
പ്രതിവിധിയേക്കാള്‍ പ്രധാനം പ്രതിരോധം
രോഗങ്ങള്‍ക്ക് പ്രതിവിധി കാണുന്നത് മാത്രമാണ് ആരോഗ്യപ്രവര്‍ത്തകരുടെ കടമ എന്ന വിശ്വാസത്തെ സമൂലം പിഴുതെറിഞ്ഞ നാളുകളാണ് ഈ കോവിഡ് കാലത്ത് കഴിഞ്ഞുപോയത്. 'രോഗപ്രതിരോധം' എന്ന ഘടകം എല്ലാ കാലത്തും പ്രസക്തമായിരുന്നെങ്കിലും, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രതിരോധത്തെ ജനകീയമാക്കിയതില്‍ കോവിഡിന് വലിയ പങ്കുണ്ടെന്ന് നിസ്സംശയം പറയാം. മാസ്‌ക് ധരിച്ചും കൈ കഴുകിയും അകലം പാലിച്ചും 'രോഗം വരാതെ തടയുക' എന്ന ചിന്ത നമ്മള്‍ സ്വായത്തമാക്കിയത് ഈ കാലഘട്ടത്തിലായിരുന്നല്ലോ. വാക്‌സിന്‍ ലഭിക്കാന്‍ തല്ലുകൂടുന്ന അവസ്ഥയ്ക്ക് പോലും പലപ്പോഴും നമ്മള്‍ സാക്ഷ്യംവഹിച്ചു.
കോവിഡിന് മാത്രമല്ല, ഏതൊരു രോഗത്തിനും സാധിക്കുന്ന പ്രതിവിധി തിരക്കുന്നതിലും എളുപ്പവും ഉചിതവും പ്രതിരോധം തേടുന്നതാണ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഇന്നത്തെ അവസ്ഥയില്‍, ചികിത്സാചെലവും ചികിത്സക്കുവേണ്ടി സമര്‍പ്പിക്കേണ്ടി വരുന്ന മാനസിക-ശാരീരിക അധ്വാനവും രോഗി അനുഭവിക്കേണ്ടുന്ന സങ്കീര്‍ണതകളും എല്ലാം പരിഗണിക്കുമ്പോള്‍ പ്രതിരോധം തന്നെയാണ് പ്രതിവിധിയേക്കാള്‍ മികച്ചതെന്ന് കണ്ണുംപൂട്ടി പറയാന്‍ കഴിയും. എന്നിരുന്നാലും, പലപ്പോഴും നമ്മള്‍ മരുന്ന് കഴിക്കുന്ന കൃത്യതയോടെ പ്രതിരോധത്തെ, ഏറ്റെടുക്കാന്‍ മറക്കുകയോ, മടിക്കുകയോ ചെയ്യുന്നതാണ് പൊതുവെ കണ്ടുവരുന്നത്. വേണ്ടത്ര പ്രാധാന്യം നല്‍കാതെ വല്ലപ്പോഴും ഉണ്ടാകുന്ന അഡ്രിനലിന്‍ വര്‍ധനവ് മൂലം ഡയറ്റ് നോക്കുന്നതോ നാലുദിവസം വ്യായാമം ചെയ്യുന്നതോ അല്ല രോഗപ്രതിരോധം, മറിച്ച് അതൊരു ജീവിതരീതിയാണ്.
Representational Image: PTI
എന്താണ് രോഗപ്രതിരോധം?
