്ടായോ നൃത്തം ചെയ്യുന്നതും നല്ലതാണ്. പ്രകൃതിയുമായി ബന്ധം പുലര്‍ത്തുന്നത് എക്കോതെറാപ്പിയാണ്. ഉത്ക്കണ്ഠയെ ഇല്ലാതാക്കുന്നതില്‍ പ്രകൃതി നല്ല ഗുരുവാണ്. കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇന്ന് പ്രകൃതിയെ വീടകങ്ങളിലേക്ക് കൊണ്ടുവരാനാകും.
മൂന്ന് ആഴ്ചത്തേക്ക് ഓരോ ദിവസവും സംഭവിച്ച മൂന്ന് നല്ല കാര്യങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുക. അവയുടെ കാരണങ്ങളും എഴുതണം. ജോലിയില്‍ പ്രമോഷന്‍ കിട്ടിയതു മുതല്‍ നിങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു ലഭിച്ച നല്ല പ്രതികരണമോ, നിങ്ങള്‍ക്കുവേണ്ടി ഒരാള്‍ വാതില്‍ തുറന്നുപിടിച്ചുതന്ന കാര്യമോ, എന്തുമാവാം. ധനാത്മകമായ ചില അനുമാനങ്ങള്‍ ഈ രേഖകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്. ജീവിതത്തെ കൂടുതല്‍ സുസംഘടിതവും സുസ്വരവുമാക്കാന്‍ അതുപകരിക്കും. കരുണയുടെയും കനിവിന്റെയും ചെറുപ്രവൃത്തികള്‍ പോലും വലിയ സംതൃപ്തിദായകങ്ങളാണ്.
ശരിയായ ശ്വാസോച്ഛാസം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കൂടുതലായ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും ആരോഗ്യത്തെ ബാധിക്കും. മനഃശാന്തിയും ധനാത്മകമായ ചിന്തകളും നമുക്ക് ആരോഗ്യം പകരും. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ എനിക്ക് യാതൊരു കുഴപ്പവുമില്ലായെന്നു ചിന്തിക്കണം. എല്ലാ പ്രശ്നങ്ങളും ഞാന്‍ അതിജീവിക്കും എന്ന് സ്വയം പറയുക. ഒരു ഉത്ക്കണ്ഠയ്ക്കും എന്നെ തകര്‍ക്കാനാവില്ലയെന്ന വിശ്വാസം നമ്മെ നയിക്കണം. അതിജീവിക്കാനും പൊരുത്തപ്പെടാനുമുള്ള കഴിവും ആത്മവിശ്വാസവും ഒരിക്കലും നമ്മെ കൈവിടുകയില്ല. ചില പ്രശ്നങ്ങള്‍ അതിഗുരുതരവും അസഹനീയവുമായി തോന്നാം. എന്നാലും, അവയെല്ലാം കടന്നുപോകും എന്നു പ്രത്യാശിക്കണം. അവബോധ പെരുമാറ്റ ചികിത്സ (Cognitive and behavioural restructuring therapies) അനാരോഗ്യകരമായ പെരുമാറ്റ രീതികളില്‍ ആശാസ്യമായ മാറ്റം വരുത്താന്‍ പോന്നതാണത്. വിദഗ്ധനായ ഒരു ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രമായിരിക്കണം ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടത്.