വിവിധ രോഗസാധ്യതകളുള്ള വ്യക്തികളെ ആ രോഗം വരുന്നത് തടയാന്‍ വേണ്ടിയുള്ള മാര്‍ഗങ്ങള്‍/ചികിത്സകള്‍ നല്‍കുന്നതുവഴി ആരോഗ്യമുള്ളവരായി കൂടുതല്‍ കാലം ഇരിക്കാന്‍ സഹായിക്കുന്നതാണ് ലഘുവായി പറഞ്ഞാല്‍ രോഗപ്രതിരോധം. ഇത് ഭക്ഷണക്രമീകരണങ്ങള്‍ വഴിയാകാം. അതല്ലെങ്കില്‍ വാക്‌സിനേഷന്‍, വ്യായാമം, ചില മരുന്നുകള്‍ തുടങ്ങി എന്തുമാകാം. പ്രധാനമായും ജീവിതശൈലിരോഗങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളാണ് ഇത്തരത്തില്‍ സൂചിപ്പിക്കപ്പെടുന്നതെങ്കിലും സാംക്രമികരോഗങ്ങള്‍ തടയുന്നതിലും രോഗപ്രതിരോധത്തിന് വലിയ പങ്കാണുള്ളത്. ഉദാഹരണത്തിന്, ഭക്ഷണനിയന്ത്രണം വഴി പ്രമേഹം, അമിത രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ വര്‍ധനവ് തുടങ്ങിയ ഒട്ടേറെ ജീവിതശൈലിരോഗങ്ങള്‍ തടയാനാവും. ഇതോടൊപ്പം വ്യായാമം കൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യമികവിന് ഒരുപരിധിവരെ രോഗങ്ങള്‍ തടയാനുള്ള പ്രതിരോധശേഷിയും പകരാനാവും. കൃത്യമായി ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്ന വ്യക്തിക്ക് പൊതുവെ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കുമെന്നത് ഒരു വസ്തുതയാണ്.
ഇതു പറയുമ്പോള്‍ മിക്കവരുടേയും മനസ്സില്‍ വരുന്ന 'ഇതും ഇതിന്റപ്പുറവും നോക്കീട്ട് മറ്റേ അങ്ങേര്‍ക്ക് അറ്റാക്ക് വന്നല്ലോ' എന്ന തരത്തിലുള്ള ഉദാഹരണങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. പൂര്‍ണ ആരോഗ്യവുമായി ചിട്ടയോടെ ജീവിക്കുന്ന അനേകം പേര്‍ മറുവശത്തുണ്ട്. മുന്‍വിധിയോടു കൂടി നമ്മുടെ സൗകര്യത്തിന് അത്രയും പേരെ അവഗണിക്കുകയാണ് ഈ ഉദാഹരണ സമാഹരണത്തിലൂടെ നമ്മള്‍ ചെയ്യുന്നത്.
എങ്ങനെ രോഗം പ്രതിരോധിക്കാം?
രോഗം വരാതിരിക്കാന്‍ ഏറ്റവും കൂടുതലായി വേണ്ടത് ആരോഗ്യമുള്ള ശരീരമാണ്. കൃത്യസമയത്ത് പോഷകങ്ങളുള്ള ഭക്ഷണം ആവശ്യത്തിന് കഴിച്ച്, ധാരാളം വെള്ളം കുടിച്ച്, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്ത്, നേരത്തിനുറങ്ങി, മാനസികസമ്മര്‍ദമേതുമില്ലാതെ നടക്കുന്ന ഒരു മനുഷ്യന്‍ ആരോഗ്യവാനായിരിക്കും. പറയാന്‍ എന്തെളുപ്പം, അല്ലേ? അത് തന്നെയാണ് പ്രശ്‌നം.
ഒരു നിര്‍വചനം ഉണ്ടാക്കുവാനും അത് പറയാനും എടുക്കുന്ന അധ്വാനമല്ല അത് നടപ്പില്‍ വരുത്താന്‍ നമുക്കു വേണ്ടത്. ചിട്ടകളിലേക്ക് കൂടുമാറുമ്പോള്‍ കുടുംബത്തോടെ, അല്ലെങ്കില്‍ ഒരു സുഹൃദ് വലയം മുഴുവനായി പുതുവഴി തിരഞ്ഞെടുത്താല്‍ കൂട്ടത്തിലൊരാള്‍ ഉഴപ്പിയാലും ബാക്കിയുള്ളവര്‍ ചേര്‍ത്തുനിര്‍ത്തി ചെവിക്ക് പിടിച്ച് നേരെയാക്കിക്കോളും. മോട്ടിവേഷന്റെ മനുഷ്യരൂപങ്ങള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും ഇങ്ങനെ സംഭവിക്കും. ഇതുതന്നെയാണ് നമുക്ക് ഈ കാര്യത്തില്‍ ചെയ്യാനാവുന്ന നല്ല മാതൃക. മാറേണ്ടത് വ്യക്തിപരമായും മൊത്തത്തിലുമുള്ള ജീവിതശൈലിയാണെന്ന് ചുരുക്കം. ഇതുകൂടാതെ നമുക്കുള്ള ചില പാരമ്പര്യരോഗങ്ങളും മറ്റും വരുന്നത് തടയാന്‍ ചില മരുന്നുകള്‍ നിത്യം കഴിക്കേണ്ടി വന്നേക്കാം. ചിലപ്പോള്‍ വാക്‌സിനുകള്‍ ആവശ്യമായേക്കാം. ഇത്തരം തടയിടല്‍ മാര്‍ഗങ്ങള്‍ ഡോക്ടര്‍ പറഞ്ഞുതരുന്നത് കഴിയുന്നത്ര പാലിക്കാന്‍ ശ്രമിക്കണം.
Representational Image: Pexels
കാന്‍സര്‍ പോലുള്ള രോഗങ്ങളാകട്ടെ, വൃക്കരോഗമോ കരള്‍രോഗമോ ആകട്ടെ, കാലാകാലങ്ങളില്‍ പരിശോധന നടത്തിയാല്‍ ഇവയെല്ലാം തുടക്കത്തിലേ കണ്ടെത്താനാകും. നേരത്തെ ചികിത്സ തുടങ്ങുന്നത് ചികിത്സയുടെ ഫലം മെച്ചപ്പെടുത്താനും ചിലവ് ചുരുങ്ങാനുമെല്ലാം സഹായിക്കുകയും ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മര്‍ദവുമെല്ലാം ഈ രീതിയില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് നിയന്ത്രണാധീനമെന്നുറപ്പ് വരുത്തണം. 'ഷുഗര്‍ വന്നാലെന്താ, പഞ്ചസാര തിന്ന് ഇന്‍സുലിന്‍ എടുത്താല്‍ മതിയല്ലോ...' എന്നത്ര ലാഘവത്തോടെ ഈ രോഗങ്ങളെ എടുക്കരുത്. പ്രമേഹം എന്ന ഒരുദാഹരണം മാത്രമെടുത്താല്‍ കാഴ്ച നഷ്ടപ്പെടല്‍, വൃക്കരോഗം, ഞരമ്പുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി ഉദ്ധാരണശേഷിക്കുറവ് വരെ ഉണ്ടാകാം. കൃത്യമായി ബിപിയുടെ ഗുളിക കഴിക്കാന്‍ പറയുന്നത് തമാശയായെടുത്ത് ഉപേക്ഷ കാണിച്ചാല്‍ ഒരുപക്ഷേ, ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കാം. ഇവയെല്ലാം പ്രതിരോധം തന്നെയാണ്.
ഇനി കൂട്ടിച്ചേര്‍ക്കാനുള്ളത് ദുശ്ശീലങ്ങളുടെ കാര്യമാണ്. മദ്യമോ പുകവലിയോ മയക്കുമരുന്നുകളോ എന്തുതന്നെയായാലും ശരീരത്തിന് ദോഷമല്ലാതെ ഒന്നും ചെയ്യുന്നില്ല. അവ ഒഴിവാക്കേണ്ടതും ആരോഗ്യസംരക്ഷണത്തില്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നതുമായ കാര്യമാണ്. സുരക്ഷിതമായ ലൈംഗികജീവിതവും ഇതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നു. ഇവയെല്ലാം പാലിക്കുന്നതുവഴി ഒരുപരിധിവരെ പ്രതിരോധം സാധ്യമാകും. ബാക്കിയുള്ളവയ്ക്കാകട്ടെ, നമുക്ക് സുസജ്ജമായ ആരോഗ്യമേഖലയും പ്രതിവിധികളുമുണ്ടല്ലോ.
കരുതലോടെ വേണം പൊതുജനാരോഗ്യം
ആരോഗ്യമേഖലയുടെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഉപശാഖയാണ് പൊതുജനാരോഗ്യം. പകര്‍ച്ചവ്യാധികളെക്കുറിച്ചും ജീവിതശൈലിരോഗങ്ങളെക്കുറിച്ചും അവയുടെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും ആരോഗ്യസംബന്ധമായ സാമ്പത്തികശാസ്ത്ര, ജന്റര്‍ വിഷയങ്ങളെയും ലൈംഗികതയെയും പ്രത്യുല്‍പാദനത്തെയും കുറിച്ചുമുള്ള ഒരുപാട് വിഷയങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ആരോഗ്യപരിപാലനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്‌തെതസ്‌കോപ്പിന്റെ രണ്ടു അറ്റങ്ങള്‍കൊണ്ട് ബന്ധിതരായ ഡോക്ടറെയും രോഗിയെയും ഓര്‍മ വരുന്ന ചിലര്‍ക്കെങ്കിലും പൊതുജനാരോഗ്യം ഒരു കൗതുകമായേക്കാം. ഒരു രോഗിയെ സഹായിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഒരുകൂട്ടം ആളുകളെ (അതൊരു ചെറിയ സമൂഹം ആകാം, ഒരു സംസ്ഥാനമോ രാജ്യമോ ഭൂഖണ്ഡമോ ഭൂഗോളം മുഴുവനുമോ ആകാം) പരിഗണിക്കുന്നതാണ് പൊതുജനാരോഗ്യം.
നിപ്പയും പ്രളയവും കോവിഡും കടന്നുപോയ നമുക്ക് പോതുജനാരോഗ്യത്തിന്റെ പ്രാധാന്യം വേറിട്ട് പറഞ്ഞുതരേണ്ടതില്ല. രോഗപ്രതിരോധമാകട്ടെ, വന്നുചേര്‍ന്ന രോഗത്തെ തുരത്തുന്നതാകട്ടെ, ഇനിയൊരിക്കല്‍ രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള പദ്ധതികള്‍ ആകട്ടെ, അതിനെല്ലാം പൊതുജനാരോഗ്യത്തില്‍ വലിയ സാധ്യതകളാണ് ഉള്ളത്. സാമൂഹിക തലത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്ന രീതികള്‍ ഏറെക്കാലം മുന്‍പുതന്നെ നിലവില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, വാക്‌സിനേഷന്‍, രോഗം തടയാന്‍ വേണ്ടിയുള്ള കൈ കഴുകല്‍, അഴുക്കുവെള്ളം ഒഴുക്കി കളയാന്‍ വേണ്ടിയുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ നിലവില്‍ വന്നിട്ടുള്ളവയാണ്.
Representational Image: PTI
വൈറ്റമിന്‍ സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന സ്‌കര്‍വി എന്ന രോഗം വലിയ അപകടം ക്ഷണിച്ചു വരുത്തുന്നെന്നു കണ്ട് നാവികര്‍ക്ക് വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ നല്‍കി അവരെ രക്ഷിച്ച ഡോ.ജെയിംസ് ലിന്റ്, ഇംഗ്ലണ്ടിലെ കോളറയുടെ പ്രഭവസ്ഥാനം അഴുക്കുവെള്ളം ആണെന്ന് കണ്ടെത്തിയ ഡോ.ജോണ്‍ സ്‌നോ, ഒആര്‍എസ് കണ്ടെത്തി അതുവഴി ഏറെ കോളറ മരണങ്ങള്‍ തടഞ്ഞ ഇന്ത്യന്‍ ശിശുരോഗവിദഗ്ധന്‍ ഡോ. ദിലിപ് മഹലനബിസ് തുടങ്ങി പൊതുജനാരോഗ്യരംഗത്തെ മഹാരഥന്മാര്‍ ഏറെ പേരുണ്ട്. ഇവരെയെല്ലാം കാലം ഓര്‍ക്കുന്നത് ഒരു സമൂഹത്തെ മുഴുവനായി ചികിത്സിച്ചവര്‍ എന്ന രീതിയിലാണ്. അതുതന്നെയാണ് പൊതുജനാരോഗ്യത്തിന്റെ പ്രസക്തിയും.
ചികിത്സയെന്നതിനോടൊപ്പം തന്നെ രോഗങ്ങള്‍ തടയുക, അഥവാ രോഗങ്ങള്‍ വന്നുപെട്ടാല്‍ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, രോഗങ്ങള്‍ വന്നുപെടാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നിങ്ങനെ ഈ ശാസ്ത്രശാഖയ്ക്കു മുന്നില്‍ ഏറെ കടമകളും കടമ്പകളും ഉണ്ട്. തുടര്‍ച്ചയായി സമൂഹത്തെ പഠിക്കുകയും ഗവേഷണഫലങ്ങള്‍ ശാസ്ത്രസമൂഹത്തിനു മുന്നില്‍ കൃത്യമായി പ്രസിദ്ധീകരിച്ചു അതിന്റെ കാതലായ കണ്ടെത്തലുകള്‍ ചുറ്റുപാടില്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് വഴി വലിയ വിപ്ലവങ്ങള്‍ക്കാണ് പൊതുജനാരോഗ്യമേഖല ലക്ഷ്യമിടുന്നത്. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ് എന്നതിനാല്‍ വൈദ്യശാസ്ത്രരംഗത്തെ ഏതൊരു കണ്ടെത്തലുംപോലെ ഈ കണ്ടെത്തലുകളും തുടര്‍ച്ചയായി മാറിക്കൊണ്ടേയിരിക്കും. ഇതേ കാരണത്താല്‍ ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ഏറെ വിലപിടിപ്പുള്ളതാണ്.
ഇനിയും പുതിയ രോഗങ്ങള്‍ പിറവിയെടുക്കാമെന്ന സാധ്യത ഉണ്ടെന്നിരിക്കെ, ഉള്ള പല രോഗങ്ങള്‍ക്കും പകര്‍ച്ചാസ്വഭാവം നിലനില്‍ക്കുന്നു എന്നതിനാലും ഏറെ പ്രസക്തമായ രോഗപ്രതിരോധം ലോകത്തിന് മുന്നില്‍ ഉയര്‍ത്തി പിടിക്കുകയാണ് പൊതുജനാരോഗ്യമേഖല. രോഗപ്രതിരോധ കുത്തിവെപ്പുകള്‍, ലൈംഗികരോഗങ്ങളെ തടയാനുള്ള കോണ്ടം പോലുള്ള മാര്‍ഗങ്ങള്‍, വ്യാവസായിക രോഗങ്ങള്‍ തടയാനുള്ള വിവിധ മാര്‍ഗങ്ങള്‍ അങ്ങനെ ഒട്ടേറെ പൊതുജനാരോഗ്യ വഴികളില്‍ തണല്‍വിരിച്ചുകൊണ്ട് ഈ മേഖല വളരുകയാണ്. കോവിഡാനന്തരകാലത്ത് ഏറെ പ്രസക്തമായ ഒരു ശാസ്ത്രശാഖയായി ഉയര്‍ന്നുവന്നിരിക്കുന്ന പൊതുജനാരോഗ്യം ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.